Monday, September 25, 2017 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.45 AM

മണിയുടെ മരണം: സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തു

uploads/news/2017/05/109794/6.jpg

തൃശൂര്‍/ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. സി.ബി.ഐ: ഡിവൈ.എസ്‌.പി. ജോര്‍ജ്‌ ജെയിംസിനാണു ചുമതല. സി.ബി.ഐ. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഡി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടി സര്‍ക്കിള്‍ ഓഫീസിലെത്തി ഫയലുകള്‍ കൈപ്പറ്റി.
ഏഴ്‌ വോളിയങ്ങളായി രണ്ടായിരത്തിലേറെ പേജ്‌ വരുന്ന റിപ്പോര്‍ട്ടാണു കൈപ്പറ്റിയത്‌. പോസ്‌റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്‌റ്റ്‌ എന്നിവയുടെ ഡിജിറ്റല്‍ രേഖകള്‍, റിപ്പോര്‍ട്ടുകള്‍, ചോദ്യം ചെയ്‌ത ആയിരത്തോളം പേരുടെ വീഡിയോ സിഡികള്‍ എന്നിവ ഇതില്‍പ്പെടും. വീണ്ടും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌താണ്‌ അന്വേഷിക്കുക. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു മണിയുടെ സഹോദരന്‍ രാമകൃഷ്‌ണന്‍ , മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.
അന്വേഷണം സി.ബി.ഐക്കു കൈമാറാന്‍ തീരുമാനിച്ചതോടെ അന്നത്തെ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി വിജ്‌ഞാപനവുമിറക്കി.
കരള്‍ രോഗമാണു മരണകാരണമെന്നും കേസ്‌ ഏറ്റെടുക്കാനാകില്ലെന്നും സി.ബി.ഐ. അറിയിച്ചെങ്കിലും ഈ വാദം തള്ളിയ ഹൈക്കോടതി ഒരുമാസത്തിനകം അന്വേഷണം തുടങ്ങണമെന്ന്‌ ഉത്തരവിട്ടു.
അന്വേഷണം തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട്‌ ഡല്‍ഹിയിലെ സി.ബി.ഐ. ആസ്‌ഥാനത്തേക്കയച്ച അപേക്ഷ അനുവദിച്ചതോടെയാണ്‌ തുടര്‍നടപടികളിലേക്കു കടന്നത്‌.
2016 മാര്‍ച്ച്‌ ആറിനാണു കലാഭവന്‍ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌. ചാലക്കുടി പുഴയോരത്തെ ഔട്ട്‌ ഹൗസായ പാഡിയില്‍ അബോധാവസ്‌ഥയില്‍ കണ്ടെത്തിയ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചു.
ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യമുണ്ടെന്ന്‌ കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞെങ്കിലും ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്‌ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്‌തു.
നടന്മാരായ ജാഫര്‍ ഇടുക്കി, സാബു തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധിപേരെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു.

Ads by Google
Advertisement
Friday 19 May 2017 12.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW