Saturday, May 19, 2018 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jun 2017 02.04 PM

കൈവിലങ്ങുമായി, തെരുവിലൂടെ....

uploads/news/2017/06/117906/weeklypkgopi130617.jpg

അന്ന് കുറ്റകൃത്യം ഒരു 'കലാപരിപാടി'യായിരുന്നില്ല. കുറ്റവാളി വീരനായകനായി അവതരിപ്പിക്കപ്പെട്ടിരുന്നുമില്ല. കുറ്റവാളിയെ വെറുപ്പോടെ കാണുന്ന ഒരു സമൂഹമായിരുന്നു ഉണ്ടായിരുന്നത്.

പോലീസ് ഒരാളെ അന്വേഷിച്ചുവന്നാല്‍ നാട്ടിലത് നടുക്കമുണ്ടാക്കുന്ന വാര്‍ത്തയാണ്. എന്തോ ആപത്ത് സംഭവിക്കുന്നതുപോലെ അയല്‍ക്കാര്‍ അത് നോക്കിനില്‍ക്കും. അങ്ങനെയൊരവസ്ഥ ഭീതിദമാണ്.

അച്ഛനും അനുജനും തമ്മില്‍ നല്ല ബന്ധമാണ്. രക്തബന്ധത്തിനുമപ്പുറമുള്ള സ്‌നേഹബന്ധം. ഒരിക്കല്‍ അച്ഛനില്‍നിന്ന് അനുജന്‍ പണം വാങ്ങി മറ്റൊരു നാട്ടില്‍ കുടിയേറി. പകരം അനുജന്റെ വസ്തു അച്ഛന് നല്‍കുകയും ചെയ്തു.

ബന്ധം ദൃഢമായതിനാല്‍ പ്രമാണം രേഖാമൂലം എഴുതി റജിസ്റ്റര്‍ ചെയ്തിരുന്നില്ല. പിന്നീട് ചെയ്യാമെന്ന് കരുതി മാറ്റിവച്ചതായിരുന്നു. പക്ഷേ കാലം മാറി. നാട്ടില്‍ പുതിയ റോഡും വികസനവും വന്നു. അതോടെ ഭൂമിക്ക് കമ്പോളവില കുതിച്ചുയര്‍ന്നു. അച്ഛന് നല്‍കിയ വസ്തുവിന്റെ അവകാശവുമായി ഒരു ദിവസം അനുജന്‍ വന്നു.

''അത് നീയെനിക്ക് തന്നതല്ലേ, പിന്നെന്തിനാ ഇങ്ങനെയൊരു അവകാശവാദം?''
അച്ഛന്റെ ചോദ്യമൊന്നും അനുജന്‍ കേട്ടില്ല. അതിന് തെളിവ് എവിടെയെന്നായിരുന്നു അനുജന്റെ ചോദ്യം. അവിടെ അച്ഛന് മറുപടിയുണ്ടായില്ല. അതോടെ തര്‍ക്കം രൂക്ഷമായി.

ഇടനിലക്കാരാകട്ടെ നന്നായി മുതലെടുക്കുകയും ചെയ്തു. അതോടെ ബന്ധങ്ങള്‍ക്ക് വിള്ളലുണ്ടായി. അടിപിടി, കേസ്, പോലീസ്, കോടതി... അങ്ങനെ ഇരുളടഞ്ഞ ഒരധ്യായത്തില്‍ ഞങ്ങളുടെ വീടും അതിന്റെ പ്രശാന്തതയും കത്തിയെരിഞ്ഞു.

അച്ഛന്‍, അമ്മ, ഞാന്‍, ചേട്ടന്‍, വല്യച്ഛന്റെ മകന്‍ എല്ലാവരും പ്രതികള്‍. ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ നേരത്ത് പോലീസ് വന്ന് ഞങ്ങളെ അറസ്റ്റുചെയ്തു. കോടതി നടപടികള്‍, ജാമ്യമെടുക്കല്‍, വിചാരണ... അതൊരു വല്ലാത്ത കാലമായിരുന്നു.

നീതിനിര്‍വഹണത്തിന്റെ നീരാളിക്കൈകള്‍ ഞങ്ങളെ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ചു. ദാരിദ്ര്യത്തിന്റെ കരിനിഴല്‍ പകലും രാത്രിയും വലംവച്ചു. ഭീതിയുടെ കൊടുങ്കാറ്റ് വീശിയടിച്ചു.

കേസ് നടക്കുകയാണ്. ഇടയ്ക്ക് കെട്ടിച്ചമച്ച ഒരു കള്ളക്കേസ് കൂടിയുണ്ടായി. കോടതി വരാന്തയില്‍ വച്ച് ഞങ്ങള്‍ വാദിയെ ഭീഷണിപ്പെടുത്തിയത്രേ. വഞ്ചനയുടെ പുതിയ തന്ത്രമായിരുന്നു അത്.

പിറ്റേന്ന് രണ്ടാം ശനിയാഴ്ച, പിന്നെ ഞായര്‍, തിങ്കളാഴ്ച പൊതു അവധി ദിവസം. ഞങ്ങളുടെ വക്കീലാണെങ്കില്‍ സ്ഥലത്തില്ല. ഒരു യാത്രയിലാണ്. ആ സമയത്തുതന്നെ അറസ്റ്റ് ചെയ്യിക്കാന്‍ ഗൂഢതന്ത്രം പയറ്റുകയായിരുന്നു.

ഞങ്ങളെ ലോക്കപ്പിലാക്കി. ലോക്കപ്പ്... പുതിയൊരു അനുഭവമായിരുന്നു അവിടം. മൂത്രമൊഴിക്കാന്‍ മണ്‍കുടം, ദുര്‍ഗ്ഗന്ധം, പൊട്ടിപ്പൊളിഞ്ഞ തറ, കാറ്റുകയറാത്ത ഒരിടുങ്ങിയ തടവറ. ഞങ്ങള്‍ നാലുപേര്‍.

അച്ഛന്‍, ഞാന്‍, ചേട്ടന്‍, വല്യച് ഛന്റെ മകന്‍. പരസ്പരം നോക്കി നിസ്സഹായത കൈമാറി ചുമരുംചാരിയിരുന്നു, ഞങ്ങള്‍. വിശപ്പും ദാഹവും കൂടിക്കൂടി വന്നു. എന്റെ ദയനീയാവസ്ഥ കണ്ടിട്ടാവണം ഒരു പോലീസുകാരന്‍ അടുത്തുവന്നു. അച്ഛനെ സൂക്ഷിച്ചൊന്നു നോക്കി.

''എടോ, കയ്യീ കാശൊണ്ടേ ദോശയോ കടലയോ കട്ടന്‍കാപ്പിയോ വരുത്തിത്തരാം.''
വാക്കുകള്‍ക്ക് പരുക്കന്‍ചുവ. അതു കേട്ടപ്പോള്‍ അച്ഛന്‍ പണം കൊടുത്തു. ഇലപ്പൊതികളില്‍ കൊണ്ടുവന്ന ദോശ കഴിക്കുമ്പോള്‍ അച്ഛന്‍ എന്നെ സ്‌നേഹത്തോടെ നോക്കിയിരുന്നു. അതിലൊരെണ്ണം നീട്ടിയെങ്കിലും അച്ഛന്‍ വാങ്ങിയില്ല.

''മോന്‍ കഴിച്ചോ, വിശക്കും.''
അച്ഛന്റെ ശബ്ദമിടറിയിരുന്നു. ഞങ്ങള്‍ കഴിക്കാതെ വച്ച ഭക്ഷണം പോലീസുകാരന്‍ തിരികെ വാങ്ങിക്കൊണ്ടു പോയി. കൊതുകുകളുടെ രാത്രിയായതിനാ ല്‍ ഞങ്ങള്‍ക്കാര്‍ക്കും ഒന്നു കണ്ണടയ്ക്കാ ന്‍ പോലും കഴിഞ്ഞില്ല.

പിറ്റേദിവസം രാവിലെ പത്തുമണിക്ക് ലോക്കപ്പ് തുറന്നു.
''നിങ്ങളെ സബ് ജയിലിലേക്ക് കൊണ്ടുപോവുകയാണ്. ജാമ്യം കിട്ടുന്നതുവരെ അവിടെ കിടക്കണം.''
പോലീസുകാരന്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല. വക്കീല്‍ സ്ഥലത്തില്ല. ബന്ധുജനങ്ങള്‍ അറിഞ്ഞുവരാന്‍ വൈകും. മാത്രമല്ല, സാധാരണക്കാര്‍ക്ക് ജാമ്യം എന്നത് നിസ്സാര കാര്യമല്ലല്ലോ. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ വിലങ്ങണിയിച്ചു.

അച്ഛന്റെയും വല്യച്ഛന്റെ മകന്റെയും കൈകള്‍ ചേര്‍ത്ത് ഒറ്റവിലങ്ങ്. എന്റെയും ചേട്ടന്റെയും കൈകള്‍ ചേര്‍ത്ത് മറ്റൊന്ന്. അടൂരില്‍നിന്ന് പത്തനംതിട്ട ജയിലിലേക്കാണ് യാത്ര. ബസ് സ്റ്റാന്‍ഡിലേക്ക് ഒരു നാഴിക നടക്കണം. രണ്ടു പോലീസുകാര്‍ അകമ്പടിയായി വന്നു.

''ആ പയ്യന് വിലങ്ങു വേണോ? ദോഷമല്ലേ?''

കൂടെ വന്ന പോലീസുകാരന്‍ പതുക്കെ പറയുന്നതു കേട്ടു. എന്റെ നേരെയാണ് പോലീസിന്റെ സഹതാപക്കണ്ണുകള്‍. എന്നിട്ടും വിലങ്ങഴിച്ചില്ല. പാതയ്ക്കിരുവശവും നിന്ന് കുറ്റവാളികളെ നോക്കുകയാണ് തടിച്ചുകൂടിയ ജനങ്ങള്‍. ആരുടെ കണ്ണിലും ആര്‍ദ്രതയില്ല.

കാരണം അവര്‍ക്കു മുമ്പില്‍ ഞങ്ങള്‍ കുറ്റവാളികളാണ്. ബസ്സിലും ഞങ്ങള്‍ വിചിത്രജീവികളായിരുന്നു. എല്ലാവരും ഞങ്ങളെ മാറിമാറി നോക്കുകയാണ്. സ്റ്റാന്‍ഡില്‍നിന്നും ബസ് പുറപ്പെട്ടുകഴിഞ്ഞു.

കാഴ്ചകള്‍ പായുകയാണ്. പാവപ്പെട്ട ഒരമ്മ പൊട്ടിക്കരഞ്ഞ് ബസ്സിന്റെ പിറകെ ഓടുന്നതായി എനിക്കു തോന്നി. ആ നിലവിളി എന്റെ ഹൃദയം തകര്‍ത്തു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

പത്തനംതിട്ട സബ് ജയിലില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ... ബുധനാഴ്ചയാണ് ജാമ്യം കിട്ടിയത്. മതില്‍ക്കെട്ടിന് പുറത്തേക്കു വരുമ്പോള്‍ കലങ്ങിവീര്‍ത്ത കണ്ണുകളോടെ മൂത്ത ചേട്ടന്‍ പി.കെ. രാജന്‍, അമ്മാവന്റെ മകന്‍ കരുണാകരന്‍... ഹാ സ്വാതന്ത്ര്യമേ, ഞാനിതാ അമ്മയെ കാണാന്‍ പറക്കുകയാണ്...

തയ്യാറാക്കിയത്:
രമേഷ് പുതിയമഠം

Ads by Google
Ads by Google
Loading...
TRENDING NOW