Monday, May 28, 2018 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jun 2017 12.33 AM

സ്‌നേഹരാജ്യത്തില്‍ ഇവര്‍ തനിച്ചല്ല

uploads/news/2017/06/117046/sun1.jpg

ബന്ധങ്ങള്‍ മുറിച്ചെറിയപ്പെട്ട ലോകത്ത്‌ ഏകാന്തതയുടെ ഇരുള്‍ പരന്നപ്പോള്‍ അവര്‍ ആദ്യം പകച്ചുപോയി. വാര്‍ദ്ധക്യത്തിന്റെ ജീര്‍ണത ബാധിച്ച മിഴികള്‍ നടവഴിയിലേക്ക്‌ ഊന്നി പ്രതീക്ഷയോടെ ഇവര്‍ പകലന്തിയോളം കാത്തിരുന്നു. വഴിതെറ്റി വന്നവര്‍പോലും പടിവാതില്‍ ചവിട്ടാതെ നടന്നകലുമ്പോള്‍ ഈറനണിഞ്ഞ കണ്ണുകളുമായി മോന്തായം തറപറ്റാറായ കൂരയിലേക്കവര്‍ തലതിരിച്ചു. ഇരുള്‍മൂടിയ ചിന്തകളെ മനസിലൊളിപ്പിച്ച്‌ രാവിന്റെ തേങ്ങലായി അലിഞ്ഞുചേര്‍ന്ന നാളുകള്‍...
ഇത്‌ പത്തനാപുരം ഗാന്ധിഭവനിലെ അനാഥരുടെ ഒറ്റപ്പെട്ട അനുഭവമല്ല. മക്കളും ബന്ധുക്കളും ഉപേക്ഷിച്ച നൂറുകണക്കിന്‌ അന്തേവാസികളുടെ സമാനത നിറഞ്ഞ ജീവിത കഥയുടെ സംഗ്രഹമാണ്‌. മാതൃവാത്സല്യം എന്തെന്നറിയാത്ത മൂന്നുവയസുകാരന്‍ മുതല്‍ നഷ്‌ട സ്വപ്‌നങ്ങളെ താലോലിക്കുന്ന 104 വയസുകാരന്‍ വരെ ഗാന്ധി ഭവനില്‍ കഴിയുന്നു. അനാഥത്വം പരത്തിയ ഇരുളില്‍ നിന്നും സനാഥത്വം പകര്‍ന്നു നല്‍കിയ വെളിച്ചത്തിലേക്ക്‌...
ഗാന്ധിജി സ്വപ്‌നംകണ്ട ആശ്രമത്തിന്റെ പ്രതിഛായയാണ്‌ പത്തനാപുരം ഗാന്ധിഭവനിലെത്തുന്നവര്‍ അനുഭവിച്ചറിയുന്നത്‌. ജാതി-മത-വര്‍ണ്ണഭേദങ്ങള്‍ക്കതീതമായി പടുത്തുയര്‍ത്തിയ സ്‌നേഹരാജ്യമെന്ന കൂട്ടുകുടുംബം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ കുണ്ടയം ഗ്രാമം ഉണരുന്നത്‌ പുലര്‍ച്ചെ 5.30ന്‌ ഗാന്ധിഭവനില്‍ നിന്നും ഉയരുന്ന ഉണര്‍ത്തുപാട്ട്‌ കേട്ടാണ്‌. അപ്പോഴേക്കും കെറ്റിലുകളില്‍ ചായ തയ്യാറായിക്കഴിഞ്ഞിരിക്കും. ആവി പറക്കുന്ന ചായയും കഴിച്ച്‌ പ്രഭാതകൃത്യത്തിലേക്ക്‌ കടക്കാം. ഉദ്ദേശം ഒന്നര ഏക്കറില അധികം പരന്നുകിടക്കുന്ന സ്‌നേഹരാജ്യത്തെ തറവാട്ടുവളപ്പില്‍ പിന്നീട്‌ ഉത്സവാവേശം ഉയരും. ഏഴുമണിയായാല്‍ പ്രഭാത ഭക്ഷണം കാലമായി. ആരും ഭക്ഷണത്തിനായി ക്യൂ നില്‍ക്കേണ്ട. ആഹാരം മുറിയിലെത്തും. വെറും മുറിയല്ല. എല്ലാവിധ സംവിധാനങ്ങളും അടങ്ങിയ സ്‌നേഹക്കൂട്‌ എന്നാണ്‌ വിശേഷണം.
