Wednesday, November 14, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
സൂര്യ സുരേന്ദ്രന്‍
Tuesday 06 Jun 2017 08.48 PM

മഴനനയാം മഞ്ഞുകൊള്ളാം ഇല്ലിക്കകല്ലില്‍ ആകാശം മുട്ടി നില്‍ക്കാം

uploads/news/2017/06/115551/el3.jpg

നേരിയ ചാറ്റല്‍ മഴയോടെയാണ് ഇല്ലിക്കല്‍കല്ലിലേക്കുള്ള യാത്ര ആരംഭിച്ചത്. മഴയുമില്ല വെയിലുമില്ല തണുത്ത അന്തരീക്ഷവും. എല്ലാം കൂടി ഒരു കുളിര്‍മ്മ. പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ എന്ത് കാഴ്ചയാണ് അവിടെ അദ്ഭുതപ്പെടുത്താനായി ഉള്ളതെന്ന ആകാംക്ഷയായിരുന്നു. ഇരുചക്രവാഹനത്തിലെ യാത്ര ആയതിനാല്‍ മഴ നന്നായി നനയുന്നുണ്ടായിരുന്നു. എങ്കിലും ഇല്ലിക്കകല്ലിനെ പുല്‍മേടും മഞ്ഞും തന്നെയായിരുന്നു മനസ്സില്‍. ഇരാറ്റുപേട്ടയും തീക്കോയിയും കഴിഞ്ഞാല്‍ പിന്നെ മല കയറ്റമായി കയറുന്തോറും മലയും മഞ്ഞും വശ്യമായി മാടി വിളിക്കുന്നതു പോലെ. വഴിയരികുകളില്‍ വരണ്ടു കടന്നിരുന്ന ചെറിയ കൈത്തോടുകള്‍ക്ക് ഒക്കെ മഴ പെയ്ത് തെല്ലൊരു അഹങ്കാരം വന്നിട്ടുണ്ട്. യാത്രയില്‍ എതിരെ വന്നത് ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രം അതും ഇരുചക്രവാഹനങ്ങള്‍. അതുകൊണ്ടു തന്നെ ഈ സ്ഥലത്തേക്ക് ആരും പോകാറില്ലേ എന്ന ചോദ്യവും മനസ്സിലുണ്ടായിരുന്നു. കൊടുവളവ് കയറി ചെല്ലുന്തോറും മഴച്ചാറ്റലിനും ശക്തി കൂടുന്നുണ്ടായിരുന്നു. പോകും വഴിയില്‍ ഒന്നോ രണ്ടോ വീടുകള്‍ കണ്ടു, വഴി ചോദിക്കേണ്ട കാര്യമില്ല ദിശാ ബോര്‍ഡുകള്‍ നിങ്ങള്‍ക്ക് വഴി കാണിച്ചു കൊണ്ടേയിരിക്കും. അത്യാഹിതവിഭാഗത്തിന്റെയും പോലീസിന്റെ നമ്പറുകള്‍ വഴിയിലെ ബോര്‍ഡില്‍ വ്യക്തമായി കാണാം. അതിനെയും കടന്ന് ചെല്ലുമ്പോള്‍ വഴി രണ്ടായി പിരിയുന്നു, ഒന്നിനെ ദിശാബോര്‍ഡ് സൂചിപ്പിച്ചത് ഇല്ലിക്കകല്ലെന്ന് മറ്റൊന്ന് ഇലവീഴാപൂഞ്ചിറയെന്നും. ഇല്ലിക്കക്കല്ലിലേക്ക് കടന്നുള്ള കൊടുംവളവ് കയറുമ്പോള്‍ കാണാം പുല്‍മേടുകള്‍ തെളിയുന്നത്. അവിടെയും വലിയൊരു ബോര്‍ഡുണ്ടായിരുന്നു. അതിലുള്ളത് ഇല്ലിക്കകല്ലിനെ കുറിച്ചുള്ള പരിചയപ്പെടുത്തലുകളായിരുന്നു.

uploads/news/2017/06/115551/el-1.jpg

മലകയറി മുകളിലെത്തുമ്പോള്‍ ആരും ഉണ്ടാവില്ല എന്നായിരുന്നു കരുതിയത് കാരണം ഇരുവശത്തേക്കും വാഹനങ്ങള്‍ ഒന്നും തന്നെ പോയിരുന്നില്ല. എന്നാല്‍ ഇല്ലിക്കക്കല്ല് താഴ്വരയിലെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകളെയായിരുന്നു. അവരൊക്കെ എത്തിയത് ഇരുചക്രവാഹനങ്ങളിലും നാലോ അഞ്ചോ കാറുകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം ഇരുചക്രവാഹനങ്ങള്‍ തന്നെ. വന്നിറങ്ങിയപ്പോഴെ വമ്പന്‍ ഒരു ഇടി വെട്ടി. വീണ്ടും മഴ ചാറ്റലിന് ശക്തി കൂടി. ഇവ രണ്ടും അപകടം തന്നെ. പക്ഷേ....അത്രമനോഹരമായിരുന്നു ഇല്ലിക്കകല്ല് താഴ്വരയും അപ്പോഴുള്ള കാലാവസ്ഥയും. തണുപ്പ് നിറഞ്ഞു നില്‍ക്കുന്നു. ഇത്ര ശുദ്ധമായ വായുവും. ആദ്യം ചെയ്തത് ശ്വാസം ഉള്ളിലേക്ക് വലിച്ചു വിടുകയായിരുന്നു. അപ്പോള്‍ നമുക്ക് സ്വയം അറിയാം ശരീരവും മനസ്സും ഉണരുന്നത്. പ്രായഭേദമന്യേ നിരവധി പേര്‍ ഉണ്ടായിരുന്നു. ഒരു വയസ്സു പ്രായം മാത്രം ഉള്ള കൊച്ചു കുട്ടികള്‍ വരെയും. എങ്കിലും മദ്ധ്യവയസ്‌കര്‍ തന്നെയാണ് ഭൂരിഭാഗവും. ഇരുചക്രവാഹനത്തിനും കാറുകള്‍ക്കും പാര്‍ക്കിംഗ് ഫീസ് വെവ്വേറെ ഉണ്ട്. കൂടാതെ ഇല്ലിക്കകല്ല് മലയുടെ സമീപം വരെ എത്താന്‍ ജീപ്പ് സൗകര്യവും. പോലീസ് എയ്ഡ്പോസ്റ്റിന് സമീപത്ത് നിന്നു തന്നെ ഈ സൗകര്യങ്ങളൊക്കെ പ്രയോജനപ്പെടുത്താം. മലയിലേക്ക് പോകാന്‍ മൂന്ന് ജീപ്പുകളുണ്ട്. നവംബര്‍ ഡിസംബര്‍ മാസത്തിലാണ് ഇവിടെ തിരക്കേറുന്നത്. അപ്പോഴത്തെ കോടമഞ്ഞിലിറങ്ങാനാണ് ആളുകള്‍ക്ക് ഇഷ്ടം. മഴയുള്ള സമയത്ത് അപകടസാധ്യത കൂടുതലാണ്. ജീപ്പിലിരിക്കുമ്പോഴേ കാണാം മഞ്ഞില്‍തൊട്ട് ആളുകള്‍ ഇല്ലിക്കക്കല്ലിലേക്ക് കയറുന്നത്. ജീപ്പില്‍ മലമുകളില്‍ എത്തി. അവിടെ നിന്നും മുന്നോട്ടു പോയെങ്കില്‍ മാത്രമേ ഇല്ലിക്കകല്ല് മലയില്‍ കയറാന്‍ സാധിക്കൂ. താഴേക്കു നോക്കുമ്പോള്‍ നൂലു പോലെ വന്ന വഴി കാണാം. ഈ കാഴ്ചയും വ്യക്തമല്ല കാരണം കോടമഞ്ഞ് പുതഞ്ഞായിരുന്നു ഇവിടം അപ്പോഴുണ്ടായിരുന്നത്.
uploads/news/2017/06/115551/el2.jpg

പതുക്കെ മലകയറി താഴേക്കുള്ള കാഴ്ച അദ്ഭുതപ്പെടുത്തുന്നതായിരുന്നു. വിശാലമായി കിടക്കുന്ന പച്ചപ്പ്. കൊടുംകൊക്ക, നിറയെ കോടമഞ്ഞ്. കോടയിറങ്ങിയാല്‍ കാഴ്ചകള്‍ അവ്യക്തം കോടമഞ്ഞ് ആകെ മൂടുകയായി. അപ്പോഴുണ്ടാകുന്ന അനൂഭൂതി ആസ്വദിക്കാനാണ് എല്ലാവരും ഇവിടെ എത്തുന്നത്. ഇല്ലിക്കക്കല്ലിനുമുകളിലായി ആകാശത്തെ നോക്കി വാ പിളര്‍ന്നിരിക്കുന്ന കുടക്കല്ലിനുള്ളില്‍ കുളവും, കുളത്തിനുള്ളില്‍ വെള്ളത്തിനകത്തു നിന്നും പടര്‍ന്നു നില്‍ക്കുന്ന നീലക്കൊടുവേലിയുമുണ്ടെന്നാണ് ഐതീഹ്യം. കര്‍ക്കിടകമാസത്തിലെ കറുത്ത വാവ് ദിവസങ്ങളില്‍ മാത്രം കുളം നിറഞ്ഞ് വെള്ളം പുറത്തേക്കൊഴുകുമ്പോള്‍ നീലക്കൊടുവേലി ഇലകള്‍ മീനച്ചിലാറുവഴി ഒഴുകിയെത്തുകയും ഈ ഇലകള്‍ കിട്ടുന്നവര്‍ പിന്നീട് കോടീശ്വരന്‍മാരാവുമെന്നുമാണ് ഐതീഹ്യം. കള്ളന്‍മാര്‍ നീലക്കൊടുവേലിപറിച്ചോണ്ടുപോകാതെ ഉഗ്രവിഷഹാരികളായ സര്‍പ്പങ്ങള്‍ നീലക്കൊടുവേലിക്ക് കാവിലിരിക്കുകയാണെന്നും കഥകളില്‍ പറയുന്നു. സമീപസമയത്ത് ഇല്ലിക്കകല്ലില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചതിനാല്‍ കല്ലിലേക്കുള്ള പ്രവേശനം അടച്ചിരിക്കുകയാണ്. എറ്റവും ഉയര്‍ന്നിടത്തെത്തി കല്ല് കാണാന്‍ സാധിക്കും. മുന്‍പ് ഇല്ലിക്കകല്ലും താഴ്വരയും കീഴടക്കിയവര്‍ ചുരുക്കമായിരുന്നു. അതിനാല്‍ ഇല്ലിക്കകല്ലില്‍ കയറുന്നവര്‍ എവറസ്റ്റ് കീഴക്കുന്നവരായാണ് മറ്റുള്ളവര്‍ കണ്ടിരുന്നത്. അഗാധമായ കൊക്കയിലേക്ക് കാലും നീട്ടിയിരിക്കുന്നവരും ഇവിടെയുണ്ടായിരുന്നു. ചെറിയ ചാറ്റല്‍ മഴയും മഞ്ഞും ഉള്ളതിനാല്‍ കാഴ്ചകള്‍ സുന്ദരമായിരുന്നു. ആകാശത്തെ തൊട്ടപ്പോള്‍ കീറി വെള്ളം വീണതുപോലെയാണ് മഴ എത്തിയത്. മഞ്ഞും ആകാശവും ഏതാണെന്ന് തിരിച്ചറിയാനും പാടായിരുന്നു. കയറ്റം പാടില്ലെങ്കിലും ഇറക്കം കുറച്ച് കടുപ്പമാണ്. സൂക്ഷിച്ചിറങ്ങിയില്ലെങ്കില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. മഴ സമയമാണെങ്കില്‍ മണ്ണും പുല്ലും തെന്നും. തിരിച്ചിറങ്ങുമ്പോള്‍ മഴ എത്തി. ശക്തമാകുന്നതിന് മുന്‍പ് ജീപ്പ് എത്തി താഴ്വരയിലേക്ക്. മഴ ശക്തമാകുന്നതിന് മുന്‍പ് കൊടുംവളവുകള്‍ ഇറങ്ങിയില്ലെങ്കില്‍ ഇരുചക്രവാഹനത്തിലുള്ള യാത്ര ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവില്‍ മനസ്സില്ലാതെ ഇല്ലിക്കകല്ലിനും മഴയ്ക്കും മഞ്ഞിനും യാത്ര പറഞ്ഞു. തിരിച്ചു പോരുന്ന എല്ലാവരും പക്ഷേ ഇല്ലിക്കകല്ലിനോട് യാത്ര പറയുന്നത് ഇനിയും കാണാമെന്ന ഉറപ്പില്‍ മാത്രമായിരിക്കും.
uploads/news/2017/06/115551/el-4.jpg

Ads by Google
സൂര്യ സുരേന്ദ്രന്‍
Tuesday 06 Jun 2017 08.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW