Friday, May 19, 2017 Last Updated 16 Min 12 Sec ago English Edition
Todays E paper
രഞ്ജിത്ത് കളത്തില്‍
Friday 19 May 2017 06.44 AM

വയസ്സ് 100 ആയിട്ടും ഇന്നും ഉപജീവനത്തിന് കൊട്ടയും മുറവും നെയ്യണം; കുലത്തൊഴിലിനെ കയ്യൊഴിയാത്ത അമ്മിണിയുടെ മുറത്തിന് ആവശ്യക്കാരേറെ

uploads/news/2017/05/109907/ammini-ammoomma.jpg

ചൂരല്‍മല (വയനാട്): കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, സംസാരിക്കാന്‍ ബുദ്ധിമുട്ട്... ഇങ്ങനെ കുറവുകള്‍ കുറേയുണ്ടെങ്കിലും അമ്മിണി അമ്മൂമ്മയ്ക്കു 100-ാം വയസിലും മുറങ്ങള്‍ നെയ്യാതെവയ്യ. മകള്‍ തങ്കയുടെ കണക്കുപ്രകാരം അമ്മയ്ക്കിപ്പോള്‍ ജന്മശതാബ്ദിയാണ്. നൂറുവയസായെന്നുവച്ച് വെറുതേയിരുന്നു ഭൂതകാലം അയവിറക്കാനോ പുതുതലമുറയോടു ബഡായി പറയാനോ ഒന്നും ഈ അമ്മൂമ്മയെക്കിട്ടില്ല. പ്രായം പത്തു പതിറ്റാണ്ടായെങ്കില്‍ അതിന്റെ സൂക്ഷ്മതയും പക്വതയുമെല്ലാം പ്രവൃത്തിയിലുമുണ്ട്.

ആദിവാസികള്‍ കൊണ്ടുവന്ന ഓട (ഈറ്റ) ചെറുകത്തിയുപയോഗിച്ച് ചെത്തി ചീളുകളാക്കുമ്പോഴും അവ തലങ്ങും വിലങ്ങും കോര്‍ത്തുനെയ്യുമ്പോഴുമൊക്കെ പ്രായത്തിന്റെ അവശതയേക്കാള്‍ ആവേശമാണു മുന്നില്‍. വയനാട്ടിലെ െവെത്തിരി താലൂക്കില്‍ ചൂരല്‍മല മാട്രക്കുന്നിലാണ് അമ്മിണി അമ്മൂമ്മയുടെ താമസം. മകള്‍ തങ്കയും തങ്കയുടെ ഭര്‍ത്താവ് രാജനും അവരുടെ മകള്‍ വിഷ്ണുമായയും ഒപ്പമുണ്ട്. കുലത്തൊഴിലായ മുറം നെയ്ത്ത് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പണ്ടത്തെയത്ര വയ്യ.

മുമ്പു തലയില്‍ കുട്ടയും മുറവുമേന്തി കിലോമീറ്ററുകള്‍ താണ്ടി വില്‍പന നടത്തിയിരുന്നു. ഇപ്പോള്‍ പ്രദേശവാസികള്‍ ആവശ്യപ്പെടുന്നതനുസരിച്ചു മാത്രമാണു മുറം നിര്‍മാണം. മുറങ്ങളുമായി ആഴ്ചയിലൊരിക്കല്‍ മാട്രക്കുന്നിറങ്ങും. 150-200 രൂപയ്ക്കു വില്‍ക്കും. തോട്ടമേഖലയായ ചൂരല്‍മലയില്‍ അമ്മിണിയുടെ മുറത്തിന് ഇപ്പോഴും ആവശ്യക്കാരേറെ. മൂപ്പെത്തിയ ഓടകള്‍ ഉണക്കിയശേഷം ചീളുകളാക്കും. ഇവ ഉപയോഗിച്ചു നിര്‍മിക്കുന്ന മുറത്തിനു മാസങ്ങളാണു ഗ്യാരന്റി. ചാണകം മെഴുകി സൂക്ഷിച്ചാല്‍ ഈടുകൂടുമെന്നു മകള്‍ തങ്കയുടെ ഉറപ്പ്.

മലപ്പുറം ജില്ലയിലെ അനമങ്ങാടാണു ശരിക്കുള്ള ദേശം. ഭര്‍ത്താവ് മരിച്ചതോടെ മകളെയും കൊണ്ട് അമ്മിണി വയനാടന്‍ മലകയറി. മുറം, ഉറി, കൊട്ട, വട്ടി, വിശറി, കാപ്പിക്കുട്ട തുടങ്ങിയ മുളയുത്പന്നങ്ങള്‍ നിര്‍മിച്ച് നാടുനീളെ കൊണ്ടുനടന്നു വിറ്റാണ് മകളെ പോറ്റിയത്. യാത്രാക്ഷീണമകറ്റാന്‍ നാടന്‍പാട്ടുകള്‍ മൂളി അമ്മിണി കയറിയിറങ്ങാത്ത കുന്നും മലയുമില്ല.

അക്കാലത്തു മുള സുലഭമായിരുന്നു. പണിയ വിഭാഗത്തില്‍പെട്ട ആദിവാസികളാണ് ഓട എത്തിച്ചിരുന്നത്. ഇപ്പോള്‍ വനംവകുപ്പിന്റെ നിയന്ത്രണങ്ങളുള്ളതിനാല്‍ ലഭ്യത കുറഞ്ഞു. മുളകളുമായുള്ള ആദിവാസികളുടെ വരവും കുറഞ്ഞു. എങ്കിലും കിട്ടുന്നതുകൊണ്ടു പരമാവധി മുറം നിര്‍മിച്ചുകൂട്ടുന്ന തിരക്കിലാണ് അമ്മിണി അമ്മൂമ്മ.

Ads by Google
രഞ്ജിത്ത് കളത്തില്‍
Friday 19 May 2017 06.44 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW