Friday, August 11, 2017 Last Updated 31 Min 56 Sec ago English Edition
Todays E paper
Friday 09 Jun 2017 04.34 PM

ധ്യാനത്തിനും മനശാന്തിക്കും പ്രാണായാമം

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ,
uploads/news/2017/06/116534/FitnessPlus090617..jpg

പൊണ്ണത്തടിയും കുടവയറും ഇന്നൊരു പ്രശ്നമാണ്. അത് ശരീരസൗന്ദര്യത്തെ ബാധിക്കും. പൊണ്ണത്തടിയില്‍ നിന്നു മോചനം നേടാന്‍ യോഗയിലൂടെ സാധിക്കും.

അമിതവണ്ണവും കുടവയറും അകറ്റി ആത്മവിശ്വാസത്തോടെ സമൂഹത്തിലേക്കിറങ്ങിച്ചെല്ലാം. പക്ഷേ അതിനായി അല്പം സമയം മാറ്റിവയ്ക്കണമെന്ന് മാത്രം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ് യൗവനം.

യൗവനം നിലനിര്‍ത്തണമെങ്കില്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യമുണ്ടാവണം. ഭാരതത്തിന്റെ ചിരപുരാതനമായ യോഗവിദ്യ നിരന്തര പരിശീലനത്തിലൂടെ മാത്രമേ സ്വായത്തമാകൂ. അതായത് നിത്യയൗവനവും ആരോഗ്യവും നേടുന്നതിന് കുറുക്കുവഴികള്‍ ഒന്നും തന്നെയി
ല്ലെന്ന് സാരം.

തയാറെടുപ്പുകള്‍


പ്രഭാതത്തില്‍ യോഗ ആരംഭിക്കുന്നതാണ് അത്യുത്തമം. നിത്യേന രണ്ടുനേരം (ആരോഗ്യത്തിനനുസരിച്ച് ഇതിനു മാറ്റം വരാം) യോഗാഭ്യാസം അനുഷ്ഠിക്കണം. രാവിലെ അഞ്ചിനും എട്ടിനും വൈകീട്ട് നാലിനും എട്ടിനും ഇടയ്ക്കുള്ള സമയമാണ് നല്ലത്. മറ്റുള്ളവര്‍ക്കായല്ല, സ്വന്തം ശരീരത്തിന് വേണ്ടിയാണ് യോഗാഭ്യാസം ശീലിക്കുന്നതെന്ന വസ്തുത ഓര്‍മ്മയില്‍ സൂക്ഷിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. തുടക്കത്തില്‍ യോഗയനുഷ്ഠിക്കുമ്പോ ള്‍ പലരും നന്നായി വിയര്‍ക്കും. അതിനാല്‍ യോഗാഭ്യാസത്തിന് അരമണിക്കൂറെങ്കിലും കഴിഞ്ഞ് കുളിക്കുക..
2. ധാരാളം ശുദ്ധവായു ലഭിക്കുന്ന സ്ഥലത്താവണം പരിശീലനം. വീട്ടില്‍ ഇതിനായി ഒരു മുറി കണ്ടെത്തണം. തുറസായ മട്ടുപ്പാവോ, ശബ്ദ കോലാഹലങ്ങളില്ലാത്ത മുറികളോ തെരഞ്ഞെടുക്കാം.
3. യോഗയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശരീരശുദ്ധിയാണ്. മലശോധനാദി നിത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം യോഗ പരിശീലിക്കുന്നതാണ് ഉത്തമം.
4. വെറും തറയില്‍ യോഗാഭ്യാസം അനുഷ്ഠിക്കരുത്.
5. പരിശീലന സമയത്ത് ധാരാളം കാറ്റും വെളിച്ചവും ശരീരത്തില്‍ ഏല്‍ക്കണം. ഇതിനനുസരിച്ചുള്ള വസ്ത്രധാരണമാണ് നല്ലത്.
6. സ്ത്രീകള്‍ യോഗ അഭ്യസിക്കുമ്പോള്‍ പരിശീലനത്തിന് തടസമാകാത്ത വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
7. അസുഖങ്ങള്‍ ഉള്ളപ്പോള്‍ വിശ്രമമാണ് ആവശ്യം. അത്തരം സന്ദര്‍ഭങ്ങളില്‍ യോഗാസനം ചെയ്യാതിരിക്കുക.
8. പതിവായി യോഗ അഭ്യസിക്കുന്ന വ്യക്തി അവിചാരിതമായി അഭ്യാസം മുടക്കിയാല്‍ ശരീരത്തെ ദോഷകരമായി ബാധിക്കില്ല.
9. വെയ്റ്റ് ലിഫ്റ്റിംഗ്, ജിംനേഷ്യം പോലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും യോഗ പരിശീലിക്കാവുന്നതാണ്.
10. യോഗ പെട്ടെന്ന് സ്വായത്തമാക്കാമെന്ന് ചിന്തിക്കരുത്. നിരന്തരമായ പരിശീലനമാണ് യോഗയ്ക്ക് ആവശ്യം.

സുഖാസനം


ചമ്രം പടിഞ്ഞിരുന്ന് ചെയ്യേണ്ട ആസനമാണ് സുഖാസനം. നീണ്ടുനിവര്‍ന്ന് കിടക്കാന്‍ പാകത്തിലുള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ കിഴക്കോ, വടക്കോ ആയി, കാല്‍ മുന്നോട്ട് നീട്ടി ഇരിക്കുക.

വലതുകാല്‍മുട്ട് മടക്കി അടുപ്പിച്ച് കൊണ്ടുവന്ന് കാല്‍പ്പാദം ഇടത് തുടയുടെ താഴെ വയ്ക്കുക. ശേഷം ഇടതുകാല്‍ ഇതേ പോലെ മടക്കി പാദം വലതു തുടയുടെ താഴെ വയ്ക്കുക. കൈകള്‍ നീട്ടി അതാത് കാല്‍മുട്ടുകളില്‍ മലര്‍ത്തി വയ്ക്കുക. ഇരിക്കുമ്പോള്‍ നട്ടെല്ല് പരമാവധി നിവര്‍ന്നിരിക്കണം. തല, കഴുത്ത്, പുറംഭാഗം എന്നിവ ഒരേ രേഖയിലായിരിക്കണം.

ശരീരം അയച്ച് കണ്ണുകള്‍ അടച്ച് ഏതാനും നിമിഷങ്ങള്‍ ശാന്തമായി ഇരിക്കുക. രണ്ടുമൂന്ന് മിനിറ്റ് അങ്ങനെ ഇരുന്ന ശേഷം കാല്‍ നിവര്‍ത്തി പുറകോട്ടാഞ്ഞ് ഇരുന്ന് ദീര്‍ഘമായി ശ്വാസം വിടുക. കാല്‍മുട്ട് മടങ്ങാത്തവര്‍ക്കോ, പ്രായമുള്ളവര്‍ക്കോ കാല്‍ നീട്ടി വച്ച് സുഖാസനം ചെയ്യാവുന്നതാണ്. സുഖാസനത്തിന് ശേഷം പ്രാണായാമം ചെയ്യുക. പ്രാണായാമത്തിലൂടെയാണ് സുഖാസനം പൂര്‍ത്തിയാക്കുക.

പ്രാണായാമം


ശ്വാസോച്ഛ്വാസം നിയന്ത്രിച്ച് ശരീരത്തിലെ പവര്‍ പോയിന്റുകളെ ഉദ്ദീപിപ്പിച്ച് ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് പ്രാണായാമം. ശ്വാസോച്ഛാസത്തെ നിയന്ത്രിക്കുക വഴി മനസ്സിലെ പിരിമുറുക്കങ്ങളെയും അസ്വസ്ഥതകളെയും അകറ്റാന്‍ പ്രാണായാമത്തിന് സാധിക്കും.

പ്രാണായാമം ചെയ്യുന്നതിന് ഉത്തമം സുഖാസനമാണ്. യോഗാസനങ്ങള്‍ക്കൊപ്പം അനുവര്‍ത്തിക്കുന്ന ശ്വാസോച്ഛാസ വ്യായാമം കൊണ്ട് ശ്വാസകോശങ്ങള്‍ പൂര്‍ണ്ണമായും നിറയുന്നു.

ഇതോടെ ശ്വാസകോശത്തെ ആശ്രയിച്ചുകഴിയുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലമാക്കുന്നു. ഇക്കാരണത്താല്‍ തന്നെ പ്രാണായാമത്തിന് യോഗസാധനയില്‍ പ്രത്യേകസ്ഥാനമുണ്ട്.

പ്രാണായാമം ചെയ്യേണ്ട രീതി


1. ഉള്ളിലേക്ക് സാവധാനം ശ്വാസം എടുക്കുക. മൂക്കിലുടെ മാത്രമായിരിക്കണം ശ്വസിക്കേണ്ടത്.
2. പൂര്‍ണ്ണമായും ശ്വാസകോശം നിറഞ്ഞുകഴിഞ്ഞെന്ന് ബോധ്യമായാല്‍ അഞ്ച് സെക്കന്റ് ശ്വാസം ഉള്ളില്‍ നിര്‍ത്തുക.
3. സാവധാനം ശ്വാസം പുറത്തേക്ക് വിടുക. ഉള്ളിലേക്ക് എടുത്തതിന്റെ രണ്ടിരട്ടി സമയം സമയമെടുത്ത് ശ്വാസം പുറത്തേക്ക് വിടണം.
4. ഉള്ളിലുള്ള ശ്വാസം പൂര്‍ണ്ണമായി പുറത്തേക്ക് വിടുക. വയര്‍ ഒട്ടിയ അവസ്ഥയിലാക്കുക.
5. ഒരു ശ്വാസമെടുത്ത് വിട്ടതിനു ശേഷം മൂന്ന് സെക്കന്‍ഡ്് കഴിഞ്ഞു മാത്രമേ അടുത്ത ശ്വസനം ആരംഭിക്കാവൂ.
6. ഇതേ രീതി വീണ്ടും ആവര്‍ത്തിക്കുക. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ആദ്യം വയറും പിന്നീട് നെഞ്ചും ഉയരുന്നത് ശ്രദ്ധിക്കണം. ശ്വാസം വിടുമ്പോള്‍ വയറ് പൂര്‍ണ്ണമായും ഒട്ടിയ അവസ്ഥയിലാവണം.

ഇത്തരത്തില്‍ ആദ്യത്തെ ഒരാഴ്ച 10 തവണ ചെയ്യുക. രണ്ടാമത്തെ ആഴ്ച 15 തവണയും ക്രമേണ ഒരു മാസമാകുമ്പോള്‍ 30 തവണയും ചെയ്യുക.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
TRENDING NOW