Thursday, April 25, 2019 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jul 2016 07.06 AM

ഉമ്മന്‍ചാണ്ടിയെ കടത്തിവെട്ടി ഐസക്; ഗുരുവില്‍ നിന്നും ഒഎന്‍വിയില്‍ തീര്‍ത്തു; പിഴച്ചത് 50ലേറെ തവണ

uploads/news/2016/07/11265/veedu-velicham.jpg

തിരുവനന്തപുരം: ബജറ്റിന്റെ എണ്ണത്തില്‍ മാണിയോടൊപ്പം എത്താന്‍ കുതിക്കുന്ന ഡോ: തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടി റെക്കോഡിട്ടു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു കഴിഞ്ഞ ഫെബ്രുവരിയില്‍ ധനവകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് രണ്ടു മണിക്കൂര്‍ 54 മിനിറ്റ് നീണ്ടതായിരുന്നു. ആ സമയം തിരുത്തിയാണ് ഐസക്ക് ഇന്നലെ ചരിത്രം കുറിച്ചത്. രണ്ടു മണിക്കൂര്‍ 56 മിനിറ്റുകൊണ്ടാണ് അദ്ദേഹം ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക് ചില പേജുകള്‍ വായിക്കാതെ വിടുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിക്ക് മുമ്പ് മാണിയായിരുന്നു ഏറ്റവും െദെര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത്. 2014 മാര്‍ച്ച് 15ന് മാണി നടത്തിയ ബജറ്റ് പ്രസംഗം രണ്ടു മണിക്കൂര്‍ 50 മിനിറ്റ് നീണ്ടുനിന്നു. കഴിഞ്ഞ ഫെബ്രുവരി 12ന് നടത്തിയ ബജറ്റിലൂടെ ഉമ്മന്‍ചാണ്ടി അത് നാലുമിനിറ്റുകൂടി നീട്ടി. ഇന്നലെ ഐസക്ക് വീണ്ടും രണ്ടു മിനിറ്റ് നീട്ടി ഒന്നാമനായി. രാവിലെ ഒന്‍പതിന് ആരംഭിച്ച പ്രസംഗം അവസാനിച്ചത് 11.55നായിരുന്നു. 116 പേജുവരുന്ന ബജറ്റ് പ്രസംഗത്തില്‍ ചില പേജുകള്‍ വിട്ടിട്ടാണ് അദ്ദേഹത്തിന് ഈ സമയത്ത് പ്രസംഗം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.

തന്റെ അവസാന നാലു ബജറ്റുകളും രണ്ടുമണിക്കൂര്‍ കടത്തി മാണി പ്രസംഗത്തിന്റെ ഓവറോള്‍ െദെര്‍ഘ്യത്തില്‍ ഏറെ മുന്നിലാണ്. 2013ല്‍ അദ്ദേഹത്തിന്റെ പ്രസംഗം നീണ്ടത് രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു. അതിന് മുമ്പുവരെ 1987-91ലെ നായനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വി.വിശ്വനാഥമേനോന്റെ പേരിലായിരുന്നു ഏറ്റവും നീളമേറിയ ബജറ്റ് പ്രസംഗം. അദ്ദേഹം രണ്ടു മണിക്കൂര്‍ 35 മിനിറ്റ് സമയമാണ് എടുത്തത്. കേരള ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ ബജറ്റ് എന്ന റെക്കാഡ് ഇപ്പോഴും മാണിയുടെ പേരിലാണ്. 13 തവണ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചു. മാണിക്കു പിന്നില്‍ ഏഴാം ബജറ്റുമായി ഐസക്ക് രണ്ടാമതുണ്ട്.

ആറു ബജറ്റിന്റെ നേട്ടവുമായി ആര്‍. ശങ്കര്‍, ടി. ശിവദാസമേനോന്‍ എന്നിവരാണ് മൂന്നാം സ്ഥാനത്ത്. വി. വിശ്വനാഥമേനോന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ അഞ്ചു ബജറ്റും പി.കെ. കുഞ്ഞ്, സി. അച്യുതമേനോന്‍ എന്നിവര്‍ നാലു ബജറ്റ് വീതവും അവതരിപ്പിച്ചവരുടെ പട്ടികയിലാണ്. ഇതില്‍ അച്യുതമേനോന്‍ രണ്ടുഘട്ടമായാണ് നാലു ബജറ്റ് അവതരിപ്പിച്ചത്. വക്കം പുരുഷോത്തമന്‍, സി.വി. പത്മരാജന്‍ എന്നിവരുടെ ക്രെഡിറ്റില്‍ രണ്ടു ബജറ്റുകളുണ്ട്. എന്‍.കെ. ശേഷന്‍, കെ.ടി. ജോര്‍ജ്, സി.എച്ച്. മുഹമ്മദ്‌കോയ, എം.കെ. ഹേമചന്ദ്രന്‍, എസ്. വരദരാജന്‍, ഇ.കെ. നായനാര്‍ എന്നിവര്‍ ഓരോ ബജറ്റുകളും അവതരിപ്പിച്ചു.

നിയമസഭയുടെ 57 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് ബജറ്റുകള്‍ ലോക്‌സഭയിലാണ് പാസ്സാക്കിയത്. ഇവിടെ ഗവര്‍ണര്‍ ഭരണം നടന്നിരുന്ന 65-66,66-67,82-83 വര്‍ഷങ്ങളിലെ ബജറ്റാണ് ലോക്‌സഭയില്‍ പാസാക്കിയത്. ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്കിന് നാവു പിഴച്ചത് അമ്പതിലേറെ തവണ. ട്രിപ്പിള്‍ റേറ്റഡ് ആസ്തിയെ അസ്ഥിയായും മലപ്പുറത്തെ താനൂര്‍ മണ്ഡലത്തെ പാനൂരാക്കിയുമാണ് മന്ത്രി പ്രസംഗം തുടര്‍ന്നത്. ലോട്ടറിയെ കുറിച്ചുള്ള പരാമര്‍ശത്തിനിടെ അന്യരാജ്യ ലോട്ടറി എന്നത് അന്യരാജ്യ തൊഴിലാളിയെന്നാണ് ഐസക് പറഞ്ഞത്. കൂടാതെ ഉദ്യോഗാര്‍ഥി വിദ്യാര്‍ഥിയായും സമ്പ്രദായം സമുദായമായും, എസ്റ്റിമേറ്റ് എസ്‌േറ്ററ്റായും െലെറ്റ് എഞ്ചിനീയറിംഗ് െലെഫ് എഞ്ചിനീയറിംഗായും സ്‌േറ്ററ്റ്‌മെന്റ് സ്‌േറ്റജായും അദ്ദേഹത്തിനു പിഴച്ചു.

തൊഴിലാളികള്‍ക്കുള്ള ഓണറേറിയത്തെ ഹോണറേറിയമെന്നാണ് അദ്ദേഹം വായിച്ചത്. വിഭവ സമാഹരണം, പ്രകടനപത്രിക, ധനസമാഹരണം തുടങ്ങീ വാക്കുകളുടെ ഉച്ചാരണത്തിനിടെ നിരവധി തവണ അദ്ദേഹത്തിന് നാക്കു പിഴച്ചു. അവതരണ പ്രസംഗം നീണ്ടതോടെ പല വാക്കുകളിലെയും അക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും പുറത്തു വന്നില്ല. ജലവിഭവം സംബന്ധിച്ച് സംസാരിക്കുന്നതിനിടെ വിതരണ ശൃംഖല വിതരണ ശൃംഖമായി ഒതുങ്ങി. കണിയൂരിനെ കണ്ണിയൂരായും അടച്ചുറപ്പിനെ അടിച്ചുറപ്പായും പറഞ്ഞ ഐസക്, രണ്ടു തവണ അനുവദിക്കുന്ന തുകകളെ സംബന്ധിച്ചും തെറ്റിച്ചു പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ 1,000 രൂപയായി വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്ക് 1,000 കോടി അധികമായി വകയിരുത്തുന്നതിന് പകരം ആയിരം രൂപ മാത്രമാണ് മന്ത്രി ആദ്യം മാറ്റിവെച്ചത്. തെറ്റു മനസിലാക്കിയ ഉടന്‍ അദ്ദേഹമത് ആയിരം കോടിയായി ഉയര്‍ത്തി.

ശ്രീനാരായണ ഗുരുവിനെ കേന്ദ്രബിന്ദുവാക്കി മതേതര മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഐസക്ക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ ഓരോ ഘട്ടവും വിവരിക്കാന്‍ അദ്ദേഹം ആധാരമാക്കിയത് ഗുരുവചനങ്ങള്‍.

നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല'' എന്ന നാരായണഗുരുവിന്റെ പ്രസ്താവനയോടെയാണ് ഐസക്ക് പ്രസംഗം ആരംഭിച്ചത്. അങ്ങനെ ഗുരു പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികമാണിത്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുമ്പോട്ടു പോകുമെന്ന ആമുഖത്തോടെയാണ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. ' അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ'' എന്ന നാരായണഗുരുവിന്റെ പ്രാര്‍ഥന അംഗീകരിച്ച് സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നുവെന്നാണ് ഐസക്കിന്റെ വിശദീകരണം. പരമ്പരാഗത വ്യവസായങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ ഐസക്ക് ഉപയോഗിച്ചത് ഗുരുദേവ സൂക്തങ്ങളായിരുന്നു. ഗുരുവിന്റെ ശിവഗിരി പ്രസംഗമാണ് ഇതിന് അദ്ദേഹം ആയുധമാക്കിയത്.

ശിവഗിരി തീര്‍ഥാടന പ്രസംഗ വിഷയങ്ങളില്‍ ഗുരുനിര്‍ദേശിച്ച രണ്ടെണ്ണം, െകെവേലയും സാങ്കേതികവിദ്യയുമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അതിനുശേഷം ശ്രീനാരായണഗുരു വിദ്യാഭ്യാസമേഖലയില്‍ നല്‍കിയ സംഭാവനകളാണ് ഐസക്ക് സ്മരിച്ചത്. ''വിദ്യാഭ്യാസ്യം ചെയ്ത് അഭിവൃദ്ധിപ്പെടുക'' എന്ന ഗുരുവചനവും അദ്ദേഹം ഓര്‍മിപ്പിച്ചു. നാരായണഗുരുവിനെ വര്‍ഗീയശക്തികളുടെ പാളയത്തില്‍ കൊണ്ടു കെട്ടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനുള്ള മറുപടിയാണ് ഈ നീക്കം.

മാത്രമല്ല, ക്ഷണിക്കാതിരുന്നിട്ടും ശിവഗിരിയില്‍ അങ്ങോട്ടുപോകുകയും വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായുടെ നീക്കത്തെ കടത്തിവെട്ടുക കൂടിയായിരുന്നു ഇതിന്റെ ലക്ഷ്യം. ഗുരുസൂക്തങ്ങളെ ഓര്‍ക്കുകമാത്രമല്ല, ചെമ്പഴന്തിയിലും ശിവഗിരിയിലും പല പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ബജറ്റ് അവതരിപ്പിച്ചു നിര്‍ത്തിയത് ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു. 2011 ല്‍ ആറാമത്തെ ബജറ്റ് അദ്ദേഹം അവതരിപ്പിച്ചതും ഒ.എന്‍.വി കുറുപ്പ് എഴുതിനല്‍കിയ വരികളോടെയായിരുന്നു.

ഒ.എന്‍.വി ജനിച്ച ഗ്രാമം കാവ്യഗ്രാമമായി പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഒ.എന്‍.വിയുടെ 'ദിനാന്തം' എന്ന അവസാനകാവ്യത്തിലെ അവസാന വരികളായ

ഏതീരടി ചൊല്ലി നിര്‍ത്തണമെന്നറിയാതെ
ഞാനെന്തിനോ കാതോര്‍ത്തു നില്‍ക്കവെ
നിശബ്ദരാക്കപ്പെടുന്ന മനുഷ്യര്‍തന്‍
ശബ്ദങ്ങളെങ്ങു നിന്നോ കേള്‍ക്കുന്നു
നമ്മള്‍ ജയിക്കും ജയിക്കുമൊരുദിനം
നമ്മളൊറ്റക്കല്ല നമ്മളാണീ ഭൂമി'....

ചൊല്ലിയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

Ads by Google
Saturday 09 Jul 2016 07.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW