Sunday, May 20, 2018 Last Updated 35 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 15 May 2017 12.41 PM

ദാ , സബ് കലക്ടര്‍ ബ്രോ കൈയ്യടിക്കടാ !

uploads/news/2017/05/108661/subcollector150517a.jpg

കേരളത്തെയാകെ ഇളക്കി മറിച്ച മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കലിലൂടെ ശ്രദ്ധേയനായ ദേവികുളം സബ്കലക്ടര്‍, ശ്രീറാം വെങ്കിട്ടരാമന്‍. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ശ്രീറാമിന്റെ ശക്തമായ നിലപാടുകള്‍ക്ക് കേരളക്കരയൊട്ടാകെ പിന്തുണ നല്‍കുന്നു.

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപന വേളയില്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് അവാര്‍ഡിനര്‍ഹനായ മണികണ്ഠന്റെ ചിത്രത്തോടെയുള്ള ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ സജീവം.

ആ സിനിമയിലെ ഏറ്റവും ഹിറ്റായ ഡയലോഗായിരുന്നു ട്രോളുകളില്‍ നിറഞ്ഞു നിന്നത്. ബാലനാടാ കൈയ്യടിക്കടാ... ആ പഞ്ച് ഡയലോഗാണ് മൂന്നാറിനെയും പരിസ്ഥിതിയെയും അറിയാവുന്നവര്‍ക്ക് പറയാനുള്ളത്. ഇതാണ് സബ് കലക്ടര്‍ കൈയ്യടിക്കെടാ.....

വെറുതേ പറഞ്ഞതല്ലേ, ഫെയ്‌സ്ബുക്കിലും, മൂന്നാറിലുമൊക്കെ ഇപ്പോള്‍ ശ്രീറാമാണ് താരം. എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമന്‍ സബ്കലകടര്‍ എന്ന പദവി എങ്ങനെ വിനിയോഗിക്കാം എന്നുള്ളതിന് തെളിവാണ്.

പരിസ്ഥിതിയെ സ്‌നേഹിക്കുന്ന, ജോലിയെ സ്‌നേഹിക്കുന്ന ആള്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ശ്രീറാം വെങ്കിട്ടരാമന്‍.... സൈബര്‍ സമൂഹത്തിന്റെ പുതിയ സബ് കളക്ടര്‍ ബ്രോ.

പത്തനംതിട്ടയില്‍ സബ് കലക്ടറായിരിക്കെ നിലപാട് ശക്തമാക്കിയ പയ്യന്‍, രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയത് സ്വാഭാവികം. അവിടെ നിന്ന് ദേവികുളത്തേക്ക്. ഉള്ളില്‍ രക്തം തിളയ്ക്കുന്നവര്‍ക്ക് വെറുതേ ഇരിക്കാനാവില്ലല്ലോ.

ദേവികുളത്ത് എത്തിയ ഉടന്‍ മൂന്നാറിലെ കൈയേറ്റ മാഫിയയ്‌ക്കെതിരേയുള്ള മുടങ്ങിക്കിടന്ന ഫയലുകളില്‍ നടപടി എടുത്തു. അതില്‍ എതിര്‍പ്പുകളും വിവാദങ്ങളും ഉടലെടുക്കുക സ്വാഭാവികം. കാരണം സബ്കലക്ടറുടെ നടപടികള്‍ കൊണ്ടത് രാഷ്ട്രീയ- ഭൂമാഫിയയുടെ നെഞ്ചിലാണ്.

ഇനി അല്‍പം ചരിത്രം


മുഖത്ത് ന്യൂജനറേഷന്‍ താടിയും വച്ച് ട്രെന്‍ഡി ലിനെന്‍ ഹാഫ് സ്ലീവ് ഷര്‍ട്ടുമിട്ട് ശ്രീറാം മൂന്നാറില്‍ വന്നിറങ്ങിയത് ചുമ്മാതല്ല. 2012 ലെ ഓള്‍ ഇന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക്. 2013 ല്‍ പത്തനംതിട്ടയില്‍ സബ് കലക്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കം.

തിരുവല്ലയില്‍ സബ് കലക്ടറായിരിക്കെ 2016 ജൂലൈ 22ന് ദേവികുളത്തേക്ക് ട്രാന്‍ഫറായത് ഒരു നിയോഗം. മൂന്നാറിലെത്തിയതോടെ അനധികൃത റിസോര്‍ട്ട് നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരേ ശക്തമായ നടപടി തുടങ്ങി.

നൂറോളം അനധികൃത റിസോര്‍ട്ടുകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കള്‍ സബ് കലക്ടര്‍ക്കെതിരെ രംഗത്തെത്തി.

ഇനി കാര്യങ്ങള്‍ ലൈവ്


മൂന്നാറിലെ വന്‍കിട കൈയേറ്റക്കാരെ തൊട്ടു കളിച്ചപ്പോള്‍ കളിമാറി. കൊടിയുടെ നിറം മാറ്റി രാഷ്ട്രീയക്കാര്‍ രഹസ്യമായി ഒന്നു ചേര്‍ന്നു. സമരങ്ങള്‍ പരസ്യമായി. ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി കൊടി പിടിച്ചു. ഇതൊക്കെ അണിയറ രഹസ്യങ്ങള്‍.

എന്നാല്‍ പരസ്യമായി കര്‍ഷകസംഘം സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് 20 ദിവസം സമരം വരെ നടത്തി. വീടുനിര്‍മിക്കുന്നതിനും മറ്റുമുള്ള ആവശ്യങ്ങള്‍ക്ക് സബ്കലക്ടറെ സമീപിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ നിലവിലെ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ശ്രീറാമിന്റെ നിലപാട്.

സമരത്തിന്റെ തുടക്കം ഇങ്ങനെ. 2015 ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണ് അഞ്ചു വില്ലേജുകളില്‍ തണ്ടപ്പേരു പരിശോധിച്ചശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിര്‍ദേശിച്ചത്. രേഖകള്‍ പരിശോധനയ്‌ക്കെത്തിക്കാന്‍ ചിലര്‍ തയാറാകാത്തതാണ് തെറ്റിധാരണയ്ക്കിടയാക്കിയത്.

മാത്രമല്ല 2010 ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി.വേണമെന്ന ഉത്തരവ് നടപ്പാക്കിയത്. ഇപ്പോള്‍ എന്‍.ഒ.സി. നല്‍കിക്കഴിഞ്ഞു. 125 അപേക്ഷകളില്‍ 115 എണ്ണത്തിനും തീര്‍പ്പായിട്ടുണ്ടെന്നുമായിരുന്നു വാദം. ഒടുവില്‍ ഒരു രാത്രി ഒരു കൂട്ടര്‍ സമരം നിര്‍ത്തി. പിന്നീടുള്ളത് ഇപ്പോ ലൈവ്.

uploads/news/2017/05/108661/subcollector150517b.jpg

Ads by Google
Loading...
TRENDING NOW