Thursday, August 17, 2017 Last Updated 2 Min 37 Sec ago English Edition
Todays E paper

തുറന്നവാതില്‍

Dr. Mathew Kuzhalnadan
Dr. Mathew Kuzhalnadan
Thursday 18 May 2017 01.04 AM

ഈ വാന്നക്രൈ കണ്ണ്‌ തുറപ്പിക്കട്ടെ

uploads/news/2017/05/109434/bft1.jpg

സൈബര്‍ ലോകത്തെ നടുക്കിക്കൊണ്ടാണ്‌ ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണം കഴിഞ്ഞ ആഴ്‌ച ഉണ്ടായത്‌. വാന്നക്രൈ എന്ന പേരില്‍ നടന്ന റാന്‍സംവേര്‍ സൈബര്‍ ആക്രമണം നൂറ്റിനാലിലേറെ രാജ്യങ്ങളിലെ രണ്ട്‌ ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ബാധിച്ചതായാണ്‌ കാണക്കാക്കപ്പെടുന്നത്‌. ആളുകളെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന അതേ പ്രക്രിയയാണ്‌ സൈബര്‍ ആക്രണത്തിലൂടെ സൈബര്‍ ലോകത്ത്‌ നടത്തിയിരിക്കുന്നത്‌.

പലരും ഇതിനെ കമ്പ്യൂട്ടര്‍ നശിപ്പിക്കുന്ന പ്രക്രിയയായി തെറ്റിദ്ധരിക്കുന്നുണ്ട്‌. എന്നാല്‍, കമ്പ്യൂട്ടറുകളല്ല മറിച്ച്‌ അതില്‍ ശേഖരിച്ചുവച്ചിട്ടുള്ള വിവരങ്ങളാണ്‌ തട്ടിയെടുക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും. വിവരസാങ്കേതിക വിദ്യയുടെ ഇന്നത്തെ കാലത്ത്‌ സാധാരണ വ്യാപാരസ്‌ഥാപനങ്ങള്‍ മുതല്‍ ബഹിരാകാശ ഗവേണഷകേന്ദ്രങ്ങള്‍വരെയുള്ള സ്‌ഥാപനങ്ങള്‍വരെ തങ്ങളുടെ വിവരങ്ങളും, കണക്കുകളും ഗവേഷണങ്ങളുമെല്ലാം കമ്പ്യൂട്ടറുകളിലാണ്‌ സൂക്ഷിക്കുന്നത്‌. ഇപ്രകാരം സൂക്ഷിക്കപ്പെടുന്ന വിവരങ്ങള്‍ വിവിധ സോഫ്‌റ്റുവേറിലൂടെ കമ്പ്യൂട്ടറില്‍ ശേഖരിച്ച്‌ വയ്‌ക്കപ്പെടുന്നു. ആവശ്യമുള്ളപ്പോള്‍ നമുക്ക്‌ തുറന്ന്‌ ഉപയോഗിക്കാനും, ഉപയോഗം കഴിയുമ്പോള്‍ അവിടെതന്നെ സുരക്ഷിതമായി വയ്‌ക്കാനും കഴിയുന്നു. ഇങ്ങനെ സൂക്ഷിച്ചുവച്ചിട്ടുള്ള വിവരങ്ങളാണ്‌ വാന്നക്രൈ പോലുള്ള സൈബര്‍ ആക്രമണത്തിലൂടെ തട്ടിയെടുക്കപ്പെടുന്നത്‌. തട്ടിയെടുക്കപ്പെട്ടാല്‍ (ആക്രമണത്തിന്‌ വിധേയമായാല്‍) പിന്നെ നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മള്‍ സൂക്ഷിച്ച വിവരങ്ങള്‍ നമുക്ക്‌ തുറക്കാന്‍ പറ്റാതെ വരുന്നു. ഈ വിവരങ്ങളെല്ലാം ഒരു പ്രത്യേക സോഫ്‌റ്റുവേറിലൂടെ എന്‍ക്രിപ്‌റ്റ്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്ന വിവരമാവും നമുക്ക്‌ ലഭിക്കുക. ഇങ്ങനെ എന്‍ക്രിപ്‌റ്റ്‌ ചെയ്യപ്പെട്ട ഒരു ഫയല്‍ തുറക്കണമെങ്കില്‍ അതിന്‌ ഒരു പാസ്‌വേഡോ, കോഡോ നല്‍കേണ്ടിവരും. ഇത്‌ ഉണ്ടാക്കുക ഈ ആക്രമണത്തിന്‌ നേതൃത്വം നല്‍കിയവരുടെ കൈയിലാവും. അത്‌ ലഭിച്ചാല്‍ നമ്മുടെ ഫയലുകള്‍ പഴയ മാതൃകയില്‍ നമുക്ക്‌ തിരിച്ച്‌ ലഭിക്കും. ഈ പാസ്‌വേഡോ, കോഡോ നല്‍കുന്നതിനുവേണ്ടി ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്ന പണമാണ്‌ റാന്‍സംവേര്‍. ഈ പണം നല്‍കേണ്ടിവരിക ഇന്റര്‍നെറ്റില്‍ തന്നെ ക്രയവിക്രയങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ബിറ്റ്‌കോയിന്റെ രൂപത്തിലാണ്‌.

ബിറ്റ്‌കോയിന്‍ എന്ന്‌ പറയുന്നത്‌ വെര്‍ച്ച്വല്‍ ലോകത്ത്‌ ക്രയവിക്രയത്തിന്‌ ഉപയോഗിക്കുന്ന കറന്‍സി എന്ന്‌ വേണമെങ്കില്‍ പറയാം. ഈ പ്രക്രിയ വഴി ലോകത്തിന്റെ ഏത്‌ കോണിലൂടെ ആര്‍ക്കും ഇന്റര്‍നെറ്റ്‌ വഴി ലോകത്തിന്റെ മറ്റേത്‌ കോണിലുള്ള ആള്‍ക്കും പണം ബിറ്റ്‌കോയിന്റെ രൂപത്തില്‍ കൈമാറാം. വാന്നക്രൈ ഹാക്കര്‍മാര്‍ വിവരങ്ങള്‍ തിരിച്ച്‌ നല്‍കുന്നതിന്‌ മുന്നൂറ്‌ ഡോളര്‍ (19000/- രൂപ) മുതല്‍ അറുന്നൂറ്‌ ഡോളര്‍ (39000/- രൂപ) വരെ ആവശ്യപ്പെട്ടു എന്നാണ്‌ മനസിലാക്കാന്‍ കഴിയുന്നത്‌. ഇതിനോടകം തന്നെ 20 ലക്ഷം ഡോളര്‍ ഹാക്കര്‍മാര്‍ സ്വന്തമാക്കിയതായും കണക്കുകള്‍ പുറത്തുവരുന്നുണ്ട്‌.

വാന്നക്രൈ ആക്രമണം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്‌ റഷ്യ, ബ്രിട്ടന്‍, സ്‌പെയിന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌. ഇതിനു പ്രധാന കാരണമായി പറയുന്നത്‌ ഈ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ കൂടുതലായി ഉപയോഗിച്ചുവന്നിരുന്നത്‌ മൈക്രോസോഫ്‌റ്റിന്റെ താരതമ്യേന സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ സോഫ്‌റ്റ്‌വേര്‍ ആയിരുന്നു എന്നതാണ്‌. മൈക്രോസോഫ്‌റ്റ്‌ അവസാനമായി പുറത്തിറക്കിയ വിന്‍ഡോസ്‌ 10 എന്ന വേര്‍ഷന്‍ സുരക്ഷിതമാണ്‌ എന്നതുകൊണ്ട്‌ പ്രസ്‌തുത സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളെ വാന്നക്രൈ ആക്രണം ബാധിച്ചിട്ടില്ല.
സൈബര്‍ ലോകത്തെ നടുക്കിയ ഈ ആക്രമണത്തിന്‌ ഉപയോഗിച്ച സ്‌ഫോടനശേഷിയുള്ള ഈ സോഫ്‌റ്റ്‌വേര്‍ ആദ്യം വികസിപ്പിച്ചെടുത്തത്‌ അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയാണ്‌. അമേരിക്ക തങ്ങളുടെ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ശത്രുക്കളുടെ കമ്പ്യൂട്ടര്‍ വിവരങ്ങള്‍ നിര്‍വീര്യമാക്കാനോ തട്ടിയെടുക്കാനോ വേണ്ടി വികസിപ്പിച്ചെടുത്ത ഇറ്റേണല്‍ ബ്ലൂ എന്ന സോഫ്‌റ്റ്‌വേറും ഹാക്കിംഗിന്‌ വേണ്ട ആയുധങ്ങളും തട്ടിയെടുത്തതായി കഴിഞ്ഞ നാളുകളില്‍ ഷാഡോ ബ്രോക്കേഴ്‌സ്‌ എന്ന ഹാക്കര്‍ സംഘടന വ്യക്‌തമാക്കിയിരുന്നു. പ്രസ്‌തുത സോഫ്‌റ്റ്‌വേര്‍ ഉപയോഗപ്പെടുത്തിയാണ്‌ വാന്നക്രൈ എന്ന സൈബര്‍ ആക്രമണത്തിന്‌ രൂപം നല്‍കിയിരിക്കുന്നത്‌ എന്നതാണ്‌ പ്രാഥമിക നിഗമനങ്ങള്‍. മൈക്രോസോഫ്‌റ്റിന്റെ പഴയ വേര്‍ഷന്‍ സോഫ്‌റ്റ്‌വേര്‍ ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി മൈക്രോസോഫ്‌റ്റ്‌ കമ്പനി തന്നെ സൗജന്യ നിരക്കില്‍ പുതിയ പാച്ചസ്‌ പുറത്തിറക്കിയിട്ടുണ്ട്‌. ഇത്‌ കൃത്യമായി അപ്‌ഡേറ്റ്‌ ചെയ്യുന്നതിലൂടെ നിലവില്‍ മൈക്രോസോഫ്‌റ്റിന്റെ പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ സുരക്ഷിതമാക്കാനാകും. കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ മറ്റെവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ്‌ മറ്റൊരു മാര്‍ഗം. സൈബര്‍ കുറ്റകൃത്യങ്ങളുടെ രൂപവും, ഭാവവും, സ്വഭാവവും മാറിവരുന്ന കാഴ്‌ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌.

സൈബര്‍ സുരക്ഷ എന്നത്‌ ലോകത്തിന്റെ തന്നെ ഒരു അടിയന്തിര ആവശ്യമായി പരിഗണിച്ച്‌ രാജ്യാന്തര തലത്തില്‍ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കമ്പ്യൂട്ടറുകളെ കൂടുതലായി ഉപയോഗപ്പെടുത്തുമ്പോള്‍ അതിലെ വിവരങ്ങളും സുരക്ഷയും പ്രധാനമാണ്‌. എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഇന്നും ഇതിനുവേണ്ട പ്രാധാന്യം നല്‍കുന്നില്ല എന്നതാണ്‌ സത്യം. ഇപ്പോള്‍ നടന്നിട്ടുള്ള ഈ വാന്നക്രൈ ആക്രമണമെങ്കിലും ലോകത്തിന്റെ കണ്ണ്‌ തുറപ്പിക്കും എന്ന്‌ പ്രതീക്ഷിക്കാം.

Ads by Google

തുറന്നവാതില്‍

Dr. Mathew Kuzhalnadan
Dr. Mathew Kuzhalnadan
Thursday 18 May 2017 01.04 AM
YOU MAY BE INTERESTED
TRENDING NOW