Tuesday, June 19, 2018 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Saturday 20 May 2017 01.34 AM

ഒന്നാം പിറന്നാളിന്‌ ഒരു'മെയ്‌ക്ക്‌ ഓവര്‍' ആശംസ

uploads/news/2017/05/110151/bft1.jpg

കോണ്‍ഗ്രസ്‌ എന്ന മഹത്തായ പ്രസ്‌ഥാനത്തെ നയിക്കാനുള്ള തയാറെടുപ്പ്‌ രാഹുല്‍ ഗാന്ധി തുടങ്ങിയിട്ടു വര്‍ഷങ്ങളായി. പ്രബേഷന്‍ പൂര്‍ത്തിയാക്കി അധ്യക്ഷപദവിയില്‍ സ്‌ഥിരനിയമനം ആയിട്ടില്ല. ഇതുവരെയുള്ള പ്രകടനത്തിനു പൂജ്യം മാര്‍ക്ക്‌ നല്‍കി പഴയ യൂത്ത്‌ കോണ്‍ഗ്രസുകാരന്‍ സി.ആര്‍. മഹേഷ്‌ പുറത്തുപോയിട്ട്‌ അധികനാളായില്ല. കേരളത്തില്‍ സി.പി.എമ്മിന്റെ രാഹുല്‍ ഗാന്ധിയാണ്‌ മുഖ്യമന്ത്രിയായ പിണറായി വിജയന്‍! അത്‌ എങ്ങനെ ശരിയാകും? 100 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ ബി.ജെ.പി. എം.എല്‍.എ: ഒ. രാജഗോപാല്‍ പോലും പത്തില്‍ അഞ്ചു മാര്‍ക്ക്‌ പിണറായി സര്‍ക്കാരിനു നല്‍കിയിരുന്നു. ഡോ.ഡി. ബാബുപോള്‍ പത്തില്‍ ഏഴുമാര്‍ക്ക്‌ സര്‍ക്കാരിനു നല്‍കി.

രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബിയെന്നാണ്‌ കോണ്‍ഗ്രസുകാര്‍പോലും വിശേഷിപ്പിച്ചിട്ടുള്ളത്‌. കല്ലുപോലെ ഉറച്ച പിണറായിയുടെ നിലപാടിനെക്കുറിച്ച്‌ എതിരാളികള്‍ക്കുപോലും എതിരഭിപ്രായമുണ്ടാകില്ല. ഉറപ്പുള്ളതും ഉറപ്പില്ലാത്തതുമായ രണ്ട്‌ വസ്‌തുക്കളെ എങ്ങനെ ഒന്നുപോലെയെന്നു പരസ്‌പരം താരതമ്യം ചെയ്യും? 100 ദിവസത്തെ ഭരണത്തിനു നല്ലമാര്‍ക്കു നല്‍കിയ രാജഗോപാലും ബാബുപോളും ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിനു എത്രമാര്‍ക്കു നല്‍കും? പാസ്‌മാര്‍ക്ക്‌ പ്രതീക്ഷിക്കാന്‍ പാര്‍ട്ടിക്കാര്‍ക്കേ കഴിയൂ. പിണറായിയുടെയും രാഹുലിന്റെയും സവിശേഷതകളുടെ അടിസ്‌ഥാനത്തിലല്ല, നേതാക്കളായ രണ്ടുപേരേയും കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ താരതമ്യം.

പിണറായിയാണ്‌ പാര്‍ട്ടി, പിണറായി പറയുന്നതാണ്‌ സി.പി.എം. പറയുന്നതെന്ന വിശ്വാസത്തിന്‌ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അതുപോലെ, രാഹുല്‍ ഗാന്ധി ജനിച്ചതേ കോണ്‍ഗ്രസിനെ നയിക്കാന്‍ വേണ്ടിയാണെന്ന വിശ്വാസത്തിനും മാറ്റമില്ല . ഇത്രകാലമായിട്ടും കോണ്‍ഗ്രസിനെ നയിക്കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കാന്‍ രാഹുലിനു കഴിഞ്ഞിട്ടില്ല. പിണറായിയാകട്ടെ കഴിഞ്ഞ ഒരു വര്‍ഷവും കേരളത്തെ നയിക്കാനുള്ള പരിശീലനത്തിലായിരുന്നു . ഓരോ വീഴ്‌ച്ചയ്‌ക്കുശേഷവും പുതിയ ഉപദേശകരുണ്ടായി എന്നതാണ്‌ ഈ പരിശീലനകാലത്തെക്കുറിച്ച്‌ മലയാളികളെ വീണ്ടും വീണ്ടും ഒര്‍മ്മിപ്പിച്ചുകൊണ്ടിരുന്നത്‌. ഉപദേശകരുടെ എണ്ണം ഏഴോ, എട്ടോ? മുഖ്യമന്ത്രിക്കുപോലും തിട്ടമില്ലാത്തതിനാല്‍ ഉറപ്പിച്ചു പറയുന്നതില്‍ അര്‍ഥമില്ല. രണ്ടുപേരും, രാഹുലും പിണറായിയും പരിശീലനം വിജയകരമാക്കി ഒരു മെയ്‌ക്ക്‌ ഓവര്‍, സമീപനത്തിലും നിലപാടിലും പ്രദര്‍ശിപ്പിക്കുന്നതുവരെ പരസ്‌പരമുള്ള താരതമ്യത്തിനു അര്‍ഹരാണെന്നു സാദാമലയാളി (കള്‍) വിശ്വസിക്കുന്നു. കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ്‌ പിണറായി വിജയന്‍. ജനക്ഷേമപ്രവര്‍ത്തനത്തിന്‌ കൈയടിനേടിയാണ്‌ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയത്‌. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കിയും അത്‌ ഓരോരുത്തര്‍ക്കും എത്തിച്ചും അഭിനന്ദനം നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
കഴിഞ്ഞ ഓണക്കാലം സാധാരണജനങ്ങളെ സംബന്ധിച്ച്‌ ആമോദത്തോടെ കടന്നുപോയി. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നു. പിന്നീടാണ്‌ അരിയില്ലാതായതും വില പിടിച്ചാല്‍ കിട്ടാതായതും. ലോ അക്കാദമി സമരവും ജിഷ്‌ണുവിന്റെ ദുരൂഹമരണവും അമ്മ മഹിജയുടെ പ്രതിഷേധ സമരവുമൊക്കെ ഈ മന്ത്രിസഭയ്‌ക്കു മങ്ങലേല്‍പ്പിച്ച സംഭവങ്ങളായി. കഴിഞ്ഞ 11 മുഖ്യമന്ത്രിമാരുടേയും കാലത്ത്‌ സംഭവിച്ച കാര്യങ്ങള്‍ക്ക്‌ അപ്പുറം പെട്ടന്ന്‌ ചൂണ്ടിക്കാണിക്കാവുന്ന രണ്ട്‌ സംഭവങ്ങളേ കഴിഞ്ഞ 12 മാസത്തിനിടെ മുഖ്യമായും സംഭവിച്ചതായി കാണാന്‍ കഴിയുന്നുള്ളൂ. ജിഷ്‌ണു സംഭവത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ 18 ലക്ഷം രൂപ നല്‍കി പ്രസിദ്ധീകരിച്ച പരസ്യത്തിനും സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനു തിരിച്ചടിയേകി സുപ്രീം കോടതി നല്‍കിയ ഉത്തരവിനും മുന്‍മാതൃകകളുണ്ടാവില്ലെന്ന്‌ ഉറപ്പ്‌.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പരസ്യപ്പെടുത്തുക പതിവാണ്‌. പക്ഷേ, ജിഷ്‌ണുവിഷയം ആ പട്ടികയില്‍ വരില്ലല്ലോ. ജിഷ്‌ണുവിന്റെ അമ്മ മഹിജയുടെ കണ്ണീരും പ്രതിഷേധവും പൊള്ളിച്ചപ്പോള്‍ സര്‍ക്കാര്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്‌തു, അതു മനസിലാക്കാത്തവര്‍ ഇനിയെങ്കിലും ഞങ്ങളെ വിശ്വസിക്കൂ എന്ന ചങ്കെടുത്തുകാട്ടിയുള്ള വെളിപ്പെടുത്തലായിരുന്ന ആ പരസ്യം. പത്രപ്രസ്‌താവനയേക്കാള്‍ വിശദമായി, കൃത്യമായി, കൂടുതല്‍ ആളുകള്‍ക്ക്‌ യഥാര്‍ഥവശം മനസിലാകുന്നതിനുവേണ്ടിയാണ്‌ പരസ്യം നല്‍കിയതെന്ന്‌ മുഖ്യമന്ത്രി വെളിപ്പെടുത്തുകയും ചെയ്‌തു.

ജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്നതിനു വേണ്ടിയാണ്‌ അത്തരത്തില്‍ ഒരു പരസ്യം നല്‍കിയത്‌. നല്ല രീതിയില്‍ ജനത്തെ ആഴത്തില്‍ സ്വാധീനിക്കണമെന്ന്‌ ആഗ്രഹിക്കാത്ത ഏത്‌ ജനനേതാവ്‌ ആണുള്ളത്‌?
സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്‌ഥാനത്തിലാണ്‌ മഹിജ തിരുവനന്തപുരത്തെ സമരം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങിയത്‌. ആഴ്‌ചകള്‍ക്കുശേഷവും, കരാര്‍പാലിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന്‌ മഹിജ വേദനയോടെയും പ്രതിഷേധത്തോടെയും പറയുമ്പോള്‍ സര്‍ക്കാരിന്റെ വിലകൂടിയ പരസ്യത്തേക്കാള്‍ ജനത്തെ ആഴത്തില്‍ സ്വാധീനിക്കുന്നത്‌ ആ അമ്മയുടെ വാക്കുകളായി. സെന്‍കുമാര്‍ വിഷയത്തില്‍ പുനര്‍നിയമന ഉത്തരവ്‌ നടപ്പിലാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്നറിയാമെന്ന സുപ്രീം കോടതിയുടെ സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്‌ സാധാരണക്കാരന്റെ കാതില്‍ മുഴങ്ങുന്നത്‌. അതു കേട്ട്‌ പിണറായിപോലും നടുങ്ങിയിട്ടുണ്ടാകും. കുരിശുനാട്ടി കൈയേറ്റം ഉറപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക്‌ ആശ്വാസകരമായി മുഖ്യമന്ത്രിയില്‍ നിന്ന്‌ പരാമര്‍ശമുണ്ടായപ്പോള്‍ അതിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ച രാഷ്‌ട്രീയകൗശലമാണ്‌ ജനത്തെ ആഴത്തില്‍ സ്വാധീനിച്ചത്‌. ജനപക്ഷ നിലപാട്‌ എന്നത്‌ ജനങ്ങളെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല. അതിലൊരു അടുപ്പമുണ്ട്‌, ജനങ്ങളും ഭരണാധികാരിയും തമ്മില്‍ മനസുകൊണ്ടുള്ള അടുപ്പം.

അഴിമതിക്കെതിരേ സമരപ്രഖ്യാപനം നടത്തി, ജേക്കബ്‌ തോമസിനെ വിജിലന്‍സ്‌ ഡയറക്‌ടറാക്കിയാണ്‌ പിണറായി അധികാരമേറ്റത.്‌ ജേക്കബ്‌ തോമസ്‌ ലാവണം വിട്ടതോടെ, അദ്ദേഹം അഴിമതിക്കെതിരായ ഒറ്റമൂലി അല്ലെങ്കിലും അഴിമതിക്കാരുടെ മുഴങ്ങുന്ന ചിരിയാണ്‌ കേരളീയര്‍ കേള്‍ക്കുന്നത്‌. മഹിജയുടെ പോലീസ്‌ ആസ്‌ഥാനത്തിനു മുന്നിലെ സമരത്തിനെതിരേ പോലീസ്‌ സ്വീകരിച്ച നടപടി സര്‍ക്കാരിനെ മോശമാക്കുന്നതരത്തിലായിപ്പോയെന്ന്‌ മുതിര്‍ന്ന നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും എം.എ. ബേബിയും വിമര്‍ശിച്ചിരുന്നു. എന്നാല്‍, പോലീസിനെ ന്യായീകരിച്ചുകൊണ്ട്‌ മുഖ്യമന്ത്രി രംഗത്തുവന്നു. പിണറായി തള്ളിയ ബേബിയെ സി.പി.എമ്മും തള്ളി!

ആരോപണവിധേയരായ രണ്ടു മന്ത്രിമാരെ ഉടനടി രാജിവയ്‌പ്പിച്ച്‌ മന്ത്രിസഭയുടെ പ്രതിച്‌ഛായ കാക്കുന്നതില്‍ പിണറായി വഹിച്ച പങ്ക്‌ വലുതായിരുന്നു. ഒരു പാര്‍ട്ടിപ്രവര്‍ത്തകനെപ്പോലെയാണ്‌ മുഖ്യമന്ത്രി പെരുമാറുന്നതെന്ന്‌ നിയമസഭയില്‍ പ്രതിപക്ഷത്തിനു പറയേണ്ടിവന്നു. സഭയില്‍ പ്രതിപക്ഷത്തിനെതിരേ, എം.എ ബേബിക്കെതിരേ സി.പി.ഐക്കെതിരേ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരം തീക്ഷ്‌ണതയോടെ വേറിട്ടു കേള്‍ക്കുന്ന പതിവു തുടര്‍ന്നു. സി.പി.എം. സെക്രട്ടറിയായിരുന്നപ്പോഴുള്ള അതേ കനത്തസ്വരം. സംഭവം അതാണ്‌ , സി.പി.എം സെക്രട്ടറിയില്‍നിന്ന്‌ സമ്പൂര്‍ണമായൊരു മെയ്‌ക്ക്‌ ഓവര്‍, മുഖ്യമന്ത്രിയിലേക്ക്‌ അതാണ്‌ വേണ്ടത്‌. അങ്ങനെ സംഭവിച്ചാല്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം ഇതുവരെ കണ്ടതുപോലെ ആകില്ല . ഏതായാലും മുഖ്യമന്ത്രിക്കും ടീമിനും ഒന്നാംപിറന്നാളിന്‌ മുന്‍കൂറായി ഒരു മെയ്‌ക്ക്‌ ഓവര്‍ ആശംസ.

Ads by Google

സാദാ മലയാളി

RAJESH MULAKKULAM
RAJESH MULAKKULAM
Saturday 20 May 2017 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW