Friday, May 19, 2017 Last Updated 25 Min 30 Sec ago English Edition
Todays E paper
Friday 19 May 2017 12.37 AM

കേന്ദ്രമന്ത്രി അനില്‍ മാധവ്‌ ദവെ അന്തരിച്ചു

uploads/news/2017/05/109755/2.jpg

ന്യൂഡല്‍ഹി: കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി അനില്‍ മാധവ്‌ ദവെ (60) അന്തരിച്ചു. ബുധനാഴ്‌ച രാത്രിവരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട ദവെയ്‌ക്ക്‌ ഇന്നലെ രാവിലെ ഏഴരയോടെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയോടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെത്തിച്ച ഭൗതിക ശരീരത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഷ്‌ട്രീയ- ഭരണ തലത്തിലെ പ്രമുഖരെത്തി.
മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായ ദവെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്‌ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി സ്‌ഥാനമേറ്റെടുത്തത്‌. ജനുവരിയില്‍ ന്യൂമോണിയ ബാധിച്ച ദവെയ്‌ക്ക്‌ രോഗം പൂര്‍ണമായും ഭേദമായിരുന്നില്ല. അതേസമയം രോഗാവസ്‌ഥ മറികടന്ന്‌ മന്ത്രിയെന്ന നിലയിലുള്ള ചുമതലകളില്‍ സജീവമായിരുന്നു. മരിക്കുന്നതിനു തലേദിവസവും രാത്രി വൈകി ഓഫീസില്‍ ചെലവഴിച്ച ദവെ ജനിതകമാറ്റം വരുത്തിയ കടുകിന്‌ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരേ പ്രതിഷേധിച്ച പരിസ്‌ഥിതി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ച പൂര്‍ത്താക്കിയ ശേഷമാണ്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌. ഇന്നലെ കോയമ്പത്തൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടാനിരിക്കുകയായിരുന്നു. പ്രകൃതിസ്‌നേഹിയായ ജനനേതാവിനെയാണ്‌ കേന്ദ്ര മന്ത്രി അനില്‍ മാധവ്‌ ദവെയുടെ മരണത്തിലൂടെ ഇന്ത്യക്കു നഷ്‌ടമായത്‌. ഗുജറാത്തില്‍നിന്നുള്ള അവിവാഹിതനായ ദവെ ജീവിതത്തിന്റെ ഏറിയപങ്കും ചെലവഴിച്ചത്‌ മധ്യപ്രദേശിലാണ്‌. 2009 മുതലാണ്‌ രാജ്യസഭാംഗമായത്‌. മുടങ്ങാതെ ദിവസം രണ്ടു നേരം യോഗ അഭ്യസിച്ചിരുന്ന ദവെ ലളിതജീവിതമാണ്‌ നയിച്ചിരുന്നത്‌.
ബി.ജെ.പി മധ്യപ്രദേശ്‌ ഘടകം വൈസ്‌ പ്രസിഡന്റായിരുന്ന സസ്യാഹാരിയായ ദവെ ഓര്‍ഗാനിക്‌ കൃഷിയില്‍ താല്‍പര്യമുള്ള വ്യക്‌തിയായിരുന്നു. വലിയ അണക്കെട്ട്‌ പദ്ധതികളെ എതിര്‍ത്തുവന്നിരുന്ന അദ്ദേഹം മന്ത്രിയെന്നതിലുപരി പരിസ്‌ഥിതി സ്‌നേഹിയായും അറിയപ്പെട്ടു. ഇംഗ്ലീഷില്‍ ഉള്‍പ്പെടെ എട്ടു പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്‌.
എം.കോം ബിരുദധാരിയാണ്‌. തനിക്കിത്‌ വ്യക്‌തിപരമായ നഷ്‌ടമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. ബുധനാഴ്‌ച വൈകുന്നേരം ചില നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തനിക്കൊപ്പമുണ്ടായിരുന്നുവെന്നും മോഡി ട്വിറ്ററില്‍ പ്രതികരിച്ചു.നര്‍മ്മദാ പരിപാലന പ്രചാരണവുമായി ബന്ധപ്പെട്ട്‌ ദീര്‍ഘകാലം ദവെ പ്രവര്‍ത്തിച്ചിരുന്നു. തിങ്കളാഴ്‌ച ആരോഗ്യസ്‌ഥിതി വകവയ്‌ക്കാതെയാണ്‌ ദവെ മധ്യപ്രദേശ്‌ സര്‍ക്കാര്‍ ഇന്‍ഡോറില്‍ സംഘടിപ്പിച്ച നര്‍മദാ യാത്രയില്‍ പങ്കെടുത്തത്‌. പരിസ്‌ഥിതി മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്‌ മുമ്പ്‌ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ്‌ പൊതുരംഗത്ത്‌ ഉയര്‍ന്നു വന്നത്‌. ആര്‍.എസ്‌.എസ്‌. പ്രചാരകായി അവിവാഹിതനായി തുടര്‍ന്നത്‌. ഉമാഭാരതി മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേന്ദ്ര ജലവിഭവമന്ത്രിയായിരിക്കുമ്പോഴും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രാഷ്‌ട്രീയ എതിരാളികളോടും അടുപ്പവും സ്‌നേഹവും പുലര്‍ത്തുന്നതിനും അവരുടെ ബഹുമാനം നേടുന്നതിനും അദ്ദേഹത്തിനായി.
ത്രിപുര മുഖ്യമന്ത്രിയും കമ്യൂണിസ്‌റ്റ്‌ നേതാവുമായ മണിക്ക്‌ സര്‍ക്കാരിനെ ഒരിക്കല്‍ ഏവര്‍ക്കും മാതൃകയെന്ന്‌ ദവെ വിശേഷിപ്പിച്ചത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജൂണ്‍ രണ്ടിന്‌ തൃശൂരില്‍ നിളാ ഫെസ്‌റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണവും അദ്ദേഹം സ്വീകരിച്ചിരുന്നു.

Ads by Google
Friday 19 May 2017 12.37 AM
YOU MAY BE INTERESTED
TRENDING NOW