Wednesday, May 24, 2017 Last Updated 43 Min 10 Sec ago English Edition
Todays E paper
ഡോ. ശരത് സുന്ദര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മന്ദിരം ഹോസ്പിറ്റല്‍, മാങ്ങാനം
Friday 19 May 2017 02.06 PM

ജോലി സ്ഥലത്തെ ചെറുപ്പക്കാരനെ രാത്രിയില്‍ സ്വപ്നം കാണുന്നു: ഒരു വിധവയുടെ തുറന്നു പറച്ചില്‍

uploads/news/2017/05/109979/women.jpg

ഡോക്ടര്‍,

ഞാന്‍ അമ്പതു വയസുള്ള ബാങ്കുദ്യോഗസ്ഥയാണ്. എനിക്ക് രണ്ടു പെണ്‍മക്കളാണുള്ളത്. രണ്ടുപേരും വിവാഹിതര്‍. 15 വര്‍ഷം മുമ്പ് എന്റെ ഭര്‍ത്താവ് മരിച്ചുപോയി. രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞതോടെ ഞാന്‍ തികച്ചും ഒറ്റപ്പെട്ടു പോയി. ഭര്‍ത്താവിന്റെ മരണശേഷം ലൈംഗികമായ ചിന്തകളൊന്നും എന്നെ അലട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹത്തോടൊപ്പമുള്ള പഴയ നിമിഷങ്ങള്‍ മനസിലേക്ക് ഇരച്ചുവരുന്നു. ലൈംഗികാസക്തിയും വല്ലാതെ കൂടുന്നു. ബാങ്കില്‍ പുതുതായി വന്ന ചെറുപ്പക്കാരനുമായി വേഴ്ച നടത്തുന്നതായി ഞാന്‍ ചിന്തിച്ചുപോകും. ഊര്‍ജസ്വലനും സുന്ദരനുമാണ് അയാള്‍. ഇത്തരം വൃത്തികെട്ട വിചാരങ്ങള്‍ നിമിത്തം എനിക്കിപ്പോള്‍ ഉറക്കമില്ല. പക്ഷേ അയാള്‍ക്ക് ഇതൊന്നുമറിയില്ല. വിവാഹിതനായ അയാള്‍ ഒരു മൂത്ത സഹോദരിയെപ്പോലെയാണ് എന്നെ കാണുന്നത്. രാത്രിയിലെ ചിന്തകള്‍ക്കുശേഷം പകല്‍ അയാളെ കാണുമ്പോള്‍ എനിക്കു കുറ്റബോധമുണ്ടാകും. എത്ര ആഗ്രഹിച്ചിട്ടും ആ ചിന്തകള്‍ വിട്ടുപോകുന്നില്ല. ഞാന്‍ എന്തുചെയ്യണം ഡോക്ടര്‍? വേറെ വിവാഹം കഴിക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം മക്കളോട് എങ്ങനെ പറയും?

മധ്യവയസായപ്പോഴേക്കും എല്ലാ തരത്തിലും ഒറ്റപ്പെട്ടുപോയ താങ്കളുടെ നിസ്സഹായാവസ്ഥയും മാനസികസംഘര്‍ഷവും കത്തില്‍ വളരെ വ്യക്തമാണ്. ഭര്‍ത്താവിന്റെ വിയോഗവും രണ്ടു പെണ്‍മക്കളുടെ വിവാഹവും കഴിഞ്ഞ ഈ അവസ്ഥ തീര്‍ച്ചയായും അസഹ്യമായ ഏകാന്തത സൃഷ്ടിക്കുന്നതുതന്നെ. ഈ സാഹചര്യത്തിന്റെ ഫലമായി ഒരു കൂട്ടുണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് തികച്ചും സ്വാഭാവികം മാത്രം. ശിഷ്ടജീവിതത്തില്‍ പരസ്പരം താങ്ങും തണലുമാകാന്‍ ഒരു ഭര്‍ത്താവ് വേണമെന്നു പറഞ്ഞാല്‍ ഇക്കാലത്തെ കുട്ടികള്‍ അതു തെറ്റായി കാണില്ലെന്നു തോന്നുന്നു. ഇക്കാര്യം പറയേണ്ട രീതിയില്‍ പറഞ്ഞ് മക്കളുടെ ധാര്‍മ്മിക പിന്തുണ ഉറപ്പു വരുത്തി മുന്നോട്ടു പോവുകയാണു വേണ്ടത്.

ഇനി ഈ പ്രശ്‌നത്തിന്റെ മറ്റൊരു വശം പരിശോധിക്കാം. മരിക്കുന്നതിനു മുമ്പ് ഭര്‍ത്താവ് സമ്മാനിച്ച സ്വകാര്യനിമിഷങ്ങള്‍ ഇപ്പോള്‍ താങ്കളുടെ മനസിലേക്ക് ഇരച്ചുവരുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ഇതിനെ ലൈംഗികപരമായ ആസക്തിയായും സൂചിപ്പിച്ചിരിക്കുന്നു. മുന്‍കാല ജീവിതത്തിലെ മധുരാനുഭവങ്ങള്‍ അയവിറക്കുന്നത് തികച്ചും സ്വാഭാവികമായ മാനസികപ്രക്രിയയായിട്ടാണ് കരുതേണ്ടത്. പക്ഷേ അതു ലൈംഗികാസക്തിയാകുന്നത് ഏതര്‍ത്ഥത്തിലാണെന്നു വ്യക്തമല്ല. എന്തായാലും കൂടെ ജോലിചെയ്യുന്ന ചെറുപ്പക്കാരനോട് താങ്കള്‍ക്കു തോന്നുന്ന വൈകാരിക താല്‍പ്പര്യവും ആകര്‍ഷണവും കുറച്ചൊക്കെ അസ്വാഭാവികമാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഒരാള്‍ക്ക് മറ്റൊരാളോടു ലൈംഗിക താല്‍പ്പര്യം ജനിക്കുന്നതും ഭാവനയില്‍ സ്വയംകൃതമായ വേഴ്ചകള്‍ നടത്തുന്നതും അതാസ്വദിക്കുന്നതുമൊക്കെ സ്വകാര്യ വൈകൃതമാണെങ്കിലും അവയെ ഭയപ്പെടേണ്ട മാനസികവ്യാപാരമായി കാണേണ്ടതില്ല.

എന്നാല്‍ ഇത്തരം ഭാവനകള്‍ക്കുശേഷം താങ്കള്‍ക്കനുഭവപ്പെടുന്ന കുറ്റബോധം, സ്വന്തം ചിന്തകളോടുള്ള വൈരുദ്ധ്യാത്മക മനോഭാവങ്ങളെ എടുത്തുകാട്ടുന്നു. ഒരുവശത്ത് ആസ്വാദനവും മറുവശത്ത് കുറ്റബോധവും എന്നത് വിരുദ്ധവും സംഘര്‍ഷജനകവുമാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള മനോരോഗത്തിന്റെ ലക്ഷണങ്ങളെ സാധൂകരിക്കുന്നതാണോ എന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. മാറാനാഗ്രഹിക്കുന്ന ചിന്തകള്‍ വ്യക്തിയുടെ താല്‍പ്പര്യങ്ങളെ അവഗണിച്ച് വീണ്ടും വീണ്ടും സംഭവിക്കുന്ന സാഹചര്യം സ്വാഭാവികമോ അസ്വാഭാവികമോ എന്നാണ് വേര്‍തിരിച്ചറിയേണ്ടത്. അതുകഴിഞ്ഞാല്‍ മറ്റൊരു വിവാഹം കഴിക്കണോ എന്ന താങ്കളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയും.

ഇപ്പോഴത്തെ മാനസിക പ്രയാസങ്ങള്‍ക്കു പിന്നില്‍ ശാരീരിക കാരണങ്ങളൊന്നുമില്ലെന്ന് ഒരു ജനറല്‍ ഫിസിഷനെയോ ഗൈനക്കോളജിസ്റ്റിനെയോ കണ്ട് ഉറപ്പുവരുത്തുന്നതു നല്ലതാണ്. പച്ചയായ മനുഷ്യന്റെ സ്വാഭാവികമായ സമ്മര്‍ദ്ദങ്ങളും സാഹചര്യങ്ങളുമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെങ്കില്‍ താങ്കള്‍ക്ക് തീര്‍ച്ചയായും കുടുംബാംഗങ്ങളുടെ വൈകാരിക പിന്തുണയും സഹകരണവും അനിവാര്യമാണ്. അങ്ങനെയെങ്കില്‍ മക്കളും മരുമക്കളുമൊക്കെ ചേര്‍ന്ന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നതായിരിക്കും ഉചിതം. സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ഫാമിലി കൗണ്‍സിലറിനെയോ സൈക്കോളജിസ്റ്റിനെയോ സമീപിക്കുക. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശപ്രകാരം വേണ്ടതു ചെയ്യുക.

Ads by Google
TRENDING NOW