Friday, June 08, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 18 May 2017 03.56 PM

നൊമ്പരം ഉള്ളിലൊതുക്കി ചമയമിട്ടു

uploads/news/2017/05/109686/weeklyyathikumar180517.jpg

എന്നെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പക്ഷേ എന്റെ ആഗ്രഹം അതൊന്നുമല്ലായിരുന്നു. ന്യൂജന്‍ പിളേളര് സിനിമയും ഗാനമേളയും ആസ്വദിക്കുന്നതു പോലെ അന്നത്തെക്കാലത്ത് നാടകമായിരുന്നു.

എവിടെ നാടകം നടന്നാലും ഞാന്‍ അവിടെ പോയി കാണും. അങ്ങനെ നാടകം കണ്ട് കണ്ട് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങി. പിന്നീട് അതിനുവേണ്ടിയുളള പരിശ്രമമായിരുന്നു. ഒരുപാട് അലഞ്ഞ് തിരിഞ്ഞ ശേഷം നാടകത്തില്‍ അവസരം ലഭിച്ചു.

ഒരു നാടകം ചെയ്തതോടെ ഞാന്‍ ഉറപ്പിച്ചു ഇതുതന്നെ എന്റെ ജീവിത മാര്‍ഗ്ഗം. അതോടെ അച്ഛന്റെയും അമ്മയുടെയും എല്ലാ സ്വപ്നങ്ങളും അവസാനിച്ചു. എങ്കിലും അച്ഛന്‍ എതിര്‍ത്തില്ല. എനിക്കുവേണ്ട എല്ലാ സപ്പോര്‍ട്ടും തന്നു. അങ്ങനെ ഞാന്‍ നാടകത്തില്‍ സജീവമായി.

ഒരിക്കല്‍ പളളിയില്‍ നാടകം കളിക്കാന്‍ പോയി. അവിടെ ചെന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ കൂടെ അഭിനയിക്കുന്ന ചേച്ചി എത്തിയില്ല. എല്ലാവരും പുളളിക്കാരിക്കുവേണ്ടി കാത്തിരിക്കുകയാണ്.

സമയം കഴിയും തോറും കമ്മറ്റിക്കാര്‍ വന്ന് ചോദിക്കും റെഡിയായോ? കൂടെയുളള ഒരാള്‍ ഇതുവരെയായിട്ടും എത്തിയില്ലെന്ന് എങ്ങനെയാ അവരോടു പറയുക. മേക്കപ്പിട്ട് കഴിഞ്ഞില്ലെന്ന് പറഞ്ഞ് പിടിച്ചുനിന്നു. മെയിന്‍ കഥാപാത്രം ചെയ്യുന്ന ആളാണ് ചേച്ചി. പുളളിക്കാരിയില്ലെങ്കില്‍ കളിക്കാനും പറ്റില്ല.

നാട്ടുകാരും കമ്മറ്റിക്കാരും ബഹളം വയ്ക്കാന്‍ തുടങ്ങി. പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍ സ്‌റ്റേജില്‍ കയറി നാടകം തുടങ്ങി. അഭിനയത്തിനിടയില്‍ ഞാന്‍ നെഞ്ചുവേദന അഭിനയിച്ച് സ്‌റ്റേജിലേക്ക് വീണു. പെട്ടെന്ന് കമ്മറ്റിക്കാരും കൂടെയുളളവരും എന്നെ ആശുപത്രിയില്‍ എത്തിച്ചു.

പരിശോധനയ്ക്ക് അകത്തേക്ക് കയറ്റി. ഞാനും ഡോക്ടറും രണ്ടു നഴ്‌സുമാരും മാത്രം. ഞാന്‍ ഡോക്ടറോട് കാര്യം പറഞ്ഞു. കൂടെ അഭിനയിക്കുന്ന ചേച്ചി ഇതുവരെ എത്തിയില്ല. പിടിച്ചു നില്‍ക്കാന്‍ വേണ്ടി ചെയ്തതാണ്.

ഡോക്ടര്‍ ചിരിച്ചിട്ടു പറഞ്ഞു, ഇനി ഇങ്ങനെയൊന്നും കാണിക്കരുത്. എന്നിട്ട് മറ്റൊരു മുറിയിലേക്ക് മാറ്റി. ഞങ്ങളുട അവസ്ഥ മനസ്സിലാക്കിയ ഡോക്ടര്‍ കൂടെ വന്ന കമ്മറ്റിക്കാര്‍ക്ക് വിശ്വാസം വരാന്‍ വിറ്റാമിന്‍ മരുന്ന് ഇന്‍ജക്റ്റ് ചെയ്തു.

അപ്പോഴേക്കും ചേച്ചി സ്ഥലത്തെത്തി. ആശുപത്രിയില്‍ നിന്ന് നേരെചെന്ന് നാടകം കളിച്ചു. അങ്ങനെ അടികിട്ടാതെ ഒരുവിധം രക്ഷപെട്ടു. പക്ഷേ ഇന്‍ജക്ഷന്‍ എടുത്ത കൈ രണ്ട് ദിവസം അനക്കാന്‍ പറ്റിയില്ല, അത്രയ്ക്ക് വേദനയായിരുന്നു.

എന്റെ ചേട്ടന്‍ ചെന്നൈയിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വച്ച് ചേട്ടന് ഒരു അപകടം സംഭവിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നു. അച്ഛനും അമ്മയും അടക്കം എല്ലാവരും ചേട്ടനെ കാണാന്‍ പോയി. പക്ഷേ എനിക്കു മാത്രം പോകാന്‍ സാധിച്ചില്ല.

ഏറ്റെടുത്ത നാടകം ചെയ്യണമായിരുന്നു. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റില്ല. സിനിമയോ സീരിയലിലോ ആണെങ്കില്‍ കുഴപ്പമില്ല. കുറച്ച് പണം നഷ്ടമാകുമെന്നേയുളളൂ. അല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല.

ഇത് ബുക്ക് ചെയ്ത പരിപാടി നടത്താതിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് ചേട്ടനെ കാണാന്‍ പോകാതെ ഞാന്‍ അഭിനയിക്കാന്‍ പോയി. അന്നൊക്കെ മിക്ക ദിവസങ്ങളിലും പ്രോഗ്രാം കാണും.

അഡ്മിറ്റായി മൂന്നാം ദിവസം ചേട്ടന്‍ ഈ ലോകത്തോട് വിട പറഞ്ഞു. അവിടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബോഡി നാട്ടിലെത്തിച്ചു. സ്വന്തം കൂടപ്പിറപ്പിനെ ജീവനോടെ അവസാനമായി ഒരുനോക്ക് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല.

ചേട്ടനെ അടക്കം ചെയ്യുന്ന അന്നു വൈകിട്ടും എനിക്ക് പ്രോഗ്രാമുണ്ട്. ഒരു വശത്ത് എന്നെ കാത്ത് കൂട്ടുകാര്‍ വണ്ടിയുമായി നില്‍ക്കുന്നു. മറുവശത്ത് ചേട്ടനെ അടക്കം ചെയ്യാനായി കുഴിയിലേക്ക് ഇറക്കി വച്ചു. ചേട്ടന്റെ മകന്‍ ഒരു പിടി മണ്ണിട്ടു. പുറകെ എന്നോടു ക്ഷമിക്കണമെന്ന് മനസ്സില്‍ പറഞ്ഞ് ഞാനും ഒരു പിടി മണ്ണിട്ടു.

പോകാന്‍ ഞാന്‍ റെഡിയായി. ബന്ധുക്കളെല്ലാം എന്നെ കുറ്റപ്പെടുത്തി. ചേട്ടന്‍ സുഖമില്ലാതെ കിടന്നപ്പോള്‍ നാടകമെന്ന് പറഞ്ഞ് പോയി കണ്ടില്ല, മരിച്ചിട്ടും പോകുന്നതു കണ്ടില്ലേ. അങ്ങനെ ഓരോന്നും പറഞ്ഞ് എന്നെ കുറ്റപ്പെടുത്തി.

ഉളളിലെ കരച്ചില്‍ പുറത്ത് കാണിക്കാതെ ഞാന്‍ പുറപ്പെട്ടു. അപ്പോഴും അച്ഛന്‍ എന്നെ കുറ്റപ്പെടുത്തിയില്ല. അവനു പോകാതിരിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് പോയതെന്ന് അച്ഛന്‍ എല്ലാവരോടും പറഞ്ഞു.

നെഞ്ചുപൊട്ടുന്ന വേദന പുറത്തു കാണിക്കാതെ ഞാന്‍ നാടകം കളിച്ചു. അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഇതൊക്കെ ഓരോ കലാകാരന്മാരുടെയും നിയോഗമാണ്. പക്ഷേ അത് മറ്റുളളവര്‍ മനസ്സിലാക്കുന്നില്ല....,

അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW