Tuesday, June 27, 2017 Last Updated 13 Min 57 Sec ago English Edition
Todays E paper
ജിനേഷ്‌ പൂനത്ത്‌
Saturday 20 May 2017 02.00 AM

ജി.എസ്‌.ടി: സേവന നികുതി നിരക്കുകളായി, വിദ്യാഭ്യാസ- ആരോഗ്യ മേഖലയില്‍ നികുതിയില്ല

uploads/news/2017/05/110220/d1.jpg

ന്യൂഡല്‍ഹി: ചരക്കു സേവനനികുതി(ജി.എസ്‌.ടി.) നിലവില്‍ വരുമ്പോഴും വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ നികുതിവലയില്‍ നിന്ന്‌ ഒഴിവാക്കും. ടെലികോം, ഇന്‍ഷുറന്‍സ്‌, ഹോട്ടല്‍, റെസ്‌റ്റോറന്റ്‌ എന്നീ നാലുമേഖലകളിലെ സേവന നികുതി സംബന്ധിച്ചും ധാരണയായി. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല്‌ സ്ലാബുകളിലായാണു സേവന മേഖലയിലെ നികുതി നിരക്കുകള്‍.

രണ്ടുദിവസമായി ശ്രീനഗറില്‍ നടന്ന ജി.എസ്‌.ടി ഉന്നതാധികാര സമിതി യോഗത്തിലാണ്‌ തീരുമാനം. ജൂലൈ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അറിയിച്ചു. ഉല്‍പന്നങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നികുതിഘടനയോട്‌ ഒത്തുപോകുന്നതാണ്‌ സേവനമേഖലയിലും ഏര്‍പ്പെടുത്തിയിട്ടുള്ള നികുതിനിരക്കുകള്‍. ഇതോടെ സ്വര്‍ണം ഉള്‍പ്പെടെ ആറ്‌ ഇനം ഒഴിച്ചുള്ളവയുടെ ജി.എസ്‌.ടി. നിരക്കുകള്‍ സംബന്ധിച്ച്‌ ധാരണയായി.

28 ശതമാനമെന്ന ഉയര്‍ന്ന നികുതിനിരക്കാണ്‌ സ്വര്‍ണത്തിനു ചുമത്തിയതെങ്കിലും അഞ്ചു ശതമാനം അധിക സെസ്‌ കൂടെ ചുമത്തണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. സ്വര്‍ണത്തിന്റെ രാജ്യത്തെ വലിയ വിപണിയാണ്‌ കേരളം. സ്വര്‍ണത്തിന്‌ അടിക്കടി വില വര്‍ധിക്കുമ്പോഴും ആഢംബരവസ്‌തുവെന്ന നിലയില്‍ ഉയര്‍ന്ന സെസ്‌ ഏര്‍പ്പെടുത്താമെന്ന്‌ സംസ്‌ഥാന ധനകാര്യമന്ത്രി തോമസ്‌ ഐസക്ക്‌ വാദിച്ചു. എന്നാല്‍ ഇതിനെ തമിഴ്‌നാട്‌ ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ എതിര്‍ത്തു. ബീഡി, സിഗരറ്റ്‌, ജൈവ ഡീസല്‍, ചെരുപ്പ്‌ എന്നീ ഉല്‍പന്നങ്ങളുടെ കാര്യത്തിലും, തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അടുത്തമാസം മൂന്നിന്‌ വീണ്ടും ജി.എസ്‌.ടി ഉന്നതാധികാര സമിതി യോഗം ഡല്‍ഹിയില്‍ ചേരും.

ടെലികോം, ധനകാര്യ സേവനങ്ങള്‍ എന്നിവയ്‌ക്ക്‌ 18 ശതമാനമാണ്‌ സേവന നികുതി. ഗതാഗത സേവനങ്ങള്‍ക്ക്‌ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനം നികുതിയാണ്‌ ഏര്‍പ്പെടുത്തിയന്നെ്‌ ജി.എസ്‌.ടി. യോഗശേഷം അരുണ്‍ ജെയ്‌റ്റ്‌ലി മാധ്യമങ്ങളോട്‌ പറഞ്ഞു. ട്രെയിന്‍, വിമാന ടിക്കറ്റ്‌, റോഡ്‌ ഗതാഗതം എന്നിവ അഞ്ചു ശതമാനം സ്ലാബിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. എക്കണോമി ക്ലാസ്‌ വിമാനയാത്രയ്‌ക്കാണ്‌ അഞ്ചുശതമാനം നികുതി. ബിസിനിസ്‌ ക്ലാസ്‌ യാത്രയ്‌ക്ക്‌ 12 ശതമാനമാകും. മെട്രോ/ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തിനും സേവന നികുതിയില്ല. ടാക്‌സി കാബ്‌ സര്‍വീസിന്‌ അഞ്ച്‌ ശതമാനം മാത്രമാക്കി നികുതി പരിമിതപ്പെടുത്തി. ഈ സാഹചര്യത്തില്‍ യാത്രാ നിരക്കുകളില്‍ കുറവുണ്ടാകും.

ഡീസല്‍, പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ ജി.എസ്‌.ടിയുടെ പരിധിയില്‍ വരുന്നില്ല. നിലവില്‍ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുള്ള വര്‍ത്തമാന പത്രങ്ങളിലെ പരസ്യങ്ങള്‍ക്ക്‌ ജി.എസ്‌.ടിയില്‍ അഞ്ചുശതമാനം നികുതി ഈടാക്കും. നിലവില്‍ 15 ശതമാനം നികുതിയുള്ള സേവനങ്ങളെ 18 ശതമാനം നികുതിയുള്ള സ്ലാബില്‍ ഉള്‍പ്പെടുത്തി. റെസ്‌റ്റോറന്റുകള്‍, ഫോണ്‍ ബില്ലുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയുടെ നിരക്കുകള്‍ വര്‍ധിച്ചക്കേും.

ശീതീകരിച്ച, മദ്യംവിളമ്പുന്ന റെസ്‌റ്റോറന്റുകള്‍ക്ക്‌ 18 ശതമാനവും അല്ലാത്തവയ്‌ക്ക്‌ 12 ശതമാനവുമാണ്‌ സേവന നികുതി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക്‌ 28 ശതമാനം നികുതി ചുമത്തും. 50 ലക്ഷത്തിനു താഴെ വിറ്റുവരവുള്ള റെസ്‌റ്റോറന്റുകളില്‍ അഞ്ചു ശതമാനമാവും നികുതി.

ഹോട്ടലുകളില്‍ 1000 രൂപവരെയുള്ള മുറിവാടകയ്‌ക്കു നികുതിയില്ല. 1000 മുതല്‍ 2500 രൂപ വരെ മുറിവാടകയുള്ളവയ്‌ക്ക്‌ 12 ശതമാനവും 2,500നും 5,000നും ഇടയിലുള്ളവയ്‌ക്ക്‌ 18 ശതമാനവും അതിനുമുകളില്‍ മുറി വാടക ഉള്ളവയ്‌ക്ക്‌ 28 ശതമാനവും ആയിരിക്കും നികുതിനിരക്ക്‌. വ്യാഴാഴ്‌ച നടന്ന യോഗത്തില്‍ ദൈനംദിന ഉപയോഗത്തിനുള്ള അവശ്യ വസ്‌തുക്കളുടെ നികുതി ഏറ്റവും താഴ്‌ന്ന തട്ടായ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്താനും കൗണ്‍സിലില്‍ തീരുമാനമായിരുന്നു.

ജി.എസ്‌.ടിയില്‍ വിനോദനികുതി സേവനനികുതിയുമായി സംയോജിപ്പിച്ച്‌ 28 ശതമാനമെന്ന നിരിക്കിലാണ്‌ ഈടാക്കുക. അതുകൊണ്ടു നിലവിലെ നികുതി നിരക്കിനേക്കാള്‍ കുറയുമെങ്കിലും സംസ്‌ഥാനങ്ങള്‍ക്ക്‌ ലെവി ഏര്‍പ്പെടുത്താനുള്ള അവകാശമുള്ളതിനാല്‍ സിനിമാടിക്കറ്റ്‌ അടക്കമുള്ളവയുടെ നിരക്ക്‌ കുറയാനിടയില്ല.

Ads by Google
ജിനേഷ്‌ പൂനത്ത്‌
Saturday 20 May 2017 02.00 AM
YOU MAY BE INTERESTED
TRENDING NOW