25 വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ അമലയ്ക്ക് പറയാനുള്ളത്....
'രാപ്പാടി പക്ഷിക്കൂട്ടം ചേക്കേറാന്‍
കൂട്ടില്‍ നിന്നും പറന്നിടുന്നെ...'
ഈ ഗാനം ആര്‍ക്കും മറക്കാന്‍ സാധിക്കില്ല.
ഒരു കാലത്ത് കോളജ് പെണ്‍കുട്ടികള്‍ മനസ്സില്‍ കൊണ്ടുനടന്ന പെണ്‍കുട്ടിയാണ് മായാവിനോദിനി. അവളുടെ മിടുക്കും കഴിവും സാമര്‍ത്ഥ്യവും കുസൃതിത്തരങ്ങളും കാണുന്നവരെല്ലാം ഒന്നടങ്കം പറഞ്ഞു; ഇങ്ങനെയാവണം പെണ്‍കുട്ടികള്‍.
തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ ആ കഥാപാത്രത്തെ അവതരിപ്പിച്ച അമല 'ഉള്ളടക്കം' എന്ന സിനിമയിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
പിന്നീട് അന്യഭാഷയിലേക്ക് പോയ അവര്‍ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി ധാരാളം സിനിമകള്‍ ചെയ്തു. ഒടുവില്‍ തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെ പത്നിയായി അഭിനയരംഗത്ത് നിന്ന് പിന്മാറി.
കാല്‍നൂറ്റാണ്ടിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ അമല അക്കിനേനി തന്റെ സ്വകാര്യതകള്‍ മംഗളം വാരികയുമായി പങ്കുവയ്ക്കുന്നു.
ഈ രണ്ട് കഥാപാത്രങ്ങളും മലയാളികള്‍ സ്നേഹിക്കുന്നു. ഞാന്‍ കേരളത്തില്‍ വരുമ്പോഴൊക്കെ ധാരാളമാളുകള്‍ എന്റെ അടുത്തുവന്ന് വിളിക്കുന്നതെന്താണെന്നോ മായേ... എന്നാണ്. അതോടെ ഒരു കാര്യം മനസ്സിലായി.
വാരിവലിച്ച് സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ, അഭിനയിച്ച സിനിമകള്‍ ഒന്നോ, രണ്ടോ ആയിക്കോട്ടെ, ആ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെയുള്ളില്‍ മായാതെ നിലനില്‍ക്കുന്നത്. മലയാളത്തിലേക്ക് ഒരു റീ എന്‍ട്രി തീരെ പ്രതീക്ഷിച്ചിരുന്നില്ല.
ഒരിക്കല്‍ ആന്റണി സോണി ഫോണില്‍ വിളിച്ച് സൈറാബാനുവിന്റെ കഥപറഞ്ഞു. പാതി കേട്ടപ്പോള്‍ത്തന്നെ എനിക്ക് ഇഷ്ടമായി. കുറച്ച് കഴിഞ്ഞ് ഞാന്‍ അങ്ങോട്ടേക്ക് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
നാഗാര്ജ്ജുനയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഇഷ്ടമായി. അങ്ങനെ ആന്റണിയെ വിളിച്ച് ആനി ജോണ്തറവാട്ടില് എന്ന കഥാപാത്രം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു. അങ്ങനെയാണ് എന്റെ രണ്ടാംവരവ്.
പിന്നെ ഈ പ്രായത്തില്‍ നായികാ ഇമേജുള്ള റോളുകള്‍ കിട്ടുക പ്രയാസമാണ്. നായികയാകണമെന്ന ആഗ്രഹം എനിക്കില്ല. ഏല്‍പ്പിക്കുന്ന കഥാപാത്രമെന്തായാലും നല്ലതാണെങ്കില്‍ ചെയ്യും.മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഞാനിനിയും അഭിനയിക്കും.