Tuesday, February 20, 2018 Last Updated 48 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 17 May 2017 10.08 AM

മക്കളെ നിങ്ങളെന്താ ഇങ്ങനെ ?

uploads/news/2017/05/109281/Survayreport160517.jpg

എന്തുകൊണ്ടാണ് കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യപ്രവണതയും അക്രമവാസനയും കൂടുന്നത് . കാരണം വീട്ടുകാര്‍ തന്നെയാണോ...

തിരുവനന്തപുരം നന്ദന്‍കോട് മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനേയും കൊലപ്പെടുത്തിയ കേദലിനെക്കുറിച്ച് ലോകമറിഞ്ഞത് ഞെട്ടലോടെയാണ്. ഒരു മകന് ഇങ്ങനൊക്കെ ചെയ്യാന്‍ കഴിയുമോ എന്നാണ് പല മാതാപിതാക്കളും സ്വയം ചോദിച്ചത്.

വീട്ടുകാരില്‍നിന്ന് നേരിട്ട അവഗണനയും അപഹാസ്യവുമാണ് കൊലയ്ക്കു കാരണമായി കേദല്‍ പറഞ്ഞത്. സഹോദരിക്ക് കിട്ടിയ സ്നേഹമോ പരിഗണനയോ കിട്ടാത്തതില്‍ വര്‍ഷങ്ങളായുള്ള നിരാശയാണ് കൊലയില്‍ കലാശിച്ചതത്രേ.

തിരുവനന്തപുരത്തു തന്നെ മറ്റൊരു സംഭവത്തില്‍ ഇരപത്തഞ്ചുകാരനായ മകന്‍ മയക്കുമരുന്നിന്റെ പിടിയില്‍ നാല്പത്തഞ്ചുകാരിയായ അമ്മയെ ബലാത്സംഗം ചെയ്തത് കേരള മനഃസാക്ഷിക്ക് ഇനിയും ദഹിക്കാനായിട്ടില്ല.

മൂന്നുവയസുകാരനായ മകന്റെ മുന്നില്‍ വച്ച് ഭാര്യയെ നഗ്നയാക്കി ലൈംഗികവൈകൃതങ്ങള്‍ക്കുപയോഗിച്ച അയാള്‍, ഭാര്യ ഉപേക്ഷിച്ചുപോയശേഷമാണ് പെറ്റമ്മയെ തന്റെ ഇംഗിതങ്ങള്‍ക്കായുപയോഗിച്ചുതുടങ്ങിയത്, അതും അമ്മുമ്മയുടെയും മറ്റും മുന്നില്‍വച്ച്!

അതുപോലെ അടുത്തിടെ വന്‍ വിവാദങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും വഴിവച്ച, പ്രൊഫഷനല്‍ കോളജുകളിലടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും.

പരീക്ഷയ്ക്ക് സ്മാര്‍ട്ട് വാച്ചുപയോഗിച്ച് കോപ്പിയടിച്ചതു പിടിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാതെ വീട്ടിലറിയിക്കുകമാത്രം ചെയ്തിട്ടും ആത്മഹത്യയ്ക്കു ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരികയാണ്. കൗമാരക്കാര്‍ക്കിടയിലാണ് ആത്മഹത്യാപ്രവണത ഏറെയും.

ഈയടുത്താണ് തമിഴ്നാട്ടില്‍ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തത്. കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയില്‍ കലാശിച്ചതത്രേ..ഹൈദരാബാദിലെ ഹോസ്റ്റല്‍മുറിയില്‍ പെണ്‍കുട്ടി സ്വയം തീകൊളുത്തി മരിച്ചതും, ബംഗലൂരുവില്‍ കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റലിനു മുകളില്‍നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തതൊക്കെ നാം വാര്‍ത്തകളിലറിഞ്ഞതാണ്.

എന്താണ് നമ്മുടെ കൗമാരക്കാര്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഈ കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് എന്താണ് സംഭവിച്ചത്. പ്രശ്നങ്ങളെ അതിജീവിക്കാനും നേരിടാനുമുള്ള കഴിവ് ഇന്നത്തെ കുട്ടികള്‍ക്ക് ഇല്ലാതായോ? എത്ര കരുത്തും ആത്മവിശ്വാസവുമുള്ളവരായിരുന്നു നമ്മുടെ മുന്‍തലമുറകള്‍.

ചെറിയ കാര്യത്തിനു പതറിപ്പോകുന്ന മനസല്ലവര്‍ക്കുണ്ടായിരുന്നത്. അണുകുടുംബവ്യവസ്ഥയില്‍ പുതുതലമുറ മാനസികമായി ദുര്‍ബലരായിത്തീരുകയാണോ? മനോരോഗികളുടെ ഒരു വലിയ ആള്‍ക്കൂട്ടത്തെയാണോ നമ്മള്‍ നേരിടാന്‍ പോകുന്നത്?

മക്കളെ പേടി

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുപതുകാരിയായ മീരയുമായി മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. മകളുടെ അക്രമ വാസനയെക്കുറിച്ചാണവര്‍ സംസാരിച്ചത്.. പയ്യന്നൂരിലെ ലൈഫ് കോച്ച് സെന്ററില്‍ സൈക്കോളജിസ്റ്റായ സോണി തോമസ് അടുത്തിടെയുണ്ടായൊരനുഭവം വിവരിക്കുന്നു.

അവളെ പേടിച്ച് അനിയന്മാരെ ബോര്‍ഡിംഗിലാക്കിയിരിക്കുകയാണ്. അവളവരെ എപ്പോഴുമുപദ്രവിക്കും. കൈയില്‍ കിട്ടിയതൊക്കെവച്ചവരെ ക്രൂരമായി മര്‍ദ്ദിക്കും. കഴുത്തിനു കുത്തിപ്പിടിക്കും.

അമിതമായ പിടിവാശിയും ദേഷ്യവുമാണവള്‍ക്ക്. എന്നാല്‍ മീരയുടെ പ്രശ്നം അച്ഛനമ്മമാര്‍ക്ക് അനുജന്‍മാരോടാണ് കൂടുതല്‍ സ്നേഹമെന്ന തോന്നലാണ്. അതവള്‍ക്ക് സഹിക്കുന്നതിനും അപ്പുറമാണ്..

തന്റെ ക്ലിനിക്കില്‍ വന്ന മറ്റൊരു കേസിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കുന്നു സോണി..എറണാകുളത്തെ വലിയ ബിസിനസ് കുടുംബത്തിലെ ഏക മകനാണ് 18 വയസുകാരനായ മാത്യു. എന്ത് ആഗ്രഹിച്ചാലും അവനത് അപ്പോള്‍ത്തന്നെ വേണം. വാങ്ങികൊടുത്തില്ലെങ്കിലോ വാങ്ങാന്‍ സമ്മതിച്ചില്ലെങ്കിലോ അമ്മയെ ക്രൂരമായി ഉപദ്രവിക്കും.

പിടിവാശി കൂടി രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടവന്‍. സഹികെട്ട് ഒടുവില്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വിളിച്ചുവരുത്തി മകനെ കൗണ്‍സലിങിനു കൊണ്ടുവന്നതാണ്..

മക്കളെ പേടിക്കുന്ന മാതാപിതാക്കളുടെ കാലമാണ് ഇത്. ഇന്ന് കുട്ടികള്‍ക്ക് നമ്മള്‍ എല്ലാകാര്യത്തിലും അമിത പ്രാധാന്യം കൊടുക്കുന്നുണ്ട്. അതുകൊണ്ട് സഹനശക്തിയും ക്ഷമയും ഇല്ലാതാകുന്നു. പഴയതലമുറ വഴക്ക് കേട്ടും 'നോ' കേട്ടും വളര്‍ന്നവരാണ്. ഇന്നത്തെ കുട്ടികള്‍ എന്തെങ്കിലും ആഗ്രഹിച്ചാല്‍ അവര്‍ക്കത് കിട്ടിയിരിക്കണം.

അത് പരമാവധി സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കളും ശ്രമിക്കാറുമുണ്ടെന്നതാണ് സത്യം. അങ്ങനെ കുഞ്ഞുന്നാളിലെ ചെറിയ കാര്യങ്ങള്‍ വരെ അപ്പപ്പോള്‍ സാധിച്ചുകൊടുക്കുന്നതുകൊണ്ട് കുട്ടികളിലെ ഇംപള്‍സിവിറ്റി കുറയുന്നു.

TRENDING NOW