Monday, May 29, 2017 Last Updated 20 Min 42 Sec ago English Edition
Todays E paper
Thursday 18 May 2017 08.12 PM

ആരൊക്കയോ നല്‍കിയ അവസാന തുള്ളി വെള്ളം കുടിച്ച് കൈസര്‍ യാത്രയായി: ഇത് ഒരു നായയുടെ ജീവന്റെ കഥ

uploads/news/2017/05/109721/kisar.jpg

മരട്: അനാഥനായി വേദനയോടെ അവശനായി റോഡില്‍ കിടന്നുകൊണ്ട് തന്റെ മുന്നില്‍ വട്ടംകൂടി നിന്നവരുടെ മുഖത്തേക്ക് കൈസര്‍ ദയനീയ ഭാവത്തോടെ നോക്കി. എന്നാല്‍ മരണത്തോട് മല്ലിടുന്ന തന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുവാന്‍ മല്‍സരിക്കുന്നവരെ അല്ലാതെ, തന്റെ ജീവന്‍ രക്ഷിക്കുവാന്‍ തയാറായ കരുണയുള്ളവരാരേയും കാണുവാന്‍ കഴിയാതെ ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം കൈസര്‍ വിടവാങ്ങി. നെട്ടൂരില്‍ ഉടമ ഉപേക്ഷിച്ച നായയാണ് അധികൃതരുടെ കരുണയില്ലാത്ത സമീപനം മൂലം മരണം വരിച്ചത്. നെട്ടൂര്‍ തെക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ ടെക്‌സ്‌റ്റൈല്‍ ഷോപ്പുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയ്ക്ക് മുന്നില്‍ രോഗാവസ്ഥ മൂലം അവശനിലയില്‍ കിടക്കുന്ന നായയെ കണ്ടത്.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ പുഴുവരിച്ച വ്രണങ്ങളോടെ അവശനിലയിലായിരുന്നു. നായയെ നീക്കം ചെയ്യാതെ കട തുറക്കാന്‍ പറ്റാത്തതിനാല്‍ കടയുടമ വിവരം ഡിവിഷന്‍ കൗണ്‍സിലര്‍മാരെ അറിയിച്ചു. കൗണ്‍സിലര്‍മാരായ ജബ്ബാര്‍ പാപ്പനയും ബോബന്‍ നെടുംപറമ്പിലും മരടിലെ വെറ്റിനറി ഡോക്ടറേയും മരട് നഗരസഭയിലും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വെറ്റിനറി ഡോക്ടറുടെ നിര്‍ദേശ പ്രകാരം കടയുടമ കൈസറിനെ റോഡരികിലെ സ്ലാബിലേക്ക് നീക്കി കിടത്തി. എന്നാല്‍ അല്പം കഴിഞ്ഞ് വരാമെന്നു പറഞ്ഞ് മടങ്ങിയ വെറ്റിനറി ഡോക്ടര്‍ തിരിച്ചെത്തിയില്ല. നഗരസഭാധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൈക്കിളില്‍ സ്ഥലത്തെത്തിയ നഗരസഭാ കണ്ടിജന്‍സി ജീവനക്കാരന്‍ വാഹനമില്ലാതെ നായയെ കൊണ്ടുപോകാനാകില്ലെന്നു പറഞ്ഞ് സ്ഥലത്തുനിന്നും മടങ്ങി. ഇതിനിടെ നാട്ടുകാര്‍ വിവരം മൃഗ പീഡനനിരോധിത സമിതി പ്രസിഡന്റ് സജിത്തിനെ അറിയിച്ചു.

ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ചവരെ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും നായക്ക് ജീവനുണ്ടെങ്കില്‍ തങ്ങള്‍ സ്ഥലത്തെത്തി നായയെ രക്ഷിക്കുമെന്നും സജിത്ത് ഫോണില്‍ നാട്ടുകാര്‍ക്ക് ഉറപ്പും നല്‍കി. അധികൃതരുടെ ഉറപ്പുകള്‍ പതിവുപോലെ പാഴ്‌വാക്കായി മാറി. സമയം ഏറെ പിന്നിട്ടതോടെ കാരുണ്യത്തിന്റെ കരസ്പര്‍ശം എത്തുമില്ലെന്നുറപ്പായതോടെ, തനിക്ക് ചുറ്റും കൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് കൈസര്‍ വിട പറഞ്ഞു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഉടമ ഉപേക്ഷിച്ചതായിരുന്നു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ. ദയനീയ ഭാവം കണ്ട് ഇളം കൈകളില്‍ വെള്ളം കുടിക്കാനായി നല്‍കിയ ചുറ്റും കൂടിയ കുട്ടികള്‍ ഇട്ട വിളിപ്പേരാണ് കൈസറെന്ന്. തങ്ങള്‍ നല്‍കിയ അവസാനതുള്ളിവെള്ളം കുടിച്ച് കൈസര്‍ വിട പറഞ്ഞപ്പോള്‍ ഈറനണിഞ്ഞ ഇളം കണ്ണുകളില്‍ അനാസ്ഥ കാട്ടിയ അധികൃതരോടുള്ള പ്രതിഷേധം ജ്വലിക്കുന്നതും കാണാമായിരുന്നു.

Ads by Google
Thursday 18 May 2017 08.12 PM
YOU MAY BE INTERESTED
TRENDING NOW