Friday, June 23, 2017 Last Updated 13 Min 17 Sec ago English Edition
Todays E paper

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 10 Jun 2017 11.13 AM

മദ്യത്തെ രാഷ്ട്രീയമാക്കുന്നത് നാടിനെ അരാജകവല്‍ക്കരിക്കാന്‍

uploads/news/2017/06/116853/opinion.jpg

കന്നുകാലി കശാപ്പിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധം ഇരമ്പുന്നുണ്ട്. അടുക്കളയില്‍ ഫാസിസത്തിന്റെ കറുത്തകരങ്ങള്‍ പിടിമുറുക്കിയെന്നും ഇഷ്ടഭക്ഷണം പോലും നിരസിക്കുന്നുവെന്നുമൊക്കെയാണ് പ്രചാരണം. അത് വെറും പ്രചരണമല്ല, സത്യവുമാണ്. അംഗീകരിക്കുകയും ചെയ്യുന്നു. ഇത്തരം ഫാസിസത്തിന്റെ കരാളഹസ്തങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം വേണം. അല്ലെങ്കില്‍ പഴയ 'കറുത്തഷര്‍ട്ടുകാര്‍' ഇവിടെ കാവിയോ മറ്റെന്തിങ്കിലുമോ പുതച്ചുകൊണ്ട് അവതരിക്കും.

ഒരുപക്ഷേ രണ്ടാംലോകമഹായുദ്ധത്തിന്റെയും എന്തൊക്കെ കുറവുണ്ടായിരുന്നുവെങ്കിലും ഫാസിസത്തിന്റെ മറ്റൊരുമുഖം അരങ്ങേറിയെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും സോവിയറ്റ്‌യൂണിയന്റെ പ്രാധാന്യവും ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ വിജയം നേടിയെന്നാണ്. റഷ്യന്‍ അതിര്‍ത്തിയില്‍ സ്റ്റാലിന്റെ ചെമ്പട ഹിറ്റ്‌ലറുടെ നാസി സൈന്യത്തെതുരത്തിയതാണ് ജര്‍മ്മനിക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരം. സഖ്യകക്ഷിപാളയത്തിലായിരുന്നെങ്കിലും യു.എസിന്റെയും ബ്രിട്ടന്റേയും സഹായമില്ലാതെയായിരുന്നു ആ വിജയം എന്നതും ശ്രദ്ധേയമാണ്.

ഇപ്പോള്‍ രണ്ടാം ലോകമഹായുദ്ധവും ഫാസിസവും ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണ്. ആഹാരത്തില്‍, സംസ്‌ക്കാരത്തില്‍, ജീവിതരീതിയില്‍ വര്‍ഗ്ഗത്തില്‍ വര്‍ണ്ണതത്തില്‍ വസ്ത്രധാരണത്തില്‍ തുടങ്ങി ഇന്ത്യന്‍ ജനതയുടെ സമസ്ത ജീവിതഭാവങ്ങളേയും ഫാസിസം നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പറയുന്നത്. അതിനെതിരെയുള്ള കടുത്തപോരാട്ടത്തിലുമാണ് നാം. അത്തരത്തില്‍ ശക്തമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ പലകാര്യങ്ങളിലുമുള്ള നിലപാട് ഇരട്ടത്താപ്പിന്റേതാണെന്ന വാദം ശക്തമാകുകയാണ്.

അതില്‍ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടപ്പെടുന്നത് മദ്യനയത്തിലാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കുന്നതുപോലെത്തന്നെ ഇഷ്ടപാനിയം കുടിയ്ക്കാനും പൗരന് അവകാശമുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. അതിന് എതിര്‍പ്പുണ്ടാകാം. മദ്യം എന്നത് സമൂഹത്തിനും വ്യക്തിപരമായി ആരോഗ്യത്തിനും കുടുംബത്തിനുമൊക്കെ ദ്രോഹമുണ്ടാക്കുന്ന പിശാചാണെന്ന് മറുവിഭാഗവും വാദിക്കുന്നുണ്ട്. അങ്ങനെ നോക്കിയാലും സമൂഹത്തിന്റെയും പൗരന്റെയും സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരുകാളുടെ ധര്‍മ്മം. ഇല്ലാതെ ആഹാരത്തിലോ-പാനീയത്തിലോ പിടിമുറുക്കുകയല്ല, എന്നും അഭിപ്രായമുണ്ട്. വാദങ്ങളും പ്രതിവാദങ്ങളും പലതരത്തില്‍ നടക്കും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പുതിയ മദ്യനയം എന്താണ് സൂചിപ്പിക്കുന്നതെന്ന് നിഷ്പക്ഷമായി ചിന്തിക്കേണ്ട കാലമാണ് ഇത്.

