Monday, December 11, 2017 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.56 AM

അസാന്‍ജിനെതിരായ പീഡനക്കേസ്‌ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു

സ്‌റ്റോക്‌ഹോം: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ്‌ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരേ ചുമത്തിയിരുന്ന ബലാത്സംഗക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സ്വീഡന്റെ തീരുമാനം. ഏഴുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ കേസ്‌ അവസാനിപ്പിക്കുന്നതായി സ്വീഡിഷ്‌ പ്രോസിക്യൂട്ടര്‍മാര്‍ സ്‌റ്റോക്‌ഹോമില്‍ വാര്‍ത്താസമ്മേളനത്തിലാണു വ്യക്‌തമാക്കിയത്‌.
അറസ്‌റ്റ്‌ വാറന്റ്‌ പിന്‍വലിക്കണമെന്ന അപേക്ഷ കോടതിക്കുമുന്നില്‍ സമര്‍പ്പിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പ്രഖ്യാപനം പുറത്തുവന്നതിനുപിന്നാലെ പുഞ്ചിരിക്കുന്ന സ്വന്തം ചിത്രം മറ്റു കമന്റുകളൊന്നുംകൂടാതെ ട്വിറ്ററില്‍ പോസ്‌റ്റ്‌ ചെയ്‌താണ്‌ അസാന്‍ജ്‌ സന്തോഷം ്രപകടിപ്പിച്ചത്‌. എന്നാല്‍ അസാന്‍ജ്‌ ഇക്വഡോര്‍ എംബസിയില്‍നിന്നു പുറത്തിറങ്ങുന്നപക്ഷം അറസ്‌റ്റ്‌ ചെയ്യാന്‍ വകുപ്പുണ്ടെന്നു ബ്രിട്ടീഷ്‌ പോലീസ്‌ അറിയിച്ചു.
ഇന്റര്‍പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടീസിന്റെ അടിസ്‌ഥാനത്തില്‍ ലണ്ടനില്‍ അറസ്‌റ്റ്‌വരിക്കുമ്പോള്‍ അംഗീകരിച്ചിരുന്ന വ്യവസ്‌ഥകള്‍ അസാന്‍ജ്‌ ലംഘിച്ചെന്നു കാട്ടിയാണ്‌ ബ്രിട്ടീഷ്‌ പോലീസ്‌ നിലപാടു വ്യക്‌തമാക്കിയത്‌. സ്വീഡനിലേക്കു നാടുകടത്തുന്നതിനു മുന്നോടിയായി 2012 ജൂണ്‍ 29 നു മുമ്പ്‌ കീഴടങ്ങാനുള്ള നിര്‍ദേശം അസാന്‍ജ്‌ നിരാകരിച്ചെന്നും ബ്രിട്ടീഷ്‌ നിയമപ്രകാരം ഇത്‌ പിഴയ്‌ക്കും ഒരുവര്‍ഷത്തെ ജയില്‍ശിക്ഷയ്‌ക്കും അര്‍ഹമാണെന്നുമാണു ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ വാദം.
2010 ഓഗസ്‌റ്റിലാണ്‌ പീഡനക്കേസിന്‌ ആസ്‌പദമായ സംഭവം. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്വീഡനിലെത്തിയപ്പോള്‍ അസാന്‍ജ്‌ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു മുന്‍ വിക്കിലീക്‌സ്‌ വളണ്ടിയറാണ്‌ ആക്ഷേപം ഉന്നയിച്ചത്‌. കേസെടുത്ത്‌ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചതിനുപിന്നാലെ 2012-ല്‍ അസാന്‍ജ്‌ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. തന്ത്രപ്രധാന രേഖകള്‍ പുറത്തുവിട്ടതിലൂടെ യു.എസിന്റെ കണ്ണിലെ കരടായ തന്നെ അമേരിക്കയ്‌ക്കു കൈമാറാനുള്ള തന്ത്രത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു അസാന്‍ജിന്റെ വാദം. കഴിഞ്ഞവര്‍ഷം നവംബറില്‍ സ്വീഡിഷ്‌ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ അന്വേഷണോദ്യോഗസ്‌ഥര്‍ എംബസിയിലെത്തി അസാന്‍ജിനെ ചോദ്യം ചെയ്‌തിരുന്നു. നിരപരാധിയാണെന്നു വ്യക്‌തമാക്കുന്ന തന്റെ വാദങ്ങള്‍ നിരത്തി 19 പേജുള്ള സത്യവാങ്‌മൂലം ഡിസംബറില്‍ അസാന്‍ജ്‌ പുറത്തുവിട്ടിരുന്നു.
ഒടുവില്‍ ഏഴുവര്‍ഷത്തെ അന്വേഷണത്തിനുശേഷം സ്വീഡന്റെ പ്രഖ്യാപനമെത്തിയത്‌ അസാന്‍ജിന്‌ ആശ്വാസമായി. ഇതോടെ എംബസിയിലെ അഞ്ചുവര്‍ഷത്തെ സ്വയംവരിച്ച തടങ്കലില്‍നിന്ന്‌ മോചിതനാകാനും അസാന്‍ജിനു കളമൊരുങ്ങി.

Ads by Google
Saturday 20 May 2017 01.56 AM
YOU MAY BE INTERESTED
TRENDING NOW