കൊച്ചി: ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈകോടതി. ഈ മെയ് മാസം നടക്കുന്ന പരീക്ഷയില്‍ തട്ടം ധരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
പരീക്ഷ എഴുതാന്‍ ഹാജരാകുന്ന കുട്ടികള്‍ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാന്‍ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും (എസ്.ഐ.ഒ) എം.എസ്.എഫിന്റെ വനിത സംഘടനയും ചില വിദ്യാര്‍ഥിനികളും നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരിശോധനക്ക് ഹാജരാവണമെന്നും നിര്‍ദ്ദേശമുണ്ട്.
മതാചാരങ്ങളെ എതിര്‍ക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരിശോധനക്ക് വിധേയമായാല്‍ മതിയെന്നാണ് എയിംസ് കോടതിയെ ബോധിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയില്‍ നിന്ന് ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് അനുകൂല വിധിയുണ്ടായത്.
നേരത്തെ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുകയെന്നത് മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിര്‍ദേശം പാലിക്കാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.