ഒരു വ്യക്തമായ ചര്‍ച്ചയുടേയോ, ധാര്‍മ്മികതയുടേയോ അടിസ്ഥാനത്തിലല്ല, യു.ഡി.എഫിന്റെ മദ്യനയം ഉരുത്തിരുഞ്ഞതെന്നാണ് പ്രധാനവാദം. കോണ്‍ഗ്രസിലെ മൂപ്പിളമ-തര്‍ക്കമാണ് ജനങ്ങളുടെ വികാരത്തിനെതിരായ ഒരു ബാര്‍നയത്തിലേക്ക് കൊണ്ടെത്തിച്ചത്. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റേയും അഭിപ്രായത്തില്‍ പറഞ്ഞാല്‍ അതാണ് ക്ലിഫ്‌ ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് തങ്ങളെ എത്തിച്ചത്. മുള്‍മുനയില്‍ നിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടിയെക്കൊണ്ട് മദ്യനയം രൂപീകരിപ്പിച്ചതും.

തീരുമാനം എടുത്ത നിര്‍ണ്ണായക യു.ഡി.എഫ് യോഗം നിശ്ചയിച്ചിരുന്നതിന്റെ അന്ന് രാവിലെ മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തുകയും ഒരു പ്രധാനപ്പെട്ട ക്രിസ്തീയ പുരോഹിതമേധാവി, തീരുമാനം തിരിച്ചായാല്‍ ഇവിടെ ഭരണമുണ്ടാവില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അതാണ് ഉമ്മന്‍ചാണ്ടിയെ ഒടുവില്‍ അനിവാര്യമായ നയത്തിലേക്ക് കൊണ്ടെത്തിച്ചത്. അതേ മതമേധാവികള്‍ ഉള്‍പ്പെടുന്ന കൂട്ടര്‍ തന്നെ പുതിയ മദ്യനയം രൂപീകരിക്കുന്ന ദിവസം രാവിലെയും നിയമസഭയ്ക്ക് മുന്നില്‍ വന്ന് അതേ ഭീഷണികള്‍ മുഴക്കി. പക്ഷേ അതിന്റെ അന്തിമഫലം വൈകിട്ട് ബാറുകള്‍ തുറക്കാനുള്ള തീരുമാനമായിരുന്നു. ഒപ്പം ബിഷപ്പുമാര്‍ ജനന്മയ്ക്ക് വേണ്ടിയാണ് പറയുന്നതെന്നും എന്നാല്‍ അവര്‍ പറയുന്നത് പ്രായോഗികമല്ലെന്നും ലളിതമായി പിണറായി വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ നിരോധിച്ചുകൊണ്ടുണ്ടാക്കിയ മദ്യനയമാണ് പിണറായി സര്‍ക്കാര്‍ പൊളിച്ചടുക്കിയത്. സമ്പന്നര്‍ക്ക് മാത്രം മദ്യം എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മദ്യം പഞ്ചനക്ഷത്രഹോട്ടലുകളില്‍ അനുവദിച്ചപ്പോള്‍, പിണറായി അത് മൂന്നുമുതല്‍ മുകളിലോട്ടുള്ള നക്ഷത്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. എന്താണ് ഈ നയത്തിന്റെ പ്രശ്‌നം എന്നതിനെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.
ഇത്തരം ഒരുനയമായിരുന്നു കേരളത്തിന് വേണ്ടിയിരുന്നത്. ഒന്നും നിര്‍ബന്ധമായി നിരോധിച്ചുകൊണ്ട് ഇല്ലാതാക്കാനാവില്ല. ഒരു പിഞ്ചുകുഞ്ഞിനോടുപോലും തീയ്ക്കടുത്ത് പോകരുതെന്ന് നാം നിര്‍ബന്ധമായി തടഞ്ഞാല്‍ അതിന് അവിടേയ്ക്ക് മപാകാനുള്ള പ്രവണത കൂടും.

അതാണ് ഇവിടെയും നടന്നിട്ടുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം മദ്യമില്ലാത്ത പറുദീസയായിരുന്നുവെന്നാണ് നമ്മുടെ മതമേലദ്ധ്യക്ഷന്മാരും ചില രാഷ്ട്രീയനേതാക്കളും പ്രവചിക്കുന്നത്. കേരളത്തില്‍ മദ്യത്തിന്റെ ഔദ്യോഗിക വിതരണം സര്‍ക്കാരിനാണ്. അത്തരത്തില്‍ ഔദ്യോഗികമായി വില്‍ക്കുന്ന കൗണ്ടറുകള്‍ കുറയുമ്പോള്‍ ഒരുപക്ഷ ഔദ്യോഗിക മദ്യവില്‍പ്പനയും കുറയാം. എന്നാല്‍ അതിന്റെ അര്‍ത്ഥം അനൗപചാരികമായി മദ്യഉപയോഗം കുറയുന്നുവെന്നല്ല. കേരളത്തില്‍ ഒരിക്കലും മദ്യ ഉപയോഗം കുറഞ്ഞിട്ടില്ല. ഔദ്യോഗികമായി വില്‍പ്പനകുറയുമ്പോള്‍ അനൗദ്യോഗികമായും വ്യാജമദ്യമായും അത് വിപണിയില്‍ പ്രചരിക്കും.

അതോടൊപ്പം മദ്യം എന്ന വിലകൂടിയതും കുറഞ്ഞസമയം ലഹരി ലഭിക്കുന്നതുമായ വസ്തുക്കളില്‍ നിന്ന് അല്‍പ്പം വീര്യം കൂടിയ ലഹരിയിലേക്ക് പോകാനുളള പ്രവണതയും ഇതില്‍ അടിമകളായവര്‍ക്കുണ്ടാകും. അതോടൊപ്പം കേരളത്തില്‍ ബാറുകള്‍ പൂട്ടിയതോടെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ വ്യാപകമായി മദ്യശാലകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ മദ്യ ഉപഭോഗം കുറയുന്നുവെന്ന് പറയുന്നവര്‍ വ്യാജമദ്യം, മയക്കുമരുന്നുകള്‍, അതുപോലെ അതിര്‍ത്തികളില്‍ കഴിഞ്ഞ രണ്ടുവര്‍ഷം മദ്യവില്‍പ്പനയിലുണ്ടായ വര്‍ദ്ധന എന്നിവയുടെ അടിസ്ഥാനത്തില്‍ വേണം ഇവയെ വിലയിരുത്താന്‍. അതില്ലാതെ പകുതിമാത്രം പറഞ്ഞുള്ള പ്രചരണണമാണ് നടക്കുന്നത്. എത്ര ബാറുകള്‍ ഉണ്ടായിട്ടാണ് ആദിവാസിമേഖലകളില്‍ മദ്യവ്യാപനം വര്‍ദ്ധിക്കുന്നതെന്ന് ഇത് എതിര്‍പ്പാളികള്‍ ഒന്ന് ചിന്തിക്കണം.

ഇടതുമുന്നണിയല്ല, ആരായാലും ഇത്തരം ഒരു മദ്യനയത്തിലേക്ക് സംസ്ഥാനം പോകേണ്ടിവരുമെന്നത് ഉറപ്പായിരുന്നു. ഒന്ന് സമൂഹത്തിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍, രണ്ട് സമ്പദ്ഘടനയിലുണ്ടായ കുറവ്. മാത്രമല്ല, നിരോധനമല്ല, വര്‍ജ്ജനം എന്നത്. ലഹരിവുമുക്തകേന്ദ്രങ്ങളില്‍പോലും ഒറ്റയടിച്ച് മദ്യം നിരോധിച്ചല്ല, മദ്യപന്മാരെ പിന്തിരിപ്പിക്കുന്നത്. അതിന്റെ അളവ് കുറച്ച് കുറച്ചാണ് അത് നടപ്പാക്കുന്നത്. ഇല്ലാതെ ഒറ്റയടിക്ക് എല്ലാം നിരോധിച്ചാല്‍ അതുണ്ടാക്കു വന്‍ ദുരന്തമായിരിക്കും. ഓഷോ രജനീഷിന്റെ സുപ്രസിദ്ധമായ ഒരു വരിയുണ്ട് ''നിങ്ങള്‍ ഒന്നിനേയും നിര്‍ബ്‌നധമായി തടയരുത്, പൂര്‍ണ്ണവൃത്തത്തിലെത്തുമ്പോള്‍ ഒരുദിവസം അത് വേണ്ടെന്ന് നിങ്ങള്‍ക്ക് തന്നെ തോന്നും അന്ന് അവ ഉപേക്ഷിക്കുക.'' അതാണ് വര്‍ജ്ജനം. നമുക്ക് വേണ്ടെന്ന് തോന്നി ഉപേക്ഷിക്കുന്നതിനെ തിരിച്ച് സ്വീകരിക്കാന്‍ ഒരിക്കലും മനസ് തയാറാവില്ലെന്നതാണ് സത്യം.

ഇന്നലെവരെയില്ലായിരുന്ന മദ്യത്തോടുള്ള വിരക്തി എങ്ങനെ ഒരു സുപ്രഭാതത്തില്‍ നമ്മുടെ മതമേലദ്ധ്യക്ഷന്മാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ഉണ്ടായി എന്നതാണ് ചിന്തിക്കേണ്ടത്. മദ്യം ഒരു രാഷ്ട്രീയവിഷയമാണ്. മദ്യത്തിന്റെ വ്യാപനം തടയുന്നതിലൂടെ ഏറ്റവും സ്വാധീനശക്തിയുള്ള സ്ത്രീസമൂഹത്തെ കൈപ്പിടിയില്‍ ഒതുക്കാമെന്നതാണ് ആ ചിന്ത. അത് ഒരുവശം. മറുവശത്ത് രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുള്ള ശക്തി സ്ഥാപിക്കാനുള്ള മതത്തിന്റെ വ്യഗ്രത. ഇതുരണ്ടുമാണ് ഇതിന് കാരണം. മദ്യത്തിനെതിരായ പോരാട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ക്രിസ്തീയപുരോഹിതരാണ്. അത് തന്നെ ഏറ്റവും വലിയ വിരോധാഭാസമാണ്. മദ്യത്തെപൂജാ ദ്രവ്യമായി ഉപയോഗിക്കുകയും സ്വയം ഉല്‍പ്പാദിപ്പിക്കുകയും ചെയ്തിട്ടാണ് അവര്‍ ഇത് ചെയ്യുന്നത്. തങ്ങള്‍ക്ക് എന്തുമാകാം മറ്റുള്ളവര്‍ക്ക് ഒന്നും പാടില്ലെന്ന നിലപാട്.

അല്ല, സമൂഹത്തിന്റെ നന്മലക്ഷ്യമാക്കിയാണ് അവര്‍ ഇത് പറയുന്നതെന്ന് ഒരുപരിധിവരെ അംഗീകരിക്കാം. അങ്ങനെ അംഗീകരിക്കുമ്പോള്‍ മനസില്‍ വരുന്ന മറ്റൊരുകാര്യമുണ്ട്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരിലാണ് മദ്യത്തിന്റെ ദൂഷ്യവശം കൂടുതല്‍ പ്രകടമാകുന്നത്. കുടുംബം തകരുന്നത്, മദ്യപിച്ച് വഴിയില്‍ കിടക്കുന്നത്, മറ്റ് അക്രമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നത് ഒക്കെ ഈ വിഭാഗങ്ങളാണ്. വിദ്യാഭ്യാസത്തിലും അറിവിലുമുള്ള കുറവാണ് ഇതിന് വഴിവയ്ക്കുന്നത്. അതിന് നമുക്ക് ചെയ്യാവുന്നത് ബാറുകള്‍ നിരോധിക്കുകയല്ല, അവരെ വിദ്യാസമ്പന്നരാക്കുകയാണ്. അവിടെ ഈ ക്രിസ്തീയപുരോഹിതര്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. വിദ്യാഭ്യാസത്തെ സമ്പൂര്‍ണ്ണകച്ചവടം മാത്രമാക്കാതെ തങ്ങളുടെ പൂര്‍വസൂരികളായ മിഷ്ണറിമാര്‍ നമ്മുടെ സമൂഹത്തിലെ വിദ്യാഭ്യാസത്തിന് നല്‍കിയ സംഭാവനകള്‍ പിന്തുടരുകയാണ് ഇവര്‍ ചെയ്യേണ്ടത്. മദ്യത്തിനെതിരെ പ്രസംഗിക്കുന്നതിന് പകരം പാവപ്പെട്ടവര്‍ക്ക് സൗജന്യ വിഭ്യാഭ്യാസം നല്‍കാന്‍ അവര്‍ തയാറാകണം. എന്നാല്‍ ഇപ്പോള്‍ എത്ര ലക്ഷം കൂടുതല്‍ പണം വാങ്ങാമെന്നാണ് അവര്‍ ചിന്തിക്കുന്നത്.

അതുപോലെ മദ്യത്തിന് അടിമകളായിരിക്കുന്നവരെ ബോധവല്‍ക്കരണത്തിലൂടെയും മറ്റും മുഖ്യധാരയില്‍ കൊണ്ടുവരികയാണ് വേണ്ടത്. അത് ഇവര്‍ സേവനമാക്കണം. സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ രാഷ്ട്രീയസമ്മര്‍ദ്ദ ശക്തി പ്രകടിപ്പിക്കുന്നതിന് പകരം മദ്യപന്മാരായ സ്വന്തം കുഞ്ഞാടുകളെ അതില്‍ നിന്നും മോചിപ്പിക്കാനാണ് ഇവര്‍ തയാറാകേണ്ടത്. അതുപോലെ സമൂഹത്തിലെ മദ്യവില്‍പ്പനക്കാരെ ഒതുക്കുകയും വേണം.

ഇതൊന്നും ചെയ്യാതെ തങ്ങള്‍ പറയുന്നതെല്ലം ഇവിടുത്തെ സര്‍ക്കാരുകള്‍ ചെയ്യണമെന്ന് പറഞ്ഞ് സമ്മര്‍ത്തിലാക്കുന്നത് നിര്‍ത്തണം. മാത്രമല്ല, അത്തരത്തില്‍ നല്ല മദ്യം നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയാല്‍ ആ സ്ഥാനത്ത് വരിക യാതൊരു സാമൂഹികബാദ്ധ്യതയുമില്ലാതെ ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരുവിഭാഗം രംഗത്ത്‌വരും. അത് വന്‍ദുരന്തത്തിലേക്ക് നയിക്കും. മാത്രമല്ല, ഒരു സമാന്തര സമ്പദ്ഘടനയ്ക്കും അത് വഴിവയ്ക്കും. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുന്നതിനായിരിക്കും ഉപകരിക്കുക. അതുകൊണ്ടുതന്നെ മറ്റ് വരുംവരായ്കകള്‍ ചിന്തിക്കാതെ ചെറിയ രാഷ്ട്രീയനേട്ടത്തിനും കുഞ്ഞാടുകള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനും നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറുകയാണ് വേണ്ടത്. അല്ലെങ്കില്‍ മുമ്പ് നടന്നതുപോലൊരു റിഫര്‍മേഷന്‍ പ്രസ്ഥാനം വീണ്ടും ആരംഭിക്കേണ്ടിവരും.

അതുപോലെ നമുക്ക് ചുറ്റും മറ്റ് നിരവധി സാമൂഹിക പൈശാചിക സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. അവയൊക്കെ ഇല്ലാതാക്കി, ഒരു ശക്തമായ സമൂഹമാക്കി കേരളത്തെ മാറ്റുന്നതിനാണ് ഇവര്‍ ശ്രമിക്കേണ്ടത്. അല്ലാതെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് മതമേലദ്ധ്യക്ഷന്മാര്‍ മുന്നോട്ടുവരരുത്. ഇത്തരത്തില്‍ അവര്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദതന്ത്രം സമൂഹത്തില്‍ ചില സമുദായങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വര്‍ഗ്ഗീയവിഷം പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനുള്ള വഴിവയ്ക്കാതെ സമുഹത്തിനെ ബോധവല്‍ക്കരിച്ച് നന്മയിലേക്ക് കൊണ്ടുപോകുകയാണ് വേണ്ടത്. അതിനുള്ള കൂട്ടായ ശ്രമമാണ് ഭരണകൂടവും മതസമൂഹവും രാഷ്ട്രീയ നേതൃത്വവും നടത്തേണ്ടത്.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 10 Jun 2017 11.13 AM
YOU MAY BE INTERESTED
TRENDING NOW