Sunday, April 08, 2018 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 05 Jun 2017 12.14 PM

മഹാഭാരതം വീണ്ടും കലഹമാകുമ്പോള്‍

നമ്മുടെ നാട്ടില്‍ ഇന്ന് എന്തും വിവാദമാണ്, പ്രത്യേകിച്ച് വര്‍ഗ്ഗീയതയ്ക്ക് വളമാകുന്നതാണെങ്കില്‍ അതിന്റെ തീവ്രത വര്‍ദ്ധിക്കും. ബീഫും പള്ളിയും അമ്പലവുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ സാഹിത്യത്തിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആരാധിക്കുന്ന വിഗ്രഹത്തില്‍ കാറിതുപ്പുന്ന നിര്‍മ്മാല്യം പോലുളള സിനിമകള്‍ പിറന്ന നാടാണിത്.
Randamoozham

മൂന്നാംകണ്ണ്

ആര്‍.സുരേഷ്

മഹാഭാരതം കലഹമാണ്, അതുകൊണ്ടുതന്നെ പഴയ മുത്തശ്ശിമാരും മുത്തച്ഛന്മാരുമൊക്കെ മഹാഭാരണം വീട്ടില്‍ സൂക്ഷിക്കരുതെന്ന് പറയാറുമുണ്ടായിരുന്നു. അതായിരിക്കാം പലേടത്തും മഹാഭാരതം എന്ന മൂലഗ്രന്ഥത്തിന് പകരം ഭഗവത്ഗീത സൂക്ഷിച്ചിരുന്നതും. കലഹത്തിന്റെ കഥയായതുകൊണ്ടായിരിക്കാം ഇന്ത്യയ്ക്ക് അഭിമാനമാകുന്ന തരത്തില്‍ അതിനെ ആസ്പദമാക്കി ഒരു ചലച്ചിത്രം സൃഷ്ടിക്കാന്‍ ഇറങ്ങിപുറപ്പെട്ടപ്പോള്‍ പിന്നാലെ വിവാദകൊടുങ്കാറ്റും ഉയര്‍ന്നത്.

മഹാഭാരതം എന്നത് ഒരു ഭൂപ്രദേശത്തിന്റേയോ ഒരു വിഭാഗത്തിന്റേയോ കഥയല്ല, അത് മനുഷ്യന്റെ പരിണാമത്തിന്റെയും ത്വരയുടെയും കഥയാണ്. ഒരുകാലഘട്ടത്തില്‍ പിറന്നതാണ് അതെന്ന് പറയാനുമാവില്ല. എന്നാല്‍ ഇന്ന് അതിന് ഒരു ദൈവീകപരിവേഷം നല്‍കി, അതിനെപ്പോലും വര്‍ഗ്ഗീയ ചേരിതിരിവിന് ഉപയോഗിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്. സാഹിത്യകാരന് രാഷ്ട്രീയമുണ്ടാകാം, എന്നാല്‍ അവര്‍ സൃഷ്ടിക്കുന്ന കൃതി സമൂഹത്തിന് വേണ്ടിയാണ്. അതേ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം മുറുകുന്നത്.

മഹാഭാരതത്തെ ആസ്പദമാക്കി എഴുതിയ രണ്ടാമൂഴത്തിന് മഹാഭാരതം എന്ന പേര് നല്‍കാനാവില്ലെന്നാണ് സംഘപരിവാര്‍ തിട്ടൂരം. രണ്ടാമൂഴം എം.ടി. വാസുദേവന്‍നായരുടെ സ്വന്തം ചിന്തയില്‍ നിന്നും ഉടലെടുത്തതാണെന്നും അതിന് മഹാഭാരതവുമായി സാമ്യമില്ലെന്നുമാണ് വര്‍ഗ്ഗീയചേരിതിരിവിന് ശ്രമിക്കുന്നവരുടെ വാദം. എന്നാല്‍ രണ്ടാമൂഴം മഹാഭാരതം തന്നെയാണ്. മഹാഭാരതം ഒരു ദൈവത്തിന്റെയും കഥയല്ല, അത് മനുഷ്യരുടെ കഥയാണ്. മനുഷ്യര്‍ നിലനില്‍പ്പിന് വേണ്ടി യുഗങ്ങളായി നടത്തിയ പോരാട്ടത്തിന്റെ കഥ. ആ കഥയെ മനുഷ്യതലത്തില്‍ നിന്നുകൊണ്ട് അവതരിപ്പിക്കുകയായിരുന്നു എം.ടി.. മാത്രമല്ല, എന്നും എത്ര ധീരനാണെങ്കിലും നിറത്തിലും കുലത്തിലും കാര്യമുണ്ടെന്ന തത്വവും അദ്ദേഹം ആ കൃതിയില്‍ പ്രകടിപ്പിക്കുന്നുണ്ട്. മഹാഭാരതം എന്ന ബൃഹദ്കൃതിയില്ലെങ്കില്‍ രണ്ടാമൂഴമോ, അത് അടിസ്ഥാനമാക്കിയെഴുതിയ മറ്റ് കൃതികളോ ഇല്ല. എന്നാല്‍ മഹാഭാരതം എന്ന് കേള്‍ക്കുകയും അത് ടി.വി. സീരിയലായി മാത്രം കാണുകയും വര്‍ഗ്ഗീയവിഷം കൊണ്ട് ബ്രയിന്‍വാഷ് ചെയ്യപ്പെട്ടതുമായ ഒരു തലമുറയെ വഴിതെറ്റിക്കാനും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനും ഇപ്പോള്‍ ഇതൊക്കെ മതിയാകും. വായനയും അറിവും നശിച്ച മലയാളി, ഇന്ന് ഇത്തരക്കാരുടെ പള്ളിക്കൂടത്തിലെ വെറും കീടങ്ങളായി പരിണമിച്ചിരിക്കുന്നു. അടുക്കളപെണ്ണുങ്ങള്‍വരെ രമണന്‍പോലുള്ള കൃതികള്‍ വായിച്ചിരുന്ന നാടിനാണ് ഈ ഗതികേട്.

എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം എഴുതി മുപ്പത്തിനാലാമത്തെ വര്‍ഷമാണ് വിവാദമാകുന്നത്. ഒരുപക്ഷേ മലയാളത്തില്‍ സാധാരണക്കാരുള്‍പ്പെടെ ഏറ്റവുമധികം പേര്‍ വായിച്ചത് എം.ടിയുടെ രണ്ടാമൂഴമായിരിക്കും. മഹാഭാരതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് എന്നും രണ്ടാമനാകാന്‍ വിധിക്കപ്പെട്ട ഭീമന്റെ കഥയാണ് എം.ടി വ്യഖ്യാനിക്കുന്നത്. കുരുക്ഷേത്രയുദ്ധം ജയിക്കുന്നതിന് പ്രധാനപങ്കുവഹിച്ച അദ്ദേഹത്തിന് അര്‍ഹമായ രാജ്യം പോലും നിഷേധിക്കപ്പെടുന്നതിന്റെ കഥയാണ് അത്. അതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നത് സത്യമാണ്. എത്രകരുത്തനാണെങ്കിലും അവഗണിക്കപ്പെടുന്ന അധഃകൃതന്റെ ജീവിതമാണത്.

ആ കൃതിയെ ആധാരമാക്കികൊണ്ട് മഹാഭാരതം സെല്ലുലോയിഡില്‍ ആവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് വിവാദത്തില്‍ എത്തിനില്‍ക്കുന്നത്. ഇന്ത്യയില്‍ ചരിത്രമായിരിക്കുന്ന ബാഹുബലിയെപ്പോലൂം കടത്തിവെട്ടി 1000 കോടി മുതല്‍മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ പേരിനെചൊല്ലി വിവാദം ഉയര്‍ന്നു. എന്നാല്‍ മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെ ആ ചിത്രം നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാവായ ബി.ആര്‍. ഷെട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇതാണ് നാം ഭീതിയോടെ കാണേണ്ടത്, മഹാഭാരതത്തിനെയായിരുന്നില്ല, അതിലെ ഭഗവത്ഗീതയെ ആയിരുന്നു ഇന്ത്യയില്‍ പുണ്യഗ്രന്ഥമായി വിലയിരുത്തിയിരുന്നത്. അത് ഇപ്പോള്‍ മഹാഭാരമായി പരിണമിച്ചു. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോള്‍, എന്നും വര്‍ഗ്ഗീയ ചേരിതിരിവിന് കേരളത്തില്‍ തന്റേതായ സംഭാന നല്‍കുന്ന ശശികലടീച്ചര്‍ നിലപാടില്‍ ഇപ്പോള്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് അവര്‍ പറയുന്നത് ചിത്രത്തിന് മഹാഭാരതം എന്ന് പേര് നല്‍കാന്‍ പാടില്ലെന്നും രണ്ടാമൂഴം എന്ന് മാത്രമേ പേരിടാവൂവെന്നുമാണ്. ബി.ജെ.പിയുടെ മൊത്തം അഭിപ്രായം ഇതാണെന്ന തരത്തിലാണ് നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളും.

ഇതിന്റെ പിന്നിലെ ഉദ്ദേശ്യം മഹാഭാരതത്തോടുള്ള പ്രേമമല്ലെന്നത് വസ്തുതയാണ്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം നടന്ന യുദ്ധത്തെ തങ്ങളുടെ ശക്തിവളര്‍ത്തുന്നതിനുള്ള കലാപമാക്കി മാറ്റാനുള്ള ശ്രമമാണ്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ എടുത്താന്‍ എത്രപേര്‍ വ്യാസന്റെ മഹാഭാരതം വായിച്ചിട്ടുണ്ടാകുമെന്നതില്‍ ഒരു വ്യക്തതയുമില്ല. വളരെ കുറച്ചുപേര്‍ മാത്രമായിരിക്കാം. കുട്ടികള്‍ ഒരുപക്ഷേ മാലിയുടെ മഹാഭാരതം വായിച്ചിട്ടുണ്ടാകാം. നല്ല ഭാഷാജ്ഞാനമുള്ള എം.ടി.യെപ്പോലുള്ളവര്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാരതവിവര്‍ത്തനവും വായിച്ചിരിക്കാം.
എന്നാല്‍ സാധാരണക്കാരന്റെ മനസിലെ ഭാരതം എന്നുപറയുന്നതില്‍ ആദ്യത്തേത് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം തന്നെയാണ്. അവിടെ നിന്നാണ് മറ്റുവ്യാഖ്യാനങ്ങള്‍ ഉടലെടുത്തത്. എം.ടിയുടെ രണ്ടാമൂഴത്തിനും പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണനും കുന്തിയും ദ്രൗപതിയും കേന്ദ്രകഥാപാത്രങ്ങളായി പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന നോവല്‍ പുറത്തുവന്നിരുന്നു. അതില്‍ അദ്ദേഹം വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്, ഇത് മഹാഭാരതം തന്നെയാണെന്ന്. സമ്പൂര്‍ണ്ണമല്ല, അതേസമയം അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും വേര്‍തിരിച്ചെടുത്ത് തന്റേതായ ചില സന്ദര്‍ഭങ്ങള്‍ കൂടി ചേര്‍ത്ത് രചിച്ചതാണ് എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ന് പലര്‍ക്കും ഓര്‍മ്മയില്ലാത്ത മഹാഭാരതത്തിലെ മലയാളത്തിലുണ്ടായ മികച്ച വ്യാഖ്യാനമാണ് ഇനി ഞാന്‍ ഉറങ്ങട്ടെ.

എം.ടിയും അതേ മാതൃകതന്നെയാണ് പിന്തുടര്‍ന്നത്. മഹാഭാരതം തന്നെയാണ് അദ്ദേഹവും ആധാരമാക്കിയത്. വര്‍ഷങ്ങളുടെ പഠനത്തിന് ശേഷമാണ് രണ്ടാമൂഴം രചിച്ചതും. മഹാഭാരതം എന്നത് ഒരു കാലഘട്ടത്തിന്റെ കഥയല്ല, ആര്യന്മാര്‍ ഇവിടേയ്ക്ക് കടന്നുവന്നതുമുതല്‍ അവര്‍ അധികാരം ഉറപ്പിച്ചതുവരെയുള്ള സംഭവപരമ്പരകളുടെ ആഖ്യാനമാണ് അത്. എം.ടി തന്നെ പറയുന്നു വ്യാസന്‍ എന്നാല്‍ സമ്പാദകന്‍ എന്നാണ് അര്‍ത്ഥം. അത്തരത്തിലുള്ള നിരവധി സമ്പാദകര്‍ ചേര്‍ന്ന് പല കാലങ്ങളിലായി രചിച്ചത് കൃഷ്ണദൈ്വപായനന്‍ സംയോജിപ്പിച്ച് ഇന്നത്തെ മാതൃകയായിലാക്കിയതാകാം എന്നാണ് എം.ടി പറയുന്നത്. അതുകൊണ്ടുതന്നെ അതിന് ഒരു ദിവ്യപരിവേഷം നല്‍കേണ്ടതുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ലോകത്ത് ഇത്തരത്തില്‍ എല്ലാ മതഗ്രന്ഥങ്ങള്‍ക്കും സ്വതന്ത്ര വ്യാഖ്യാനമുണ്ടാകാറുണ്ട്. ഇപ്പോള്‍ ശശികല ടീച്ചര്‍ പറയുന്നത് ഡാവിഞ്ചികോഡിനെക്കുറിച്ചാണ്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിക്കോസ് കസാദ്‌സാക്കിസ് ബൈബിളിനെ അധികരിച്ച് അത്തരത്തില്‍ എഴുതിയ നോവലാണ് 'ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍' ക്രൂശിക്കാന്‍ കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ട ക്രിസ്തു രക്ഷപ്പെട്ട് കുടുംബമായി കഴിയുന്നതാണ് അതിന്റെ ഇതിവൃത്തം. അതും സിനിമ ആയിട്ടുണ്ട്. അന്നൊന്നും വിവാദങ്ങള്‍ ഉണ്ടായിട്ടുമില്ല. മാത്രമല്ല, ക്രിസ്തുവിന്റെ അനുയായികള്‍ കമ്മ്യൂണിസ്്റ്റാണെന്ന് സൂചന നല്‍കുന്ന വ്യാഖ്യാനവും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. 'ദി ക്രൈസ്റ്റ് റീ ക്രൂസിഫൈഡ്' എന്ന കൃതിയില്‍ അങ്ങനെയാണ് പറയുന്നത്. അതൊക്കെ രചയിതാവിന്റെ സ്വാതന്ത്ര്യമാണ്.

നമ്മുടെ നാട്ടില്‍ ഇന്ന് എന്തും വിവാദമാണ്, പ്രത്യേകിച്ച് വര്‍ഗ്ഗീയതയ്ക്ക് വളമാകുന്നതാണെങ്കില്‍ അതിന്റെ തീവ്രത വര്‍ദ്ധിക്കും. ബീഫും പള്ളിയും അമ്പലവുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ സാഹിത്യത്തിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആരാധിക്കുന്ന വിഗ്രഹത്തില്‍ കാറിതുപ്പുന്ന നിര്‍മ്മാല്യം പോലുളള സിനിമകള്‍ പിറന്ന നാടാണിത്. ഇനി ഞാന്‍ ഉറങ്ങട്ടേയും രണ്ടാമൂഴവും രചിക്കപ്പെട്ട നാടുമാണിത്. ഇവ വായിച്ചത് ഹിന്ദുക്കള്‍ മാത്രമായിരുന്നില്ല, കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളില്‍പ്പെട്ടവരും അത് വായിച്ചിട്ടുണ്ട്. ഇന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെയുള്ള പൗരോഹിത്യം നയിക്കുന്ന ഹിന്ദുമതം നിലനിന്ന കാലവുമല്ല, ഹിന്ദു എന്ന സംസ്‌ക്കാരം നിലനിന്ന സമയമായിരുന്നു മഹാഭാരതത്തിന്റെ കാലഘട്ടം. അത് 2000 വര്‍ഷത്തിലേറെയുള്ള ചരിത്രമാണെന്ന് ചരിത്രപണ്ഡിതന്മാരും വിലയിരുത്തുന്നു. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങളുടേതാക്കാന്‍ നടത്തുന്ന ശ്രമത്തില്‍ നിന്ന് കഴിയുന്നതും സാഹിത്യസൃഷ്ടികളെയെങ്കിലും ഒഴിവാക്കണം. കവലയില്‍ പ്രസംഗിക്കുന്നതുപോലെയയല്ല, ഒരു രചന നടത്തുക, പി.കെ. ബാലകൃഷ്ണനായാലും എം.ടിയായാലും വര്‍ഷങ്ങളുടെ തപസ്യയ്‌ക്കൊടുവിലാണ് ഈ കൃതികള്‍ രചിച്ചത്. അതിനുള്ള ശ്രമത്തിനിടയില്‍ അവര്‍ മഹാഭാരത്തെ മനസിലാക്കിയതുപോലെ ശശികല ടീച്ചറിനും സംഘപരിവാറിലെ മറ്റാര്‍ക്കും അതിനെ ഉള്‍ക്കൊള്ളാനും കഴിഞ്ഞിട്ടുണ്ടാവില്ല. നിങ്ങള്‍ക്ക് അത് വര്‍ഗ്ഗീയചേരിതിരിവിനുള്ള ഒരു കൃതിമാത്രമാണ്. എന്നാല്‍ എം.ടിക്കും പി.കെ. ബാലകൃഷ്ണനുമൊക്കെ അത് ജീവിതമാണ്. ആ ജീവിതത്തിനെ അധികരിച്ചാണ് അവര്‍ സൃഷ്ടിനടത്തിയത്. അതുകൊണ്ട് ദയവുചെയ്ത് തങ്ങളുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് സാഹിത്യത്തേയും സിനിമയേയും മറ്റ് കലകളെയും ഒഴിച്ചുനിര്‍ത്തണം. സ്വന്തം ഭാവനയ്ക്കനുസരിച്ച് എം.എഫ്. ഹുസൈന്‍ ഒരു പടം വരച്ചതിനെപ്പോലും വിവാദമാക്കിയവരാണ് ഇതിന് പിന്നിലുള്ളത്. എം.എഫ. ഹുസൈന്‍ എന്നത് ഒരു മുസ്ലീമായതുകൊണ്ട് അദ്ദേഹത്തെ വേട്ടയാടി. എന്നാല്‍ നമ്മുടെ ആരാധനാലയങ്ങളില്‍ കൊത്തിവച്ചിരിക്കുന്ന ശില്‍പ്പങ്ങള്‍ എത്തരത്തിലുള്ളതാണെന്ന ഈ ഭിന്നിപ്പിന്റെ തത്വശാസ്ത്രക്കാര്‍ മനസിലാക്കണം. അജ്ഞാനികളെക്കാള്‍ അപകടകാരികളാണ് അല്‍പ്പജ്ഞാനികള്‍, അതുകൊണ്ടുതന്നെ ഇവരെ സൂക്ഷിക്കുക.

Ads by Google
TRENDING NOW