Tuesday, September 19, 2017 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.45 AM

'വഴിവിട്ട്‌ ' വീണ്ടും തുറന്ന മദ്യശാലകള്‍ പൂട്ടിക്കുന്നു

uploads/news/2017/05/109787/1.jpg

കൊച്ചി: സുപ്രീം കോടതിവിധി ലംഘിച്ച്‌ ദേശീയ/സംസ്‌ഥാനപാതയോരങ്ങളില്‍ വീണ്ടും തുറന്ന മദ്യശാലകള്‍ പൂട്ടിത്തുടങ്ങി. എറണാകുളം ജില്ലയില്‍ മാത്രം മൂന്നു ബിയര്‍/വൈന്‍ പാര്‍ലറുകള്‍ പൂട്ടിച്ചു. ആലുവയില്‍ ദേശീയപാതയോരത്തു തുറന്ന പാര്‍ലറുകള്‍ക്കാണു താഴുവീണത്‌.
പരാതികളുയര്‍ന്ന സാഹചര്യത്തില്‍ പരിശോധന ശക്‌തമാക്കും. തുറന്നു പ്രവര്‍ത്തിക്കുന്ന മറ്റു മദ്യശാലകള്‍ ദേശീയ/സംസ്‌ഥാനപാതയോരങ്ങളിലാണോയെന്നു പരിശോധിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. സംസ്‌ഥാനപാതകള്‍ സംബന്ധിച്ചു വ്യക്‌തമായ റിപ്പോര്‍ട്ട്‌ പൊതുമരാമത്ത്‌ വകുപ്പിനോട്‌ എക്‌സൈസ്‌ അധികൃതര്‍ ആവശ്യപ്പെട്ടു. പാതയോരദൂരപരിധി പാലിക്കാത്ത മദ്യശാലകളുടെ അപേക്ഷ പരിഗണിക്കേണ്ടെന്നു കര്‍ശനനിര്‍ദേശം നല്‍കിയതായി എക്‌സൈസ്‌ അധികൃതര്‍ മംഗളത്തോടു പറഞ്ഞു.
ദേശീയ/സംസ്‌ഥാനപാതയാണെന്ന വിവരം മറച്ചുവച്ച്‌, തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകളെന്നു ചൂണ്ടിക്കാട്ടിയാണു മദ്യശാലകള്‍ക്ക്‌ അനുമതി വാങ്ങുന്നതെന്നു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഇത്തരം അനുമതികള്‍ പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചത്‌. എറണാകുളം ജില്ലയില്‍ മാത്രം 30 അപേക്ഷകള്‍ നിരസിച്ചു. സുപ്രീം കോടതി വിധിയേത്തുടര്‍ന്നു പൂട്ടിയ മദ്യശാലകള്‍ക്കു പുതിയ ഗേറ്റുകള്‍ സ്‌ഥാപിച്ചോയെന്നും അന്വേഷിക്കും. സ്വകാര്യഭൂമിയിലൂടെയുള്ള വഴികളുടെ അടിസ്‌ഥാനത്തില്‍ ദൂരപരിധി അളക്കരുതെന്ന്‌ എക്‌സൈസ്‌ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്‌. ഉദ്യോഗസ്‌ഥരെ തെറ്റിദ്ധരിപ്പിക്കാനായി പലരും സ്വകാര്യഭൂമിയിലൂടെ വഴിതുറന്ന്‌ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ഇപ്രകാരം ചിലര്‍ അനുമതിയും തരപ്പെടുത്തി. ഇവ പൂട്ടിക്കും.
മുമ്പ്‌ സുപ്രീം കോടതിവിധി മറികടന്ന്‌, ദൂരപരിധിയില്ലാതെ ദേശീയ/സംസ്‌ഥാന പാതയോരങ്ങളില്‍ നാലു ബാറുകള്‍ക്കും 73 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും ഒന്‍പതു വിദേശമദ്യ ചില്ലറവില്‍പനശാലകള്‍ക്കും അനുമതി നല്‍കിയിരുന്നു. കള്ള്‌ ഷാപ്പ്‌ ഉള്‍പ്പെടെ 1,066 മദ്യശാലകളാണു ദേശീയ/സംസ്‌ഥാനപാതയോരങ്ങളിലുണ്ടായിരുന്നത്‌. 31 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 11 എണ്ണവും 815 ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ 619 എണ്ണവും 270 ബിവ്‌റേജസ്‌ ഔട്ട്‌ലെറ്റുകളില്‍ 134 എണ്ണവും 36 കണ്‍സ്യൂമര്‍ഫെഡ്‌ ഔട്ട്‌ലെറ്റുകളില്‍ 18 എണ്ണവും സുപ്രീം കോടതിവിധി വന്നതിനു പിറ്റേന്നു പൂട്ടി. എന്നാല്‍, വിധിക്കുശേഷവും 23 ബാര്‍ ഹോട്ടലുകള്‍, 329 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, 170 വിദേശമദ്യ ചില്ലറവില്‍പനശാലകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവയ്‌ക്ക്‌ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍അഴിമതിയുണ്ടെന്നാണു സൂചന. മദ്യശാലകള്‍ക്ക്‌ അനുമതി വാങ്ങിനല്‍കുന്ന ഇടനിലക്കാര്‍ സംസ്‌ഥാനത്തു സജീവമാണെന്ന്‌ അബ്‌കാരികള്‍ പറയുന്നു. 10-15 ലക്ഷം രൂപയാണ്‌ ഇവര്‍ ഈടാക്കുന്നത്‌. മദ്യശാലകള്‍ക്ക്‌ അനുമതി നല്‍കാന്‍ ചുമതലയുള്ള എക്‌സൈസ്‌ ഉദ്യോഗസ്‌ഥരുമായി ഇടനിലക്കാര്‍ക്ക്‌ അടുത്തബന്ധമുണ്ട്‌.
മദ്യശാലകള്‍ ദേശീയ/സംസ്‌ഥാനപാതകളില്‍നിന്നു കാണാവുന്ന വിധത്തിലാകരുത്‌, ഈ പാതകളില്‍നിന്നു നേരിട്ടെത്താവുന്ന സ്‌ഥലത്താകരുത്‌, പാതകളുടെയോ അവയുടെ സര്‍വീസ്‌ റോഡുകളുടെയോ 500 മീറ്റര്‍ പരിധിയിലാകരുത്‌ എന്നിങ്ങനെയാണു സുപ്രീം കോടതി വിധി. എന്നാല്‍, പാതകളില്‍നിന്ന്‌ അഞ്ചു മീറ്റര്‍ ദൂരപരിധിയിലുള്ള ഹോട്ടലുകള്‍ക്കുപോലും അനുമതി ലഭിച്ചു. മദ്യശാലകളുടെ ബോര്‍ഡുകളും പരസ്യങ്ങളും ദേശീയ/സംസ്‌ഥാനപാതകളില്‍ അനുവദിക്കരുതെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ പാര്‍ലറുകളില്‍ നിയമം ലംഘിച്ചു പാഴ്‌സല്‍ നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്‌ഥര്‍ക്കു വിവരം ലഭിച്ചു.

മിഥുന്‍ പുല്ലുവഴി

Ads by Google
Advertisement
Friday 19 May 2017 12.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW