Sunday, May 20, 2018 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jun 2017 12.33 AM

വായനക്കാരുടെ അരുമയായി 'ആദം'

uploads/news/2017/06/117043/sun2.jpg

കഥകള്‍ വെറുംകെട്ടുകഥകളാകുന്ന കാലത്ത്‌ കാമ്പുള്ള രചനകളുമായി മലയാള കഥാസാഹിത്യത്തില്‍ നിരന്തരം വിജയക്കൊടി പാറിക്കുന്ന എഴുത്തുകാരനാണ്‌ എസ്‌. ഹരീഷ്‌. എഴുതുന്നതില്‍ ഹൃദയസ്‌പര്‍ശിയായ ഒരു കഥയുണ്ടാവുകയെന്ന വലിയ ദൗത്യം നിറവേറ്റുന്നവയാണ്‌ ഹരീഷിന്റെ ഓരോകഥകളും. നാട്ടിന്‍പുറവഴികളില്‍ കണ്ടുമുട്ടിയ മനുഷ്യരെ കഥാപാത്രങ്ങളാക്കാനും, അവരുടെ സംഭാഷണങ്ങളെ നര്‍മ്മചാതൂര്യത്തോടെ കഥയിലേക്ക്‌ പറിച്ചു നടാനും കഴിയുന്ന കരവിരുതാണ്‌ എഴുത്തില്‍ ഹരീഷിനെ ഒറ്റയാനാക്കുന്നത്‌.
കഥയിലെ പ്രധാനകഥാപാത്രത്തെ ചുറ്റിപറ്റി മാത്രമല്ല ഹരീഷിന്റെ കഥകള്‍ വികസിക്കുന്നത്‌. അനുബന്ധ കഥാപാത്രങ്ങള്‍ക്കും ആകര്‍ഷകമായ ഒരുപാടുകഥകള്‍ പറയാനുണ്ടാകും. ഇവരെല്ലാം കഥയുടെ പ്രധാന വഴിത്താരയിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നടവഴികളാണ്‌. കഥാപാത്രങ്ങളുടെ നിര്‍മ്മിതിയെ സ്വന്തം യുക്‌തിപോലെ ചമയ്‌ക്കാനുള്ള എഴുത്തു വൈഭവവും ഹരീഷിനെ വര്‍ത്തമാനകാലത്തെ കഥ എഴുത്തുകാരില്‍നിന്നും വേറിട്ടു നിര്‍ത്തുന്നു. പതിറ്റാണ്ടു പിന്നിട്ട എഴുത്ത്‌ ജീവിതത്തിനിടയില്‍ വെറും രണ്ട്‌ കഥാസമാഹരങ്ങള്‍ മാത്രമാണ്‌ ഈ പ്രതിഭയുടെ പേരില്‍ അച്ചടിമഷിപുരണ്ടിട്ടുള്ളു. അത്രമേല്‍ എഴുതുന്ന കഥയില്‍ അടയിരുന്നാണ്‌ ഈ എഴുത്തുകാരന്‍ ഒരോ കഥകളും വായനകാര്‍ക്ക്‌ സമ്മാനിക്കുന്നത്‌.
പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ തന്നെ ഹരീഷിന്‌ ഏറെ വായനക്കാരെ സൃഷ്‌ടിച്ച കഥയാണ്‌ ആദം. ആദം എന്നത്‌ കഥയിലെ പ്രധാനകഥാപാത്രമായ ഒരു നായയുടെ പേരാണ്‌. ആദം എന്ന ആ നായയിലൂടെ മറ്റുനായ്‌ക്കളെയും മനുഷ്യരെയും പ്രകൃതിയെയും ഇടകലര്‍ത്തി വ്യത്യസ്‌തമായ ജീവിത നീരിക്ഷണങ്ങള്‍ മുന്നോട്ടുവയ്‌ക്കുകയാണ്‌ എഴുത്തുകാരന്‍ ചെയ്ുന്നയത്‌.

ആദത്തിന്റെ സഞ്ചാരവഴി

കുറുപ്പ്‌ എന്ന കഥയിലെ പ്രധാനകഥാപാത്രത്തിന്റെ അരുമയായി വളരുന്ന ഉന്നതകുലജാതനായ 'ബെല്‍ജിയന്‍ മാലിനോയിസ്‌' എന്ന അപൂര്‍വയിനം നായയുടെ നാലുമക്കളില്‍ മൂത്തവനായ ആദത്തിന്റെ ജീവിതപരിണാമങ്ങളാണ്‌ കഥയുടെ സഞ്ചാരവഴിയെ മുന്നോട്ടു നയിക്കുന്നത്‌. മനുഷ്യര്‍ക്കുള്ളതുപോലെ ഒരു തള്ളയ്‌ക്ക് ജനിച്ച മക്കള്‍ക്ക്‌ പല വിധിയെന്ന്‌ പറയുന്നതിനെ ശരിവയ്‌ക്കുന്ന തരത്തിലാണ്‌ ഈ നാലു നായകുട്ടികളുടെയും വളര്‍ച്ച. ജനിച്ചയുടനെ ഇവര്‍ നാലുപേര്‍ക്കും പക്ഷേ, വഴിപിരിയേണ്ടിവരുന്നു. കുറുപ്പിന്റെ സുഹൃത്തിന്റെ സുഹൃത്തായ ഡോക്‌ടര്‍ കമലേഷും, കര്‍ഷക കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഐസക്ക്‌ തോമസിന്റെ പെങ്ങളുടെ മകന്‍ റോയിയും, പോലീസ്‌ ഡോഗ്‌ സ്‌ക്വാഡിലെ അധികാരികളും മറ്റു മൂന്ന്‌ നായ്‌ക്കളെയും ദത്തെടുക്കുന്നു. കാന്‍ഡി, ജോര്‍ദാന്‍, വിക്‌ടര്‍ എന്നും അവര്‍ക്ക്‌ നാമകരണങ്ങളും ലഭിക്കുന്നു. കുറുപ്പ്‌ ആ നാലുമക്കളില്‍ കേമനായ നായയ്‌ക്ക് ആര്‍തറെന്നും പേരിടുന്നു. എന്നാല്‍ കുറുപ്പിന്റെ അപ്പന്റെ ജാരസന്തതിയായ കുട്ടായി ആര്‍തറെ മോഷ്‌ടിക്കുകയും ആദം എന്ന്‌ പുനര്‍നാമകരണം നടത്തുകയും ചെയ്യുന്നു. സ്‌ത്രീവിഷയത്തില്‍ തല്‍പരനായ ഇവരുടെ അപ്പന്‍ ശങ്കരപിള്ള കന്യാസ്‌ത്രീ മഠത്തിന്റെ വാതിലില്‍ കൂടി നഗ്നനായി ഓടിയിറങ്ങി വന്നതുമുതലാണ്‌ 'ആദം' എന്ന വിളിപേര്‌ ലഭിക്കുന്നത്‌. ആ പേരാണ്‌ കുട്ടായി അര്‍തറിന്‌ ഇടുന്നത്‌. കാലം കടന്നുപോകുന്നു. കൂട്ടത്തില്‍വെച്ച്‌ സുഖകരമായ ജീവിതം കിട്ടുന്നത്‌ ജോര്‍ദാനാണ്‌.
എന്നാല്‍ കുട്ടായിയുടെ തണലില്‍ വളരുന്ന കഥയിലെ നായകനായ ആദം അര്‍ദ്ധപട്ടിണിയിലാണ്‌ ജീവിക്കുന്നത്‌. ഭ്രാന്തുപിടിച്ചതുപോലെ മരത്തിനു ചുറ്റും കറങ്ങിയും രാത്രി ഓലിയിട്ടും കാലങ്ങളോളം കുളിക്കാതെ പൊടിയില്‍ മുങ്ങിയും ദേഹത്ത്‌ വരട്ടു ചൊറിയും ചെള്ളും പെരുകിയും വളരുന്ന ആദം പെണ്‍പട്ടികളുടെ നിത്യകാമുകനായി മാറുന്നു. കുളത്തില്‍ വീണ്‌ മുങ്ങിമരിക്കാന്‍ തുടങ്ങിയ ഒരു കൊച്ചു കുട്ടിയെ രക്ഷിക്കുന്നതോടെ മോഷ്‌ടിക്കാതെ തന്നെ വീടുകളില്‍നിന്ന്‌ അവന്‌ ഭക്ഷണം കിട്ടിതുടങ്ങുന്നു. ആദത്തെ പേടിച്ച്‌ ഒരു കള്ളനും ആ നാട്ടില്‍ കാലുകുത്താന്‍ ധൈര്യപ്പെടുന്നില്ലെങ്കിലും കഥയുടെ അവസാനം അന്തസുള്ള തെരുവ്‌ നായ്‌ക്കള്‍ക്കു ചേര്‍ന്ന രീതിയില്‍ ഹൈവേയില്‍ വാഹനത്തിനടിയില്‍പ്പെട്ട്‌, മഴയത്തുപെട്ട മണ്ണാങ്കട്ടപോലെ ഭാരവണ്ടി കയറി ആദം അന്ത്യനിദ്രപ്രാപിക്കുന്നു. ആദത്തിന്റെ കഥ അവിടെയും അവസാനിക്കുന്നില്ല. കുറുപ്പിന്റെ മകന്‍ അഖിലേഷ്‌ ഇംഗ്ലണ്ടിലെ പഠനവും കഴിഞ്ഞ്‌ , ഡല്‍ഹിയിലെ ഉദ്യോഗവും രാജിവെച്ച്‌, പിതാവിന്റെ മരണശേഷം ആളൊഴിഞ്ഞ വീട്ടില്‍ അവിവാഹിതനായ ഒരു ദുരാത്മാവായി ജീവിതം തുടങ്ങുമ്പോള്‍ വഴിയില്‍ കണ്ട പട്ടികുഞ്ഞിനെ വീട്ടില്‍കൊണ്ട്‌ വന്ന്‌ തീറ്റയും വെള്ളവും കൊടുത്ത്‌ വളര്‍ത്തി അതിന്‌ ആദം എന്ന്‌ പേരു നല്‍കുന്നു. കഥ പിന്നെയും തുടരുകയാണ്‌. ഇതിനിടയില്‍ വ്യത്യസ്‌തരായ അനവധി മനുഷ്യരുടെ മാനസിക തലത്തെ വിശകലനം ചെയ്‌തും വിചിത്രമായ സ്വഭാവസവിശേഷതകളെ അടയാളപ്പെടുത്തിയുമാണ്‌ ഹരിഷ്‌ ആദം എന്ന കഥയെ മുന്നോട്ട്‌ നയിക്കുന്നത്‌. ആശയത്തിലും ആഖ്യാനത്തിലും തികഞ്ഞ മൗലികതയാണ്‌ ആദത്തിന്റെ പ്രധാന ഗുണമേന്മകളിലൊന്ന്‌. നായയെ പ്രധാനകഥാപാത്രമാക്കി മലയാളത്തില്‍ എഴുതപ്പെട്ട അത്യപൂര്‍വ സൃഷ്‌ടിയായി ആദത്തെ വാഴ്‌ത്താം. വായനക്കാരുടെ അരുമയായി മാറിയ ആദം എന്ന കഥയുടെ രചനാരഹസ്യങ്ങള്‍ എസ്‌. ഹരീഷ്‌ പങ്കുവയ്‌ക്കുന്നു.

ആദം എന്ന കഥയുടെ രചനാവഴികളെ കുറിച്ച്‌ പറയാമോ?

കഥകള്‍ എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തെ നേരിടുന്നത്‌ എപ്പോഴുമെനിക്ക്‌ ആശങ്കയാണ്‌. തിരിഞ്ഞുനോക്കുമ്പോള്‍ കൃത്യമായ ഒരു ഉത്തരം കാണാന്‍ പറ്റുന്നില്ലെന്നത്‌ ഒരു കാരണം. ഒരാളുടെ കൈയില്‍ എല്ലാത്തിനും ഉത്തരങ്ങള്‍ ഉണ്ടാവണമെന്നില്ല. ഉണ്ടെന്ന്‌ നടിക്കുകയാണ്‌ ഞാന്‍. മറുപടിയില്ലാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയാണ്‌ എഴുത്തിന്റെ ഒരു ചുമതലയും.
ആദത്തിലെ കഥാപാത്രങ്ങള്‍ പലകാലത്തായി മനസില്‍ കിടന്നതാണ്‌. കുറുപ്പ്‌ സാര്‍ ഒരാളല്ല പലതാണ്‌. ജീവിതത്തില്‍ കണ്ടതും കേട്ടതുമായ പല മനുഷ്യരും അയാളിലുണ്ട്‌. അതു കൊണ്ടാണ്‌ അദ്ദേഹം അത്ര ശരിയല്ലാത്ത സ്വഭാവം കാണിക്കുന്നത്‌. അയാളുടെ പരാക്രമങ്ങള്‍ പലരുടെയും കൈയിലിരുപ്പാണ്‌. ചിലതൊക്കെ എന്റേയും. ഒത്തിരി കഥാപാത്രങ്ങളും വലിയ ക്യാന്‍വാസുമൊക്കെ ആലോചിച്ചു കുട്ടുന്നതുകൊണ്ട്‌ കഥയെഴുത്ത്‌ എനിക്ക്‌ കൂടുതല്‍ സമയമെടുക്കുന്ന പരിപാടിയാണ്‌. കൂടുതലെഴുതി ശീലമാകുമ്പോള്‍ കഥയെഴുത്തിനു വേഗത കുടും. കുറേക്കാലം എഴുതാതിരുന്നതുകൊണ്ട്‌ വേഗത്തിലെഴുതുന്ന ശീലം എനിക്ക്‌ നഷ്‌ടപ്പെട്ടിരുന്നു. അതുകൊണ്ട്‌ തന്നെ ആദം എഴുതാന്‍ ഒന്നര മാസത്തോളമെടുത്തു. ഒരു കണക്കിന്‌ അതു നല്ലതാണ്‌. അത്രയും കാലം കഥാപാത്രങ്ങള്‍ നമ്മുടെ കൂടെയുണ്ടല്ലോ. അവര്‍ പുതിയ കഥകളുണ്ടാക്കും, കഥമാറ്റി മറിക്കും. നാട്ടിലെ ഭേദപ്പെട്ട ഒരു കള്ളുകുടിയനാണ്‌ ആദത്തിന്റെ കഥ എനിക്ക്‌ തന്നത്‌. മൃഗങ്ങളുടെ കഥകള്‍ ഭാവന ചെയ്യുന്നത്‌ എനിക്കിഷ്‌ടമാണ്‌. ചെറുപ്പത്തില്‍ ബാലരമയും, ബാലമംഗളവും ഒത്തിരിവായിച്ചതു കൊണ്ടായിരിക്കാം.
ആമയും മുയലും കഥകളും, സിംഹത്തിനു പറ്റിയ അമളിയുമൊക്കെ ഗംഭീരസാഹിത്യമായാണ്‌ വായിക്കേണ്ടത്‌. എന്തുമാത്രം ഉള്‍ക്കാഴ്‌ചകളാണ്‌ തരുന്നത്‌. ഒരു സാധ്യതയുമില്ലാതെ കഥകള്‍ പറയാനുള്ള സ്വാതന്ത്രം മൃഗങ്ങള്‍ തരുന്നുണ്ട്‌. മനുഷ്യരെപോലെ അവരെ പേടിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ ജോര്‍ജ്‌ ഓര്‍വെല്ലിന്റെ ആനിമല്‍ ഫാമിന്റെ പരിഭാഷ അതിന്റെ രാഷ്‌ട്രീയമൊന്നും ആലോചിക്കാതെയാണ്‌ ചെറുപ്പകാലത്തില്‍ വായിച്ചത്‌. പഞ്ചതന്ത്രം വായിക്കുന്നത്‌ പോലെ രസം പിടിച്ച്‌ വായിച്ചു. സാന്‍മിഷേലിന്റെ കഥയില്‍ ആക്‌സല്‍ മുന്‍തേ പറയുന്ന ഒരു കാര്യമുണ്ട്‌. മരണശേഷം ദൈവം നിങ്ങളുടെ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നത്‌ മൃഗങ്ങളോടെങ്ങനെ പെരുമാറി എന്നതിന്റെ അടിസ്‌ഥാനത്തിലായിരിക്കും. പട്ടിയെക്കുറിച്ച്‌ എഴുതിയതുകൊണ്ട്‌ മൂപ്പര്‍ എന്നെ പരിഗണിക്കാതിരിക്കില്ല. മൃഗങ്ങളെ മിടുക്കരും മനുഷ്യരെ മോശക്കാരുമാക്കുന്ന കഥകളെഴുതാന്‍ ഇനിയും പദ്ധതിയുണ്ട്‌.

ആദത്തിന്‌ കിട്ടിയ അഭിപ്രായങ്ങള്‍ എന്തെല്ലാമായിരുന്നു?

ഞാന്‍ ജീവിക്കുന്ന സ്‌ഥലത്ത്‌ വലിയ വായനാശീലമുള്ളവര്‍ അധികമില്ല. കുറച്ചുപേര്‍ അതിനെക്കുറിച്ച്‌ നല്ലതു പറഞ്ഞു. കൂടുതലും സുഹൃത്തുക്കള്‍. കുറച്ചു ചുരുക്കിപ്പറയാമായിരുന്നു, എങ്കിലേകഥയുടെ ഘടനവരൂ, നീണ്ട കഥയായി, നോവലെറ്റായി എന്നൊക്കെ പറഞ്ഞവരുണ്ട്‌. കഥ ചുരുക്കിപ്പറയാന്‍ എനിക്കൊരു താല്‍പര്യവുമില്ല. പരദൂഷണംപോലെ പറഞ്ഞ്‌ പൊലിപ്പിക്കേണ്ടതാണ്‌ കഥ. ദുര്യോധനവധം കഥകളിയില്‍ എന്തുമാത്രം സമയമെടുത്താണ്‌ ദുര്യോധനന്റെ കഥകഴിക്കുന്നത്‌. മിക്കവാറും നേരം വെളുക്കും. കഥ നമുക്ക്‌ നേരത്തെ അറിയാമെന്നു വെച്ച്‌ ഒറ്റയടിക്ക്‌ തല്ലിക്കൊന്നാലെന്താണ്‌ രസം?.
ആദത്തെക്കുറിച്ച്‌ ഷാജി ജേക്കബ്‌, കെ.എസ്‌. രവികുമാര്‍, വിജയകുമാര്‍, ഒ.കെ. സന്തോഷ്‌ തുടങ്ങി കുറച്ച്‌ പേര്‍ നന്നായി എഴുതിയിട്ടുണ്ട്‌. കാലടി സര്‍വകലാശാലയില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്‌. ചില അവാര്‍ഡുകളും കിട്ടി. മൃഗങ്ങളെക്കുറിച്ച്‌ കഥയെഴുതിയാലുള്ള പ്രയോജനങ്ങള്‍ കണ്ടില്ലേ!.

താങ്കളുടെ കഥകള്‍ നിഗൂഢമായ നര്‍മ്മങ്ങള്‍ ഒളിപ്പിച്ച്‌
വയ്‌ക്കുന്നവയാണല്ലോ?

നര്‍മ്മം എഴുതുമ്പോള്‍ സ്വാഭാവികമായി വരുന്നതാണ്‌. ചിലത്‌ ഗൗരവമായി എഴുതുന്നത്‌. ആള്‍ക്കാര്‍ക്ക്‌ തമാശയായി തോന്നുന്നതാണ്‌. തിരിച്ചും സംഭവിക്കാറുണ്ട്‌. കുറ്റംപറച്ചില്‍, പരദൂഷണം, കുട്ടിക്കുത്ത്‌ തുടങ്ങിയ നാടന്‍ കലകളാണ്‌ ജീവിതത്തെ രസകരമാക്കാന്‍ സഹായിക്കുന്നത്‌. കഥകളിലും അതൊക്കെ വരട്ടെ. ഹാസ്യത്തിന്റെ വലിയ പാരമ്പര്യമുള്ളവരാണ്‌ നമ്മള്‍. കുഞ്ചന്‍ നമ്പ്യാരും കൂത്ത്‌ പറഞ്ഞിരുന്നവരും മുതല്‍ കോട്ടയം നസീറും രമേഷ്‌ പിഷാരടിയും വരെ. സക്കറിയയുടെയും ഉണ്ണി ആറിന്റേയും കഥകളിലെ നര്‍മ്മം എനിക്കിഷ്‌ടമാണ്‌.

ഹരീഷില്‍ നിന്നൊരു നോവല്‍ വായനക്കാര്‍ ആഗ്രഹിക്കുന്നുണ്ട്‌ ?

നോവലെഴുതാന്‍ ആഗ്രഹമുണ്ട്‌. പലകഥകളും നോവലായി ആലോചിച്ചതാണ്‌. ഉദാഹരണം അപ്പന്‍. ട്വന്റി ട്വന്റിയും ടെസ്‌റ്റ് ക്രിക്കറ്റും തമ്മിലുള്ള വ്യത്യാസമുണ്ട്‌് ചെറുകഥയ്‌ക്കും നോവലിനുമിടയില്‍. പ്രതിഭ ഉരച്ചു നോക്കപ്പെടുന്ന സ്‌ഥലമാണത്‌. നല്ല ക്ഷമയും കൈത്തഴക്കവും വേണം. മലയാളത്തില്‍ ഇപ്പോള്‍ നോവലിന്റെ നല്ല കാലമാണെന്ന്‌ തോന്നുന്നു. അന്ധകാരനഴിയും, മനുഷ്യന്‌ ഒരു ആമുഖവും മുതല്‍ കരിക്കോട്ടക്കരി വരെ ഒത്തിരി നല്ല നോവലുകള്‍. മീരയും, ബെന്യാമിനും, റ്റി.ഡി. രാമകൃഷ്‌ണനും, വി.ജെ. ജയിംസുമൊക്കെ നന്നായി വായിക്കപ്പെടുന്നുണ്ട്‌. വിനോയ്‌ തോമസ്‌, അമല്‍, മനോഹരന്‍ വി. പേരകം, മണികണ്‌ഠന്‍, സംഗീതാ ശ്രീനിവാസന്‍, സോണിയ റഫീക്ക്‌ തുടങ്ങി ഒത്തിരി എഴുത്തുകാര്‍ വരുന്നു. സുസ്‌മേഷിന്റെ ആത്മഛായ വായിക്കണമെന്നുണ്ട്‌. നല്ല അഭിപ്രായമാണ്‌ കേള്‍ക്കുന്നത്‌. കഥയേക്കാള്‍ നീണ്ടു നില്‍ക്കുന്ന വായന നോവലിന്‌ ലഭിക്കും. ഞാനും ഒരു കൈ നോക്കിയേക്കും.

എഴുത്തുവഴികളിലേക്ക്‌ എത്താന്‍ വൈകിയത്‌ എന്തുകൊണ്ടാണ്‌?

കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നടത്തിയ കഥാമത്സരത്തില്‍ മാതൃഭൂമി വിഷുപ്പതിപ്പിലാണ്‌ എന്റെ കഥ ആദ്യം പ്രസിദ്ധീകരിച്ചത്‌. അതുകഴിഞ്ഞ്‌ കഥകള്‍ കുറേക്കാലും പ്രസിദ്ധീകരിച്ചില്ലെങ്കിലും ഉള്ളില്‍ കഥകളുണ്ടായിരുന്നു. പിന്നെ വന്നത്‌ 'മിഷ എന്ന കടുവക്കുട്ടി' എന്ന കഥയാണ്‌. അതും മാതൃഭൂമിയില്‍. പിന്നെ തുടര്‍ച്ചയായി കഥകളെഴുതി. അന്ന്‌ ഇന്ത്യാ ടുഡേ കഥകള്‍ പ്രസിദ്ധീകരിക്കുമായിരുന്നു. അങ്ങനെ 'രസവിദ്യയുടെ ചരിത്രം' എന്ന സമാഹാരം തൃശൂര്‍ കറന്റ്‌ ബുക്ക്‌സ് ഇറക്കി. അതിനുശേഷം ഒന്‍പത്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ്‌ 'ആദം' എന്ന സമാഹാരമിറങ്ങുന്നത്‌. പിന്നെ, എത്ര വയസിലായാലും ഞാന്‍ എഴുതിത്തുടങ്ങുമെന്ന്‌ ഉറപ്പായിരുന്നു. എന്നെപ്പൊലൊരാള്‍ കഥയെഴുതാതെ വേറെന്ത്‌ ചെയ്യാനാണ്‌?.
കുറുക്കന്‍ ഛായത്തില്‍ വീണ്‌ മൃഗങ്ങളുടെ രാജാവായാലും വയര്‍ നിറഞ്ഞപ്പോള്‍ കൂവിപ്പോയില്ലേ. അതുപോലെ സ്വാഭാവികമാണ്‌ എനിക്ക്‌ എഴുത്തിലേക്കുള്ള വരവ്‌. അല്‍പം പക്വത വന്നത്‌ ആ പ്രായത്തിലായിരിക്കും.
എന്റെ എഴുത്ത്‌ എന്നെത്തന്നെയാണ്‌ ആദ്യം മുഷിപ്പിക്കുന്നത്‌. സ്വയം നവീകരിക്കാന്‍ നോക്കിയില്ലെങ്കില്‍ പിന്നെ എഴുതിയിട്ടെന്ത്‌ കാര്യം? പുതിയ വഴി കണ്ടെത്താന്‍ പറ്റാതിരുന്നപ്പോഴാണ്‌ ഇടയ്‌ക്ക് എഴുതാന്‍ സാധിക്കാതെ പോയത്‌. എത്ര നിശബ്‌ദനായി പോയാലും ലോകം ഇഷ്‌ടികകള്‍ കൊണ്ടല്ല, കഥകള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌ ഞാന്‍ കരുതുന്നു. ലോകത്തെ കൂടുതല്‍ ദുരൂഹമാക്കുകയാണ്‌ എഴുത്തുകാരന്റെ ചുമതല.

എഴുത്തിനെ കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌?

പറയാന്‍പോകുന്ന കാര്യങ്ങളെക്കുറിച്ച്‌ പുതിയ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കാറുണ്ട്‌. എഴുത്ത്‌ മാജിക്കോ അത്ഭുത പ്രവര്‍ത്തിയോ അല്ല. വിവരങ്ങള്‍ തേടുന്നത്‌ എഴുത്തിനെ മെച്ചപ്പെടുത്തും. പക്ഷേ എഴുത്തുകാരനും അക്കാദമിക്‌ പണ്ഡിതനും തമ്മിലുള്ള വ്യത്യാസം നമ്മള്‍ തിരിച്ചറിയണം. കഥയുടെ അല്ലെങ്കില്‍ നോവലിന്റെ ചട്ടക്കൂട്ടിലേക്ക്‌ വിവരങ്ങള്‍ കുത്തി നിറയ്‌ക്കുന്നതല്ല എഴുത്ത്‌. എഴുത്തിന്റെ ഖനി ജീവിതം തന്നെയാണ്‌. ഭാവനയെ അതിശയിപ്പിക്കുന്ന അസംസ്‌കൃത വസ്‌തുക്കള്‍ അവിടെ നിന്ന്‌ ലഭിക്കും.

എം.എ. ബൈജു

Ads by Google
Sunday 11 Jun 2017 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW