Friday, June 23, 2017 Last Updated 6 Min 1 Sec ago English Edition
Todays E paper
Tuesday 30 May 2017 01.54 PM

അടുക്കളയില്‍ ഒരുക്കുന്ന തനത് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍

uploads/news/2017/05/113341/Weeklycokry300517.jpg

സാധാരണ വീട്ടമ്മമാര്‍ സ്വന്തം അടുക്കളയില്‍ ഒരുക്കുന്ന തനത് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍.

കരിമീന്‍ മുളകിലിട്ടത്

വിവിധതരം രുചിയിനങ്ങളുടെ കലവറയാണ് കുമരകം എന്ന ഗ്രാമം. ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ് കരിമീന്‍. മപ്പാസ്, പൊള്ളിച്ചത്, മുളകിലിട്ടത് എന്നിങ്ങനെ ഒരു മീനിന്റെ തന്നെ പല വിഭവങ്ങളാണ് ഇവിടത്തെ ഹൈലൈറ്റ്. ധാരാളം ഹോട്ടലുകളില്‍ ഈ വിഭവങ്ങള്‍ ഉണ്ടെങ്കിലും അവയെല്ലാം തന്നെ രാജമ്മ കേശവന്‍ എന്ന വീട്ടമ്മയുടെ കൈപുണ്യത്തിന്റെ മുന്നില്‍ തോറ്റുപോകും. അത്രത്തോളം രുചിയുണ്ട് രാജമ്മചേച്ചിയുടെ കരിമീന്‍ മുളകിലിട്ടതിന്. ആ രുചിക്കൂട്ട് ഇതാ..

ആവശ്യമുള്ള സാധനങ്ങള്‍

കരിമീന്‍ - 1 കിലോ
ചുവന്നുള്ളി - 6 എണ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 8 അല്ലി (ചതച്ചത്)
ഇഞ്ചി - 3 കഷണം (ചതച്ചത്)
പച്ചമുളക് - 6 എണ്ണം (നീളത്തില്‍ കീറിയത്)
മുളകുപൊടി - 100 ഗ്രാം
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
കുടംപുളി - 50 ഗ്രാം (ഉപ്പ് നീര്കലര്‍ത്തിയ വെള്ളത്തില്‍ ഇട്ട് വയ്ക്കുക)
ഉലുവ - ആവശ്യത്തിന്
എണ്ണ - 100 ഗ്രാം
കടുക് - ആവശ്യത്തിന്
കറിവേപ്പില - 2 തണ്ട്
വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്‌റ്റെപ്പ് 1


അടുപ്പില്‍ മണ്‍ചട്ടി വച്ച് അത് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക. ശേഷം ഉലുവയിട്ട് മൂപ്പിക്കുക. തൊട്ടുപിന്നാലെ കടുകിടുക. ഇത് പൊട്ടിവരുമ്പോഴേക്കും അരിഞ്ഞുവച്ചിരിക്കുന്ന ചുവന്നുള്ളിയിട്ട് നന്നായി മൂപ്പിക്കുക. ശേഷം ചതച്ചുവച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ കൂടിയിട്ട് നന്നായി യോജിപ്പിക്കുക.

സ്‌റ്റെപ്പ് 2


കുടംപുളിയും അതിട്ട വെള്ളവും കൂടി ചട്ടിയിലേക്ക് ഒഴിക്കാം. ശേഷം മഞ്ഞള്‍പ്പൊടി കൂടിയിട്ട് ഒന്നുകൂടി ഇളക്കുക. മുളകുപൊടി ചെറിയതോതില്‍ നനച്ചതിന് ശേഷം മാത്രമേ ചട്ടിയിലേക്ക് ഇടാവൂ. ചട്ടിയില്‍ കിടക്കുന്നതെല്ലാം കൂടി ഒന്നുകൂടി യോജിപ്പിച്ചശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിക്കാം.

സ്‌റ്റെപ്പ് 3


ഈ മസാലക്കൂട്ടിലേക്ക് മീന്‍ ഓരോന്നായി ഇടുക. ചട്ടിയിലെ മസാല ഒരുസ്പൂണ്‍ ഉപയോഗിച്ച് മീനിനുമീതെ ഒഴിക്കാം. ശേഷം ഒരു മൂടിക കൊണ്ട് ചട്ടി അടച്ചുവയ്ക്കാം. (പെട്ടെന്ന് വേകുന്ന മീനാണ് കരിമീന്‍). 10 മിനിറ്റ് കഴിയുമ്പോഴേക്കും മൂടിക തുറക്കുക. ഒരുതണ്ട് കറിവേപ്പില കൂടിചേര്‍ത്ത് ചട്ടിയൊന്ന് ചുറ്റിക്കുക. ശേഷം കറി അടുപ്പില്‍ നിന്നും വാങ്ങാം. നാവില്‍ കപ്പലോടുന്ന രാജമ്മചേച്ചിയുടെ കരിമീന്‍ മുളകിലിട്ടത് റെഡി.

തയ്യാറാക്കിയത് : ദേവിന റെജി
ഫോട്ടോ : ജി. വിപിന്‍ കുമാര്‍

Ads by Google
TRENDING NOW