Saturday, March 16, 2019 Last Updated 15 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 26 May 2017 03.53 PM

വീട്ടുചെലവ് ചുരുക്കാം ഈസിയായി

uploads/news/2017/05/112181/housechelive260517.jpg

വീട്ടുചെലവുകള്‍ വര്‍ദ്ധിക്കുന്നതിനെയോര്‍ത്ത് വിഷമിക്കുന്നവരാണ് വീട്ടമ്മമാര്‍. എത്രയധികം ശ്രദ്ധിച്ചാലും വരവിനേക്കാള്‍ ചെലവാണ് പലര്‍ക്കും. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ വീട്ടുചെലവ് നിയന്ത്രിക്കാവുന്നതേയുള്ളൂ.

അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. തൊടുന്നതിനെല്ലാം പൊന്നുവിലയാണ്. ഇങ്ങനെയെങ്കില്‍ എങ്ങനെ വീട്ടുകാര്യങ്ങള്‍ നടക്കും ? കാശിന് കാശ് തന്നെ വേണ്ടേ.. ഒട്ടുമിക്ക വീട്ടമ്മമാരും ചിന്തിക്കുന്നതിങ്ങനെയാണ്.

മാസാവസാനം വീട്ടിലെ ബഡ്ജറ്റ് നോക്കുന്നവര്‍ ഞെട്ടിത്തരിച്ചുപോകും. മൊത്തത്തില്‍ ഡേയ്ഞ്ചര്‍ സോണിലാണ് ഇപ്പോഴത്തെ പോക്ക്. ശരിക്കൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും.

വീട്ടിലെ വരവ് ചെലവ് കണക്കുകള്‍ അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ബഡ്ജറ്റ് തയ്യാറാക്കുകയാണ്. എന്നാല്‍ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് മുന്‍പ് ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്.

വരവും ചെലവും ശ്രദ്ധിക്കാം


പല വീടുകളിലും വരവിനനുസരിച്ചുള്ള ചെലവല്ല ഉണ്ടാകാറുള്ളത്. പലപ്പോഴും പ്രതീക്ഷിക്കുന്നതിനപ്പുറത്തേക്ക് ചെലവാകും. ഇങ്ങനെ സംഭവിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ ചെറുതൊന്നുമല്ല.

ബഡ്ജറ്റ് തയ്യാറാക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് വരുമാനം ചെലവായി പോകുന്ന വഴികള്‍ ഏതൊക്കെയെന്ന് കണ്ടെത്തുകയാണ്. ഓരോ മാസവും പണം ചെലവായി പോകുന്നതെങ്ങനെയെന്നുള്ള കണക്ക് എഴുതി വയ്ക്കാം.

ഇങ്ങനെയാകുമ്പോള്‍ ചെലവിനെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. പിന്നീടുള്ള മാസങ്ങളില്‍ വരവിനനുസരിച്ച് ഒരു ഏകദേശ ധാരണയില്‍ കുറച്ചുകൂടി ശ്രദ്ധിച്ച് പണം ചെലവാക്കാം. മാത്രമല്ല, മാസാവസാനം കുറച്ച് പണം കൈയിലൊതുങ്ങുകയും ചെയ്യും.

ശ്രദ്ധയോടെ സാധനങ്ങള്‍ വാങ്ങാം


വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൂട്ടുന്നവരുണ്ട്. ആദ്യം ഈ ശീലം മാറ്റണം. സാധനങ്ങള്‍ക്കോരോന്നിനും നിസാര വിലയായിരിക്കും. പക്ഷേ എല്ലാത്തിന്റെയും ബില്‍ കൈയില്‍ വരുമ്പോഴാണ് ഞെട്ടിപ്പോകുന്നത്.

എന്തൊക്കെ സാധനങ്ങള്‍ വേണം, എത്ര ദിവസത്തേക്ക് വേണം എന്നെല്ലാം കണക്കുകൂട്ടി സാധനങ്ങള്‍വാങ്ങാന്‍ പോകുക. മുന്‍കൂട്ടി തീരുമാനിച്ചാല്‍ ആവശ്യത്തില്‍ക്കൂടുതല്‍ പണവും ചെലവാക്കില്ല, ആവശ്യമില്ലാത്ത സാധനങ്ങള്‍ വലിച്ച് വാരി എടുക്കുകയുമില്ല.

കൃഷിത്തോട്ടങ്ങള്‍ വീട്ടില്‍ത്തന്നെ


ഇക്കാലത്ത് ചുരുങ്ങിയ സ്ഥലപരിമിതിയില്‍ താമസിക്കുന്നവരാണ് ഏറെക്കുറെ. എങ്കിലും വീട്ടിലെ മിതമായ സൗകര്യങ്ങളില്‍ അത്യാവശ്യം പച്ചക്കറി വീട്ടില്‍ത്തന്നെ കൃഷി ചെയ്യാവുന്നതേയുള്ളൂ.

വീടിന്റെ ടെറസിലും മുറ്റത്തുമെല്ലാം ചെറിയ പച്ചക്കറികള്‍ വളര്‍ത്താം. പുറത്തുനിന്ന് വാങ്ങുന്ന വിഷവസ്തുക്കളടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ടിയും വരില്ല.

തക്കാളി, പാവയ്ക്ക, വഴുതനങ്ങ, പച്ചമുളക്, കോവയ്ക്ക, മത്തന്‍ എന്നിവയെല്ലാം വീട്ടില്‍ തന്നെ കൃഷി ചെയ്‌തെടുക്കാവുന്നതേയുള്ളൂ. പച്ചക്കറി വിത്ത് ലഭിക്കാന്‍ പ്രയാസമാണെന്ന് ചിന്തിക്കേണ്ട.

പഞ്ചായത്ത് കൃഷിഭവനില്‍ നിന്നും മറ്റിതര കൃഷി ഫാമുകളില്‍ നിന്നും വിത്ത് ലഭിക്കും. ദിവസവും മീനും ഇറച്ചിയും നിര്‍ബന്ധമുള്ളവരുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസമാക്കി ഇറച്ചിയും മീനും കുറച്ചു നോക്കൂ. വീട്ടുചെലവ് കുറയുന്നത് തിരിച്ചറിയാം.

ആവശ്യങ്ങള്‍ക്ക് പ്രാധാന്യം


ചെലവുകള്‍ കൂടുകയും അതിനനുസരിച്ച് വരുമാനം വര്‍ദ്ധിക്കാത്തതും വലിയ ന്യൂനതയാണ്. പണം ചെലവഴിക്കുമ്പോള്‍ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഫോണ്‍ബില്‍, വീട്ടുവാടക, ഇലക്ട്രിസിറ്റി ബില്‍ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

ബഡ്ജറ്റ് തയ്യാറാക്കേണ്ട വിധം


വെറുതെ ഒരു ബഡ്ജറ്റ് തയ്യാറാക്കിയാല്‍ പോരാ. അതിന് ചില രീതികളുണ്ട്. വരുമാനവും ചെലവും കണക്കാക്കി തുടക്കത്തില്‍ തന്നെ ഒരു ബഡ്ജറ്റ് ഉണ്ടാക്കിയാല്‍ വീട്ടിലെ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും.

ആകെ ലഭിക്കുന്ന വരുമാനവും ചെലവും തമ്മിലുള്ള അന്തരം ആദ്യം കണ്ടെത്തണം. വരവ് കൂടുതലും ചെലവ് കുറവുമാണെങ്കില്‍ മിച്ചമുള്ള പണം സമ്പാദ്യമായി സൂക്ഷിക്കാം. ബഡ്ജറ്റ് ഓരോ മാസവും പുതുക്കണം.

പണം ലാഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍


1. ഓരോ മാസവും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. അതിന് ശേഷമാകാം ഷോപ്പിംഗ്.
2. എക്സ്ചേഞ്ച് ഓഫറുകളുടെ വലയില്‍ വീഴാതിരിക്കുക. വീട്ടിലെ സാധനങ്ങള്‍ക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ അവ കഴിവതും മാറ്റി വാങ്ങാതിരിക്കുക.

3. വീട്ടില്‍ തന്നെ അത്യാവശ്യം പച്ചക്കറികള്‍ കൃഷി ചെയ്യുക. പുറമെ നിന്ന് വാങ്ങുന്ന വിഷഹാരിയായ പച്ചക്കറികള്‍ കുറയ്ക്കുക.
4. അനാവശ്യമായ ഫോണ്‍ വിളികള്‍ കഴിവതും ഒഴിവാക്കുക.

5. ഏറ്റവുമധികം വൈദ്യുതി പാഴാകുന്നത് ഫ്രിഡ്ജിന്റെ ഉപയോഗം വഴിയാണ്. ആവശ്യമില്ലാതെ ഫ്രിഡ്ജ് അടയ്ക്കുന്നതും തുറക്കുന്നതും ഒഴിവാക്കുക. ആഴ്ചയിലൊരിക്കല്‍ ഫ്രിഡ്ജ് വൃത്തിയാക്കുക..

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Friday 26 May 2017 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW