Tuesday, August 08, 2017 Last Updated 12 Min 9 Sec ago English Edition
Todays E paper
Thursday 18 May 2017 03.33 PM

പ്രമേഹരോഗിക്ക് പനിയും ജലദോഷവും

uploads/news/2017/05/109681/askdrdibities180517.jpg

പ്രമേഹരോഗിക്ക് പനിയും ജലദോഷവും

ഞാനൊരു പ്രമേഹ രോഗിയാണ്. അഞ്ചു വര്‍ഷമായി രോഗം കണ്ടെത്തിയിട്ട്. ഇപ്പോള്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കുന്നുണ്ട്. എനിക്ക് ഇടയ്ക്കിടെ പനിയും ജലദോഷവുമൊക്കെ വന്നുപോകാറുണ്ട്. ഇതുമൂലം പലപ്പോഴും ഷുഗര്‍ നില ഉയരാനിടവരുന്നു. പ്രമേഹമുള്ളവര്‍ ഇത്തരം ചെറുരോഗങ്ങള്‍ വരുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
-----മൊയ്തീന്‍ ,കാസര്‍കോഡ്

ജലദോഷം, പനി, ചുമ, വയറിളക്കം, ചര്‍ദി തുടങ്ങിയ ചെറുരോഗങ്ങള്‍ വരാറുള്ള പ്രമേഹരോഗികള്‍ അവരുടെ ആരോഗ്യപാലനത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള അസുഖമുള്ളവരില്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതിനും (ഹൈപ്പര്‍ഗ്ലൈസീമിയ) അതുപോലെ തന്നെ വളരെ കുറഞ്ഞുപോകുന്നതിനും (ഹൈപ്പോഗ്ലൈസീമിയ) കാരണമാകാറുണ്ട്.

ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രമേഹരോഗികള്‍ പ്രമേഹനിയന്ത്രണത്തിനായി എന്ത് ചെയ്യണം എന്നതിനെപ്പറ്റി വളരെയധികം ബോധവാന്‍മാരായിരിക്കണം.

ഈ പെട്ടന്നുവന്നുപോകുന്ന രോഗസാഹചര്യങ്ങളില്‍ പ്രമേഹനിയന്ത്രണം എന്നതുകൊണ്ടു അര്‍ഥമാക്കുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടിയും കുറഞ്ഞു ഇരിക്കുന്ന അവസ്ഥ ഒഴിവാക്കുക എന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു ജീവിച്ചുവരുന്ന പലരോഗികളിലും മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ ആരംഭിച്ചാല്‍ പെട്ടെന്ന് അവരുടെ പഞ്ചസാരയുടെ അളവ് കൂടുന്നതായി കണ്ടുവരുന്നു. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.

രോഗത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ ശ്രദ്ധിച്ചു വിലയിരുത്തേണ്ടതു വളരെ അത്യാവശ്യമാണ്. എന്തുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു എന്നതു മനസിലാക്കാന്‍ സാധിച്ചാല്‍ ചികിത്സ എളുപ്പമാകും.

പ്രമേഹരോഗാവസ്ഥയിലുള്ള ഒരാള്‍ മറ്റേതു രോഗങ്ങള്‍ക്കായുള്ള ചികിത്സയിലായിരുന്നാലും രക്തത്തിലെ പഞ്ചസാരയുടെ അളവു തുടക്കം മുതലേ നിയന്ത്രിച്ചു പോരേണ്ടതുണ്ട്. രക്തത്തിലെ ഷുഗര്‍ എല്ലാ 2 - 4 മണിക്കൂറിലും പരിശോധിക്കേണ്ടതാണ്.

ഒരു ദിവസം ഏറ്റവും കുറഞ്ഞത് 3 - 4 തവണ രക്തം പരിശോധിക്കുന്നതു നല്ലതാണ്. ഇതിനായി ഗ്ലൂക്കോമീറ്റര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. രോഗാവസ്ഥയിലായിരിക്കുമ്പോള്‍ രക്തത്തിലെ സോഡിയം, പൊട്ടാസ്യം, ബൈകാര്‍ബണെറ്റ് എന്നിവയും മൂത്രത്തിലെ കീറ്റോണിന്റെ അളവും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.

കാഴ്ചയ്ക്ക് തകരാര്‍


എനിക്ക് 60 വയസ്. പ്രമേഹമുണ്ട്. ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. ഇപ്പോള്‍ എനിക്ക് കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പ്രമേഹരോഗികള്‍ക്ക് കാഴ്ച തകരാര്‍ സംഭവിക്കുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. എനിക്ക് പ്രമേഹവുമായി ബന്ധപ്പെട്ടുള്ള കാഴ്ച തകരാറാണോ ഉണ്ടായിട്ടുള്ളത്.
----- ശിവരാമന്‍, കളമശേരി

കണ്ണിലെ നേത്രാന്തരപടലത്തേയും (റെറ്റിന) കേന്ദ്രഭാഗമായ മാക്കുലയേയും പ്രമേഹം തകരാറിലാക്കുന്നു. രക്തത്തിലെ പഞ്ചസാര കൂടുമ്പോള്‍ റെറ്റിനയിലെ രക്തക്കുഴലുകളില്‍നിന്ന് രക്തം ചോര്‍ന്ന് റെറ്റിനയ്ക്ക് വീക്കം സൃഷ്ടിക്കുന്നു.

തുടര്‍ന്ന് പുതിയ രക്തക്കുഴലുകള്‍ വികസിച്ചുവരുമെങ്കിലും അവ ദുര്‍ബലവും പെട്ടെന്ന് പൊട്ടി പോകുന്നവയും ആയിരിക്കും. ഇതാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ആദ്യ ഘട്ടം.

തുടക്കത്തിലേയുള്ള ചികിത്സ രോഗം മൂര്‍ച്ഛിക്കാതെയിരിക്കാന്‍ സഹായിക്കും. യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ വൈകുംതോറും കണ്ണില്‍ രക്തസ്രാവം കൂടുകയും കാഴ്ചശക്തി പൂര്‍ണമായും നശിക്കുകയും ചെയ്യുന്നു.

റെറ്റിനയിലും നേത്രനാഡിയിലും ഉണ്ടാകുന്ന ചെറിയ പ്രശ്‌നം പോലും കാഴ്ചയെ തകരാറിലാക്കും. ഇതുമൂലം റെറ്റിനയില്‍ കൃത്യമായ പ്രതിബിംബങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയാതെവരികയും പ്രതിബിംബങ്ങള്‍ കൃത്യമായി തലച്ചോറിലെത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

റെറ്റിനയിലെ പ്രശ്‌നങ്ങളുടെ തോതനുസരിച്ച് കാഴ്ചയ്ക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. നേര്‍ത്ത അവ്യക്തത മുതല്‍ പൂര്‍ണ അന്ധത വരെയാണ് ഇതിന്റെ പരിണിത ഫലം. മറ്റെല്ലാ ശാരീരികാവയവങ്ങളെയും പോലെ റെറ്റിനയും നേത്രനാഡിയും പോഷകങ്ങള്‍ സ്വീകരിക്കുന്നതും രക്തത്തില്‍നിന്നാണ്.

പ്രമേഹത്തിന്റെ തോത് വര്‍ധിക്കുന്നതോടെ ഈ ഭാഗത്തേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്നു, പിന്നീട് രക്തചംക്രമണം പൂര്‍ണമായി നിലയ്ക്കുകയും കാഴ്ചയെ തകരാറിലുമാക്കുന്നു. അതിനാല്‍ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധന നടത്തി ചികിത്സ ആരംഭിക്കുക.

ഡോ. അശോക് കൃഷ്ണന്‍
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്
കണ്‍സള്‍ട്ടന്റ് ഡയബറ്റോളജിസ്റ്റ്
അഹല്യ ഡയബറ്റീസ് ഹോസ്പിറ്റല്‍ ,പാലക്കാട്

Ads by Google
TRENDING NOW