Thursday, August 03, 2017 Last Updated 6 Min 15 Sec ago English Edition
Todays E paper
Wednesday 17 May 2017 08.54 AM

‘എന്റെ കുട്ടികള്‍ക്ക് അച്ഛനുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും അറിയണം’ തന്റെ മക്കളുടെ അച്ഛനെ കണ്ടെത്താന്‍ ഒരമ്മ ചെയ്തത്

uploads/news/2017/05/109270/weeklypenma170517.jpg

രണ്ടു കുട്ടികളെയും കൂട്ടിയാണ് ആ യുവതി അമൃത ടി.വിയുടെ 'കഥയല്ലിത് ജീവിത'ത്തിന്റെ ഫ്‌ളോറിലേക്ക് വന്നത്. അവിടെവച്ച് അവര്‍ സ്വന്തം കഥ പറഞ്ഞു. പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. കുടുംബം നോക്കാന്‍ ചെറുപ്പത്തിലേ റോഡുപണിക്ക് പോകേണ്ടിവന്നു.

ആ സമയത്താണ് ഒരാളെ കാണുന്നതും ഇഷ്ടപ്പെടുന്നതും. പിന്നീടവര്‍ വിവാഹിതരായി. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനാല്‍ ഇരുവര്‍ക്കും സങ്കടമുണ്ടായിരുന്നു. പത്തുവര്‍ഷം ഒരുമിച്ച് ജീവിച്ചശേഷം അവര്‍ പിരിഞ്ഞു. അതോടെ യുവതി ഒറ്റയ്ക്കായി.

ഒരു നഗരത്തില്‍ റോഡുപണിക്ക് പോയപ്പോഴാണ് ബലൂണ്‍ വില്‍പ്പനക്കാരനായ ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയമായി. പിന്നീടവര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഏറെക്കാലത്തെ ജീവിതത്തിനിടയില്‍ അവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു.

ജീവിതം സന്തോഷപ്രദമായി നീങ്ങുന്നതിനിടയിലാണ് പെട്ടെന്നൊരു ദിവസം അയാള്‍ യുവതിയെയും മക്കളെയും ഉപേക്ഷിച്ചുപോയത്. എങ്കിലും അവര്‍ തളര്‍ന്നില്ല. പൊരിവെയിലിനെപ്പോലും അവഗണിച്ച് ഒറ്റയ്ക്ക് ജോലി ചെയ്ത് മക്കളെ പോറ്റി.

അപ്പോഴൊക്കെയും ബന്ധുക്കളും സമൂഹവും അവരെ മറ്റൊരു കണ്ണിലൂടെയാണ് കണ്ടത്. പല ഘട്ടങ്ങളിലും അവര്‍ അപഹസിക്കപ്പെട്ടു. ചൂണ്ടിക്കാണിക്കാന്‍ പോലും അച്ഛനില്ലാത്തതിന്റെ വേദന മക്കളും അനുഭവിച്ചു.

ആ സമയത്താണ് അവര്‍ ഭര്‍ത്താവിനെ അന്വേഷിക്കണമെന്ന ആവശ്യവുമായി അമൃത ടി.വിയിലെത്തിയത്. യുവതിയുടെ സങ്കടങ്ങള്‍ ഞങ്ങള്‍ സംപ്രേഷണം ചെയ്തു. ഇത് കണ്ട് പഴയ ബലൂണ്‍ വില്‍പ്പനക്കാരന്‍ സ്റ്റുഡിയോയിലെത്തി.

കൂടെ ഒരു സ്ത്രീയും കുട്ടികളുമുണ്ടായിരുന്നു.
''എനിക്ക് പറ്റിപ്പോയ അബദ്ധമാണത്, ക്ഷമിക്കണം. ഞാന്‍ നേരത്തെ വിവാഹിതനായിരുന്നു. മക്കളുമുണ്ട്.''

അയാള്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ യുവതിയെയും കുട്ടികളെയും വീണ്ടും വിളിച്ചുവരുത്തി. ആ കുട്ടികളുടെ മുമ്പില്‍ വച്ച് ഈ ഇരട്ടക്കുട്ടികളുടെ അച്ഛനാണ് താനെന്ന്അയാള്‍ സമ്മതിച്ചു. അയാളുടെ ആദ്യഭാര്യയ്ക്കായിരുന്നു ഏറെ വിഷമം.

''എന്റെയും മക്കളുടെ കാതിലും കഴുത്തിലുമുള്ള എല്ലാം വിറ്റിട്ടാണെങ്കിലും അമ്പതിനായിരം രൂപ നിങ്ങള്‍ക്ക് തരാം. പകരം എന്റെ ഭര്‍ത്താവിനെ വിട്ടുതരണം.''
ആദ്യഭാര്യ പറഞ്ഞു.

''പണമൊന്നും എനിക്കുവേണ്ട. ഈയൊരവസരത്തിന് വേണ്ടി മാത്രമാണ് ഇത്രയുംനാള്‍ കാത്തിരുന്നത്. എന്റെ കുട്ടികള്‍ക്ക് അച്ഛനുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും അറിയണം. ഈ പ്രോഗ്രാമിലൂടെ അതറിഞ്ഞുകഴിഞ്ഞു. ഇനി ജോലി ചെയ്ത് ഞാനീ കുട്ടികളെ വളര്‍ത്തിക്കോളാം.''

കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. വേണ്ടെന്ന് പറഞ്ഞെങ്കിലും തരാമെന്ന് പറഞ്ഞ തുക ഇരട്ടക്കുട്ടികളുടെ അമ്മയ്ക്ക് നല്‍കി.
ഈ എപ്പിസോഡ് സംപ്രേഷണം ചെയ്ത് ഒരാഴ്ച കഴിഞ്ഞുകാണും. പെട്ടെന്നൊരു ദിവസം ഒരാള്‍ ഞങ്ങളെ സമീപിച്ചു.

''ആ സ്ത്രീയുടെ ആദ്യഭര്‍ത്താവാണ് ഞാന്‍. പത്തുകൊല്ലം ഞങ്ങളൊന്നിച്ചു കഴിഞ്ഞിരുന്നു. അവര്‍ ഒറ്റപ്പെട്ടുപോയതില്‍ വേദനയുണ്ട്. അവരെ ഭാര്യയായി സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. കുട്ടികളെയും വളര്‍ത്തിക്കോളാം.''

ഞങ്ങള്‍ ആ സ്ത്രീയെ വിളിച്ചുവരുത്തി. ആദ്യഭര്‍ത്താവിനൊപ്പം പോകാന്‍ അവര്‍ക്കും സമ്മതമായിരുന്നു. ഇപ്പോഴവര്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സമാധാനത്തോടെ ജീവിക്കുന്നു. ഇടയ്ക്ക് വിളിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം.

തയ്യാറാക്കിയത്:
രമേഷ് പുതിയമഠം

Ads by Google
TRENDING NOW