Thursday, April 19, 2018 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.06 AM

ഇന്ത്യക്ക്‌ അഭിമാനനേട്ടം

uploads/news/2017/05/109728/2.jpg

ചാരവൃത്തിയാരോപിച്ച്‌ മുന്‍ നാവികസേനാ ഉദ്യോഗസ്‌ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനു പാകിസ്‌താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ തടയാനായതിലൂടെ രാജ്യാന്തരകോടതിയില്‍ ഇന്ത്യ നേടിയത്‌ അഭിമാനാര്‍ഹ വിജയം. കേസില്‍ ഇന്ത്യന്‍ വാദങ്ങള്‍ അംഗീകരിച്ച കോടതിയുടെ വിധിന്യായത്തിലൂടെ പാകിസ്‌താന്‍ ഇതുവരെ സ്വീകരിച്ച നിലപാടുകളും നടപടികളും വിയന്ന കണ്‍വന്‍ഷന്റെ ലംഘനം കൂടിയാണെന്നും വായിച്ചെടുക്കാം. അന്തിമവിധിവരെ കാര്യങ്ങള്‍ ഇന്ത്യയുടെ കൈപ്പിടിയിലായെന്നു നിസംശയം പറയാം.
ഇത്‌ പാകിസ്‌താനു കനത്ത തിരിച്ചടിതന്നെയാണ്‌. അവസാനവിധിവരെ പാകിസ്‌താന്‍ രാജ്യാന്തര കോടതിയുടെ നിരീക്ഷണത്തിലാകുന്നു എന്നത്‌ ചെറിയ കാര്യമല്ല. നരേന്ദ്ര മോഡി സര്‍ക്കാര്‍ ശരിയായ നീക്കം, ശരിയായ രീതിയില്‍, ശരിയായ സമയത്ത്‌ നടത്തിയതിന്റെ വിജയം, നേട്ടം. സ്വന്തം പൗരനെ വിട്ടുകിട്ടാന്‍ ഏതറ്റംവരെയും രാജ്യം പോകുമെന്നതിനുള്ള തെളിവാണ്‌ ഈ കേസ്‌.
പാകിസ്‌താന്‍ പ്രധാനമായും നാലു കാര്യങ്ങളാണ്‌ ഹേഗിലെ രാജ്യാന്തര കോടതി(ഐ.സി.ജെ)യില്‍ ഉന്നയിച്ചത്‌.
ഒന്ന്‌: ജാദവ്‌ ഭീകരനാണ്‌, ചാരനാണ്‌, അട്ടിമറിപ്രവര്‍ത്തനത്തിന്‌ എത്തിയതാണ്‌. രണ്ട്‌ : കോണ്‍സുലാര്‍ ആക്‌സസിന്‌ ഇന്ത്യക്ക്‌ അധികാരമോ അവകാശമോ ഇല്ല. മൂന്ന്‌: 2008 ലെ ഇന്ത്യ-പാക്‌ ധാരണ നിലവിലുള്ളതിനാല്‍ വിയന്ന കണ്‍വന്‍ഷന്‍ വ്യവസ്‌ഥകള്‍ ബാധകമല്ല. നാല്‌ : രാജ്യാന്തര കോടതിക്ക്‌ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ല. ഇത്‌ നാലും കോടതി നിരാകരിച്ചു. മാത്രമല്ല, കേസില്‍ അന്തിമവിധി ഉണ്ടാകുന്നതുവരെ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കില്ലെന്നു പാകിസ്‌താന്‍ ഉറപ്പുവരുത്തി നടപടികള്‍ കോടതിയെ അറിയിക്കണം. അടുത്തകാലത്ത്‌ മൂന്നു സമാന വിധികളാണ്‌ ഐ.സി.ജെയില്‍ നിന്നുണ്ടായിട്ടുള്ളത്‌. അവയിയെല്ലാം ഉപദേശരൂപേണയുള്ള ഉത്തരവുകളാണ്‌. മറുപക്ഷത്തിന്റെ നിലപാട്‌ പരിശോധിച്ച്‌ ആവശ്യമായതുചെയ്യണം എന്ന മട്ടിലുള്ളത്‌. ജാദവ്‌ കേസിലാകട്ടെ വ്യക്‌തതയും കടുപ്പത്തിലുമുള്ള ഭാഷയില്‍ നിര്‍ദേശവും ഉണ്ടായിരിക്കുന്നെന്നതാണു സവിശേഷത.
ഇന്ത്യയെ ആക്ഷേപിക്കാനും രാജ്യാന്തരവേദികളില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമുള്ള പാക്‌ നീക്കങ്ങളാണ്‌ തകര്‍ന്നത്‌. ഇവിടെ നാം കാണാതെ പോയിക്കൂടാത്ത കാര്യമുണ്ട്‌. അത്‌ ഐ.സി.ജെയെ സമീപിക്കാനുള്ള മോഡി ഭരണകൂടത്തിന്റെ തീരുമാനമാണ്‌. വല്ലാത്തൊരു "റിസ്‌ക്‌ ഫാക്‌ടര്‍" (എന്തും സംഭവിക്കാമെന്ന സ്‌ഥിതി) അതിലുണ്ടായിരുന്നു. ആദ്യദിനം തന്നെ തിരിച്ചടി ഉണ്ടായാല്‍ ജാദവിന്റെ ഭാവി തന്നെ അപകടത്തിലാകുമായിരുന്നു.
അത്തരമൊരു ശ്രമം നടത്താന്‍ വേണ്ട ധൈര്യം കേന്ദ്ര സര്‍ക്കാര്‍ കാണിച്ചു; അത്‌ ഫലപ്രദമാവുകയും ചെയ്‌തു. പിന്നീടങ്ങോട്ട്‌ വേണ്ടതിലധികം ധൈര്യം ഇന്ത്യക്കുണ്ടായി. പാകിസ്‌താനാകട്ടെ വല്ലാത്ത പ്രതിസന്ധിയിലും ആശയക്കുഴപ്പത്തിലുമാകുകയും ചെയ്‌തു.ഏതു നീതിന്യായ കോടതിക്കും നിരാകരിക്കാന്‍ കഴിയാത്ത ന്യായവാദങ്ങള്‍ ഹേഗില്‍ ഇന്ത്യക്ക്‌ നിരത്താനുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതു കുല്‍ഭൂഷണ്‍ ജാദവ്‌ ഇന്ത്യന്‍ സൈനികനാണ്‌ എന്ന പാക്‌ വാദം തെറ്റായിരുന്നു എന്നതാണ്‌. ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ജാദവ്‌ വിരമിച്ചശേഷം ഇറാനിലും മറ്റുമായി ബിസിനസ്‌ നടത്തുകയായിരുന്നു എന്നതിനു തെളിവ്‌ ന്യൂഡല്‍ഹിയുടെകൈവശമുണ്ടായിരുന്നു. ഇറാനില്‍ നിന്നാണ്‌ പാക്‌ താലിബാന്‍ ജാദവിനെ പിടികൂടിയത്‌ എന്നതിനും തെളിവുണ്ട്‌.
പിന്നീട്‌ പാകിസ്‌താനിലെത്തിച്ച്‌ ക്രൂരമര്‍ദനത്തിനു വിധേയനാക്കുകയായിരുന്നു എന്നതാണു വാസ്‌തവം. ഇതോടെ ഇന്ത്യന്‍ ചാരന്‍ എന്ന പാക്‌ വാദവും നിലനില്‍ക്കില്ലെന്നു ബോധ്യപ്പെടുത്താന്‍ ഇന്ത്യക്കായി. അറസ്‌റ്റിലായ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അധികൃതര്‍ക്ക്‌ അനുമതി നിഷേധിച്ചതാണ്‌ അതിലേറെ പ്രധാനം. 2016 മാര്‍ച്ചില്‍ പിടിയിലായെന്നു പാകിസ്‌താന്‍ പറയുന്ന ജാദവിനെ കാണാനും സംസാരിക്കാനും നിയമസഹായമടക്കമുള്ളവ ചെയ്‌തുകൊടുക്കാനുമായി 16 തവണയാണ്‌ പാക്‌ അധികൃതരെ സമീപിച്ചത്‌. എല്ലാം നിരാകരിക്കപ്പെട്ടു. വിയന്ന കണ്‍വന്‍ഷന്റെ നഗ്‌നമായ ലംഘനമാണത്‌. പാകിസ്‌താന്‍ തുടക്കംമുതല്‍ കള്ളക്കളിയാണ്‌ നടത്തിയിരുന്നത്‌ എന്നത്‌ കോടതിയെ ബോധ്യപ്പെടുത്താനും ഇന്ത്യക്കായി.
ഇവിടെ നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്‌. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും ലഷ്‌കറെ തോയ്‌ബ ഭീകരനുമായ അജ്‌മല്‍ കസബിന്റെ വിചാരണ നീതിയുക്‌തമാകണമെന്ന ലക്ഷ്യത്തോടെ, പരാതിരഹിതമായി ഇന്ത്യ സ്വീകരിച്ച നടപടികള്‍ ലോകരാഷ്‌ട്രങ്ങള്‍ക്കുപോലും മാതൃകയാണെന്നതാണത്‌.
കഴിഞ്ഞ എട്ടിന്‌ പ്രാഥമികഘട്ടത്തില്‍ ജാദവിനെതിരായ വിധി നടപ്പിലാക്കുന്നത്‌ ഹേഗിലെ കോടതി തടഞ്ഞപ്പോള്‍മുതല്‍ പാകിസ്‌താന്‍ ഭയാശങ്കയിലായിരുന്നു. എന്തൊരു വെപ്രാളമായിരുന്നു അവരുടെ വക്‌താക്കളുടെയും ഭരണാധികാരികളുടെയും മുഖത്ത്‌. ഐ.സി.ജെയില്‍ ജാദവിന്റെ കുറ്റസമ്മതവീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം വിഫലമായതോടെ പാകിസ്‌താന്റെ നിലതെറ്റി. ഇനി ഇസ്ലാമാബാദിന്റെ അടുത്ത നീക്കമെന്താകും എന്നതിലേക്കാണു സകലരും ഉറ്റുനോക്കുന്നത്‌.
അടുത്തിടെ മൂന്നു സമാനമായ വിധികളാണ്‌ ഹേഗിലെ ലോക കോടതിയില്‍ നിന്നുമുണ്ടായിട്ടുള്ളത്‌ എന്നത്‌ നേരത്തെ സൂചിപ്പിച്ചല്ലോ. മൂന്നു കേസുകളിലും അമേരിക്കയായിരുന്നു പ്രതിസ്‌ഥാനത്ത്‌.
ഒരു കേസില്‍ ജര്‍മനിയും രണ്ടു കേസുകളില്‍ മെക്‌സിക്കോയും പരാഗ്വേയുമായിരുന്നു മറുപക്ഷത്ത്‌. ഈ കേസുകളിലെല്ലാം വിധി അമേരിക്കയ്‌ക്ക്‌ എതിരായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ഉപദേശരൂപത്തിലായിരുന്നു ഉത്തരവ്‌. അതില്‍ രണ്ടിലും അമേരിക്ക അവരുടെ കോടതിയുടെ ഉത്തരവ്‌ നടപ്പിലാക്കി. മൂന്നാമത്‌ കേസില്‍ ഐ.സി.ജെയുടെ ഉത്തരവുവരെ വിധിനടപ്പിലാക്കുന്നത്‌ തടയുകയാണ്‌ ഉണ്ടായത്‌.
എന്നാല്‍ ഇന്നിപ്പോള്‍ അതല്ല ഇന്ത്യക്കനുകൂലമായ ഉത്തരവ്‌. അത്‌ വ്യക്‌തമാണ്‌, നിര്‍ദ്ദേശമാണ്‌. പാകിസ്‌താന്‍ ചെയ്യുന്ന കാര്യങ്ങള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്‌. അതുകൊണ്ടുതന്നെ പാകിസ്‌താന്‌ മുന്നിലുള്ള സാധ്യതകള്‍ വിരളമാണ്‌. ഈ ഉത്തരവ്‌ പാകിസ്‌താന്‍ നടപ്പാക്കിയേ പറ്റൂവെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവിടെ ഒരു കാര്യം കൂടി പറഞ്ഞാലേ പൂര്‍ത്തിയാവൂ. ഇസ്ലാമാബാദില്‍ ജാദവ്‌ ഉള്ളത്‌ പാക്‌ സൈന്യത്തിന്റെ അധീനതയിലാണ്‌.
പാക്‌ സൈനിക കോടതിയാണു കേസ്‌ വിചാരണചെയ്‌തത്‌ എന്ന്‌ നേരത്തെ പറഞ്ഞല്ലോ. ഐ.സി.ജെയുടെ വിധി തങ്ങള്‍ക്ക്‌ ബാധകമല്ല, അത്‌ സിവില്‍ ഭരണകൂടത്തിന്റെ കാര്യമാണ്‌ എന്ന്‌ സൈന്യം പറഞ്ഞാലോ? അതിനുള്ള സാധ്യതയുണ്ട്‌.
സൈനിക കേന്ദ്രങ്ങള്‍ ആദ്യമേ മുതല്‍ ആവിധത്തില്‍ സംസാരിക്കുന്നുണ്ടുതാനും. അവിടെ പ്രതിക്കൂട്ടിലാകുക നവാസ്‌ ഷെരീഫ്‌ എന്ന പ്രധാനമന്ത്രിയാണ്‌. പ്രധാനമന്ത്രിക്കു പാക്‌ സൈന്യത്തിനുമേലുള്ള നിയന്ത്രണം എത്രമാത്രമെന്നത്‌ സംശയമായി നിലനില്‍ക്കെ കാര്യങ്ങള്‍ എങ്ങിനെ, എവിടേക്ക്‌ എത്തുമെന്ന്‌ കാത്തിരുന്നുകാണാം.
ഐ.സി.ജെയുടെ ഉത്തരവുകള്‍ നിരാകരിച്ചാല്‍ ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക്‌ ഇടപെടാനുള്ള അധികാരമുണ്ട്‌ എന്നതു മറന്നുകൂടാ. മറ്റൊന്ന്‌ ഈ കോടതിയെ ധിക്കരിച്ചാല്‍ രാജ്യാന്തര കുറ്റവാളി ആയി മുദ്രകുത്തപ്പെടുമെന്നതാണ്‌. പക്ഷേ, ഇതൊന്നും പാക്‌ സൈനികര്‍ക്ക്‌ പ്രശ്‌നമാകാറില്ല. സൈനികരെ നിലയ്‌ക്കു നിര്‍ത്താന്‍ സിവില്‍ ഭരണകൂടത്തിന്‌ കഴിയാതെയും വന്നാല്‍ എന്ന ചോദ്യവും പ്രസക്‌തമാണ്‌.
ഇത്ര വലിയ തിരിച്ചടി നേരിട്ട ഒരു രാജ്യത്തിന്‌ അതിനൊന്നും കഴിയുമെന്നു തോന്നുന്നില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അടുത്ത നിയമ, നയതന്ത്ര പോരാട്ടത്തിന്‌ ഇന്ത്യ തയാറെടുക്കുകയും വേണം.

Ads by Google
Friday 19 May 2017 12.06 AM
YOU MAY BE INTERESTED
TRENDING NOW