Friday, May 25, 2018 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jun 2017 04.04 PM

നിഴലായി മാറിയ അംബുജം

"ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം" കരുണയുടെ, സ്‌നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്‌റ്റേഴ്‌സുമായി വൈറ്റ്‌പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു...
uploads/news/2017/06/114589/lenaculm10.jpg

വിദ്യാമ്മയും ഞാനും തമ്മിലുള്ള അടുപ്പത്തിന് ഓമനത്തിങ്കള്‍ പക്ഷിയായിരുന്നു പ്രധാന കാരണം. ഷൂട്ടിനിടെ വിദ്യാമ്മ വിദേശ ഷോയ്ക്ക് പോകും. തിരിച്ചെത്തുമ്പോള്‍ വിദ്യാമ്മയുടെ കൈവശം എന്നെക്കരുതി എന്തെങ്കിലും ഉണ്ടാകുമായിരുന്നു, മേക്കപ്പ് കിറ്റോ അങ്ങനെ എന്തെങ്കിലും.

സമ്മാനത്തിന്റെ പ്രത്യേകതകളെക്കാളേറെ അത് ഓര്‍ത്തു വച്ച് കൊണ്ടു വരുന്നതിലായിരുന്നു എനിക്കത്ഭുതം. ഇത്ര കാലം കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാതെ അതിപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്.

വിദ്യാമ്മ തന്ന കൂട്ട്


പെണ്‍കുട്ടികള്‍ സുന്ദരിമാരായി ഒരുങ്ങി നടക്കണമെന്ന് വിദ്യാമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. സത്യത്തില്‍ എന്നെ മസ്‌ക്കാരയിടാന്‍ പഠിപ്പിച്ചതുപോലും വിദ്യാമ്മയാണ്. എനിക്ക് ശരിക്ക് സാരിയുടുക്കാനറിയില്ലായിരുന്നു. മേക്കപ്പിലും കോസ്റ്റിയൂമിലുമൊക്കെ വിദ്യാമ്മ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഓമനത്തിങ്കള്‍ പക്ഷി ചെയ്യുന്ന സമയത്ത് എനിക്ക് സ്വന്തമായി ഹെയര്‍ ഡ്രസ്സറോ മേക്കപ്പ്മാനോ ഒന്നുമില്ല. അക്കാലത്ത് വിദ്യാമ്മയുടെ അസിസ്റ്റന്റായും മാനേജരായും ഒപ്പമുണ്ടായിരുന്ന ആളാണ് അംബുജം. വിദ്യാമ്മയുടെ നിഴലു പോലെയായിരുന്നു അവര്‍.

അനിയത്തി പത്താം ക്ലാസ് പരീക്ഷയെഴുതുന്ന സമയമായതു കൊണ്ട് അന്നൊന്നും എനിക്കൊപ്പം കൂട്ടു വരാന്‍ അമ്മയ്ക്കു പറ്റില്ലായിരുന്നു. അതറിഞ്ഞ വിദ്യാമ്മയുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. നീ അതോര്‍ത്ത് വിഷമിക്കേണ്ട, നിന്റെയൊപ്പം ഇനി അംബുജമുണ്ടാകും..

ഷൂട്ടുള്ള എല്ലാ ദിവസവും എനിക്കൊപ്പം കൂട്ടിനായി വിദ്യാമ്മ അംബുജത്തെ പറഞ്ഞു വിടും. എന്നെ സാരിയുടുപ്പിക്കുക, മുടി ശരിയാക്കിത്തരുക എന്നിവയൊക്കെ അംബുജത്തിന്റെ ഡ്യൂട്ടിയായി.

വിദ്യാമ്മ ഏല്‍പ്പിച്ചു വിട്ടതു കൊണ്ട് അംബുജേച്ചി വളരെ കാര്യമായിത്തന്നെ അതൊക്കെ ചെയ്തു. ഞാന്‍ ഒറ്റയ്ക്കായതു കൊണ്ട് ഷൂട്ടുള്ള ദിവസങ്ങളില്‍ രാത്രി എനിക്കൊപ്പം താമസിക്കുകയും ചെയ്യുമവര്‍.

സിനിമയില്‍ അത്ര സീനിയറായ ഒരാളും സ്വന്തം നിഴല്‍ പോലെ ഒപ്പമുണ്ടാകുന്ന ഒരാളിനെ മറ്റൊരാളിന്റെ കൂട്ടിനു വേണ്ടി പറഞ്ഞു വിടില്ല. മറ്റൊരാള്‍ക്ക് വേണ്ടി മനസ്സു തുറന്ന് സഹായം ചെയ്യുന്ന വിദ്യാമ്മ എനിക്കു മാത്രമല്ല അഭിനയലോകത്തുള്ള എല്ലാവര്‍ക്കും അത്ഭുതം തന്നെയായിരുന്നു.

ഓമനത്തിങ്കള്‍ പക്ഷി ചെയ്യുന്ന സമയത്തു തന്നെയാണ് വിദ്യാമ്മയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. പലപ്പോഴും ആശുപത്രിയില്‍ നിന്നെത്തി എപ്പിസോഡു പൂര്‍ത്തിയാക്കിയിട്ടുണ്ട്. തീര്‍ത്തും അവശയായ ശേഷമാണ് വിദ്യാമ്മ മുഴുവനായി അപ്രത്യക്ഷയായത്.

ആശുപത്രി കിടക്കയിലായിരുന്നപ്പോഴും ഞാന്‍ രണ്ടു മൂന്നു തവണ പോയി കണ്ടു. ശരീരം മുഴുവന്‍ കാര്‍ന്നു തിന്നുന്ന വേദനയുണ്ടെങ്കിലും, എല്ലാം ഉള്ളിലടക്കി പ്രസന്നമായ മുഖത്തോടെ മാത്രമായിരുന്നു വിദ്യാമ്മ സംസാരിച്ചിരുന്നത്.

നല്ല ക്ഷീണമുണ്ടെന്ന് നമുക്കറിയാന്‍ പറ്റുമായിരുന്നെങ്കിലും വിദ്യാമ്മ അതൊരിക്കലും മുഖത്തു കാണിച്ചിരുന്നില്ല. അസുഖമാണെന്ന് അറിഞ്ഞതോടെയാവണം വിദ്യാമ്മ അംബുജത്തെ എന്നെയേല്‍പ്പിച്ചത്.

ഓമനത്തിങ്കള്‍ പക്ഷിയിലൂടെ വിദ്യാമ്മ കൂട്ടായി തന്ന അംബുജം ഹെയര്‍ ഡ്രസ്സര്‍ എന്നതിലുപരി എനിക്കൊരു നല്ല കൂട്ടായിരുന്നു. എപ്പോഴും എന്റെ കൂടെയുണ്ടാകും, ഏതു യാത്രയിലും എന്റെ കൂടെ വരും, സന്തതസഹചാരിയായി. അതുമാത്രമല്ല വീട്ടിലെ ഒരംഗമായി മാറി.

ഹെയര്‍ ഡ്രസ്സിംഗ് മേഖലയില്‍ കൂടുതല്‍ പ്രാധാന്യം വന്നു തുടങ്ങിയതോടെ എനിക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ ഇ ന്‍ഡിപെന്റഡായി ചെയ്തു തുടങ്ങുന്നതാണ് അംബുജത്തിന് നല്ലതെന്ന് എനിക്കും തോന്നി.

എങ്കിലും 2010 വരെ അവര്‍ എനിക്കൊപ്പം തന്നെയായിരുന്നു. ഇപ്പോള്‍ രഞ്ജിത്ത് അമ്പാടിയുടെ ടീമിലെ മികച്ച ഹെയര്‍ ഡ്രസ്സറാണ് അംബുജം. പക്ഷേ വിദ്യാമ്മയായി തുടങ്ങി വച്ച ആ കൂട്ട് ഒരു തട്ടലും മുട്ടലും ഏല്‍ക്കാതെ ഇപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ട്.

ഒരുപാട് സിനിമകളില്‍ അംബുജത്തിന്റെ കഴിവ് കാണാറുമുണ്ട്. എന്നു നിന്റെ മൊയ്തീനിലെ പാര്‍വ്വതിക്ക് അത്രയും ഭംഗിയുള്ള നീണ്ട തലമുടി നല്‍കിയതൊക്കെ അംബുജമാണ്.

രണ്ടാം തിരിച്ചു വരവ്


ഓമനത്തിങ്കള്‍ പക്ഷി കഴിഞ്ഞ വലിയ താമസമില്ലാതെ എനിക്ക് ബിഗ് ബിയിലേക്ക് ഓഫര്‍ വന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കുള്ള എന്റെ രണ്ടാം തിരിച്ചു വരവ്. അമല്‍ നീരദിന്റെ കഥയിലെ പുതുമ തന്നെയാണ് എന്നെ അതിലേക്ക് ആകര്‍ഷിച്ചത്.

ഓമനത്തിങ്കള്‍ പക്ഷിയിലെ ജാന്‍സിയിലൂടെ എന്നെ അടുത്തറിഞ്ഞ പ്രേക്ഷകരുടെ മുന്നിലേക്ക് സെലീനയായി ഞാന്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

സീരിയലിന്റെ സമയത്ത് അഞ്ചോ ആറോ ദിവസം മാത്രമായിരുന്നു ഞാന്‍ വീട്ടില്‍ നിന്ന് മാറി നിന്നിട്ടുള്ളത്. സിനിമയില്‍ അങ്ങനെ പറയാനാവില്ലല്ലോ. അതുകൊണ്ടു തന്നെ ആ മാറ്റം എന്നെക്കാളേറെ ഉള്‍ക്കൊള്ളേണ്ടത് അഭിലാഷായിരുന്നു.

ആറാം ക്ലാസു മുതല്‍ എന്നെ അറിയാവുന്നതു കൊണ്ടും എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അടുത്തറിയാവുന്നതു കൊണ്ടും ഈ തീരുമാനവും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നമായിരുന്നില്ല.

കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഞാന്‍ വീണ്ടും സിനിമയെ സ്വീകരിച്ചത്. ബിഗ് ബി എനിക്കു തന്ന മികച്ച തിരിച്ചു വരവാണ് വീണ്ടും സിനിമയില്‍ തുടരാനെനിക്ക് പ്രചോദനമായി മാറിയത്.

തയാറാക്കിയത് - ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW