Sunday, May 20, 2018 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 17 May 2017 12.59 AM

വായാടിക്കിളിയുടെ കഥയിലുണ്ടൊരു വലിയ കാര്യം

uploads/news/2017/05/109050/bft1.jpg

വാര്‍ത്താവിനിമയ ദിനമാണ്‌ ഇന്ന്‌. ടെലിഗ്രാഫില്‍ തുടങ്ങി ഉപഗ്രഹ വാര്‍ത്താവിനിമയം വരെ എത്തിനില്‍ക്കുന്ന സാങ്കേതികവിദ്യകളിലൂടെ മനുഷ്യര്‍ക്കിടയില്‍ ആശയവിനിമയവും സൗഹൃദവും ഊട്ടി വളര്‍ത്തുന്നതിനുള്ള ആഗോള പരിശ്രമത്തിന്റെ ഭാഗമാണ്‌ 1969 മുതല്‍ ആചരിച്ചു വരുന്ന വാര്‍ത്താവിനിമയദിനം.
എന്തൊക്കെ സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും തുറന്ന മനസും വാതുറന്നു സംസാരിക്കാനുള്ള കഴിവും ഉണ്ടെങ്കിലെ മനുഷ്യര്‍ക്കിടയില്‍ ആശയവിനിമയം തഴച്ചു വളരുകയും സൗഹൃദം പുരോഗമിക്കുകയുമുള്ളു. എല്ലാം അടക്കിപ്പിടിച്ച മനസും ഒരിക്കലും തുറക്കാത്ത വായും ഒരു ഗുണവും നേടിത്തരില്ല. പക്ഷേ ഇന്നിപ്പോള്‍ കൂടുതലും കണ്ടുവരുന്നത്‌ അത്തരം പ്രവണതയാണ്‌.
പ്രസ്‌ ബട്ടണ്‍ ഫോണ്‍ മുതല്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ വരെയും; റേഡിയോയും ടെലിവിഷനും മുതല്‍ സ്‌മാര്‍ട്ട്‌ റിസ്‌റ്റ്‌ വാച്ച്‌ വരെയുള്ള ആധുനിക വാര്‍ത്താവിനിമയ ഉപാധികള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. ഇതെല്ലാം ഉണ്ടായിട്ടും ആരും ഒന്നും മിണ്ടുന്നില്ല എന്നതാണ്‌ ഇന്നത്തെ സവിശേഷമായ അവസ്‌ഥ. എല്ലാം നവമാധ്യമങ്ങളിലൂടെ പോസ്‌റ്റ്‌ ചെയ്യുകയും നേരിട്ടുകാണുമ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നതുകൊണ്ട്‌ എന്തു പ്രയോജനമുണ്ടാകാനാണ്‌.
വാ തുറന്നു സംസാരിക്കുന്നതിന്റെ പ്രാധാന്യം ചൊല്ലിത്തരുന്ന ഒരു കുട്ടിക്കഥയാണ്‌ പെട്ടെന്ന്‌ മനസിലേക്ക്‌ ഓടിവരുന്നത്‌. പണ്ട്‌ പണ്ട്‌ മൃഗങ്ങള്‍ക്ക്‌ ഇന്നു കാണുന്ന നിറമൊന്നുമല്ലായരുന്നു. വയലറ്റ്‌ നിറമുള്ള ആനയും പിങ്കു നിറമുള്ള ജിറാഫുമൊക്കെയാണ്‌ ഉണ്ടായിരുന്നത്‌.
അവയൊന്നും പരസ്‌പരം ഇടപഴകുകയോ മിണ്ടുകയോ ഇല്ല. വയലറ്റ്‌ ആനകളും പച്ച പശുക്കളും ചുവന്ന കടുവകളും പിങ്ക്‌ നിറമുള്ള ജിറാഫുമൊക്കെ അവരുടേതായ അതിര്‍ത്തികള്‍ തിരിച്ച്‌ പ്രത്യേകം പ്രത്യേകം കൂട്ടങ്ങളായി ജീവിച്ചു. പരസ്‌പരം മിണ്ടാട്ടമേയില്ല.
അതു കൊണ്ടെന്താ, തങ്ങളുടെ നാല്‌ അതിരുകള്‍ക്ക്‌ അപ്പുറത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ ഒരു മൃഗത്തിനും അറിയില്ല. ഈ ലോകത്ത്‌ തങ്ങള്‍ മാത്രമെ ഉള്ളൂവെന്നാണ്‌ ഓരോ മൃഗക്കൂട്ടങ്ങളും കരുതിയിരുന്നത്‌. അങ്ങനെ കഴിയുമ്പോഴാണ്‌ ഒരു വായാടിക്കിളി അവിടെ എത്തിയത്‌. കിളിയാകട്ടെ അതിര്‍ത്തികള്‍ താണ്ടി അവിടെയാകെ പറന്നു നടന്നു.
വയലറ്റ്‌ ആനകളുടെ അടുത്തെത്തിയ വായാടിക്കിളി വിളിച്ചു പറഞ്ഞു. അയ്യേ നിങ്ങള്‍ക്കു വയലറ്റാണോ നിറം, നല്ല പച്ചനിറമുള്ള ഭംഗിയുള്ള പശുക്കളാണല്ലോ നിങ്ങളുടെ അയല്‍വാസികള്‍! ഇതു കേട്ട്‌ ആനകള്‍ക്ക്‌ അത്ഭുതമായി. പച്ച നിറത്തിലുള്ള കുറെ മൃഗങ്ങളോ, എങ്കില്‍ ഒന്നു കാണണമെന്നായി ആനകള്‍. വായാടിക്കിളി നയിച്ച വഴിയേ ആനകള്‍ ജാഥയായി പോയി. കുറെ നടന്നു കഴിഞ്ഞപ്പോള്‍ ആനരാജ്യം കഴിഞ്ഞ്‌ പശുരാജ്യമെത്തി. അവിടെ ബഹുവിശേഷം. നല്ല പച്ച നിറത്തിലുള്ള പശുക്കള്‍ പുല്ലു മേഞ്ഞ്‌ വിരാജിക്കുകയാണ്‌.
ആനകളെയും കൊണ്ട്‌ തങ്ങളുടെ രാജ്യത്തേക്കു വന്ന വായാടിക്കിളിയോട്‌ പശുക്കള്‍ കാര്യം ചോദിച്ചറിഞ്ഞു. വയലറ്റ്‌ ആനകളും പച്ച പശുക്കളും മാത്രമല്ല, ചുവന്ന കടുവകളും പിങ്ക്‌ ജിറാഫുകളും ഉള്‍പ്പെടെ വിവിധ നിറക്കാരായ ജീവികള്‍ ഇന്നാട്ടിലുണ്ടെന്നായി വായാടിക്കിളി.
വായാടിക്കിളിയുടെ വിശദീകരണത്തില്‍ വശംവദരായ മൃഗങ്ങളെല്ലാം കൂട്ടത്തോടെ ഇതര നിറക്കാരെ കാണാനായി പിന്നാലെ പോയി. അതിര്‍ത്തികള്‍ താണ്ടി മൃഗങ്ങളെല്ലാം പരസ്‌പരം കണ്ടു, ഒരുമിച്ചു, സൗഹൃദം പങ്കുവച്ചു.
ഒന്ന്‌, മറ്റൊന്നിനെ കണ്ട്‌ അത്ഭുതാദരങ്ങള്‍ പങ്കുവയ്‌ക്കാന്‍ തുടങ്ങി. ഇതൊരു വയലറ്റ്‌ ലോകമല്ലെന്ന്‌ കൊമ്പന്‍മാര്‍ മനസിലാക്കി. ചുവപ്പ്‌ മാത്രം വിരാജിക്കുന്ന ലോകമല്ലിതെന്ന്‌ ചെഞ്ചോപ്പന്‍ പുലികള്‍ക്കും പിടികിട്ടി.
എല്ലാവരും സൗഹൃദം പങ്കിട്ട്‌ ഇടകലര്‍ന്നു കഴിഞ്ഞപ്പോഴാണ്‌ നീണ്ടു നിന്ന ഒരു പേമാരി ഉണ്ടായത്‌. പേമാരിക്കൊടുവില്‍ മൃഗങ്ങളുടെ ചായങ്ങളെല്ലാം ഇല്ലാതായി. അവശേഷിച്ച നിറങ്ങളാണ്‌ നാം ഇപ്പോള്‍ കാണുന്നതെന്നാണ്‌ കഥ.
എന്തായാലും വായാടിക്കിളി വാതുറന്ന്‌ ഉരിയാടിയതു കൊണ്ടു മാത്രമാണ്‌ വേര്‍തിരിവിന്റെ വര്‍ണ്ണഭേദങ്ങളും വേലിക്കെട്ടുകളും അലിഞ്ഞ്‌ ഇല്ലാതായത്‌.
വാതുറന്ന്‌ സംസാരിക്കുന്നതും അറിയാത്ത കാര്യം മറ്റുള്ളവരോട്‌ ചോദിച്ചു മനസ്സിലാക്കുന്നതും വളരെ അത്യാവശ്യമാണെന്നാണ്‌ ഈ കുട്ടിക്കഥ ചൊല്ലിത്തരുന്ന ഗുണപാഠം. കാര്യം ഇതൊരു കുട്ടിക്കഥയാണെങ്കിലും പ്രായഭേദമെന്യേ നാമെല്ലാം അറിഞ്ഞിരിക്കേണ്ട ഗൗരവമുള്ള ഒരു സംഗതിയാണ്‌ കഥ പറഞ്ഞു തരുന്നത്‌. വാ തുറന്നു സംസാരിച്ചാല്‍ മാത്രമെ വ്യത്യസ്‌തമായ ആശയങ്ങള്‍ പുറംലോകം കാണുകയുള്ളു. അങ്ങനെ ആശയങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ മാത്രമെ പൊരുത്തപ്പെടലുകളുടെ മേഖല കണ്ടെത്താന്‍ കഴിയു. അത്തരത്തില്‍ പരസ്‌പരം വാ തുറന്നു സംസാരിച്ച്‌ സൃഷ്‌ടിക്കുന്ന സമവായങ്ങളും സൗഹൃദങ്ങളും മാത്രമേ ശാശ്വതമായി നിലനില്‍ക്കുകയുള്ളൂ.
അല്ലാതെ നവമാധ്യമങ്ങളിലൂടെയും അത്യാധുനിക ആയുധങ്ങളിലൂടെയും മാത്രം പ്രതികരിച്ച്‌ പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രതിവിധികള്‍ കണ്ടെത്താം എന്നു കരുതുന്നവര്‍ക്ക്‌ തെറ്റി. നവമാധ്യമങ്ങളിലൂടെ നടത്തുന്ന സാങ്കേതിക വിപ്ലവത്തിന്‌ ഒരിക്കലും യഥാര്‍ത്ഥത്തിലുള്ള വിപ്ലവാത്മകമായ പരിവര്‍ത്തനം സൃഷ്‌ടിക്കാന്‍ കഴിയില്ല. നവമാധ്യമം എന്നത്‌ പേര്‌ സൂചിപ്പിക്കുന്നതു പോലെ എന്നും നവമായിരിക്കും.
എന്നും പുതിയതായിരിക്കുന്നതു കൊണ്ടു തന്നെ അതിലൂടെ വിളംബരം ചെയ്യുന്ന വസ്‌തുതകള്‍ക്കും ആശങ്ങള്‍ക്കും അനുവാദകരുടെ മനസില്‍ ചിരഃപ്രതിഷ്‌ഠ നേടാന്‍ കഴിയുകയുമില്ല. ക്ഷിപ്രായുഷ്‌ക്കളായ നവമാധ്യമ സന്ദേശങ്ങളില്‍ അധികം അഭയം തേടാതിരിക്കുന്നതാണ്‌ അഭികാമ്യം.
നേരെമറിച്ച്‌ നേരിട്ട്‌ വാ തുറന്നു സംസാരിക്കുമ്പോഴോ? സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ മനസില്‍ നിന്ന്‌ നേരിട്ടെത്തുന്ന സന്ദേശങ്ങളാണ്‌ നേരിട്ട്‌ കണ്ണോടു കണ്ണ്‌ നോക്കി സംസാരിക്കുമ്പോള്‍ ഉണ്ടാവുക.
അവയുടെ വിശ്വാസ്യതയും മതിപ്പും വര്‍ധിച്ചിരിക്കും. ഉറവിടത്തില്‍ നിന്ന്‌ എത്ര ആത്മാര്‍ത്ഥമായി പ്രവഹിക്കുന്നുവോ അത്രയും ആത്മാര്‍ത്ഥമായ സ്വീകാര്യത ശ്രോതാവിന്റെ മനസിലും സൃഷ്‌ടിക്കപ്പെടും.
അപ്പോള്‍ വാര്‍ത്താവിനിമയോപാധികളെല്ലാം അവിടെയിരിക്കട്ടെ. വല്ലപ്പോഴും വാതുറന്ന്‌ സംസാരിക്കാം. ഭേദഭാവങ്ങളുടെ നിറങ്ങളും അതിരുകളും മായ്‌ക്കുന്ന വായാടിക്കിളികളാകാം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 17 May 2017 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW