Wednesday, May 23, 2018 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 02.00 AM

ജാദവിന്റെ വധശിക്ഷ; ആശങ്കയോടെ ഇന്ത്യ

uploads/news/2017/05/110221/d2.jpg

മുംബൈ: പാകിസ്‌താന്‍ ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്‌ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുമോയെന്നതില്‍ ഉറപ്പില്ലാതെ ഇന്ത്യ. വധശിക്ഷ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്ന 40 ദിവസത്തെ സമയം ഇന്ന്‌ അവസാനിക്കുകയാണ്‌. മകന്റെ മോചനത്തിനായി ജാദവിന്റെ വൃദ്ധ മാതാവ്‌ സമര്‍പ്പിച്ച അപേക്ഷ പാക്‌ സൈനിക നേതൃത്വം പരിഗണിക്കുമോ എന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.

ജാദവിന്റെ മാതാവ്‌ അവന്തിയുടെ രണ്ട്‌ അപേക്ഷകള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവാല 26 ന്‌ പാക്‌ വിദേശകാര്യ സെക്രട്ടറി തെഹ്‌മിനാ ജെന്‍ജുവയ്‌ക്കു കൈമാറിയിരുന്നു. വധശിക്ഷ ഒഴിവാക്കണം എന്ന്‌ പാകിസ്‌താന്‍ ആര്‍മി കോര്‍ട്ട്‌ ഓഫ്‌ അപ്പീലിനും കുല്‍ഭൂഷണെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പാക്‌ സര്‍ക്കാരിനുമാണ്‌ അപേക്ഷ സമര്‍പ്പിച്ചത്‌.

ഏപ്രില്‍ 10 നാണ്‌ ചാരവൃത്തി, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ കുല്‍ഭൂഷണ്‍ ജാദവിന്‌ പാക്‌ സൈനിക കോടതി വധശിക്ഷ വിധിച്ചത്‌. ശിക്ഷയ്‌ക്കെതിരേ അപ്പീല്‍ നല്‍കാന്‍ 40 ദിവസത്തെ സാവകാശവും അനുവദിച്ചിരുന്നു.

അപ്പീല്‍ അപേക്ഷകള്‍ പാക്‌ വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയതാണെന്നും എന്നാല്‍ ഇതു ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു ലഭിച്ചോ എന്നതു സംബന്ധിച്ചും പരിഗണിക്കപ്പെടുമോയെന്നതു സംബന്ധിച്ചും അറിവില്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നു ഹിന്ദുസ്‌ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ജാദവിന്റെ അപ്പീല്‍ സൈനിക കോടതി തള്ളുകയാണെങ്കിലും അദ്ദേഹത്തിനു രക്ഷപ്പെടാന്‍ രണ്ട്‌ അവസരങ്ങള്‍കൂടിയുണ്ട്‌. അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ച്‌ 60 ദിവസത്തിനുള്ളില്‍ പാക്‌ സൈനിക മേധാവിക്ക്‌ ദയാഹര്‍ജി നല്‍കാം. അതും പ്രതികുലമായാല്‍ 90 ദിവസത്തിനുള്ളില്‍ പാക്‌ പ്രസിഡന്റിന്‌ ദയാഹര്‍ജി സമര്‍പ്പിക്കാം.

പലതവണ ആവശ്യപ്പെട്ടിട്ടും ജാദവിനെതിരായ എഫ്‌.ഐ.ആര്‍, കുറ്റപത്രം, സൈനിക കോടതി വിധിയുടെ പകര്‍പ്പ്‌ എന്നിവയൊന്നും ഇന്ത്യയ്‌ക്കു കൈമാറാന്‍ പാകിസ്‌താന്‍ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ആവശ്യത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ജാദവിന്റെ വധശിക്ഷയ്‌ക്ക്‌ രാജ്യാന്തര കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ തയാറെടുക്കുകയാണു പാകിസ്‌താന്‍.
രാജ്യാന്തര കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതു വരെ ജാദവിന്റെ കേസ്‌ പാകിസ്‌താനില്‍ തുടരുമെന്നും സ്‌റ്റേ നിലനില്‍ക്കുന്നതു വരെ വധശിക്ഷ നടപ്പാനാകില്ലെന്നും പാക്‌ സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ ഷിയാഖ്‌ ഉസ്‌മാനി അഭിപ്രായപ്പെട്ടു.

Ads by Google
Saturday 20 May 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW