Monday, May 28, 2018 Last Updated 11 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 27 May 2017 12.19 PM

വിദ്യാമ്മയും പിന്നെ ഞാനും

"ചമയങ്ങള്‍ക്കപ്പുറം രണ്ടാം ഭാവം" കരുണയുടെ, സ്‌നേഹത്തിന്റെ, മോഹത്തിന്റെ, മോഹഭംഗത്തിന്റെ ചാപ്പ്‌റ്റേഴ്‌സുമായി വൈറ്റ്‌പേപ്പര്‍ പോലൊരു ജീവിതപുസ്തകം ലെന എഴുതുന്നു...
uploads/news/2017/05/112444/lenacolum9.jpg

എന്റെ ആദ്യ സീരിയലായിരുന്നു ഓമനത്തിങ്കള്‍ പക്ഷിയെന്ന് പറഞ്ഞല്ലോ. നല്ല സംവിധായകരുടെ പത്തു പന്ത്രണ്ട് സിനിമകളില്‍ നായികയടക്കം എല്ലാ കഥാപാത്രങ്ങളും ചെയ്തിരുന്നെങ്കിലും അധികമാര്‍ക്കും ലെനയെന്ന് പറഞ്ഞാല്‍ അറിയില്ലായിരുന്നു. അതിനൊരു മാറ്റം വരുത്തിയത് ഓമനത്തിങ്കള്‍ പക്ഷിയാണ്.

അതില്‍ ഞാന്‍ വളരെ പാവമായ ഒരു ഭാര്യയുടെ, അമ്മയുടെ കഥാപാത്രമായിരുന്നു. അപൂര്‍വ്വമായി മാത്രം സംസാരിക്കുന്ന, ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിക്കുന്ന ജാന്‍സിയെ പ്രേക്ഷകര്‍ ഒരുമാസം കൊണ്ടു തന്നെ നെഞ്ചോടു ചേര്‍ത്തു.

വ്യക്തി ജീവിതത്തില്‍ വളരെ സംസാരിക്കുന്ന എന്നെ സ്വാധീനിക്കാന്‍ പോലും ജാന്‍സിക്കു കഴിഞ്ഞു. ചെറിയ തോതില്‍ ശാന്തതയും പക്വതയുമൊക്കെ വന്നതും പെട്ടെന്ന് പ്രതികരിക്കുന്ന എന്റെ സ്വഭാവം കുറച്ചൊക്കെ മാറിയതും ആ സീരിയലില്‍ അഭിനയിച്ച ശേഷമാണ്. അതിലൂടെ ലെനയെന്ന അഭിനേത്രിയെ പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തുടങ്ങി.

പരീക്ഷണം പോലെയാണ് സീരിയലില്‍ അഭിനയിച്ചത്. പക്ഷേ ആ ഒരൊറ്റ സീരിയല്‍ കൊണ്ട് എന്റെ ജീവിതം മുഴുവന്‍ മാറി മറിയുമെന്നും ഞാന്‍ പ്രശസ്തയാകുമെന്നും കരുതിയതേയില്ല.

വിദ്യാമ്മയെന്ന അത്ഭുതം


ഓമനത്തിങ്കള്‍ പക്ഷിയില്‍ എന്റെ ഭര്‍ത്താവായഭിനയിച്ചത് അനിലാണ്. അനിലിന്റെ അമ്മയായി ശ്രീവിദ്യയാണ്. എനിക്കു കിട്ടിയ വലിയൊരു ഭാഗ്യമായിരുന്നു വിദ്യാമ്മ. രണ്ടു മൂന്നു സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും വിദ്യാമ്മയെ കൂടുതല്‍ അടുത്തറിയുന്നത് ഈ സീരിയലിലൂടെയാണ്.

സിനിമാലോകത്തെ വലിയൊരു താരമായ വിദ്യാമ്മയോട് അന്നുമിന്നും എനിക്ക് ആരാധനയാണ്. ഒരുപക്ഷേ വിദ്യാമ്മയില്‍ നിന്ന് ഇന്നത്തെ തലമുറ പഠിക്കേണ്ടതായി ഒരുപാടുണ്ട്.

ആളുകളോട് പെരുമാറുന്ന രീതി, ഓരോരുത്തര്‍ക്കും കൊടുക്കുന്ന പരിഗണന, കൂടെ പ്രവര്‍ത്തിക്കുന്നവരോടുള്ള സൗമ്യ ഭാവം എന്നിങ്ങനെ എല്ലാം. താരജാഡകളൊന്നുമില്ലാത്ത, സീനിയറാണെന്ന ഭാവം പ്രകടിപ്പിക്കാത്ത വിദ്യാമ്മ സത്യത്തില്‍ ഒരത്ഭുതം തന്നെയായിരുന്നു.

സീരിയലിന്റെ ആദ്യ ഭാഗത്ത് എന്നോട് അല്പസ്വല്പം ദേഷ്യവും അകല്‍ച്ചയുമൊക്കെ വിദ്യാമ്മയുടെ കഥാപാത്രം കാണിച്ചിരുന്നു. ഷോട്ട് എടുത്തു കഴിയുമ്പോഴേക്കും വളരെ ആത്മബന്ധമുള്ള ഒരാളെന്ന പോലെയുള്ള കരുതലായിരുന്നു വിദ്യാമ്മയ്ക്ക്. അമ്മയെന്നതിലുപരി നല്ലൊരു സുഹൃത്തായി എല്ലാ കാര്യങ്ങളും വിദ്യാമ്മയോട് സംസാരിക്കാന്‍ തോന്നുമായിരുന്നു. യംഗ് ആയിട്ടുള്ള പെരുമാറ്റം.

അഭിനയത്തില്‍ വിദ്യാമ്മ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പല പൊടിക്കൈകളും പറഞ്ഞു തന്നിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ അറിയാമായിരുന്നതു കൊണ്ട് ഏറെ സംസാരിക്കുമായിരുന്നു വിദ്യാമ്മ.

സംസാരവിഷയത്തെക്കുറിച്ച് വിദ്യാമ്മയ്ക്ക് ആകുലതകളില്ലായിരുന്നു. പുതിയ അറിവുകളൊക്കെ പകര്‍ന്നു തരാന്‍ വലിയ സന്തോഷമായിരുന്നു. ആര്‍ക്കും പെട്ടെന്ന് ഇഷ്ടം തോന്നുന്ന പ്രകൃതം. രസമുള്ള സംസാരരീതിയായിരുന്നു വിദ്യാമ്മയുടേത്.

uploads/news/2017/05/112444/lenacolum9a.jpg

കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു രീതിയുണ്ടായിരുന്നു വിദ്യാമ്മയ്ക്ക്. ആരെയും വിഷമിപ്പിക്കാതെ, പറയാനുള്ള കാര്യങ്ങള്‍ വിദ്യാമ്മ തുറന്നു പറയുമായിരുന്നു.വ്യക്തിപരമായി എന്നെ വളരെ സ്വാധീനിച്ച ഒരു സ്വഭാവമായിരുന്നു അത്. ആത്മീയമായും വിദ്യാമ്മ ഏറെ സംസാരിക്കും. എവിടെയൊക്കെയോ അതുമെന്നെ സ്പര്‍ശിച്ചിട്ടുണ്ട്.

വായന കൊണ്ടും അനുഭവസമ്പത്തു കൊണ്ടും ഒരു സര്‍വ്വകലാശാല തന്നെയായിരുന്നു വിദ്യാമ്മ. ഒരു കഥാപാത്രമായി എങ്ങനെ മാറണമെന്ന് വിദ്യാമ്മ പറഞ്ഞു തന്നിരുന്നു. അഭിനയത്തെക്കുറിച്ച് മാത്രമല്ല, മേക്കപ്പിനെക്കുറിച്ചും കോസ്റ്റിയൂമിനെക്കുറിച്ചുമൊക്കെ വിദ്യാമ്മ എപ്പോഴും സംസാരിക്കുമായിരുന്നു.

അന്നൊക്കെ എനിക്കുള്ള ലഞ്ച് കൊണ്ടു വരുന്നത് വിദ്യാമ്മയുടെ വീട്ടില്‍ നിന്നാണ്. വര്‍ഷങ്ങളായി വിദ്യാമ്മയ്‌ക്കൊപ്പം നിന്നിരുന്ന ഒരു ആയയായിരുന്നു ഭക്ഷണം തയാറാക്കിയിരുന്നത്.

ആന്ധ്രാ സൈ്റ്റലിലായിരുന്നു അവരുടെ ഭക്ഷണ രീതി. വിദ്യാമ്മയ്ക്ക് കൊണ്ടു വന്നിരുന്ന ഫുഡ്കാരിയറിനൊപ്പം സ്ഥിരമായി എനിക്കുമൊരെണ്ണം അവര്‍കൊണ്ടു വന്നു തുടങ്ങി.

ഓമനത്തിങ്കള്‍ പക്ഷി തുടങ്ങുന്ന സമയത്ത് ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. വളരെ ക്ഷീണിതയായ, ആരും നോക്കാനില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന കഥാപാത്രം. അന്നെനിക്ക് ആ ശരീരപ്രകൃതിയായിരുന്നു ആവശ്യം.

പിന്നീട് കഥാഗതി മാറിയപ്പോള്‍ എനിക്ക് വണ്ണം വയ്‌ക്കേണ്ടത് ആവശ്യമായി വന്നു. കുറച്ചു വണ്ണം വയ്ക്കണമെന്ന് സീരിയലിന്റെ അണിയറപ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

അതോര്‍ത്ത് വിഷമിക്കേണ്ട, ഇവളെ വണ്ണം വയ്പ്പിക്കുന്ന കാര്യം ഞാനേറ്റു. ഇവളെ ഞാന്‍ ശരിയാക്കിത്തരാംവിദ്യാമ്മ പറഞ്ഞു. അതിനു ശേഷമാണ് എനിക്ക് വിദ്യാമ്മ ലഞ്ച് കൊണ്ടു വന്നു തുടങ്ങിയത്.

ഉച്ചഭക്ഷണത്തിനു ശേഷം അലുവ, പായസം എന്നിങ്ങനെ വീട്ടിലുണ്ടാക്കിയ ഏതെങ്കിലും മധുരമുള്ള ഒരു വിഭവവും സ്ഥിരം കിട്ടിയിരുന്നു. മധുരമുള്ള ഒരു കാലഘട്ടമായിരുന്നു അത്.

ഏതാണ്ട് ഒന്ന് ഒന്നര വര്‍ഷത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു. ആ സമയത്തു തന്നെയാണ് മംഗളം വാരികയില്‍ ഞാനും വിദ്യാമ്മയും ഒരുമിച്ചുള്ള കവര്‍ചിത്രം അച്ചടിച്ചു വരുന്നത്.

ഒന്നരവര്‍ഷം കൊണ്ട് ഞങ്ങള്‍ പരസ്പരം നന്നായി അടുത്തു. ആ ബന്ധത്തിന്റെ പുറത്ത് വിദ്യാമ്മയുടെ ഒരു സന്തസഹചാരിയെ എനിക്ക് കൂട്ടായി തന്നു.

( തുടരും...)

തയാറാക്കിയത് : ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW