Sunday, April 08, 2018 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 14 May 2017 02.21 PM

ദാഹജലം തരുമോ... ? കേരളം കേഴുന്നു

സ്വാര്‍ത്ഥതഎല്ലാത്തിനെയും കീഴടക്കുമ്പോള്‍ സമ്പത്ത് മാലിന്യമായി ഫാക്ടറികളില്‍ നിന്നും പുറത്തുവരുന്നതിനെ ഏറ്റുവാങ്ങാനും ഇവിടെ പുഴകളേയുള്ളു. പുഴകള്‍ ഒരു വ്യക്തിയുടേതലല്ല, തലമുറകളുടേതാണെന്ന് മനസിലാക്കാതെ ചെയ്യുന്ന ക്രൂരത. ഇതിന് പിഴയല്ല ശിക്ഷയാക്കേണ്ടത, ജലസ്രോതസുകള്‍ മലീമസമാക്കുന്നവരെ തൂക്കികൊല്ലുകയെന്ന നിയമമാണ് കൊണ്ടുവരേണ്ടത്.
Drinking water

44 നദികള്‍, പ്രതിവര്‍ഷം 3000 മി.ലിറ്റര്‍ മഴ കേരളം സമ്പന്നമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്നത്. പച്ചപ്പും സമതുലിതമായ കാലവസ്ഥയുമായി ഭൂമിയിലെ സ്വര്‍ഗ്ഗമായിരുന്നു ഈ മലയാളമണ്ണ്. ആരെയും കൊതിപ്പിക്കുന്ന ഒരിക്കലെങ്കിലും കടന്നുപോകാന്‍ പ്രേരിപ്പിക്കുന്ന സുന്ദരനാട്. എന്നാല്‍ ദൈവം പോലും കൈവിട്ട നിലയിലാണ് ഇന്ന് ഈ കേരളം. നഷ്ടപ്പെട്ടതിനെയൊക്കെ തിരിച്ചുപിടിക്കുമെന്ന് പലരും പലകുറി പ്രഖ്യാപിച്ചിട്ടും ഒരിക്കലും ഒന്നും സാദ്ധ്യമാകാത്ത കേരളം.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിന് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് നാം എത്തിനില്‍ക്കുന്നത്. അശ്വമേധം നാടകത്തില്‍ പാടിയതുപോലെ ദാഹജലം തരുമോയെന്ന് കേഴുന്ന സ്ഥിതി. ടാപ്പ് ഒന്നു തിരിച്ചാല്‍ ആനയുടെ തുമ്പികൈവണ്ണത്തിന് ഏത് കാലത്തും വെള്ളം വന്നിരുന്ന പൈപ്പുകളില്‍ നിന്ന് ഇപ്പോള്‍ വരുന്നത് ചൂട് വായു. തമിഴ്‌നാടിനേയും മറ്റ് സംസ്ഥാനങ്ങളേയും കാള്‍ ഭീകരമായി ദിവസങ്ങള്‍ വെള്ളത്തിന് കാത്തുനില്‍ക്കേണ്ട സ്ഥിതി. മഴനനഞ്ഞാലും രണ്ടുനേരം കുളിയെന്നത് മലയാളിക്ക് ഇന്ന് ചരിത്രസംഭവമായി മാറി. നമ്മുടെ വയലേലകള്‍ കരിഞ്ഞു. പുഴകള്‍ വറ്റിവരണ്ടു, കാടും മേടും കത്തിയമരുന്നു. കേരളം ദൈവത്തില്‍ നിന്ന് ചെകുത്താന്റെ കരങ്ങളിലേക്ക് നീങ്ങുന്നുവെന്ന് ആലങ്കാരികമായി വേണമെങ്കില്‍ പറയാം.

ഈ ദുരവസ്ഥയ്ക്ക് വഴിവച്ചതാര്, എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയേറെയാണ്. മനുഷ്യന്റെ ദുരയാണ് ഇതിനെല്ലാം കാരണം എന്ന് ലളിതമായി പറയാം. തന്നെപ്പോലും മറന്നുകൊണ്ട് പണത്തിന് പിന്നാലെ പായുന്ന ഒരുപറ്റം അടിമക്കൂട്ടങ്ങളായി മനുഷ്യര്‍മാറിയതിന്റെ പരിണിതഫലമാണ് ഈ ചിത്രം. പണം വാരി്കൂട്ടാനുള്ള ആര്‍ത്തിയില്‍ സ്വന്തം കുടുംബങ്ങളെപ്പോലുമല്ല, പ്രകൃതിയെത്തന്നെ മറന്നു. അത് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഒരിറ്റുവെള്ളത്തിന് വേണ്ടി ദാഹിക്കുന്ന സ്ഥിതിയിലാണ്.

മരങ്ങളും കാടുകളും പണത്തിന് വഴിമാറിയതോടെ കേരളംവരള്‍ച്ചയുടെ പിടിയില്‍ അമരുകയായിരുന്നു. കാലംതെറ്റിവരുന്ന മഴയും കാലാവസ്ഥാവ്യതിയാനവും കേരളത്തെ നാശത്തിന്റെ വഴിയിലേക്ക് നയിക്കുകയാണ്. മരംവെട്ടുന്നതിനെ എതിര്‍ത്തപ്പോള്‍ കടലില്‍ മഴപെയ്യുന്നത് കാടുണ്ടായിട്ടാണോയെന്ന് ചോദിച്ചവരുടെ നാടായിരുന്നു കേരളം. ആ അഹന്തയാണ് ഇന്ന് ഇവിടെ എത്തിച്ചതെന്ന് ഓര്‍ക്കണം.
ഇതിന് വീണ്ടും മരം വച്ചതുകൊണ്ടുമാത്രം പരിഹാരമാകുമെന്ന് ചിന്തിക്കാനാവില്ല. പരിസ്ഥിതിക്ക് സംഭവിച്ച നാശത്തെ മറികടക്കാനായി ഈ സര്‍ക്കാര്‍ അടുത്തമാസം ഒരു കോടി മരം നടാനാണ് ഉദ്ദേശിക്കുന്നത്. നല്ല കാര്യം, മരങ്ങള്‍ നടുന്നതിന് ആരുംഎതിരല്ല. മുമ്പും ഇവിടെ പലരും മരങ്ങള്‍ നട്ടിട്ടുണ്ട്. അവയൊക്കെ കരിഞ്ഞുണങ്ങിപ്പോയിട്ടുമുണ്ട്. അപ്പോള്‍ മരം നടുക മാത്രമല്ല, അവ പരിപാലിക്കുകയും പ്രധാന പ്രശ്‌നമാണ്. ഒരുപക്ഷേ ഈ മരങ്ങള്‍ ശരിയായി പരിപാലിച്ചുവെന്ന് വയ്ക്കുക. എന്നാലൂം പ്രകൃതിക്ക് അതിന്റെ പഴയ ഉണര്‍വ് ലഭിക്കുമോയെന്നതാണ്‌ചോദ്യം?
വലിയ വിദഗ്ധനൊന്നുമല്ലെങ്കിലും ഇല്ലെന്ന് പറയാനാണ് മനസ് നിര്‍ബന്ധിക്കുന്നത്. എന്നാല്‍ പണത്തിന് പിന്നാലെയുള്ള ഓട്ടത്തില്‍ നമ്മകള്‍ നഷ്ടപ്പെടുത്തിയത് മരങ്ങളെ മാത്രമല്ല, സാമ്രാജ്യങ്ങള്‍ കീഴടക്കിയപ്പോള്‍ നമ്മള്‍ മരങ്ങളോടൊപ്പം മലകളെയും കുന്നുകളേയും പാറകളെയും ചതുപ്പുകളെയും എന്തിനേറെ കൃഷിഭൂമികളെയും വരെ ഇല്ലായ്മചെയ്തു. ഇവയുടെയൊക്കെ സമ്മേളനം കൊണ്ടുമാത്രമേ പരിസ്ഥിതിക്ക് പഴയ നിലയില്‍ എത്താന്‍ കഴിയുകയുള്ളു.

മൂന്നാറിലെയും മറ്റു പരിസ്ഥിതിലോല പ്രദേശങ്ങളിലേയും കൈയേറ്റങ്ങള്‍ പ്രസക്തമാകുന്നത് അവിടെയാണ്. അവ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമാണ് നാം സംസാരിക്കുന്നത്. മലയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തി പണിതുയര്‍ത്തിയ മണിമന്ദിരങ്ങളെ എന്തുചെയ്യും. അവ തച്ചുതകര്‍ത്താല്‍ ആ മാലിന്യം എവിടെ നിക്ഷേപിക്കും. അല്ല അതുപടി നിലനിര്‍ത്തിയാല്‍ പിന്നെ തിരിച്ചുപിടിച്ചിട്ട് എന്തുകാര്യം. ഇതൊരു സാധാരണക്കാരന്റെ ചോദ്യമാണ്. സ്വാര്‍ത്ഥതഎല്ലാത്തിനെയും കീഴടക്കുമ്പോള്‍ സമ്പത്ത് മാലിന്യമായി ഫാക്ടറികളില്‍ നിന്നും പുറത്തുവരുന്നതിനെ ഏറ്റുവാങ്ങാനും ഇവിടെ പുഴകളേയുള്ളു. പുഴകള്‍ ഒരു വ്യക്തിയുടേതലല്ല, തലമുറകളുടേതാണെന്ന് മനസിലാക്കാതെ ചെയ്യുന്ന ക്രൂരത. ഇതിന് പിഴയല്ല ശിക്ഷയാക്കേണ്ടത, ജലസ്രോതസുകള്‍ മലീമസമാക്കുന്നവരെ തൂക്കികൊല്ലുകയെന്ന നിയമമാണ് കൊണ്ടുവരേണ്ടത്.

ഇതൊക്കെ വന്നാലും പ്രശ്‌നം തീരില്ല, അതിന് ഏറ്റവും പ്രധാന കാരണം ഇന്ന് നാം സ്വീകരിച്ചിരിക്കുന്ന നിര്‍മ്മാണ സംവിധാനങ്ങള്‍ തന്നെ. അംബരചുംബികളായ ഫ്‌ളാറ്റുകളാണ് ഇന്ന് നമ്മുടെ ഏറ്റവും വലിയ ആഡംബരപ്രകടനത്തിന്റെ ഭാഗം. കിട്ടാവുന്ന സ്ഥലത്തെല്ലാം കഴിയാവുന്നതിലപ്പുറം ഉയരത്തിലാണ് ഇവ കെട്ടിപ്പൊക്കിയിരിക്കുന്നത്. നാട് ഒരു കോണ്‍ക്രീറ്റ് കൂടാരമായി മാറിക്കൊണ്ടിരിക്കുന്നു. ഇവ വായുവിന്റെ നൈസര്‍ഗീകമായ ചലനത്തിന് തടസം സൃഷ്ടിക്കുകയാണ്. നിറയെ മരങ്ങളുള്ള ഒരു സ്ഥലത്ത് താമസിക്കുന്ന വ്യക്തിക്കുപോലൂം ഇന്ന് കാറ്റ് ലഭിക്കുന്നില്ല. അതാണ് സ്ഥിതി. 2001ല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് ടി.എം. ജേക്കബ് സാംസ്ക്കാരിക മന്ത്രിയായിരുന്ന സമയത്ത് തലസ്ഥാനത്ത് കെട്ടിടനിര്‍മ്മാണത്തിന് ചില വ്യവസ്ഥകള്‍ കൊണ്ടുവന്നു. എന്നാല്‍ അതിനപ്പുറം അവ പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇന്ന് ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റുകള്‍ ഉയര്‍ന്നുവരുന്ന സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് തിരുവനന്തപുരം. പാറമടകള്‍ ഇല്ലാതായത് ഭൂഗര്‍ഭജലവിതാനത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാം ചേര്‍ന്ന് നമ്മുടെ കുടിവെള്ളം മുട്ടിച്ചുവെന്ന് പറയുന്നതായിരിക്കും ശരി.

ഒരിറ്റുവെള്ളത്തിന് വേണ്ടി കേഴുമ്പോഴും ഇവയുടെ വില നാം അറിയുന്നില്ല. കിട്ടുന്ന ഒരിറ്റുവെള്ളത്തെ സൂക്ഷിക്കാനും നമുക്കറിയില്ല, അതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് നമ്മുടെ ജലസമൃദ്ധ ദാനം ചെയ്തിരുന്നിടത്തുനിന്നും ഈ തലത്തിലേക്ക് നാം കൂപ്പുകുത്തിയത്. ഇനിയെങ്കിലും പണത്തിനോടുള്ള ആര്‍ത്തികുറച്ച് മനുഷ്യനെയും ക്രൃതിയേയും സ്‌നേഹിക്കാന്‍ കേരളീയര്‍ പഠിച്ചില്ലെങ്കില്‍ ഈ ലോകത്തില്‍ ഒരു നരകമുണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ്, ഇതാണ് എന്ന് പറയാന്‍ ലോകം നിര്‍ബന്ധിതരാകും.

Ads by Google
TRENDING NOW