Tuesday, November 21, 2017 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.37 AM

പാകിസ്‌താനു തിരിച്ചടിയായി രാജ്യാന്തര കോടതിവിധി കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്‌ക്കു സ്‌റ്റേ

uploads/news/2017/05/109754/1.jpg

ഹേഗ്‌ (ഹോളണ്ട്‌): ചാരവൃത്തി ആരോപിച്ച്‌ ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്‌ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്‌ക്കു വിധിച്ച പാകിസ്‌താന്‍ സൈനിക കോടതി ഉത്തരവിനു രാജ്യാന്തര നീതിന്യായ കോടതിയുടെ (ഐ.സി.ജെ.) സ്‌റ്റേ. അന്തിമ വിധി വരും വരെ ശിക്ഷ നടപ്പാക്കരുതെന്നാണു നിര്‍ദേശം. പാക്‌ നടപടിക്കെതിരേ യു.എന്നിന്റെ ഉന്നത ന്യായപീഠത്തെ സമീപിച്ച ഇന്ത്യക്ക്‌ ഏറെ ആശ്വാസം നല്‍കുന്നതാണു വിധി.
തീരുമാനത്തില്‍ പതിനൊന്നംഗ ബെഞ്ച്‌ ഒറ്റക്കെട്ടാണെന്ന്‌ വിധി പഖ്യാപനത്തിനിടെ ഐ.സി.ജെ. പ്രസിഡന്റ്‌ റോണി ഏബ്രഹാം ചൂണ്ടിക്കാട്ടി. 1977 ലെ വിയന്ന കരാറിനു വിധേയമായി സ്വന്തം പൗരനെ കോണ്‍സുലാര്‍ വഴി ബന്ധപ്പെടാന്‍ ഇന്ത്യക്ക്‌ അവസരം നല്‍കണമായിരുന്നെന്നു കോടതി വ്യക്‌തമാക്കി. നാല്‍പത്തിയാറുകാരനായ കുല്‍ഭൂഷണ്‍ ജാദവിന്റെ അറസ്‌റ്റ്‌ സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുകയാണെന്നും രാജ്യാന്തര കോടതി നിരീക്ഷിച്ചു. കേസില്‍ ഇന്ത്യയും പാകിസ്‌താനും തങ്ങളുടെ ഭാഗം വിശദീകരിച്ചു മൂന്നു ദിവസം പിന്നിടുമ്പോഴാണു വധശിക്ഷയ്‌ക്കു താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചത്‌.
ഏറ്റുമുട്ടല്‍ രൂക്ഷമായ ബലൂചിസ്‌താന്‍ പ്രവിശ്യയില്‍നിന്ന്‌ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മൂന്നിന്‌ കുല്‍ഭൂഷനെ സുരക്ഷാവിഭാഗം അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്നാണ്‌ പാക്‌ വാദം. എന്നാല്‍, ഇറാനില്‍ ബിസിനസ്‌ താല്‍പര്യങ്ങളുള്ള ജാദവിനെ അവിടെനിന്നു തട്ടിക്കൊണ്ടുപോയതാണെന്ന്‌ ഇന്ത്യ വ്യക്‌തമാക്കി. ജാദവിനെ വധശിക്ഷയ്‌ക്കു വിധിച്ചത്‌ ഇന്ത്യ-പാക്‌ ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. കഴിഞ്ഞ എട്ടിനാണ്‌ ഇന്ത്യ ഐ.സി.ജെയില്‍ അപ്പീല്‍ നല്‍കിയത്‌. തൊട്ടടുത്ത ദിവസം തന്നെ ഐ.സി.ജെ. കോടതി വിധി മരവിപ്പിച്ചിരുന്നു. ജാദവ്‌ ഇന്ത്യന്‍ പൗരനാണെന്ന്‌ ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നതായി വിധി പ്രസ്‌താവനയില്‍ കോടതി ചൂണ്ടിക്കാട്ടി.
ജാദവിനെ അറസ്‌റ്റ്‌ ചെയ്‌ത സാഹചര്യം ഇപ്പോഴും അവ്യക്‌തവും തര്‍ക്ക വിഷയവുമാണെന്നും കോടതി വ്യക്‌തമാക്കി. സൈനിക കോടതിയുടെ വധശിക്ഷ സ്‌റ്റേ ചെയ്യാന്‍ ഐ.സി.ജെക്ക്‌ അധികാരമില്ലെന്ന പാക്‌ വാദവും മുഖവിലയ്‌ക്കെടുത്തില്ല.
മഹാരാഷ്‌ട്രയിലെ സാഗ്ലി സ്വദേശിയാണ്‌ കുല്‍ഭൂഷണ്‍ സുധീര്‍ ജാദവ്‌. 1970 ഏപ്രില്‍ 16നാണു ജനനം. മുംബൈ പോലീസിലെ റിട്ട. ഉദ്യോഗസ്‌ഥനായ സുധീറിന്റെയും അവന്തലിയുടെയും മകനാണ്‌. 1987 ലാണ്‌ അദ്ദേഹം നാഷണല്‍ ഡിഫന്‍സ്‌ അക്കാഡമിയില്‍ ചേര്‍ന്നത്‌. 1991 ല്‍ ഇന്ത്യന്‍ നാവികസേനയില്‍ ചേര്‍ന്നു. 2003 ല്‍ സൈന്യത്തില്‍നിന്നു വിരമിച്ച അദ്ദേഹം ഇറാന്‍ കേന്ദ്രമായി ബിസിനസ്‌ നടത്തിവരികയായിരുന്നു.

Ads by Google
Friday 19 May 2017 12.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW