Monday, May 21, 2018 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 19 May 2017 08.14 PM

കാണാം, ഗോദ

നല്ല നിലയില്‍ അണിയിച്ചൊരുക്കിയ കണ്ടിരിക്കാവുന്ന എന്റര്‍ടെയ്‌നറാണ് ഗോദ. സ്‌ക്രിപ്റ്റിലെ ഓട്ടകളേയും ഉത്തരമില്ലാത്ത ചോദ്യങ്ങളെയും അവതരണമികവു കൊണ്ടും ആഖ്യാനത്തിലെ സൂത്രപ്പണി കൊണ്ടും മറികടക്കുന്ന ഗോദയ്ക്ക് ഒരു റിഫ്രഷിങ് ലുക്കുണ്ട്. അത്ര പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളുണ്ട്.
Godha review, second show

മുത്താരംകുന്ന് പി.ഒ. എന്ന സിബി മലയില്‍ ശ്രീനിവാസന്‍ സിനിമയ്ക്ക് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നാട്ടിന്‍പുറത്തെ ഗാട്ടാ ഗുസ്തിയുടെ കഥ രസകരമായി പറഞ്ഞ ആ കൊച്ചുതമാശക്കഥ ഇന്നും ജഗതിയുടെയും മുകേഷിന്റെയും ട്രോളുകളിലൂടെ പുതുതലമുറയ്ക്കിടയില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. അതിനിടയിലാണ് ബേസില്‍ ജോസഫ് വീണ്ടും ഗുസ്തിയെ കേരളത്തിലെ നാട്ടിന്‍പുറത്തേക്ക് 'ഗോദയിലൂടെ' എത്തിക്കുന്നത്, അതും ദംഗലിന്റേയും ഇരുട്ടി സുട്രുവിന്റേയും സുല്‍ത്താന്റെയും മല്ലയുദ്ധങ്ങള്‍ ജനം സ്വീകരിച്ച കാലത്ത്. ആഖ്യാനപരമായും പ്രമേയപരമായും കാര്യമായ സാമ്യമൊന്നുമില്ലെങ്കിലും മുത്താരംകുന്ന് പി.ഒയെ അനുസ്മരിപ്പിക്കുന്നുണ്ട് ഗോദ.

ഫസ്റ്റ് ഇംപ്രഷന്‍: നല്ല നിലയില്‍ അണിയിച്ചൊരുക്കിയ കണ്ടിരിക്കാവുന്ന എന്റര്‍ടെയ്‌നറാണ് ഗോദ. സ്‌ക്രിപ്റ്റിലെ ഓട്ടകളേയും ഉത്തരമില്ലാത്ത ചോദ്യങ്ങളെയും അവതരണമികവു കൊണ്ടും ആഖ്യാനത്തിലെ സൂത്രപ്പണി കൊണ്ടും മറികടക്കുന്ന ഗോദയ്ക്ക് ഒരു റിഫ്രഷിങ് ലുക്കുണ്ട്. അത്ര പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളുണ്ട്. പരമ്പരാഗത സ്‌പോര്‍ട്‌സ് സിനിമകളുടെ ക്ലീഷേ വഴിയിലേക്കു പോകാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ചെറിയ തമാശകളിലുടെ മുന്നേറാന്‍ ശ്രമിക്കുന്ന ശൈലിയാണു സിനിമയുടേത്, ഒരു ലൈറ്റ് എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ തൃപ്തികരം.

Godha review, second show

വീണ്ടുവിചാരം: സ്‌പോര്‍ട്‌സ് സിനിമയാണെങ്കിലും ആ ഒരു ഊര്‍ജം പലയിടത്തും നഷ്ടമാകുന്നുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച്, പലതുംഅര്‍ധോക്തിയില്‍ നിര്‍ത്തി കൃത്യം രണ്ടുമണിക്കൂറില്‍ അവസാനിപ്പിക്കുന്നതു കൊണ്ട് ചിലയിടങ്ങളിലൊക്കെ അപൂര്‍ണത ഫീല്‍ ചെയ്യുന്നുണ്ട്. ദൈര്‍ഘ്യം കുറയ്ക്കാനുള്ളഅനാവശ്യശ്രമം ചിലയിടത്തൊക്കെ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ആദ്യപകുതി വളരെ, വ്യത്യസ്തമായ ആധികാരികമായ ഒരു സ്‌പോര്‍ട്‌സ് സിനിമയാണെന്ന ധാരണ സൃഷ്ടിച്ച് ആവേശത്തിലാക്കുമെങ്കിലും കാര്യമായ സംഭവങ്ങളോ, ഡ്രാമയോ ഇല്ലാത്ത രണ്ടാംപകുതി ആ ഫീല്‍ നിലനിര്‍ത്തുന്നില്ല. എങ്കിലും വേറിട്ട ഒരു സിനിമയെന്ന നിലയില്‍, ചെറിയ നര്‍മങ്ങളും രസകരമായ കാഴ്ചകളുമെന്ന നിലയില്‍ ഒരു തവണ കണ്ടിരിക്കാവുന്ന കാഴ്ചകളൊക്കെ ഈ ഗോദയിലുണ്ട്.

പുതിയ മെയ്ക്കിങ്, പുതിയ സിനിമ: കുഞ്ഞിരാമായണം എന്ന സിനിമ ഒരു സര്‍പ്രൈസ് ഹിറ്റായിരുന്നു. 'സള്‍സ' എന്ന വിലകുറഞ്ഞ ബ്രാന്‍ഡ് മദ്യത്തെക്കുറിച്ചും, നാട്ടില്‍ മുടങ്ങിപ്പോകുന്ന കല്യാണത്തെക്കുറിച്ചും മാത്രം പറഞ്ഞ് നാട്ടിന്‍പുറ തമാശകളെ വിജയത്തിലെത്തിച്ച കരവിരുത് ബേസില്‍ ജോസഫ് എന്ന നവാഗത സംവിധായകന് കരുത്തുനല്‍കിയിരിക്കണം. ആ കരുത്തിന്റെ ബലത്തിലാണ് കുറച്ചുകൂടി വലിയ ക്യാന്‍വാസില്‍ ഗോദ എന്ന സിനിമ അണിയിച്ചൊരുക്കിയത്. പൊതുവേ സ്‌പോര്‍ട്‌സ് സിനിമകള്‍ക്കു മാര്‍ക്കറ്റുള്ള കാലമാണിത്, മലയാളത്തിലും. ഈ സീസണില്‍ തന്നെ ജോര്‍ജേട്ടന്‍സ് പൂരം, രക്ഷാധികാരി ബൈജു എന്നീ സിനിമകളും നാട്ടിന്‍പുറത്തെ കളികളെപ്പറ്റിയാണു പറഞ്ഞത്. മൈതാനം നഷ്ടമാകുന്ന ആശങ്കകളില്‍ ഈ സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ട് ഗോദയുടെ കേന്ദ്രപ്രമേയം. അതേസമയം വനിതാ ഗുസ്തിതാരങ്ങള്‍ക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധികളെപ്പറ്റി പറയുന്ന ദംഗല്‍, ഇരുട്ടി സുട്രു എന്നീ സിനിമകളുടെയും പ്രമേയങ്ങള്‍ ഗോദയുടെ ഭാഗമാകുന്നു. ഒരുഘട്ടത്തില്‍ സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ആവുമോ എന്നു സംശയം തോന്നിയെങ്കിലും സിനിമ അവിടെ നിന്നു തെന്നിമാറുന്നു. അതിനിടയില്‍ ഗുസ്തിക്കാരനായ അച്ഛനും ഗുസ്തിയോടു വിടപറഞ്ഞ മകനും തമ്മിലുള്ള വൈകാരിക സംഘര്‍ഷം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഒരേസമയം ചുരുങ്ങിയ സമയദൈര്‍ഘ്യത്തിനുള്ളില്‍ പറയാന്‍ ശ്രമിച്ചതുകൊണ്ട് പലയിടങ്ങളിലും ഒരു അപൂര്‍ണത തോന്നുന്നുണ്ട്. അതുകൊണ്ടുതന്നെ സമര്‍ഥവും എന്നാല്‍ അപൂര്‍ണവും എന്ന് ഒരേസമയം തോന്നിക്കുന്ന രചനയാണ് തിരക്കഥയൊരുക്കിയ രാകേഷ് മണ്ടോടിയുടേത്. ഒരു സ്പഷ്ടത കുറവുണ്ട്. ചിലയിടങ്ങളില്‍ ഈ സ്പഷ്ടതയില്ലായ്മ സിനിമയുടെ ആഖ്യാനശൈലിയെ തുണയ്ക്കുന്നുണ്ടെങ്കിലും രണ്ടാംപകുതിയില്‍ പലയിടത്തും കണക്ഷന്‍ കിട്ടുന്നില്ല എന്ന ഒരു ഫീല്‍ ആദ്യകാഴ്ചയിലുണ്ടായി.

Godha review, second show

പ്ലോട്ട്: ബോക്‌സിങ് റിങ്ങിനു പുറത്ത്, ലേഡീസ് ലോക്കര്‍ റൂമില്‍ തലകുമ്പിട്ടിരിക്കുന്ന, സഹോദരനാല്‍ മര്‍ദിക്കപ്പെടുന്ന അതിഥി സിങ് (വമിഖ ഖാമി) എന്ന പഞ്ചാബി വനിതാ ഗുസ്തിതാരത്തിന്റെ ദൃശ്യത്തോടെയാണു സിനിമ തുടങ്ങുന്നത്. പെട്ടെന്നു തന്നെ കണ്ണാടിക്കല്‍ എന്ന ഗ്രാമത്തിലെ മനയത്ത് വയല്‍ എന്ന മൈതാനത്തിലേയക്കും അവിടെ കളിക്കുന്ന ഏതാനും ചെറുപ്പക്കാരിലേക്കും സിനിമ പെട്ടെന്നു ഷിഫ്റ്റ് ചെയ്യുന്നു. ഈ നാട്ടിലേക്ക് അതിഥിയെ എത്തിക്കുകയും ഒരു വനിതാഗുസ്തിതാരത്തിന്റെ വരവ് സൃഷ്ടിക്കുന്ന കൗതുകങ്ങളുമാണ് സിനിമയുടെ കേന്ദ്രപ്രമേയം.
കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിനു വേണ്ടി സമയം കളയാതെ, ആവശ്യമുള്ളപ്പോള്‍ മാത്രം വിശദീകരണം നല്‍കുന്ന ശൈലിയാണു തിരക്കഥയിലും ആഖ്യാനത്തിലും സ്വകീരച്ചിരിക്കുന്നത്. വളരെ റിഫ്രഷിങ്ങാണ് ഈ ശൈലി, മലയാളത്തില്‍ അധികം കണ്ടു പരിചയമില്ലാത്ത രീതിയായതു കൊണ്ട് സിനിമയുടെ ഈ ദൃശ്യപരിചരണം കൗതുകമുണര്‍ത്തും.

എം.ടെക്കിന് പഞ്ചാബ് സര്‍കലാശാലയില്‍ ചേരുന്ന അഞ്ജനേയ ദാസ്(ടൊവിനോ തോമസ്), ഗുസ്തിക്കുവേണ്ടി നാട്ടുകാരോടു മുഴുവന്‍ തല്ലുണ്ടാക്കി നടക്കുന്ന കര്‍ക്കശക്കാരനായ ക്യാപ്റ്റന്‍(രണ്‍ജി പണിക്കര്‍), അദിതി എന്നിവരാണു സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. പഞ്ചാബിലേയ്ക്ക് പഠനത്തിനായി ദാസ് എത്തുന്നതും അദിതിയെ പരിചയപ്പെടുന്നതുമായ രംഗങ്ങളുള്ള ആദ്യപകുതിയാണ് സിനിമയുടെ ഹൈലൈറ്റ്. വളരെ ബ്രീസിയായിട്ടുള്ള ഈ രംഗങ്ങള്‍ ഗോദയ്ക്കു സ്‌പോര്‍ട്‌സ് സിനിമയുടെയല്ല ഒരു പ്രണയസിനിമയുടെ മൂഡ് സൃഷ്ടിക്കുന്നു. രണ്ടാംപകുതിയില്‍ ഗുസ്തി തന്നെ കേന്ദ്രപ്രമേയമാവുകയും സിനിമയ്ക്ക് ഒരു സ്‌പോര്‍ട്‌സ് സിനിമയുടെ മൂഡ് സൃഷ്ടിക്കാനാകുന്നുമുണ്ട്.

സംവിധാനം, സാങ്കേതികത, താരങ്ങള്‍: ബേസില്‍ ജോസഫ് മിടുക്കനായ സംവിധായകനാണ് എന്നു തെളിയിച്ചതാണ് കുഞ്ഞിരാമായണത്തിലൂടെ. ചെറിയസിനിമയില്‍നിന്നു വലിയ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ സാങ്കേതികത്തികവൊത്ത, ദൃശ്യപ്പൊലിമയുള്ള, ഉന്നത നിലവാരമുള്ള സിനിമ ഒരുക്കാന്‍ ബേസിലിനായിട്ടുണ്ട്. രചനയുടെ ദൗര്‍ബല്യങ്ങളെ മറികടക്കുന്ന സമര്‍ഥമായ ആഖ്യാനവിരുത് ബേസിലിനുണ്ട്. മിക്കരംഗങ്ങളിലും എന്റര്‍ടെയ്ന്‍മെന്റ് ഉറപ്പാക്കാന്‍ സാധിച്ചു എന്നതുതന്നെയാണ് ബേസിലിന്റെ പ്ലസ് പോയിന്റ്.

Godha review, second show

കലാസംവിധാനം, ഛായാഗ്രഹണം എന്നിവ അതീവശ്രദ്ധേയം. വിഷ്ണു ശര്‍മയുടെ ദൃശ്യങ്ങള്‍ കണ്ണിനുകുളിരാണ്. ദൃശ്യങ്ങളുടെ തികവും ഫ്രെയിമുകളുടെ ആഡംബരവും ഒരു ലോകക്ലാസ്ഫീല്‍ നല്‍കുന്നുണ്ട്. ഗുസ്തിയെയും ഗോദയേയും പരമാവധി യാഥാര്‍ഥ്യബോധത്തോടെ പകര്‍ത്തി യുക്തിസഹമാകുന്നുണ്ട്.
ടൊവിനോ തോമസ്, രണ്‍ജി പണിക്കര്‍, വമിഖ, പാര്‍വതി എന്നിവര്‍ക്കു പുറമേ അജു വര്‍ഗീസ്, ധര്‍മജന്‍, ഹരീഷ് പേരടി, മാമുക്കോയ, ബിജുക്കുട്ടന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. എല്ലാവരുടേയും പ്രകടനമികവു ശ്രദ്ധേയം. പ്രത്യേകിച്ച് പാര്‍വതിയുടേയും അജു വര്‍ഗീസിന്റേയും. ടൊവിനോയുടെ ഗുസ്തിക്കഥയാണ്ണെന്നായിരുന്നു സിനിമയിറങ്ങുംമുമ്പ് കരുതിയിരുന്നെങ്കിലും അദിതി എന്ന നായികയിലേയ്‌ക്കെത്താനുള്ള നായകനാണ് ദാസ്. പഞ്ചാബിനടിയായ വമിഖ, അതിഥിയെ ദദ്രമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഗുസ്തിരംഗങ്ങളില്‍. ടൊവിനോയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തിന് സ്ഥിരതയില്ലാത്തത് ഒരു ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെങ്കിലും അച്ഛനെ പേടിക്കുന്ന ഒരു സാധാരണചെറുപ്പക്കാനായി ടൊവിനോ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. തിരക്കഥാകൃത്തില്‍നിന്നും സ്ഥിരം സ്വഭാവനടനായി മാറിയ രണ്‍ജി പണിക്കര്‍ ശരീരംകൊണ്ടും ഫയല്‍വാനായി മാറിയ കാഴ്ച കൗതുകമുളവാക്കുന്നതാണ്. ക്യാപ്റ്റന്‍ എന്ന കഥാപാത്രത്തിനു തുടക്കത്തിലുള്ള ബില്‍ഡ്അപ്പ് പിന്നീട് നിലനിര്‍ത്താനാകുന്നില്ലെങ്കിലും രണ്‍ജി പണിക്കരുടെ പ്രകടനം ശ്രദ്ധേയം.

ഷാന്‍ റഹ്മാനാണ് സംഗീതം. ഒരു മ്യൂസിക്കല്‍ ട്രീറ്റ്‌മെന്റ് പലപ്പോഴും സിനിമയ്ക്കുണ്ട്. ഗംഭീരമായ വിഷ്വലുകളും ഷാന്റെ ഇമ്പമാര്‍ന്ന സംഗീതവും പശ്ചാത്തലംസംഗീതവും പുതുമ കൊണ്ടുവരുന്നുണ്ട്.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW