തിരുവനന്തപുരം: തലസ്ഥാന ജില്ലയുള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആരംഭിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ പ്രകടനത്തില്‍ ബിജെപിയുടെ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തടയുവാന്‍ ശ്രമം നടത്തി.
ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് തിരുവനന്തപുരത്ത് ബിജെപി ജില്ലാകമ്മിറ്റി ഓഫീസിനുനേരെ ബോംബെറിഞ്ഞത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ബി.ജെ.പിയുടെ ചെറുവണ്ണൂര്‍ ഓഫിസ് തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ബേപ്പൂര്‍ നിയോജകമണ്ഡലത്തിലും ബി.ജെ.പി ഹര്‍ത്താല്‍ നടത്തുന്നുണ്ട്. ഗതാഗതത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയാണ് ഹര്‍ത്താല്‍. ചേര്‍ത്തല നഗരസഭയിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിഎംഎസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണിത്. ഇതിന് പുറമെ വിവിധ സ്ഥലങ്ങളിലും ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായി.
അതേസമയം, സി.പി.എം ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഒളവണ്ണ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് ഹര്‍ത്താല്‍.