സബര്‍മതി, പൂമരച്ചില്ല, ചിറകില്ലാ പക്ഷികള്‍, സ്‌നേഹലോകം, ജീവകാരുണ്യമന്ദിരം, ബേത്‌ലഹേം, ശാന്തിമന്ദിര്‍ തുടങ്ങി വിവിധ പേരുകളില്‍ ഈ മന്ദിരങ്ങള്‍ അറിയപ്പെടും. ഭക്ഷണം എടുത്തു കഴിക്കാന്‍ പറ്റാത്തവര്‍ക്ക്‌ അമ്മയുടെ സ്‌നേഹപരിലാളനയോടെ നഴ്‌സുമാര്‍ വാരി കൊടുക്കും. കുഞ്ഞുങ്ങളെ പാട്ടുപാടി ഭക്ഷണം കഴിപ്പിക്കുന്ന സേവികമാരെ ഇവിടെയെത്തിയാല്‍ കാണാം. കരയുന്ന കുഞ്ഞിനെ മാറോടടുപ്പിച്ച്‌ നെറുകയില്‍ ചുംബിച്ച്‌ പരിലാളിക്കുന്ന സ്‌നേഹദാതാക്കള്‍.
പരാതികളുണ്ടൊ? പഞ്ചായത്ത്‌ പ്രസിഡന്റിനോടു പറയാം. ഈ സ്‌നേഹരാജ്യം ഒരു പഞ്ചായത്താണ്‌. പേര്‌ 'സ്‌നേഹ ഗ്രാമപഞ്ചായത്ത്‌'. എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കും. കാരുണ്യ മുന്നണിയും സ്‌നേഹ മുന്നണിയും തമ്മിലാണ്‌ മത്സരം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിളംബരം നടത്തിയാല്‍ മുന്നണികള്‍ക്ക്‌ സ്‌ഥാനാര്‍ഥിയെ മത്സരത്തിനായി കണ്ടെത്താം. എല്ലാം തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ചട്ടം പാലിച്ചുകൊണ്ടു മാത്രം. ഓരോ വാസ സ്‌ഥലവും ഓരോ വാര്‍ഡായി കണക്കാക്കും. കൊണ്ടുപിടിച്ചുള്ള ഒരാഴ്‌ച്ചത്തെ പ്രചാരണത്തിനുശേഷം കൊട്ടിക്കലാശം. അതും ഇവിടെ ഒരു ഉത്സവമാണ്‌.
പിന്നെ ഒരു ദിവസം നിശബ്‌ദ പ്രചാരണം. തെരഞ്ഞെടുപ്പ്‌ ദിനത്തില്‍ രാവിലെ എഴുമുതല്‍ വോട്ടുചെയ്യാം. ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പ്‌ നടപടികള്‍ അഞ്ചുമണിയോടെ പൂര്‍ത്തിയാകും. ഗാന്ധിജയന്തി ദിനത്തില്‍ വോട്ടെണ്ണല്‍. വിജയികള്‍ അന്നുതന്നെ സത്യപ്രതിജ്‌ഞചെയ്‌ത് അധികാരമേല്‍ക്കും. എട്ടുവര്‍ഷം മുമ്പ്‌ മാനസിക രോഗിയെന്ന്‌ മുദ്രകുത്തി ഭര്‍ത്താവ്‌ ഉപേക്ഷിച്ച വിജയലക്ഷ്‌മിയാണ്‌ ഇപ്പോഴത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്‌. വിജയലക്ഷ്‌മിയുടെ ഭരണപാടവം മികച്ചതെന്ന്‌ അന്തേവാസികള്‍. ഇവര്‍ക്കിന്ന്‌ മാനസിക രോഗമില്ല. ഒരു വലിയ കുടുംബത്തിലെ പ്രഥമ വനിതയാണ്‌ ഇന്ന്‌ വിജയലക്ഷമി.
ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബമാണ്‌ ഈ സ്‌നേഹരാജ്യം. ഇതുവഴി ഒഴുകുന്നത്‌ സ്‌നേഹം തുളുമ്പുന്ന പുഴകളും അരുവികളും മാത്രം. മക്കള്‍ ഉപേക്ഷിച്ചവര്‍, രോഗികള്‍, വികലാംഗര്‍, വിധവകള്‍, കുട്ടികള്‍, എച്ച്‌.ഐ.വി. ബാധിതര്‍ തുടങ്ങി അനാഥരുടെ പട്ടിക നീളുന്നു. കാഴ്‌ചയും കേള്‍വിയും ഇല്ലാത്തവരും ശരീരം തളര്‍ന്നവരും ബുദ്ധിയില്ലാത്തവരും മനോബലം നഷ്‌ടപ്പെട്ടവരും തെരുവില്‍ നിന്ന്‌ എത്തിയവരും പീഡനങ്ങക്ക്‌ ഇരയായവരും അടങ്ങുന്ന അശരണരുടെ ഒരു നീണ്ട നിര ഈ സ്‌നേഹച്ചില്ലയില്‍ ചേക്കേറിയിരിക്കുന്നു.
രാവിലെ പത്തുമണി കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ തിരക്കായി.
സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ വരെ ഈ ആശ്രമമുറ്റത്ത്‌ ഒത്തുകൂടും. ഇവര്‍ക്കായി സാരോപദേശവും പ്രത്യേകം നടക്കും. 'മാതാ-പിതാ-ഗുരു-ദൈവം' എന്ന മഹത്‌വചനത്തെ ആസ്‌പദമാക്കിയുള്ള ഉപദേശങ്ങള്‍.
കര്‍മ്മ നിരതരായ ഒരു ജനതയുടെ ജീവിത ശൈലി ഇവിടെയെത്തുന്നവര്‍ക്ക്‌ വേറിട്ട കാഴ്‌ച്ചയാണ്‌. പഴന്തുണികൊണ്ടുള്ള നിര്‍മ്മിതികള്‍ കണ്ടാല്‍ അത്ഭുതപ്പെട്ടുപോകും. ചവിട്ടിമുതല്‍ അലങ്കാര പുഷ്‌പങ്ങള്‍ വരെ പഴമയില്‍ പുതുമ തീര്‍ക്കുന്നു. ചന്ദനത്തിരി, സോപ്പ്‌ നിര്‍മാണ യൂണിറ്റുകള്‍ വേറെയുണ്ട്‌. കരകൗശല സാധനങ്ങള്‍ക്കായി പ്രത്യേക പണിപ്പുര. ഉത്‌പന്നങ്ങള്‍ക്കായി 'സമൃദ്ധി' എന്ന വിപണനശാല. എല്ലാത്തരം ഉത്‌പന്നങ്ങള്‍ക്കും ഡിസ്‌കൗണ്ട്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
മുതിര്‍ന്നവര്‍ ജോലി ചെയ്യുമ്പോള്‍ കുട്ടികള്‍ വിദ്യാലയത്തിലേക്ക്‌. ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കായി സ്‌പെഷല്‍ സ്‌കൂള്‍. ഇരുനൂറില്‍പരം കുട്ടികളാണ്‌ ഇവിടെ പഠിക്കുന്നത്‌. കോളജ്‌ തലത്തില്‍ പഠിക്കുന്നവര്‍ക്ക്‌ പുറത്ത്‌ അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്‌. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങിനുവരെ പഠിക്കുന്നവര്‍ ഇവിടെയുണ്ടെന്നുള്ളതാണ്‌ പ്രത്യേകത.
പ്രായമായവര്‍ക്ക്‌ ഒത്തുകൂടാന്‍ പ്രത്യേക സ്‌ഥലം. പഴങ്കഥകള്‍ പറഞ്ഞ്‌ ഇവര്‍ക്ക്‌ സമയം പോക്കാം. ഇടയ്‌ക്ക് സ്‌റ്റേജില്‍ സംഗീത കലാപരിപാടികള്‍. ചിലപ്പോള്‍ സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ നടക്കും. സംഗീത നാടക അക്കാദമിയുടെ നാടകം എല്ലാ മാസവും ഉണ്ടാവും. രാവിലെയുള്ള കലാപരിപാടികള്‍ ഉച്ചയ്‌ക്കുമുമ്പേ അവസാനിക്കും.
പന്ത്രണ്ടുമുതല്‍ രണ്ടുമണി വരെയാണ്‌ ഉച്ചഭക്ഷണ സമയം. അതിനുമുമ്പ്‌ സര്‍വമത പ്രാര്‍ഥന. ഊണു കഴിഞ്ഞാല്‍ വിശ്രമമാകാം. ഒന്നിനും ഇവിടെ നിര്‍ബന്ധമില്ല. സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചവര്‍ മുതല്‍ മാനസാന്തരപ്പെട്ട്‌ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയവര്‍ വരെ ഇവിടെ ഒരുമയോടെ വസിക്കുന്നു.
ചലച്ചിത്ര രംഗത്തുനിന്നും ടി.പി. മാധവന്‍, പാലാ തങ്കം, തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ജേഷ്‌ഠന്റെ ചെറുമകള്‍ ആനന്ദവല്ലി അമ്മാള്‍ എന്നിവരടക്കം നൂറുകണക്കിന്‌ ആളുകള്‍ പ്രായം മറന്ന്‌ ഒന്നുചേരുന്ന വേദിയാണിവിടം.ഗാന്ധി ഭവനിലെ നഗരമാണ്‌ വേറിട്ട മറ്റൊരു കാഴ്‌ച്ച. എല്ലാം തികഞ്ഞ ഒരു നഗരത്തിന്റെ ചെറിയ പതിപ്പാണിത്‌. ബാര്‍ബര്‍ ഷോപ്പ്‌, ആയുര്‍വേദ-ഹോമിയോ-അലോപ്പതി ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോര്‍, മോര്‍ച്ചറി, റേഡിയോ നിലയം, സ്‌റ്റേഷനറി സ്‌റ്റാളുകള്‍ എന്നിവയെല്ലാം ഈ മാതൃകാ പട്ടണത്തിലുണ്ട്‌. നഗരകാഴ്‌ച്ചകള്‍ കണ്ട്‌ നടക്കുമ്പോള്‍ ഓരത്ത്‌ സൊറപറഞ്ഞിരിക്കുന്ന അന്തേവാസികളെ കാണാം. അവര്‍ക്കിതൊരു പുതുമയല്ല. കാരണം എല്ലാ ദിവസവും നിരവധി സഞ്ചാരികളെ കാണുന്നവരാണവര്‍. കാഴ്‌ച്ചക്കാര്‍ക്ക്‌ സാധനങ്ങള്‍ വാങ്ങാം. പാട്ടുകേള്‍ക്കാം.
പഴകിയതൊന്നും വലിച്ചെറിയരുതെന്ന മറ്റൊരു സന്ദേശം ഇവിയെത്തുന്നവര്‍ കണ്ടറിയും. കുടുംബത്തിന്റെ നിലവിളക്കാണ്‌ മുത്തഛനും മുത്തശ്ശിയും. ആ നിലവിളക്ക്‌ തേച്ചു മിനുക്കേണ്ടത്‌ മാതാപിതാക്കളാണ്‌. അതില്‍ എണ്ണയൊഴിച്ച്‌ തിരി തെളിയിക്കേണ്ട ചുമതല പുതു തലമുറ നിര്‍വഹിക്കണം. പറയുന്നത്‌ ഗാന്ധി ഭവന്റെ കാരണവര്‍ സ്‌ഥാനം വഹിക്കുന്ന ഡോ. പുനലൂര്‍ സോമരാജന്‍.
സന്ധ്യാദീപം തെളിഞ്ഞാല്‍ പിന്നെ പ്രാര്‍ഥനയ്‌ക്കുള്ള സമയമാണ്‌. എട്ടുമണി മുതല്‍ അത്താഴ സമയം. പിന്നീട്‌ എല്ലാവര്‍ക്കും ടി വി കാണാം. രാത്രി ഒമ്പതിന്‌ ഉറക്കുപാട്ട്‌ ഉയരും. 'ഓമനതിങ്കള്‍ കിടാവോ....'എന്ന ഇരയിമ്മന്‍ തമ്പിയുടെ ഗാനം മുതല്‍ വിവിധ തരത്തിലുള്ള ഉറക്കുപാട്ടുകള്‍. മറ്റൊരു പകലിനുവേണ്ടി രാവുറങ്ങുമ്പോള്‍ പ്രതീക്ഷയുടെ പുതു പുലരിക്കായി കാത്തിരിക്കുന്നവരും ഇവിടെയുണ്ട്‌. ഒരിക്കല്‍ കൈവിട്ട പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ ഒന്നു കൂടി കാണാനുള്ള ആകാംക്ഷയുമായുള്ള കാത്തിരിപ്പ്‌.
പകല്‍ കണ്‍ചിമ്മി ഉണര്‍ന്നാല്‍ പ്രധാന ഗേറ്റിലേക്ക്‌ മിഴിപായിക്കുന്ന വൃദ്ധരെ കാണാം. ഇവിടം സ്വര്‍ഗമാണ്‌. എന്നാല്‍, പിറന്ന മണ്ണിലേക്ക്‌ ഒരു മടക്കയാത്രക്കായി ആരാണ്‌ കൊതിക്കാത്തത്‌?. അവന്‍ വരും...വരാതിരിക്കില്ല... പുറത്തുനിന്നും കടന്നുവരുടെ മുഖത്തേക്ക്‌ ഇവര്‍ പ്രതീക്ഷയോടെയാണ്‌ നോക്കുന്നത്‌. കടന്നുവരുന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ കൂടെ ആരും ഉണ്ടാകാറില്ല. എങ്കിലും പ്രതീക്ഷ അവസാനിക്കുന്നില്ല. പകല്‍ മായും വരെ അവരുടെ കണ്ണുകള്‍ പ്രധാന കവാടത്തില്‍ ഉടക്കി നില്‍ക്കും.
നിത്യവും നൂറുകണക്കിന്‌ മനുഷ്യസ്‌നേഹികള്‍ ഗാന്ധിഭവനില്‍ എത്താറുണ്ട്‌. ജീവകാരുണ്യത്തെ ഈശ്വര സേവയെന്ന്‌ വിശ്വസിക്കുന്നവര്‍. അവര്‍ ഗാന്ധിഭവനിലെ കുടുംബാംഗങ്ങള്‍ക്ക്‌ ആശ്വാസവും സ്‌നേഹവും പകരാനാണ്‌ എത്താറ്‌.
അവരുടെ സഹായങ്ങളാണ്‌ ഡോ. പുനലൂര്‍ സോമരാജനെന്ന ഗാന്ധിഭവന്റെ സാരഥിക്ക്‌ ശക്‌തിയും തുണയുമാകുന്നത്‌. പത്തനാപുരത്തെ വാടകവീട്ടില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ 85 വയസുകാരിക്ക്‌ സംരക്ഷണം നല്‍കി തുടങ്ങിവച്ച ജീവകാരുണ്യപ്രവര്‍ത്തനമാണ്‌ വളര്‍ന്നു പന്തലിച്ച്‌ ഇന്നത്തെ ഗാന്ധിഭവനില്‍ എത്തിനില്‍കുന്നത്‌.
ഭാര്യ പ്രസന്ന ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട്‌ പിന്തുണയുമായി ഒത്തുകൂടി. മക്കളായ അമല്‍രാജും അമിതാരാജും സാധുജന പരിപാലനത്തിനായി ഒപ്പമുണ്ട്‌.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Sunday 11 Jun 2017 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW