Wednesday, December 13, 2017 Last Updated 18 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 02.05 AM

കൊച്ചി മെട്രോ ഉദ്‌ഘാടനം വിവാദട്രാക്കില്‍ : തീയതി കുറിച്ച്‌ കടകംപള്ളി ;തിരുത്തിപ്പറഞ്ഞ്‌ പിണറായി

uploads/news/2017/05/110267/k1.jpg

തിരുവനന്തപുരം/ കണ്ണൂര്‍: സ്വപ്‌നപദ്ധതി പൂര്‍ത്തിയായപ്പോള്‍ ഉദ്‌ഘാടനത്തെച്ചൊല്ലി രാഷ്‌ട്രീയവിവാദം. കൊച്ചി മെട്രോ 30-ന്‌ ഉദ്‌ഘാടനം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്‌ ആശയക്കുഴപ്പത്തിനിടയാക്കി. ഇതു പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാതിരിക്കാനുള്ള നീക്കമാണെന്നു ബി.ജെ.പി. ആരോപിച്ചതോടെ വിവാദം കൊഴുത്തു. ഇതോടെ മന്ത്രിയെത്തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

പ്രധാനമന്ത്രിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും എന്നാല്‍, അദ്ദേഹത്തിന്‌ എത്താന്‍ കഴിയില്ലെങ്കില്‍ സംസ്‌ഥാനസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുമെന്നുമാണു കടകംപള്ളി പറഞ്ഞത്‌.

പ്രധാനമന്ത്രിയുടെ സൗകര്യാര്‍ത്ഥം ഉദ്‌ഘാടനം ഒന്നോരണ്ടോ ദിവസം വൈകിയാലും പ്രശ്‌നമില്ല. എന്നാല്‍, അത്‌ അനന്തമായി നീട്ടാനാവില്ലെന്നും കടകംപള്ളി പറഞ്ഞു.

മന്ത്രിയുടെ പ്രഖ്യാപനം അല്‍പത്തരമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അസൗകര്യം അറിഞ്ഞുതന്നെയാണു സംസ്‌ഥാനസര്‍ക്കാര്‍ മെട്രോയുടെ ഉദ്‌ഘാടനത്തീയതി തീരുമാനിച്ചതെന്നു ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. 29 മുതല്‍ ജൂണ്‍ മൂന്നുവരെ പ്രധാനമന്ത്രി വിദേശപര്യടനത്തിലാണ്‌.യാത്ര ഒന്നരമാസം മുമ്പേ തീരുമാനിച്ചതാണ്‌.

പ്രധാനമന്ത്രിയെ മനഃപൂര്‍വം ഒഴിവാക്കാനുള്ള രാഷ്‌ട്രീയഗൂഢാലോചനയാണിതെന്നും ബി.ജെ.പി. ആരോപിച്ചു. അതേസമയം, ഏതോ തെറ്റിദ്ധാരണയുടെ ഭാഗമായാണ്‌ ഉദ്‌ഘാടനം 30-നു നടക്കുമെന്ന രീതിയില്‍ പ്രചാരണമുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. ഇതു തെറ്റാണ്‌. കൊച്ചി മെട്രോയുടെ ഉദ്‌ഘാടനം പ്രധാനമന്ത്രിതന്നെ നിര്‍വഹിക്കും.

പ്രധാനമന്ത്രി ഉദ്‌ഘാടനത്തിന്‌ എത്തില്ലെന്നു വ്യക്‌തമാക്കിയാലേ മറ്റൊരു സാധ്യത ആലോചിക്കേണ്ടതുള്ളൂ. ഉദ്‌ഘാടനത്തീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഏപ്രില്‍ 11-നു പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. തിരക്കിട്ട പരിപാടികള്‍ക്കിടയിലും കൊച്ചി മെട്രോ ഉദ്‌ഘാടനത്തിന്‌ അദ്ദേഹം സമയം മാറ്റിവയ്‌ക്കുമെന്നാണു പ്രതീക്ഷ.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്‌. പ്രധാനമന്ത്രിയുടെ സൗകര്യപ്രദമായ തീയതിക്കായി സര്‍ക്കാര്‍ കാത്തിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ കൊച്ചി മെട്രോ ഉദ്‌ഘാടനത്തീയതി പ്രഖ്യാപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്‌ രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്‌ഥയെ തകര്‍ക്കുന്നതാണെന്നു ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ കൊച്ചിയില്‍ പറഞ്ഞു.
സി.പി.എം. പാര്‍ട്ടി പരിപാടികള്‍ നിശ്‌ചയിക്കുന്നതുപോലെയാണ്‌ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Ads by Google
Saturday 20 May 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW