Wednesday, November 01, 2017 Last Updated 20 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 24 May 2017 04.29 PM

അല്പം മധുരമാവാം

uploads/news/2017/05/111540/helthfoddit240517b.jpg

പ്രമേഹരോഗികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ വളരെ ശ്രദ്ധവേണം. ചിട്ടയായ ജീവിത ശൈലിയും ഭക്ഷണ രീതിയും രക്തത്തിലെ പഞ്ചസാരയുടെ അളവ്് നിയന്ത്രിക്കും.

മധുരം കഴിക്കരുതെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. കണ്ണൊന്ന് തെറ്റിയാല്‍ ലഡ്ഡുവും ജിലേബിയും കഴിക്കും. പിന്നെയെങ്ങനെയാ ഷുഗര്‍ കുറയുന്നത്്. ഷുഗര്‍ ലവല്‍ നോക്കിയ ആന്‍സി അച്ഛനോട് ദേഷ്യപ്പെട്ടു. ഇനി ചോറ് കഴിക്കണ്ട.

കുറച്ചുദിവസത്തേക്ക് ഗോതമ്പാഹാരം മതി. അപ്പോള്‍ കുഴപ്പമില്ലല്ലോ?? അച്ഛന്റെ മറുപടിയെത്തി.

പ്രമേഹരോഗികള്‍ക്ക് മധുരം കഴിക്കാമോ? കൂടുതല്‍ പായസം കുടിച്ചാല്‍ മരുന്നു കൂടുതല്‍ കഴിച്ചാല്‍ പോരേ? രോഗികള്‍ ചോദിക്കുന്ന പതിവ് ചോദ്യമാണ്. അവര്‍ക്ക് ഏറ്റവുമധികം സംശയമുള്ളതും ഭക്ഷണ കാര്യത്തിലാണ്.

അരിയാഹാരം കുറയ്ക്കാം


അരിയിലും ഗോതമ്പിലുമുള്ള അന്നജത്തിന്റെ അളവ് ഏകദേശം ഒരുപോലെയാണ്. എങ്കിലും ഗോതമ്പില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ സാവധാനമേ ദഹിക്കു. അതിനാല്‍ പെട്ടെന്ന് വിശക്കില്ല. ഡയബറ്റിക് രോഗി ആഹാരത്തില്‍ അരിയുടെ അളവ് കുറയ്ക്കുന്നതാണ് നല്ലത്.

അരിയാഹാരം നിര്‍ബന്ധമുള്ളവര്‍ക്ക് ഒരുനേരം വളരെ കുറഞ്ഞ അളവില്‍ അരിയാഹാരം കഴിക്കാം. തവിടുള്ള അരിയാണ് നല്ലത്.

uploads/news/2017/05/111540/helthfoddit240517a.jpg

മധുരം ഒഴിവാക്കണോ?


പ്രമേഹരോഗികള്‍ ഒരിക്കലും മധുരം കഴിക്കരുതെന്നത് തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം കഴിക്കുന്നതില്‍ പ്രശ്നമില്ല. പഞ്ചസാര പോലെയുള്ള റിഫൈന്‍ഡ് ഷുഗര്‍ പെട്ടെന്നു ദഹിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുന്നു.

അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത.് കുറച്ച് മധുരം കഴിച്ചാല്‍ ഷുഗര്‍ ബാലന്‍സ് ചെയ്യുന്നതിനായി അന്നത്തെ ദിവസം ഷുഗര്‍ അടങ്ങിയ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയാല്‍ മതി.

കൃത്യസമയത്ത് ഭക്ഷണം


രക്തത്തിലെ പഞ്ചസാരയുടെ അളവ് പല കാരണങ്ങള്‍ കൊണ്ടും വ്യത്യാസപ്പെടാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണു ഭക്ഷണ രീതി. ഭക്ഷണ നിയന്ത്രണത്തിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാതെയും തീരെ താഴ്ന്ന് പോകാതെയും നിയന്ത്രിക്കാന്‍ ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കണം.

കൂടുതല്‍ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് പ്രമേഹ നിയന്ത്രണത്തിനു മാത്രമല്ല പ്പ് ശരീരഭാരം എന്നിവ നിയന്ത്രിക്കാനും നല്ലതാണ്.

ഇന്‍സുലിനും മരുന്നുകളും ഉപയോഗിക്കുന്നവര്‍ കഴിവതും കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കണം. ഇന്‍സുലിന്‍ ഭക്ഷണത്തിന് എത്രസമയം മുമ്പ് എടുക്കണം എന്നതു കൃത്യമായി മനസിലാക്കണം. ഇന്‍സുലിന്‍ എടുത്തശേഷം സമയത്തു ഭക്ഷണം കഴിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ബ്ലഡ്ഷുഗര്‍ താഴ്ന്നു പോകാനിടയുണ്ട്.

പഴങ്ങളും പച്ചക്കറിയും


പ്രമേഹ രോഗി ഒരു ദിവസം 100 ഗ്രാം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കണം. പച്ച നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് കൂടുതല്‍ നല്ലത്. മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികള്‍ സാലഡായോ സൂപ്പായോ കഴിക്കാം. ഇടനേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം.

കിഴങ്ങു വര്‍ഗ്ഗങ്ങള്‍ കുറയ്ക്കാം


കിഴങ്ങുകളില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്. കിഴങ്ങുവര്‍ഗങ്ങള്‍ മിതമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഏതെങ്കിലും സമയത്തെ ആഹാരത്തിനു പകരമായോ അല്ലെങ്കില്‍ ചോറിന്റെ അളവു കുറച്ച് അതിന്റെ കൂടെയോ കിഴങ്ങുവര്‍ഗങ്ങള്‍ ഉപയോഗിക്കാം. കിഴങ്ങുവര്‍ഗങ്ങളുടെ കൂടെ പ്രോട്ടീന്‍ അടങ്ങിയ പയറുവര്‍ഗങ്ങളോ, മീനോ, മാംസമോ ഭ ക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വെള്ളം ധാരാളം


പ്രമേഹരോഗികള്‍ക്കു ദാഹം കൂടുതലായിരിക്കും. ധാരാളം വെള്ളം കുടിക്കണം. ഇടനേരങ്ങളില്‍ ഊര്‍ജം കുറഞ്ഞ പാനീയങ്ങളോ പഴങ്ങളോ കഴിക്കാം. മോരും വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, നെല്ലിക്കാ ജ്യൂസ്, പുതിനാ നാരങ്ങാജ്യൂസ് തുടങ്ങിയവ നല്ലതാണ്.

നാരുകള്‍ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ പഴച്ചാറുകള്‍ ഒഴിവാക്കി പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. പേരയ്ക്ക, പപ്പായ, ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ ചെറിയ അളവില്‍ (100 ഗ്രാം) ദിവസേന ഉപയോഗിക്കാം.

uploads/news/2017/05/111540/helthfoddit240517.jpg

പ്രീഡയബറ്റിസ് ഘട്ടത്തില്‍


പ്രീഡയബറ്റിസ് ഘട്ടത്തില്‍ ഭക്ഷണക്രമത്തില്‍ വളരെ ശ്രദ്ധ വേണം. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കില്‍ പ്രീഡയബറ്റിസ് രോഗിക്കു പ്രമേഹം വരാതെ നോക്കാം.

കൂടുതല്‍ ഊര്‍ജമുള്ള, കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണത്തിന്റെ ഉപയോഗം കുറയ്ക്കുക. ഷുഗര്‍ ഫ്രീ ഉപയോഗിക്കുന്നവര്‍ അത് ഒഴിവാക്കുന്നതും പ്രീഡയബെറ്റിക് ഘട്ടത്തില്‍ വളരെ നല്ലതാണ്.

ഒഴിവാക്കേണ്ടവ


കലോറി കൂടുതലുളള ഭക്ഷണങ്ങള്‍, കൊഴുപ്പ്, മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍,കോളകള്‍ പോലെയുള്ള പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. മട്ടന്‍, പോര്‍ക്ക് എന്നീ ചുവന്ന മാംസങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

ഷുഗര്‍ ഫ്രീയും ഓട്‌സും


ഷുഗര്‍ഫ്രീയുടെ അമിത ഉപയോഗം ശരീരഭാരം കൂട്ടാനും പ്രമേഹം, ഹൃദ്രോഗം, മെറ്റാബോളിക് സിന്‍ഡ്രോം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗം വളരെ നിയന്ത്രിക്കണം.

ഓട്‌സ് പോലെ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഓട്‌സിലുള്ള സോല്യൂബിള്‍ ഫൈബറായ ബീറ്റാ ഗ്ലൂക്കോണ്‍, ഗ്ലൂക്കോസ് രക്തത്തില്‍ കലരുന്നതു സാവധാനത്തിലാക്കുന്നതിനൊപ്പം രക്തത്തിലെ കൊളസ്‌ട്രോളും മറ്റു കൊഴുപ്പുകളും കുറയ്ക്കാനും സഹായിക്കുന്നു.

ഓട്‌സ് വളരെ കുറച്ചു സമയം മാത്രമേ വേവിക്കാവൂ. (ഏകദേശം അഞ്ചുമിനിറ്റ്) കൂടുതല്‍ വേവുമ്പോള്‍ ഗൈസീമിക്‌സ് ഇന്‍ഡക്‌സ് ഉയര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകും.

ഏതെങ്കിലും നേരത്തെ ആഹാരത്തിനു പകരമായിട്ടാണ് ഓട്‌സ് ഉപയോഗിക്കുന്നതെങ്കില്‍ 50 ഗ്രാം ഓട്‌സ് കാച്ചിയതിനെക്കാള്‍ നല്ലത് ഓട്‌സ് ഉപ്പുമാവ്, ഓട്‌സ് ദോശ, ഇഡ്ഡലി തുടങ്ങിയവയാണ്. ഓട്‌സ് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ കുറച്ച് ഉലുവപ്പൊടി, സോയാമാവ് ഇവ ചേര്‍ത്താല്‍ പോഷകസമൃദ്ധമാക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. ഇ.കെ സുരേഷ്
ഫിസിഷന്‍,റിംസ് ഹോസ്പിറ്റല്‍, ഈരാറ്റുപേട്ട

Ads by Google
Advertisement
Ads by Google
TRENDING NOW