Saturday, October 21, 2017 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.57 AM

ബേനസീര്‍ വധം : സുരക്ഷ നല്‍കിയാല്‍ കോടതിയില്‍ ഹാജരാകാമെന്ന്‌ മുഷാറഫ്‌; പറ്റില്ലെന്നു സര്‍ക്കാര്‍

uploads/news/2017/05/110206/in3.jpg

ഇസ്ലാമാബാദ്‌: സുരക്ഷ ഉറപ്പാക്കിയാല്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ കോടതിയില്‍ നേരില്‍ ഹാജരാകാമെന്നു പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌. രാജ്യംവിട്ടയാളുടെ ഉപാധികള്‍ അംഗീകരിക്കാനാകില്ലെന്നു സര്‍ക്കാരിന്റെ പ്രതികരണം.
അഭിഭാഷകനായ അക്‌തര്‍ ഷാ മുഖേനയാണ്‌ തന്റെ ആവശ്യം മുഷാറഫ്‌ റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയെ അറിയിച്ചത്‌. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും തുറന്ന കോടതിയില്‍ നേരിട്ടെത്തി മൊഴിനല്‍കാന്‍ തയാറാണെന്നും മുഷാറഫിന്റെ അഭിഭാഷകന്‍ അറിയിച്ചു.
നിരവധി നിരോധിത ഭീകരസംഘടനകളില്‍നിന്നുള്ള ഭീഷണിയുള്ളതിനാല്‍ പാക്‌ പ്രതിരോധ മന്ത്രാലയം ഇതിനാവശ്യമായ പഴുതടച്ച സുരക്ഷ ഒരുക്കണമെന്നും ആവശ്യമുന്നയിച്ചു. എന്നാല്‍, മുഷാറഫിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി.
രാജ്യംവിട്ടയാള്‍ക്ക്‌ കോടതിക്കു മുമ്പില്‍ ഉപാധികള്‍ മുന്നോട്ടുവയ്‌ക്കാനാകില്ലെന്നും നിബന്ധനകള്‍ നിര്‍ദേശിക്കാനാകില്ലെന്നുമാണു പാക്‌ സര്‍ക്കാരിന്റെ നിലപാട്‌.
പാകിസ്‌താനിലെത്തി കോടതിയില്‍ ഹാജരായശേഷം ദുബായിലേക്കു സുരക്ഷിതനായി തിരിച്ചുപോകാനാകുമെന്നു ഉറപ്പുനല്‍കണമെന്നും സൈന്യം ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട്‌ ഈ മാസം അഞ്ചിന്‌ മുഷാറഫ്‌ റാവല്‍പിണ്ടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

Ads by Google
Advertisement
Saturday 20 May 2017 01.57 AM
YOU MAY BE INTERESTED
TRENDING NOW