Tuesday, July 25, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Saturday 20 May 2017 01.49 AM

വനംവകുപ്പ്‌ ബംഗ്ലാവിന്‌ സമീപം യുവാവിനെ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്‌റ്റില്‍

uploads/news/2017/05/110196/c5.jpg

നിലമ്പൂര്‍: വുഡ്‌ ഇന്‍ഡസ്‌ട്രീസിന്റെ എതിര്‍ വശത്തുള്ള വനംവകുപ്പിന്റെ പഴയ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്‌ സമീപം യുവാവിനെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്‌റ്റില്‍. വടപുറം സ്വദേശി പുളിക്കല്‍ മേരി ബാബു എന്ന മുസ്‌തഫ ബാബു(40)നെ നിലമ്പൂര്‍ സിഐ കെഎം ദേവസ്യ അറസ്‌റ്റു ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പറയുന്നതിങ്ങനെ: കൊലചെയ്യപ്പെട്ട വടപുറം സ്വദേശി പട്ടുണ്ടന്‍ ഫൈസലും ബാബുവും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്‌. ഫൈസല്‍ കനോലി പ്ലോട്ടിനു സമീപം കരിമ്പുജ്യൂസ്‌ കട നടത്തിവരികയായിരുന്നു. സ്‌ഥിരമായി ഇവിടെ സന്ദര്‍ശകനായിരുന്ന മേരി ബാബു മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്‌. ഇയാള്‍ വുഡ്‌ ഇന്‍ഡസ്‌ട്രീസില്‍ നിന്നും ഈ അടുത്ത കാലത്തായി മോഷണം നടത്തിയിരുന്നു. ഈ വിവരം വനംവകുപ്പിനെ അറിയിക്കുമെന്ന്‌ ഫൈസല്‍ മേരി ബാബുവിനോട്‌ പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ മോഷണം നടത്തുന്നില്ലെന്നായിരുന്നു ബാബുവിന്റെ മറുപടി.
ഇതുമായി ബന്ധപ്പെട്ട്‌ ഫൈസല്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പത്തെ വെള്ളിയാഴ്‌ചയും ഞായറാഴ്‌ചയും വാക്കുതര്‍ക്കമുണ്ടായിരുന്നു. തിങ്കളാഴ്‌ച രാവിലെ ഫൈസലിന്റെ സുഹൃത്തുക്കളായ വിജയന്‍, ഹൈദര്‍ എന്നിവര്‍ കനോലി പ്ലോട്ടിലെത്തിയപ്പോള്‍ കരിമ്പ്‌ എത്താത്തതിനാല്‍ ഫൈസലിന്റെ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവര്‍ ഇരുചക്രവാഹനത്തില്‍ ഫൈസലിന്റെ വടപുറത്തെ വീട്ടിലെത്തി. ഹൈദര്‍ ബാബുവിനെ വീട്ടിലേക്ക്‌ ക്ഷണിച്ചെങ്കിലും ഫൈസലുമായുള്ള വഴക്കിനെ തുടര്‍ന്ന്‌ താന്‍ വരില്ലെന്ന്‌ അറിയിക്കുകയായിരുന്നു. ഇതോടെ ഫൈസല്‍ നേരിട്ട്‌ ബാബുവിനെ വിളിച്ചുവരുത്തുകയായിരുന്നു. പതിനൊന്നരയോടെ നാല്‌ പേരും ചേര്‍ന്ന്‌ ബിവറേജില്‍ നിന്നും വാങ്ങിയ മദ്യവുമായി പഴയ ഐബിയിലേക്ക്‌ പോയി. നാല്‌ പേരും ചേര്‍ന്ന്‌ മദ്യപിച്ച ശേഷം ഫൈസലും ബാബുവും ബിവറേജില്‍ പോയി വീണ്ടും മദ്യം വാങ്ങി സംഭവസ്‌ഥലത്തെത്തി. ഒരു മണിയോടെ കല്യാണത്തിന്‌ സംബന്ധിക്കണമെന്ന്‌ പറഞ്ഞ്‌ ഹൈദറും വിജയനും മടങ്ങി.
ഇതിന്‌ ശേഷം ബാക്കിയുണ്ടായിരുന്ന മദ്യം ഇരുവരും ചേര്‍ന്ന്‌ കഴിക്കുകയും വുഡ്‌ ഇന്‍ഡസ്‌ട്രീസിലെ മോഷണം പുറത്ത്‌ പറയുമോ എന്ന്‌ മേരി ബാബു ഫൈസലിനോട്‌ ചോദിക്കുകയും പറയുമെന്ന്‌ പറഞ്ഞതോടെ അടിപിടിയില്‍ കലാശിക്കുകയായിരുന്നു. സമീപത്ത്‌ കിടന്ന കല്ലെടുത്ത്‌ മേരിബാബുവിനെ ഇടിക്കാന്‍ ഫൈസല്‍ ശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞ്‌ വീഴുകയായിരുന്നു. ഇതോടെ ഫൈസലിന്റെ കൈവശമിരുന്ന കല്ലെടുത്ത്‌ മേരിബാബു ഫൈസലിന്റെ തലക്കടിക്കുകയായിരുന്നു. തുടര്‍ന്ന്‌ വീട്ടിലേക്ക്‌ മടങ്ങിയ ബാബു ഒരു മണിക്കൂറിന്‌ ശേഷം സംഭവസ്‌ഥലത്ത്‌ തിരിച്ചുവന്നു നോക്കുമ്പോള്‍ ഫൈസല്‍ മരിച്ച നിലയിലായിരുന്നു. വീണ്ടും അങ്ങാടിയിലെത്തി മുളകുപൊടി വാങ്ങി മടങ്ങിയെത്തിയ പ്രതി കല്ല്‌ വടപുറം പാലത്തിന്‌ സമീപം കുതിരപ്പുഴയില്‍ ഇടുകയും പോലീസ്‌ നായ്‌ മണം പിടിക്കാതിരിക്കാന്‍ കല്ലുമായി പോയ വഴിയില്‍ മുളകുപൊടി വിതറുകയും ചെയ്‌തു. മുളക്‌പൊടിയുടെ കവര്‍ കുപ്പിയിലാക്കി ഭദ്രമായി കാട്ടിലുപേക്ഷിക്കുകയും ചെയ്‌തു. ഇട്ടിരുന്ന ഷര്‍ട്ടും മുണ്ടും റോഡിന്‌ എതിര്‍ വശത്തുള്ള കാട്ടില്‍ ഒളിപ്പിക്കുകയും ചെയ്‌തു. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നാല്‌ ഭാഗങ്ങളായി തിരിഞ്ഞാണ്‌ പോലീസ്‌ അന്വേഷണം നടത്തിയത്‌. മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടാനായത്‌ പോലീസിന്‌ നേട്ടമായി. 14 പേരെയാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ചോദ്യം ചെയ്‌തത്‌. കൊലകുറ്റത്തിനാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. സിഐ കെ എം ദേവസ്യ, എസ്‌ ഐ: പി പ്രദീപ്‌ കുമാര്‍, എ.എസ്‌.ഐ അസൈനാര്‍, സുനില്‍, സി.ഐ സ്‌ക്വാഡിലെ രജേഷ്‌ കുട്ടപ്പന്‍, ടിടി ബിനോബ്‌, പി.സി വിനോദ്‌, അജീഷ്‌, ജയരാജ്‌, മാത്യു, ഡബ്ല്യൂസിപിഒ റഹിയാനത്ത്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മതം മറിയതോടെയാണ്‌ മേരി ബാബു മുസ്‌തഫ ബാബുവായത്‌.

Ads by Google
Saturday 20 May 2017 01.49 AM
YOU MAY BE INTERESTED
TRENDING NOW