വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍ തുടരുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ മൈക്ക് ഫ്ളിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്നു പുറത്താക്കപ്പെട്ട എഫ്.ബി.ഐ. ഡയറക്ടര്‍ ജെയിംസ് കോമിയോട് ട്രംപ് ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം.
ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ചു വാര്‍ത്ത പുറത്തു വിട്ടത്. വൈറ്റ് ഹൗസില്‍ റഷ്യന്‍ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അതീവരഹസ്യമായ വിവരങ്ങള്‍ ട്രംപ് പങ്കുവച്ചുവെന്ന ഗുരുതരമായ ആരോപണം ഉയര്‍ന്ന് 24 മണിക്കൂറിനുള്ളിലാണു പുതിയ വിവാദം ഉടലെടുത്തത്. അദ്ദേഹം (ഫ്ളിന്‍) നല്ലൊരു മനുഷ്യനാണ്. ഈ പ്രശ്നം അവസാനിപ്പിക്കുന്നതില്‍ താങ്കള്‍ (കോമി)ക്ക് പ്രശ്നമില്ലെന്നു താന്‍ കരുതുന്നുവെന്നു ട്രംപ് പറഞ്ഞുവെന്നു വാര്‍ത്ത പറയുന്നു. കോമി-ട്രംപ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നേരില്‍ കണ്ട രണ്ടു പേരെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന് അനുകൂലമായ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് എഫ്.ബി.ഐ. മേധാവി സ്ഥാനത്തുനിന്നു ജെയിംസ് കോമിയെ നീക്കിയത്.
രണ്ട് ആരോപണങ്ങളും ശക്തമായി നിഷേധിച്ച് വൈറ്റ് ഹൗസും രംഗത്തെത്തിയിട്ടുണ്ട്.
ജനറല്‍ ഫ്ളിന്‍ രാജ്യ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നു തന്നെയാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാടെന്നും. എന്നാല്‍ അദ്ദേഹത്തിനോ മറ്റാര്‍ക്കെങ്കിലുമോ എതിരായ അന്വേഷണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഇടപെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.