Sunday, February 25, 2018 Last Updated 13 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.49 AM

നാവിക അക്കാഡമിയിലെ കേഡറ്റിന്റെ മരണം പീഡനം മൂലമെന്നു പോലീസ്‌

uploads/news/2017/05/110189/c6.jpg

കണ്ണൂര്‍: ഏഴിമല നാവിക അക്കാഡമിയില്‍ കേഡറ്റ്‌ മരിച്ചതു പീഡനം മൂലമെന്നു പോലീസ്‌. മരിച്ച കേഡറ്റ്‌ ഗൂഡപ്പ സൂരജിന്റെ ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തതായും പരിശീലകര്‍ പീഡിപ്പിച്ചതായി കുറിപ്പിലുണ്ടെന്നും പോലീസ്‌ വ്യക്‌തമാക്കി. അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരിക്കുന്നത്‌. നാവിക അക്കാദമി ഉദ്യോഗസ്‌ഥര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്നും പോലീസ്‌ അറിയിച്ചു.
മലപ്പുറം താനാളൂര്‍ പുത്രക്കാട്ട്‌ ഹൗസില്‍ വിരമിച്ച നാവികസേന ഉദ്യോഗസ്‌ഥന്‍ കര്‍ണാടകയിലെ ഗുഡെപ്പ രമണയുടെയും തിരൂരിലെ പുഷ്‌പലതയുടെയും മകനാണു സൂരജ്‌. ഏഴിമല നാവിക അക്കാഡമിയിലെ കെട്ടിടമായ ആര്യഭട്ട ബ്ലോക്കിന്റെ മുറ്റത്ത്‌ ഗുരുതരമായി പരുക്കേറ്റ്‌ അബോധാവസ്‌ഥയിലാണ്‌ സൂരജിനെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സൂരജ്‌ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു.
കുറച്ചു ദിവസങ്ങളായി അധികൃതര്‍ സൂരജിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അക്കാഡമിയില്‍ സെയിലറായിരുന്ന സൂരജ്‌ പരീക്ഷയെഴുതിയാണ്‌ കേഡറ്റാകുന്നതിനുള്ള യോഗ്യത നേടിയത്‌. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ നാവിക ഉദ്യോഗസ്‌ഥര്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നു സൂരജ്‌ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവു നേടുകയും ചെയ്‌തു. എന്നാല്‍ കോടതി ഉത്തരവു നടപ്പാക്കുന്നതിനും നാവിക ഉദ്യോഗസ്‌ഥര്‍ തയാറായില്ല. തുടര്‍ന്നു കോടതിയലക്ഷ്യത്തിനു സൂരജ്‌ കോടതിയെ സമീപിക്കുകയും ഉദ്യോഗസ്‌ഥരോടു ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു.
നേവിയില്‍ സെയിലര്‍ പോസ്‌റ്റില്‍ 2010 ലാണ്‌ സൂരജ്‌ ജോലിയില്‍ ചേര്‍ന്നത്‌. ഇതിനിടയില്‍ പരീക്ഷയെഴുതി ഓഫീസര്‍ പോസ്‌റ്റില്‍ പ്രവേശിച്ചു. 2013 ലാണ്‌ പരിശീലനത്തിനായി ഏഴിമലയില്‍ എത്തിയത്‌. ചതിയിലൂടെയാണ്‌ ഓഫീസര്‍ സെലക്‌ഷന്‍ നേടിയതെന്ന്‌ ആരോപിച്ച്‌ സൂരജിനെ അക്കാഡമി അധികൃതര്‍ പീഡിപ്പിച്ചിരുന്നെന്നാണ്‌ ആരോപണം. 2015 ല്‍ രണ്ടാം സെമസ്‌റ്റര്‍ പരിശീലനത്തിനിടെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പിരിച്ചുവിടുകയും ചെയ്‌തിരുന്നു.
എന്നാല്‍ സൂരജ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി നിയമ പോരാട്ടം നടത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ഏഴിമലയിലെ നാവിക സേനാ മേധാവിക്കെതിരേ രൂക്ഷമായ വിമര്‍ശനത്തോടെ സൂരജിന്‌ അനുകൂലമായി ഹൈക്കോടതി വിധി പുറത്തുവന്നത്‌. ഇതോടെ സൂരജിനെ തിരിച്ചെടുത്തു.
ഫെബ്രുവരിയില്‍ തന്നെ വീണ്ടും പരിശീലനത്തിനു സൂരജ്‌ തിരികെ ഏഴിമലയില്‍ എത്തി. അന്നു മുതല്‍ നിരന്തരം പീഡനമായിരുന്നുവെന്ന്‌ ഫോണില്‍ സൂരജ്‌ അറിയിച്ചിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു.

Ads by Google
Saturday 20 May 2017 01.49 AM
YOU MAY BE INTERESTED
TRENDING NOW