Tuesday, June 19, 2018 Last Updated 27 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 01.50 PM

മനസ്സ് നിറഞ്ഞ് ആഹ്‌ളാദിച്ച് 'മിന്നാമിനുങ്ങി'ന്റെ സംവിധായകന്‍ അനില്‍ തോമസ്

uploads/news/2017/05/109977/CiniINWMinnaMinunge.jpg

? മിന്നാമിനുങ്ങ്' എന്ന താങ്കളുടെ സിനിമയിലെ അഭിനയമികവിന് സുരഭിക്ക് ലഭിച്ച ദേശീയ അംഗീകാരത്തെ എങ്ങനെ വിലയിരുത്തുന്നു..


ഠ നിശ്ചയമായും വളരെയധികം സന്തോഷമുണ്ട്. സംസ്ഥാന പുരസ്‌കാര നിര്‍ണയ സമിതിയില്‍നിന്ന് സ്‌പെഷല്‍ ജൂറി പരാമര്‍ശം ലഭിച്ച ചിത്രത്തിലെ അഭിനയത്തിന് സുരഭിയുടെ, പേരില്ലാത്ത ഈ കഥാപാത്രത്തിനു ലഭിച്ച ദേശീയ അംഗീകാരം വളരെ മൂല്യമേറിയതാണ്.

നമ്മുടെ സമൂഹത്തില്‍ നാം നിരന്തരം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന, നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമാകുന്ന ശക്തമായ സ്ത്രീകഥാപാത്രം.

തിരുവനന്തപുരം പ്രദേശത്തെ പ്രാദേശിക ഭാഷയുടെ പ്രത്യേകതയും ശരീരഭാഷയുമാണ് 'മിന്നാമിനുങ്ങി'ലെ ഈ കഥാപാത്രത്തിന്റെ കരുത്ത്. കഥാപാത്രത്തിന് പേരില്ല എന്നതുകൊണ്ടുതന്നെ അത് ഒരു പ്രത്യേക ചട്ടക്കൂടിലേക്ക് ഒതുങ്ങുന്നുമില്ല.

നമ്മുടെ ചുറ്റിലും ഇതുപോലെ സവിശേഷതകളുള്ള ഒരു വിധവയായ സ്ത്രീയെ കാണാന്‍ നമുക്ക് കഴിയുകയും ചെയ്യും.

? 'മിന്നാമിനുങ്ങി'നു മുമ്പ്...


ഠ 2012-ല്‍ സംവിധാനം നിര്‍വഹിച്ച 'ക്രൈം സ്‌റ്റോറി' എന്ന ചിത്രമായിരുന്നു എന്റെ ആദ്യസിനിമ. മിന്നാമിനുങ്ങ് എന്റെ രണ്ടാമത്തെ സിനിമ.

? ഈ ചിത്രത്തിലെ മറ്റു സുപ്രധാന കഥാപാത്രങ്ങള്‍..


ഠ സുരഭിയാണ് ഈ ചിത്രത്തിലെ വ്യക്തികേന്ദ്രീകൃത കഥാപാത്രമെങ്കിലും സുരഭിയോടൊപ്പംതന്നെ ഈകഥയുടെ ചുറ്റുപാടില്‍ പ്രേംപ്രകാശ്, ബാലു നാരായണന്‍, സുരേഷ് പ്രേം, അര്‍ച്ചന എന്നീ നടീനടന്മാരും സുപ്രധാന പങ്കുവഹിക്കുന്നു.

? ചിത്രത്തിന്റെ സാങ്കേതിക വിദഗ്ദ്ധര്‍...


ഠ ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ സുനില്‍ പ്രേം, എഡിറ്റിംഗ്- ശ്രീനിവാസ്, പശ്ചാത്തലസംഗീതം ഒരുക്കിയത് ഔസേപ്പച്ചന്‍ എന്നിവരാണ്. എല്ലാവരുടെയും ആത്മാര്‍ത്ഥമായ കൂട്ടായ്മയുടെയും അധ്വാനത്തിന്റെയും ഫലമാണ് ഈ സിനിമ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മനോജ് രാംസിംഗാണ്.

? സ്വദേശം ഈരാറ്റുപേട്ടയാണെങ്കിലും സ്ഥിരതാമസം എറണാകുളത്താണല്ലോ...


ഠ അതെ, സൂര്യ ടിവിയില്‍ 2009-ല്‍ സംപ്രേഷണം ആരംഭിച്ച ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടും ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് എറണാകുളത്ത് വൈറ്റിലയില്‍ താമസം ആരംഭിച്ചത്. ഇപ്പോഴും ആ പ്രോഗ്രാമിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.
uploads/news/2017/05/109977/CiniINWMinnaMinunge1.jpg

? മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ കഥാതന്തുവിന്റെ ഉറവിടം...


ഠ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമിന്റെ പരിസരം ഈയൊരു ചിത്രത്തിന് കാരണമായി എന്നു പറഞ്ഞാല്‍ വസ്തുതയാണ്. നിരവധി അനുഭവങ്ങള്‍ ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് എനിക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന വഴികളില്‍ പരസഹായം ആവശ്യമുള്ള പാവപ്പെട്ട നിരവധി സ്ത്രീകള്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ മിഴിനീരണിഞ്ഞ ജീവിതകഥ എനിക്ക് കേള്‍ക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ഇതില്‍നിന്നെല്ലാം ഉള്‍ക്കൊണ്ട കഥയുടെ കനലാണ് ഈ ചിത്രത്തിന്റെ സാരം എന്നു പറയാം. സിനിമയുടെ ക്ലൈമാക്‌സ് വളരെ പോസിറ്റീവായാണ് അവസാനിക്കുന്നത്. ജീവിതത്തിനു വേണ്ടിയുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് ഈ ചിത്രത്തിന്റെ അവസാനമുണ്ട്.

കനലെരിയുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ടുള്ള ഒരു വിധവയായ വീട്ടമ്മയുടെ സാമൂഹിക അതിജീവനത്തിന്റെ ശ്രമമാണ് ഈ സിനിമയുടെ അടിത്തറ. അത്തരമൊരു സാമൂഹിക അതിജീവനത്തിനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ഈ ചിത്രം.

? കുടുംബത്തെക്കുറിച്ച്..


ഠ ഭാര്യ അജിത. സിനിമാ നിര്‍മ്മാതാവ് ഹരി പോത്തന്റെ മകളാണ്. കുട്ടികള്‍ അക്ഷയും ഡേവിഡും. മറ്റൊരു കൗതുകകരമായ കാര്യം 1968-ല്‍ നടി ശാരദയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച 'തുലാഭാരം' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായിരുന്നു ഹരിപോത്തന്‍ എന്നതാണ്.

എന്തായാലും നമുക്ക് ദൃശ്യവിരുന്നൊരുക്കാന്‍ ചിത്രം മെയ്മാസത്തില്‍റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് സംവിധായകന്‍ അനില്‍ തോമസ്. സിനിമാമംഗളം താങ്കള്‍ക്ക് സ്‌നേഹപൂര്‍വം വിജയാശംസകള്‍ നേരുന്നു.

- പ്രേമദാസ് ഇരുവള്ളൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW