Tuesday, May 29, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 11.23 AM

കോട്ടയത്ത് സി.പി.എം-കേരള കോണ്‍ഗ്രസ് സഖ്യം തുടരും; സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും സി.പി.എം പിന്തുണ

സി.പി.ഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പ്രദേശിക അടവുനയത്തിന്റെ പേരിലാണ് ഇത്തവണയം സി.പി.എം പിന്തുണ നല്‍കുന്നത്.
cpm, kerala congress, kottayam

കോട്ടയം: ജില്ലാ പഞ്ചായത്തില്‍ വീണ്ടും സി.പി.എം- കേരള കോണ്‍ഗ്രസ് (എം)സഖ്യം. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്തിന്റെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സി.പി.എം തീരുമാനിച്ചു. സി.പി.ഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പ്രദേശിക അടവുനയത്തിന്റെ പേരിലാണ് ഇത്തവണയം സി.പി.എം പിന്തുണ നല്‍കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ച കേരള കോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലിക്ക് സി.പി.എം പിന്തുണ ലഭിക്കുകയും അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥിരാംഗമായിരുന്ന സഖറിയാസ് പ്രസിഡന്റായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പിന്തുണ.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസിലെ അഡ്വ.സെബാസ്റ്റിയന്‍ കുളത്തിങ്കലും കോണ്‍ഗ്രസിലെ ലിസമ്മ ബേബിയുമാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. എല്‍.ഡി.എഫില്‍ നിന്ന് ആരും പത്രിക സമര്‍പ്പിച്ചില്ല.

ജില്ലാ പഞ്ചായത്തിലെ 22 അംഗങ്ങളില്‍ കോണ്‍ഗ്രസിന് എട്ടും സി.പി.എമ്മിനും കേരള കോണ്‍ഗ്രസിനും ആറു വീതവും അംഗങ്ങളുണ്ട്. സി.പി.ഐയ്ക്കും പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിക്കും ഓരോ അംഗങ്ങളുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് സി.പി.ഐ വിട്ടുനിന്നപ്പോള്‍ ജനപക്ഷം അംഗം വോട്ട് അസാധുവാക്കുകയായിരുന്നു.

സി.പി.എം- കേരള കോണ്‍ഗ്രസ് കൂട്ടുകെട്ട് തുറന്നുകാട്ടാന്‍ കിട്ടുന്ന ഒരു അവസരവും വിട്ടുകളയേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിനും. പൊതുമരാമത്ത് സ്ഥിരം സ്മിതിയിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെയും പുതിയ സഖ്യം വരാനാണ് സാധ്യത.

ഈ മാസം മൂന്നിന് നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വെടിഞ്ഞാണ് കേരള കോണ്‍ഗ്രസ് സി.പി.എമ്മിനെ കൂട്ടുപിടിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. കെ.എം മാണിയ്ക്കും കേരള കോണ്‍ഗ്രസിനും എതിരെ ശക്തമായ വിമര്‍ശനവുമായി കോട്ടയം ഡി.സി.സിയും കെ.പി.സി.സിയും ആദ്യം രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി.

Ads by Google
Friday 19 May 2017 11.23 AM
Ads by Google
Loading...
TRENDING NOW