Monday, June 26, 2017 Last Updated 3 Min 39 Sec ago English Edition
Todays E paper
Friday 19 May 2017 12.37 AM

ബോളിവുഡ്‌ നടി റീമാ ലാഗു അന്തരിച്ചു

uploads/news/2017/05/109759/6.jpg

മുംബൈ: ബോളിവുഡിന്റെ പുഞ്ചിരിക്കുന്ന അമ്മ മുഖം റീമാ ലാഗു അന്തരിച്ചു. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ്‌ അംബാനി ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നേകാലോടെയായിരുന്നു അന്‍പത്തൊന്‍പതുകാരിയായ ലാഗുവിന്റെ അന്ത്യം.
നെഞ്ചുവേദനയെത്തുടര്‍ന്നു പുലര്‍ച്ചെ ഒരുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പ ലാഗുവിന്റെ മരണം ഹൃദയഘാതംമൂലമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന റിമയുടെ ആകസ്‌മികമരണം ഹിന്ദി സിനിമാലോകത്തിന്‌ ഞെട്ടലായി.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന ലാഗുവിനു നാലുപതിറ്റാണ്ടിന്റെ അഭിനയപാരമ്പര്യമുണ്ട്‌. ബോളിവുഡിനുപുറമേ മറാത്തി നാടക, ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളിലും തിളങ്ങി. നാടകനടിയായ മന്ദാകിനി ഭധാടെയുടെ മകളായി 1958ലാണ്‌ ജനനം. നയന്‍ എന്നായിരുന്നു ആദ്യപേര്‌.
മറാത്തിനടന്‍ വിവേക്‌ ലാഗുവുമായുള്ള വിവാഹശേഷമാണ്‌ റീമയെന്ന പേരു സ്വീകരിക്കുന്നത്‌. ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധം ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ്‌ നീണ്ടത്‌. നാടക, സിനിമാ നടിയും നാടകസംവിധായകയുമായ മൃണ്‍മയി ഏകമകളാണ്‌.
"ഖയാമത്‌ സെ ഖയാമത്‌ തക്‌" എന്ന ചിത്രത്തില്‍ ജുഹി ചൗളയുടെ അമ്മയായി സ്‌ക്രീനില്‍ നിറഞ്ഞപ്പോള്‍ റീമയ്‌ക്ക്‌ വെറും 30 വയസുമാത്രം. ചിത്രത്തിനൊപ്പം റീമയുടെ അമ്മവേഷവും പ്രേക്ഷക മനസിലേക്കു ചേക്കേറി.
പിന്നീട്‌ ബോളിവുഡിലെ നക്ഷത്രങ്ങളുടെ അമ്മയായി നിരവധി ചിത്രങ്ങള്‍. "സാജന്‍", "വാസ്‌തവ്‌", "കുഛ്‌ കുഛ്‌ ഹോതാ ഹെ", "ഹം സാഥ്‌ സാഥ്‌ ഹെ", "ദീവാനാ മസ്‌താനാ", "യെസ്‌ ബോസ്‌", "ഹം ആപ്‌കെ ഹെ കോന്‍", "കല്‍ ഹോ ന ഹോ", മേ പ്രേം കി ദിവാനി ഹും തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ശ്രദ്ധേയവേഷം കൈകാര്യം ചെയ്‌തു. "തു തു മേ മേ", "ശ്രീമാന്‍ ശ്രീമതി" തുടങ്ങിയ സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിതാഭ്‌ ബച്ചന്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ഋഷി കപൂര്‍, മഹേഷ്‌ ഭട്ട്‌ തുടങ്ങിയ പ്രമുഖര്‍ റീമയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

Ads by Google
Friday 19 May 2017 12.37 AM
YOU MAY BE INTERESTED
TRENDING NOW