Saturday, July 22, 2017 Last Updated 7 Min 44 Sec ago English Edition
Todays E paper
Saturday 20 May 2017 02.05 AM

കോട്ടയം ജില്ലാപഞ്ചായത്ത്‌ : എല്ലാം അതേപടി ആവര്‍ത്തിച്ചു; മാണിയെ ജയിപ്പിച്ച്‌ സി.പി.എം.

uploads/news/2017/05/110269/k3.jpg

കോട്ടയം: ഏറെ വിവാദമായ കോട്ടയം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായി വികസനകാര്യ സ്‌ഥിരംസമിതി ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും സി.പി.എം-കേരളാ കോണ്‍ഗ്രസ്‌ (എം) സഖ്യത്തിനു ജയം. സി.പി.എം. പിന്തുണയോടെ കേരളാ കോണ്‍ഗ്രസി(എം)ലെ സെബാസ്‌റ്റ്യന്‍ കുളത്തിങ്കല്‍ ചെയര്‍മാനായി.

സെബാസ്‌റ്റ്യനു 12 വോട്ടും എതിര്‍സ്‌ഥാനാര്‍ഥി, കോണ്‍ഗ്രസിലെ ലിസമ്മ ബേബിക്ക്‌ എട്ടു വോട്ടും ലഭിച്ചു. സി.പി.ഐ. അംഗം പി. സുഗതന്‍ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നപ്പോള്‍ പി.സി. ജോര്‍ജിന്റെ ജനപക്ഷം അംഗമായ ലിസി സെബാസ്‌റ്റ്യന്‍ വോട്ട്‌ അസാധുവാക്കി.

ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസ്‌- എട്ട്‌, കേരളാ കോണ്‍ഗ്രസ്‌ (എം)- ആറ്‌, സി.പി.എം-ആറ്‌, സി.പി.ഐ-ഒന്ന്‌, ജനപക്ഷം-ഒന്ന്‌ എന്നിങ്ങനെയാണു കക്ഷിനില. നേരത്തെ, കോണ്‍ഗ്രസിലെ ജോഷി ഫിലിപ്‌ രാജിവച്ച ഒഴിവിലേക്കു നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സി.പി.എം. പിന്തുണയോടെ കേരളാ കോണ്‍ഗ്രസി(എം)ലെ സഖറിയാസ്‌ കുതിരവേലി പ്രസിഡന്റായതു വിവാദമായിരുന്നു.

ഇതേത്തുടര്‍ന്നു ജില്ലയില്‍ കോണ്‍ഗ്രസ്‌-കേരളാ കോണ്‍ഗ്രസ്‌ (എം) ബന്ധം പൂര്‍ണായി തകര്‍ന്നു. കെ.എം. മാണിക്കും ജോസ്‌ കെ. മാണിക്കുമെതിരേ കടുത്തനിലപാടുമായി കോണ്‍ഗ്രസ്‌ സംസ്‌ഥാനനേതൃത്വവും രംഗത്തുവന്നെങ്കിലും പിന്നീടു മയപ്പെട്ടു.

പുതിയ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കുമിടയില്‍ സമവായത്തിനുള്ള സാധ്യത ജില്ലയിലെങ്കിലും അടഞ്ഞഅധ്യായമായി. വികസനകാര്യ സ്‌ഥിരംസമിതി ചെയര്‍മാനായിരുന്ന സഖറിയാസ്‌ കുതിരവേലി ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റായതോടെയാണു ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ ഒഴിവുവന്നത്‌.

തെരഞ്ഞെടുപ്പില്‍ രണ്ടാം സ്‌ഥാനത്തെത്തിയ ലിസമ്മ ബേബി പൊതുമരാമത്ത്‌ സ്‌ഥിരംസമിതിയംഗമായി. ലിസമ്മ രാജിവച്ച ക്ഷേമകാര്യസ്‌ഥിരംസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലും സി.പി.എം-കേരളാ കോണ്‍ഗ്രസ്‌ (എം) ബാന്ധവം തുടര്‍ന്നേക്കും.

Ads by Google
Saturday 20 May 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW