ലോകത്ത് മണ്ടന്മാരോ, ക്രൂരന്മാരോ കൂടുതല്‍ ?- ഈ ചോദ്യത്തിനു പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉത്തരം: ലോകത്തിന്റെ ഇന്നത്തെ ജനസംഖ്യ നൂറാണെന്ന് വിചാരിക്കൂ.
ഇതില്‍
തനി വിഡ്ഢികള്‍-55
ഭയങ്കര ക്രൂരതയുള്ളവര്-20
വഞ്ചകര്‍-15
മടിയുള്ളവര്‍-9
നല്ലവര്‍-1
ഇങ്ങനെ നൂറും തികയുന്നു!
തന്നെ, മടിയുള്ളവരുടെ ലിസ്റ്റിലാണ് ബഷീര്‍ ചേര്‍ക്കുന്നത്! ഇനി മറ്റൊരു ചോദ്യം.
അതും ബഷീറിനോട്. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടെന്ന് പലരും പറയുന്നു. ഞാന്‍ അവരോട് എന്തു പറയണം?
ബഷീറിന്റെ മറുപടി:
സത്യം പറയണം!
ഈപ്പറഞ്ഞതൊക്കെ സാക്ഷാല്‍ ബഷീറിനോടുള്ള വായനക്കാരുടെ ചോദ്യങ്ങളും ബഷീറിന്റെ മറുപടികളുമാണ്!
ടി.വി. ചാനലുകളും ഫേസ്ബുക്കും എഫ്.എം. റേഡിയോ ജോക്കികളുമൊന്നും ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മാസികകളിലെ രസകരമായ ഇനങ്ങളിലൊന്ന് ചോദ്യോത്തര പംക്തിയായിരുന്നു. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാരും പത്രാധിപന്മാരും സിനിമാക്കാരുമൊക്കെ ഉത്തരങ്ങള്‍ പറഞ്ഞു. തമാശയും ദര്‍ശനങ്ങളും സ്നേഹവും നിറഞ്ഞ ഡയലോഗുകള്‍! ഉരുളയ്ക്കുപ്പേരിപോലെയുള്ള മറുപടികള്‍! അങ്ങനെയാണ് നമ്മുടെ വായനാലോകം വികസിച്ചത്. മലയാള വായനക്കാരിലെ പുതിയ തലമുറയുടെ ഉദയമായിരുന്നു അത്. കേരളീയസമൂഹം രൂപംകൊണ്ടുവന്നിരുന്ന കാലം.
അക്കാലത്ത് ബഷീറായിരുന്നു ഇത്തരം പംക്തികളിലെ സൂപ്പര്‍സ്റ്റാര്‍. ബഷീറിന്റെ പ്രശസ്തമായ പല ചിന്തകളും പ്രയോഗങ്ങളും വായനക്കാരുടെ ചോദ്യങ്ങളില്‍ നിന്നുണ്ടായതാണ്.
-അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം! -ബേപ്പൂര്‍ സുല്‍ത്താനായി ഞാന്‍ വാഴുകയാണ്!-തുടങ്ങിയ ചരിത്രരേഖകളൊക്കെ അരനൂറ്റാണ്ടു മുമ്പുള്ള വായനക്കാരുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളായിരുന്നു! മദ്രാസില്‍നിന്ന് പുറപ്പെട്ടിരുന്ന പ്രസിദ്ധ മാസികയായിരുന്ന ജയകേരളത്തിലായിരുന്നു ബഷീര്‍ ആദ്യം അങ്കം കുറിച്ചത്.
നേരും നുണയും എന്ന പേരില്‍. അക്കാലത്ത് മദ്രാസിലെ (ചെന്നൈ) ഒരു കുടുസു മുറിയിലായിരുന്നു ബഷീറിന്റെ താമസം. പ്രധാന ജോലി വായനക്കാരുടെ ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതുകതന്നെ! കടുംപട്ടിണിക്കാലം. രണ്ടാഴ്ചവരെ കാര്യമായ ഭക്ഷണം കഴിക്കാതിരുന്നിട്ടും തമാശപുരണ്ട മറുപടികള്‍ അദ്ദേഹം എഴുതി!
വേദന മറച്ചുകൊണ്ടുള്ള ചിരി! നവസമൂഹത്തിന് അന്യമായ വൈഭവം.
ചിലപ്പോള്‍ ബഷീര്‍തന്നെ ചോദ്യങ്ങള്‍ സൃഷ്ടിക്കും. തൃശൂരില്‍നിന്ന് ജോസഫ് മുണ്ടശേരിയും (അന്നത്തെ) യു.എസ്. പ്രസിഡന്റ് ഐസന്‍ഹോവറും മദ്രാസ് പ്രധാനമന്ത്രി സി. രാജഗോപാലാചാരിയുമൊക്കെ ചോദ്യങ്ങള്‍ ചോദിക്കും!
ബഷീര്‍ ഉഗ്രന്‍ മറുപടികള്‍ കാച്ചും!
പന്ത്രണ്ട് പോക്കറ്റ് എഡിഷന് ആറ്റംബോംബും ഡോളറും ഉടന്‍ അയയ്ക്കണമെന്നായിരുന്നു യു.എസ്. പ്രസിഡന്റിനോടുള്ള ബഷീറിന്റെ ഒരഭ്യര്‍ത്ഥന! ഇന്ന് ട്രംപിനോടും ഈ വിധം അഭ്യര്ത്ഥിക്കാവുന്നതേയുള്ളൂ!
'ജയകേരള'ത്തിലെ ബഷീറിന്റെ പംക്തിയുടെ കൂടെയുള്ള ചിത്രമായിരുന്നു അതിവിശേഷം! -ബോംബുകള്‍, ടാങ്കുകള്‍ എന്നിവയ്ക്കും അര്‍ദ്ധനഗ്ന സുന്ദരികള്ക്കുമൊപ്പം ലങ്കോട്ടി മാത്രം ഉടുത്തുനില്ക്കുന്ന ബഷീര്‍! ആര്‍ട്ടിസ്റ്റ് എം.വി. ദേവന് വരച്ചത്! കൂട്ടത്തില്‍ പറയട്ടെ, ബഷീറിന്റെ പെണ്ണുകാണലിന്റെ ചിത്രം ചരിത്രത്താളിലാക്കിയതും ദേവനായിരുന്നു!
ബഷീറിനെപ്പോലെ വായനക്കാര്‍ക്ക് ഉത്തരങ്ങള്‍ നല്കി ശോഭിച്ചവര്‍ പലരുണ്ട്. കൗമുദി പത്രാധിപരും വാഗ്മിയുമായിരുന്ന കെ. ബാലകൃഷ്ണന്, അടൂര്‍ ഭാസി, ഗാനരചയിതാവും സംവിധായകനും എഞ്ചിനീയറുമായിരുന്ന ശ്രീകുമാരന്‍തമ്പി, തിക്കുറിശി, പ്രഫ. എം. കൃഷ്ണന് നായര്‍ തുടങ്ങിയവര്‍.
'ചോദ്യം, ഉത്തരം' എന്നതിന്റെ ചുരുക്കെഴുത്തായ ചോ ഉ എന്നതായിരുന്നു ഒരു മാസികയിലെ ഭാസിയുടെ പംക്തിയുടെ പേര്. തോര്‍ത്ത് കടിച്ചുപിടിച്ച് ചിരിക്കുന്ന മുറിമീശക്കാരനായ ഭാസിയുടെ ചിത്രം 'ചോ ഉ' എന്ന അക്ഷരങ്ങള്ക്കകത്തുണ്ടായിരുന്നു. അറുപതുകളിലെ ഈ പംക്തിയിലൂടെ ആകാശത്തിനു കീഴിലുള്ള എല്ലാക്കഥകളും തമാശ ചേര്‍ത്ത് സി.വി. രാമന്‍പിള്ളയുടെയും ഇ.വി. കൃഷ്ണപിള്ളയുടെയും പാരമ്പര്യം കൈവിടാതെ ഭാസി വിളമ്പി.
ശ്രീകുമാരന്‍തമ്പിയുടെ പംക്തിയുടെ പേര് നിങ്ങളും ഞാനും എന്നായിരുന്നു. കാലം 1979. അതിലെ ഒരു ചോദ്യം:
'ഉദിച്ചാല്‍ അസ്തമിക്കും, മണ്ണില്‍ ജനിച്ചാല്‍ അന്തരിക്കും. ഇത് നിങ്ങള്‍ എഴുതാതെ തന്നെ ഞങ്ങള്‍ക്കറിയാമല്ലോ!'
തമ്പിയുടെ ഉത്തരം: 'അതാണ് വ്യത്യാസം. നിങ്ങളുടെ ഭാവം കണ്ടിട്ട് നിങ്ങള്‍ അക്കാര്യത്തില്‍ ബോധവാനാണെന്ന് തോന്നുന്നില്ലല്ലോ!' മറ്റൊരു വായനക്കാരന്റെ ചോദ്യം:
അറിയാതെ ഒരു തെറ്റ് ചെയ്തുപോയി. ഇനി എന്തു ചെയ്യണം?
മറുപടി ഇങ്ങനെ:
തെറ്റ് തെറ്റാണെന്നറിയാതെ ചെയ്യുന്നത് കുട്ടികള്‍ മാത്രമാണ്!
കൗമുദിയിലും മറ്റും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്ന പത്രാധിപര്‍ ബാലകൃഷ്ണന്, ഒരു കാലത്ത് മലയാളികളുടെ ബാലേട്ടനും ബാലണ്ണനുമായിരുന്നു. യുവസുഹൃത്തായും ഗുരുവായും കാമുകനായും രാഷ്ട്രീയക്കാരനായും സന്യാസിയായും തരംപോലെ അദ്ദേഹം വായനക്കാര്‍ക്ക് രസലോകം തീര്‍ത്തു!
നാടകകൃത്തും തിരക്കഥാകൃത്തും സംവിധായകനും രാഷ്ട്രീയ നേതാവുമൊക്കെയായിരുന്ന തോപ്പില്‍ഭാസിക്ക് ഒരിക്കല്‍ ഒരു എഡിറ്റര്‍ തന്റെ ആഴ്ചപ്പതിപ്പിന്റെ ഒരു പേജുതന്നെ സ്വന്തമായി പതിച്ചു നല്കി. ആ പേജിലൂടെ ഭാസിക്ക് എന്തും പറയാമെന്ന് ഉറപ്പും കൊടുത്തു. വായനക്കാരോട് ചോദ്യങ്ങള്‍ ചോദിച്ചും കഥകള്‍ പറഞ്ഞും ഭാസി പേജ് നിറഞ്ഞുനിന്നു. പത്രാധിപര്‍ക്ക് ഈ പേജില്‍ ഒരു കാര്യവുമില്ലെന്ന് ഭാസി ആദ്യമേതന്നെ വ്യക്തമാക്കിയിരുന്നു! കാമ്പിശേരി കരുണാകരന് അല്ലാതെ മറ്റാരുമായിരുന്നില്ല ഈ പത്രാധിപര്‍!
സാഹിത്യവാരഫലത്തിലൂടെ പ്രഫ. എം. കൃഷ്ണന്‍നായര്‍ എത്രയെത്ര ചോദ്യങ്ങള്‍ക്കു ഉത്തരം പറഞ്ഞു! പലതും സാങ്കല്പിക ചോദ്യങ്ങള്‍! പലരോടുമുണ്ടായിരുന്ന പരിഭവവും ആദരവും ബഹുമാനവുമൊക്കെ അദ്ദേഹം ചോദ്യോത്തരങ്ങളിലൂടെ പ്രകാശിപ്പിച്ചു.
'ഒരു സുന്ദരിയുടെ കണ്ണുകളിലേക്കു നോക്കി സംസാരിക്കുന്ന മനുഷ്യനാണ് മാന്യന്' എന്ന് അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞിട്ടുണ്ട്. 'ഏറ്റവുംഇഷ്ടമുള്ള സാഹിത്യകാരനോടൊപ്പം ഒരു മിനിട്ട് തികച്ചിരിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പൂവന്‍കോഴിയെക്കുറിച്ച് കവിതയെഴുതിയ കവിക്ക് കോഴിയിറച്ചിയായിരുന്നു ഏറ്റവുമിഷ്ടം' എന്നും അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി തുറന്നടിച്ചു!
സ്വന്തം ജീവിതത്തെക്കുറിച്ച് മഹാകവി പി. കുഞ്ഞിരാമന്‍നായരോട് ആരാധകന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അര്ഥങ്ങളേറെയുള്ള മറുപടി പെട്ടെന്ന് വന്നു:
'ചരടു പൊട്ടിയ പട്ടം!'
വൈക്കം ചന്ദ്രശേഖരന്‍നായരുടെ 'മന്ത്രി' എന്ന കഥ ഒരു വാരികയില്‍ വന്നു. ആരാധകരുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ കഥയുടെ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
ഈ മനുഷ്യന് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയാണ്. ഇടതെന്നോ വലതെന്നോ നിങ്ങള്‍ ആരോപിക്കാതിരുന്നാല്‍ ഈ മന്ത്രി രക്ഷപെടും- കഥാകൃത്ത്. കഥ വന്നത് ഒരു കമ്മ്യൂണിസ്റ്റ് വാരികയിലാണ് എന്നത് മറ്റൊരു കാര്യം. ആ വാരിക ഇടതെന്നോ വലതെന്നോ ഇപ്പോള്‍ പറയുന്നില്ല.
സ്നേഹമുള്ളവരുടെ ചില ചോദ്യങ്ങള്‍ എഴുത്തുകാര്‍ക്ക് പ്രചോദനമാകാറുണ്ട്. നൂറനാട് കുഷ്ഠരോഗാശുപത്രിയിലെ ഡോ. ഉണ്ണിത്താന്റെ ഒരു ചോദ്യമാണ് തോപ്പില്‍ഭാസിയുടെ പ്രസിദ്ധ നാടകമായ 'അശ്വമേധ'ത്തിനു കാരണം.
'രോഗം ഒരു കുറ്റമാണോ?' എന്നായിരുന്നു ഡോ. ഉണ്ണിത്താന്റെ ചോദ്യം. പ്രശസ്ത നിരൂപകനും നാടകകൃത്തുമായിരുന്ന സി.ജെ. തോമസ് മലയാളത്തിലെ ബ്രാഹ്മണരെക്കുറിച്ച് ചോദിച്ചതും പറഞ്ഞതുമായ കാര്യങ്ങളാണ് വിശ്രുതമായ വേരുകള്‍ എന്ന നോവലെഴുതാന്‍ മലയാറ്റൂര്‍ രാമകൃഷ്ണനു ശക്തി നല്‍കിയത്.
തര്‍ക്കത്തിനും തര്ക്കുത്തരത്തിനുമുള്ള ആസക്തി നമ്മുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവണം. എങ്ങോട്ടാണ്? , സമയമെത്രയായി? എന്തുണ്ട് വിശേഷം? എന്നൊക്കെയാണല്ലോ നമ്മുടെ കുശലാന്വേഷണങ്ങള്‍. സദാ സംശയാലുവായ ഒരു മനുഷ്യന് നമ്മുടെയൊക്കെയുള്ളില്‍ ഒളിഞ്ഞിരുന്ന്, ഇടശേരിയുടെ പൂതത്തെപ്പോലെ പുറത്തേയ്ക്ക് നോക്കുന്നുണ്ട്.
ആരവിടെ?- എന്നായിരുന്നു രാജാക്കന്മാരുടെ ചോദ്യം. അത് കാലത്തിന്റെ ആരായല്‍ അല്ലേ?
ആരവിടെ? എന്നു ചോദിച്ച രാജാക്കന്മാരൊക്കെ ഇന്നെവിടെ?- എന്ന് ബഷീര്‍ ചോദിച്ചിട്ടുണ്ട്.!
വാല്‍ക്കഷ്ണം:
താങ്കള്‍ ആരാണ്? എന്ന് എതിര്‍പ്പിന്റെ പ്രവാചകനായിരുന്ന പി. കേശവദേവിനോട് ചോദിക്കാന്‍ ആര്‍ക്കായിരുന്നു ധൈര്യം?എന്തായാലും, ദേവ് ഇങ്ങനെ എഴുതിയിട്ടുണ്ട്:
അതാ, പാച്ചുപ്പിള്ളയുടെ ചായക്കടയിലേക്ക് കുനിഞ്ഞു കയറിപ്പോകുന്ന ആളിനെ നിങ്ങള്‍ അറിയുമോ? മനസിലായില്ലേ? അതാ, ബഞ്ചിന്റെ ഒരറ്റത്ത് ഇരിപ്പുറപ്പിച്ചിരുന്ന ആള്! ഒട്ടകത്തിന്റേതുപോലെ നീണ്ട കഴുത്ത്! മെലിഞ്ഞ് ഉള്ളിലോട്ട് തെല്ലൊന്ന് വളഞ്ഞ ശരീരവും അറ്റം കൂര്‍ത്ത മൂക്കും കഷണ്ടിയും!
കറുത്ത ഫ്രെയിമുള്ള കണ്ണാടിയില്‍ക്കൂടി നോക്കുന്ന കാക്കക്കണ്ണുകളും! ഇനിയും മനസിലായില്ലേ? സൂക്ഷിച്ചു നോക്കൂ! ചായയും മുറുക്കാന്തുപ്പലും വീണ് ഏഷ്യയുടെയും ആഫ്രിക്കയുടെയും മറ്റും പടങ്ങളോടുകൂടിയ ഖദര്ജുബയും മുണ്ടും ധരിച്ച് പയോറിയ ബാധിച്ച പല്ലുകള്‍ മുഴുവന്‍ കാണിച്ചുകൊണ്ട് പാച്ചുപിള്ളയോട് നര്‍മസല്ലാപം ചെയ്യുന്ന ആ മനുഷ്യനെ നിങ്ങള്‍ അറിയുകയില്ലേ?.. ആ പൊട്ടിച്ചിരി- കഴമ്പില്ലാത്ത ആ മരമണ്ടന്‍ ചിരി-നിങ്ങളിതിനുമുമ്പ് ഒരിക്കലും കേട്ടിട്ടില്ലേ? അയ്യോ കഷ്ടം! ഇനിയും നിങ്ങള്‍ക്ക് ആളെ മനസിലായില്ലെങ്കില്‍ പറഞ്ഞു തരാം.അതാണ് സാക്ഷാല്‍ ഞാന്‍!