Monday, May 28, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Saturday 27 May 2017 11.48 AM

നമ്മുടെ ഭക്ഷണം തീരുമാനിക്കുക ഇനി കോര്‍പ്പറേറ്റുകള്‍: ബീഫില്‍ ഒളിഞ്ഞുകിടക്കുന്ന രാഷ്ട്രീയം

നമ്മുടെ നാട്ടില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുംകാലിയെ അറുക്കുന്നതില്‍ മാത്രമേ തടസമുള്ളു. അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് വന്‍കിട അറവുശാലകള്‍ സ്ഥാപിച്ച് കൂട്ട അറക്കല്‍ നടത്താം. പോരാത്തതിന് വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ അറുത്ത് വറുത്ത് ടിന്നില്‍ എത്തിച്ചുതരുന്ന ബീഫ് നമുക്ക് ഭക്ഷിക്കാം. അവര്‍ നിശ്ചയിക്കുന്ന വിലയ്ക്കും ഗുണനിലവാരത്തിനും അനുസരിച്ചുള്ളവ നല്‍കുമ്പോള്‍ അത് സ്വീകരിച്ച് നാം തൃപ്തിപ്പെടണം.
beef ban, Modi

മൂന്നാംകണ്ണ്

ആര്‍.സുരേഷ്

ഫ്രഞ്ച് വിപ്ലത്തിന്റെ പ്രേരകശക്തികളില്‍ ഒരാളായ ജീന്‍-ജാക്വസ്-റൂസ്സോ മനുഷ്യനും സമൂഹവും തമ്മിലുള്ള കരാറിനെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ആദികാലഘട്ടങ്ങളില്‍ മനുഷ്യന്‍ വെറും കിരാതനായിരുന്നെങ്കിലും അവര്‍ കുലീനരായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ വേട്ടയാടി, പരസ്പരം കൊന്നു തിന്നു, എന്നാല്‍ എല്ലാം ആവശ്യത്തിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ ഈ തത്വശാസ്ത്രത്തോട് പലരും വിയോജിച്ചിട്ടുണ്ട്. എന്നാലും റൂസ്സോയുടെ മനുഷ്യനെയും അവന്റെ സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള വിശകലനം അര്‍ത്ഥവത്താണ്.
സൃഷ്ടിയില്‍ ഏറ്റവുംപരമമായതാണ് മനുഷ്യന്‍, എന്നാണ് പല മതഗ്രന്ഥകളും സൂചിപ്പിക്കുന്നത്. ഈ ലോകവും അതിലെ സകലചരാചരങ്ങളും ഉണ്ടായത് മനുഷ്യന് വേണ്ടിയാണെന്നും അവ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കിരാതനില്‍ നിന്നും മനുഷ്യന്‍ ഒരു സാമൂഹിക-രാഷ്ട്രീയ ജീവിയായി മാറിയപ്പോള്‍ അവന് ചില നിയന്ത്രണങ്ങളും ജീവിതത്തില്‍ ചില ചിട്ടകളുമുണ്ടായി. നിയമം, നിയമവാഴ്ച എന്നതൊക്കെ അതില്‍ നിന്നും ഉല്‍ഭവിച്ചതാണ്. ഇവ മനുഷ്യജീവിതം നന്നാക്കുന്നതിനാണെന്നും അവനെ അടിമയാക്കാനായിരുന്നില്ലെന്നുമാണ് പറഞ്ഞുവന്നതിന്റെ അര്‍ത്ഥം.
സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്നും മോചിതമായി ആധുനികകാലത്തിലേക്ക് കടന്ന ഇന്ത്യയും അത് അംഗീകരിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയതും. അവിടെ പൗരന് മൗലികമായ ചില അവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്ത് ഭക്ഷിക്കണം, എവിടെ കിടക്കണം, ആരെ ആരാധിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം പൗരന് നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. എന്നാല്‍ ഭരണഘടനയെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് ഈ സ്വാതന്ത്ര്യം തങ്ങള്‍ നിയന്ത്രിക്കുമെന്ന് പറയുന്നതലത്തിലേക്ക് നമ്മുടെ ഭരണസമ്പ്രദായം മാറിയിരിക്കുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യ ഭയന്നിരുന്നത് ഇന്ന് സംഭവിച്ചു. കന്നുകാലികളുടെ അറവിന് നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. കഴിഞ്ഞ മൂന്നുവര്‍ഷം രാജ്യത്തിന്റെ പല ഭാഗത്തും ഒറ്റയ്ക്കും തെറ്റയ്ക്കും നടന്നിരുന്ന സംഭവങ്ങളുടെ മൂര്‍ത്തമായ ഒരു സംഘടിതരൂപമാണ് ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്. ആശയങ്ങള്‍ പതുക്കെ പതുക്കെ നാഡിഞരമ്പുകളെ സ്വാധീനിക്കുന്ന തരത്തിലാക്കികൊണ്ട് സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുകയെന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. ഫാസിസം എന്ന അടിമത്വത്തിന്റെ വിഘടനത്തിന്റെ തത്വശാസ്ത്രത്തിന്റെ ഏറ്റവും ആധുനികവും കിരാതമായതുമായ ഭാവത്തിന്റെ ആവിഷ്‌ക്കാരമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.

നാംഎന്ത് ഭക്ഷിക്കണം എവിടെ കഴിയണം, ആരെ ആരാധിക്കണം എന്തുപറയണം. നമ്മുടെ സമ്പാദ്യത്തില്‍ നിന്നും എത്ര പണം പിന്‍വലിക്കണം എന്നിങ്ങനെ സമസ്തമേഖലയിലും അടിമത്വം അടിച്ചേല്‍പ്പിക്കുന്ന പുത്തന്‍ ഫാസിസത്തിന്റെ രൂപം. അപടകത്തിന്റെ വക്കില്‍ രാജ്യത്തെ കൊണ്ടുചെന്ന് എത്തിക്കുന്ന ഈ നീക്കം ഇന്ത്യ എന്ന രാജ്യത്തെ വീണ്ടും അടിമത്വത്തിന്റെ കളിത്തൊട്ടിലില്‍ കൊണ്ടെത്തിക്കുമോയെന്ന് ചിന്തിക്കേണ്ട അവസ്ഥ കഴിഞ്ഞിരിക്കുന്നു. നാം എത്രയൊക്കെ വളര്‍ന്നാലും സംതൃപ്തമല്ലാത്ത ഒരു സമൂഹത്തിന് ഒരിക്കലും മുന്നോട്ടുപോകാന്‍ കഴിയില്ല. വലിയ സാമ്രാജ്യങ്ങളുടെ തകര്‍ച്ചയൊക്കെ ഇതില്‍ നിന്നുമുണ്ടായതാണെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ആ അവസ്ഥയിലേക്ക് നാമും കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് അപകടമാണെന്ന് വിളിച്ചുപറയുന്നവരെ നിങ്ങള്‍ രാജ്യദ്രോഹിയാണെന്ന് ചാപ്പകുത്തുന്ന രീതിയും ഗുണകരമല്ല.

കാലികളുടെ അറവ് നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്നു കേട്ടപ്പോള്‍ പണ്ട് ചെറിയ ക്ലാസില്‍ പഠിച്ച കുഞ്ചന്‍നമ്പ്യാരുടെ ഒരു തുള്ളലിന്റെ അര്‍ത്ഥമാണ് പൊടുന്നനെ മനസില്‍ ഓടിവന്നത്. കാലന്‍ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് കുഞ്ചന്‍നമ്പ്യാര്‍ പാടുന്നുണ്ട്. കാലന്‍ ഇല്ലാതായതിനെത്തുടര്‍ന്ന് ലോകത്ത് മരണം ഇല്ലാതായി. അഞ്ചും ആറും തലമുറയ്ക്ക് മുകളിലുള്ള വ്യക്തികള്‍ പോലും 1000 വര്‍ഷമായിട്ടും മരിക്കാത്ത സ്ഥിതി. മനുഷ്യനെ താങ്ങാന്‍ ഭൂമിക്ക് കഴിയാത്ത സാഹചര്യം. ഇതൊക്കെയാണ് നമ്പ്യാര്‍ വളരെ സരസമായി വരച്ചുകാട്ടുന്നത്. അധികാരതിമിരം ബാധിച്ചവരുടെ ബുദ്ധികളില്‍ ഇത് തെളിഞ്ഞുവരാത്തതിന്റെ കാര്യവും ചിന്തിക്കേണ്ടി വരികയാണ്. ഈ പ്രകൃതി നിലനില്‍ക്കുന്നത് ഒരു ജൈവചാക്രിക വ്യവസ്ഥയിലാണ്. ഒന്ന് മറ്റൊന്നിന് ആഹാരമാകുകയും അങ്ങനെ ജനനവും മരണവും സന്തുലിതമായി നിലനില്‍ക്കുന്നതുകൊണ്ടാണ് പ്രകൃതി നിലനില്‍ക്കുന്നത്. അതിനുപോലും ദ്രോഹം വരുത്തുന്ന തലത്തിലാണ് ഈ ഉത്തരവ് എന്ന് പറയാതിരിക്കാനാവില്ല. എല്ലാത്തിനുപരി പൗരന്റെ അടുക്കളയില്‍ കടന്നുകയറുന്ന സ്വാതന്ത്ര്യം.

ഇങ്ങനെയൊക്കെ നാം വിമര്‍ശിക്കുമ്പോള്‍ എതിര്‍പക്ഷത്തുള്ള ബ്രെയിന്‍വാഷ്‌ചെയ്യപ്പെട്ട ഒരു സമൂഹം ഇതിനെ ന്യായീകരിക്കുന്നുണ്ട്. കാലികളെ കൊന്ന് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനെയും പരസ്യമായി അവയെ അറക്കുന്നതിനെയുമാണ് നിരോധിച്ചത് എന്ന്. മാത്രമല്ല, വന്‍കിട അറവുശാലകള്‍ക്ക് അറക്കുന്നതിന് ഒരു തടസവുമില്ലെന്നുമൊക്കെ അവര്‍ പറയും. അവിടെയാണ് അടുത്ത കുതന്ത്രം കിടക്കുന്നത്. അടുക്കളയില്‍ കടന്നുകയറുക മാത്രമല്ല, നമ്മുടെ കീശയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കുന്നതുകൂടിയാണ് ഈ തീരുമാനം എന്ന് പറയേണ്ടിവരും. കമ്പോളസാമ്പത്തികവ്യവസ്ഥയുടെ ഏറ്റും മൂര്‍ത്തമായ രൂപമായി ഇത് മാറുകയാണ്.

ഇന്ന് പാവപ്പെട്ട ഒരാള്‍ ഒന്നോ രണ്ടോ കാളയേയോ, പോത്തിനേയോ വാങ്ങി അറുത്ത് വിറ്റ് അവന്റെ ജീവിതവൃത്തികഴിയ്ക്കുന്നു. പാവപ്പെട്ടവരും സാധാരണക്കാരും അവനില്‍ നിന്ന് ആവശ്യമുള്ളതുമാത്രം വാങ്ങി തങ്ങളുടെ ആഹാരവുമാക്കുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിട്ടുളള ഉത്തരവിലെ വ്യവസ്ഥകളെന്ന് സര്‍ക്കാരിനെ പിന്താങ്ങുന്നവര്‍ പറയുന്ന പ്രകാരമാണെങ്കില്‍ നമ്മുടെ ഭക്ഷണം തീരുമാനിക്കുക ഇനി കോര്‍പ്പറേറ്റുകളായിരിക്കും.
നമ്മുടെ നാട്ടില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുംകാലിയെ അറുക്കുന്നതില്‍ മാത്രമേ തടസമുള്ളു. അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് വന്‍കിട അറവുശാലകള്‍ സ്ഥാപിച്ച് കൂട്ട അറക്കല്‍ നടത്താം. പോരാത്തതിന് വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ അറുത്ത് വറുത്ത് ടിന്നില്‍ എത്തിച്ചുതരുന്ന ബീഫ് നമുക്ക് ഭക്ഷിക്കാം. അവര്‍ നിശ്ചയിക്കുന്ന വിലയ്ക്കും ഗുണനിലവാരത്തിനും അനുസരിച്ചുള്ളവ നല്‍കുമ്പോള്‍ അത് സ്വീകരിച്ച് നാം തൃപ്തിപ്പെടണം. പകരം നമ്മുടെ സമ്പത്ത് അവര്‍ കവര്‍ന്നുകൊണ്ടുപോയിക്കൊള്ളും. ഇന്ന് കെ.എഫ.സിയും മക്‌ഡോണാള്‍ഡുമൊക്കെ ചെയ്യുന്നതുപോലെ നാളെമുതല്‍ അമേരിക്കയിലേയും മറ്റ് രാഷ്ട്രങ്ങളിലേയും വന്‍കിട റസ്‌റ്റോറന്റുകള്‍ ഇവിടെ ബീഫ് വിഭവങ്ങളുമായി എത്തി നമ്മുടെ ജനങ്ങളുടെ ഭക്ഷണത്തെ നിയന്ത്രിക്കും. ഇതിലൂടെ സാധാരണ നിലയില്‍ ചെറിയ ഹോട്ടലുകള്‍ നടത്തിക്കൊണ്ടിരുന്ന ഒരു വിഭാം ഇവിടെ ഇല്ലാതാകും. പണം ഒരു ചെറുവിഭാഗത്തിന്റെ പക്കല്‍ മാത്രമാകും. പാവപ്പെട്ടവന്‍ കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടനായി മാറുകയും ഇന്ത്യയെന്നത് ദരിദ്രനാരായണരുടെ രാജ്യമായി മാറുകയും ചെയ്യും. ഇത് അനുവദിക്കേണ്ടതാണോയെന്നാണ് നാം ചിന്തിക്കേണ്ടത്.

നമ്മുടെ രാഷ്ട്രീയ-മതപരമായ താല്‍പര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതില്ല. എന്നാല്‍ നമുക്കുള്ളതുപോലെ ഇത്തരം വികാരംമറ്റുള്ളവര്‍ക്കുമുണ്ടെന്ന് മനസിലാക്കണം. അപ്പോഴാണ് ജനാധിപത്യം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വരിക. മനുഷ്യനെ കൊല്ലുന്നതും തെരുവുനായകള്‍ക്ക് കൊല്ലാന്‍ വലിച്ചെറിഞ്ഞുകൊടുക്കുന്നതും കുറ്റകരമല്ലാത്ത ഒരു രാജ്യത്താണ് ഇത്തരം തുക്ക് പരിഷ്‌ക്കാരങ്ങള്‍ എന്നതാണ് സത്യം. നിങ്ങള്‍ ഒരാളെ കൊന്നാല്‍ കൊലപാതകകുറ്റത്തിന് അകത്താകുമെന്നും ഒരു കൂട്ടം പേരെ കൊന്നാല്‍ രാജ്യസ്‌നേഹിയായ വിപ്ലവകാരിയാകുമെന്നും പറഞ്ഞതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. നിങ്ങള്‍ ജീവിക്കാനായി ഒരു കാലിയെ കൊന്ന് വിറ്റാല്‍ കുറ്റക്കാരനാകും. അതേസമയം നിങ്ങള്‍ കൂട്ടത്തോടെ അവയെ കൊന്ന് വറുത്ത് ടിന്നിലടച്ച് വിറ്റാല്‍ മാന്യനും സംസ്‌ക്കാര സമ്പന്നനുമാകും. നിയം നിങ്ങളെ ഒന്നും ചെയ്യില്ല. ഇത് അടിമത്തമാണ്. ഈ അടിമത്വത്തിന് മുന്നില്‍ കൈയൂം കെട്ടി വായും പൊത്തിനില്‍ക്കുന്നത് തുടരണമോയെന്നാണ് നാം ചിന്തിക്കേണ്ടത്. ഇന്ത്യ ശക്തമായ ഒരു ഫെഡറല്‍ സംവിധാനത്തില്‍ നിലകൊള്ളുന്ന രാജ്യമാണ്. ആ സാഹചര്യത്തില്‍ ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമുണ്ടെങ്കില്‍ മാത്രമേ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇപ്പോഴത്തെ പോക്ക് അതിലേക്കാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇതിന് മാറ്റം വരണം. ഫാസിസത്തിന് ഇന്ത്യപോലൊരു രാജ്യത്ത് നിലനില്‍ക്കാനാവില്ല. അത് നമ്മുടെ നാടിനെ ചരിത്രത്തിലേക്ക് പിന്‍നടത്തുന്നതാകും. അതുകൊണ്ട് കന്നുകാലി-കോര്‍പ്പറേറ്റ് കേന്ദ്രീകൃത നയത്തില്‍ നിന്നും മനുഷ്യകേന്ദ്രീകൃതമായ ഒരു നയത്തിലേക്ക് പോകുകയായിരിക്കും നമുക്ക് അഭികാമ്യം.

Ads by Google
Ads by Google
Loading...
TRENDING NOW