Friday, May 19, 2017 Last Updated 17 Min 44 Sec ago English Edition
Todays E paper
Friday 19 May 2017 12.29 AM

ആശങ്കകളുടെ മഴക്കാറ്‌ മാറി

uploads/news/2017/05/109743/1.jpg

കൊച്ചി: രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ ഫുട്‌ബോള്‍ ലോകകപ്പില്‍ കൊച്ചിയും വേദിയാകുമെന്ന്‌ ഉറപ്പായതോടെ ആശങ്കകളുടെ മഴക്കാറുകള്‍ മാറി, പ്രതീക്ഷകളുടെ ആകാശം വിരിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ ഫുട്‌ബോള്‍ ആരാധകര്‍. ഇന്നലെ കൊച്ചിയിലെത്തിയ ഫിഫ സംഘം നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതൃപ്‌തി രേഖപ്പെടുത്തിയതോടെയാണ്‌ കൊച്ചിയും ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന്‌ ഉറപ്പായത്‌.
സ്‌റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചശേഷം 'കൊച്ചിയെ ലോകകപ്പ്‌ വേദിയില്‍നിന്നും മാറ്റിനിര്‍ത്താന്‍ ഇപ്പോള്‍ വേറെ കാരണങ്ങളില്ലെന്ന്‌' ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതി (എല്‍.ഒ.സി)ഡയറക്‌ടര്‍ ഹാവിയര്‍ സെപ്പിയുടെ പ്രതികരണം കേരളത്തിലെ സംഘാടകള്‍ക്കും കായികപ്രേമികള്‍ക്കും സര്‍ക്കാരിനും ആശ്വാസമേകുന്നതായി.

മന്ദം മന്ദം തുടങ്ങിയ കൊച്ചിയുടെ ലോകകപ്പ്‌ ഒരുക്കങ്ങള്‍ക്ക്‌ വിമാനവേഗം കൈവന്നത്‌ ഫിഫ സംഘത്തിന്റെ ആദ്യ സന്ദര്‍ശനത്തോടെയായിരുന്നു.
സ്‌റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മാര്‍ച്ച്‌ 24ന്‌ ഫിഫ ടൂര്‍ണമെന്റ്‌ ഹെഡ്‌ ഹെയ്‌മി യാര്‍സയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ സന്ദര്‍ശനം നടത്തി മെല്ലെപോക്ക്‌ നടത്തിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച ഹെയ്‌മി യാര്‍സ ഇവിടെ നടക്കാന്‍ പോവുന്നത്‌ ഫിഫ ടൂര്‍ണമെന്റാണെന്ന കാര്യം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന്‌ കേന്ദ്ര കായിക മന്ത്രിയുടെ സന്ദര്‍ശനവും വിമര്‍ശനവും കൂടിയായതോടെ സംഘാടകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ജില്ലാ കലക്‌ടര്‍ മുഹമ്മദ്‌ വൈ സഫീറുള്ള നോഡല്‍ ഓഫീസര്‍ മുഹമ്മദ്‌ ഹനീഷ്‌, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ എന്നിവര്‍ ദിവസവും യോഗം ചേര്‍ന്ന്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇതിനുപുറമേ സംസ്‌ഥാന കായിക മന്ത്രി എ.സി. മൊയ്‌തീന്‍ നേരിട്ട്‌ കാര്യങ്ങള്‍ വിലയിരുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും അവലോകന യോഗം ചേര്‍ന്നിരുന്നു.
ഈ മാസം 15നകം കലൂര്‍ സ്‌റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ ഫിഫ സംഘാടക സമിതിക്ക്‌ നിര്‍ദേശം നല്‍കിയിരുന്നത്‌. ഈ സാഹചര്യത്തില്‍ ഹാവിയര്‍ സെപ്പി, ഹെഡ്‌ ഓഫ്‌ വെന്യൂ ഓപ്പറേഷന്‍ റോമ ഖന്ന എന്നിവരുടെ നേതൃത്വത്തിലുള്ള സന്ദര്‍ശനത്തെ ആശങ്കകളോടെയാണ്‌ കായികപ്രേമികള്‍ കണ്ടത്‌.

രാവിലെ പത്തുമണിയോടെയാണ്‌ ഫിഫ സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്‌. ഇവിടെനിന്ന്‌ നേരെ പോയത്‌ ഫോര്‍ട്ട്‌കൊച്ചി വെളി പരേഡ്‌ ഗ്രൗണ്ടുകളിലേക്കായിരുന്നു.
ഈ ഗ്രൗണ്ടുകളിലെ ഒരുക്കങ്ങളില്‍ ചില പോരായ്‌മകള്‍ സംഘം ചൂണ്ടിക്കാട്ടിയെങ്കിലും അതൊക്കെ ഉടനടി പരിഹരിക്കപ്പെടുമെന്ന്‌ അധികൃതര്‍ ഉറപ്പുനല്‍കി.
മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടിലെ പരിശോധനയില്‍ സംഘം ഏറെക്കുറെ തൃപ്‌തരായിരുന്നു.
മഹാരാജാസ്‌ ഗ്രൗണ്ടില്‍ കളിക്കാര്‍ക്കായി വിശ്രമമുറികള്‍ സജ്‌ജീകരിച്ചിരിക്കുന്നിടത്തേക്കാണ്‌ സംഘം ആദ്യമെത്തിയത്‌.
ശുചിമുറികള്‍ തുറന്ന്‌ പരിശോധിച്ച്‌ വെള്ളവും വൈദ്യുതിയും ലഭ്യമാണെന്ന്‌ ഉറപ്പുവരുത്തി. തുടര്‍ന്ന്‌ ഗാലറിയിലേക്ക്‌ കയറി ഗ്രൗണ്ടിന്റെ പൂര്‍ണരൂപം മനസിലാക്കിയ ഇരുവരും സ്‌റ്റേഡിയത്തിന്റെ ചിത്രങ്ങളും പകര്‍ത്തി.
പിന്നീട്‌ പുല്‍ത്തകിടിയിലൂടെ നടന്ന്‌ എല്ലാം വിശദമായി പരിശോധിച്ച്‌ ചില നിര്‍ദേശങ്ങളും നല്‍കി. പുല്ല്‌ പിടിച്ച്‌ വരുമ്പോള്‍ അതിന്റെ മുകളില്‍ മണല്‍ അരിച്ചിടാനും നിര്‍ദേശം നല്‍കി.
തുടര്‍ന്ന്‌ ഗ്രൗണ്ടിനോടുചേര്‍ന്ന്‌ സജ്‌ജമാക്കിയിരിക്കുന്ന വാട്ടര്‍ ടാങ്കും പരിശോധിച്ചു.നഗരപരിധിക്കുള്ളിലെ മറ്റൊരു പരിശീലന വേദിയായ പനമ്പിള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനവും സന്ദര്‍ശിച്ചതിനുശേഷമാണ്‌ സംഘം പ്രധാനവേദിയായ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്‌.
പരിശോധനവേളയില്‍ ഒരുക്കങ്ങളെപ്പറ്റി ആരോടും പ്രതികരിക്കാതിരുന്ന സംഘം വൈകിട്ട്‌ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ സ്‌റ്റേഡിയങ്ങളെക്കുറിച്ചുള്ള സംതൃപ്‌തി രേഖപ്പെടുത്തിയത്‌.

Ads by Google
Friday 19 May 2017 12.29 AM
YOU MAY BE INTERESTED
TRENDING NOW