Tuesday, May 22, 2018 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 14 May 2017 02.00 AM

പെയ്‌തിറങ്ങുന്ന സാരമതി

uploads/news/2017/05/108320/sun4.jpg

സപ്‌തസ്വരങ്ങള്‍ കുളിര്‍മഴയായി പെയ്‌തിറങ്ങുമ്പോള്‍ അതില്‍ ലയിച്ച്‌ സംഗീതത്തെ ഉപാസിക്കുന്ന യൗവനം. കാലദേശങ്ങള്‍ക്കപ്പുറം വ്യാപിച്ചു കിടക്കുന്ന സംഗീത സാഗരത്തില്‍ നിന്ന്‌ എവിടെ നിന്നോ പൊട്ടിവീണ ഈണം സാരമതിയിലൂടെ മനസിലേക്ക്‌ ആവാഹിച്ച്‌ സംഗീതമഴയില്‍ ആനന്ദ നടനം കൊള്ളുന്ന മനസ്‌. കുട്ടിക്കാലത്തെ ഓര്‍മകളിലെപ്പോഴോ മനസില്‍ പൊട്ടിവീണ ഈണങ്ങളെ തന്റെ മധുമുരളികയിലൂടെ ആസ്വാദകന്റെ ഹൃദയത്തിലേക്ക്‌ പകരുകയാണ്‌ യുവ സംഗീത സംവിധായകനായ സജിത്ത്‌ കാരാഴ്‌മ.
ശാസ്‌ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത സജിത്ത്‌ ഇതിനോടകം നിരവധി ആല്‍ബങ്ങള്‍ക്കും നൂറിലേറെ ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നിട്ടുണ്ട്‌. പ്രശസ്‌തരും അപ്രശസ്‌തരുമായ ഗായകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധിപേര്‍ സജിത്ത്‌ കാരാഴ്‌മയുടെ ഈണങ്ങള്‍ മൂളുന്നു. ഏറ്റവുമൊടുവില്‍ എസ്‌. രമേശന്‍നായരുടെ രചനയില്‍ സുജാത പാടിയ പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സെമിക്ലാസിക്കലിലും ഉത്തരേന്ത്യന്‍-പാശ്‌ചാത്യ സംഗീതത്തിലും ഒരേപോലെ കഴിവു പ്രകടിപ്പിക്കുന്ന പ്രതിഭ. മധ്യപ്രദേശ്‌ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്‌ഥനായിരുന്ന അച്യുതന്‍നായര്‍-രാജലക്ഷ്‌മി ദമ്പതികളുടെ മകനാണ്‌ ചെങ്ങന്നൂര്‍ ട്രഷറി ജീവനക്കാരനായ മാവേലിക്കര കാരാഴ്‌മ പടിഞ്ഞാറ്‌ വരിക്കോലില്‍ സജിത്ത്‌.
മൂന്നാമത്തെ വയസില്‍ അമ്മയുടെ നാടായ ഹരിപ്പാട്ടെത്തി. അവിടെയായിരുന്നു സ്‌കൂള്‍ പഠനം. മയൂരസന്ദേശത്തിന്റെ മണ്ണ്‌ സജിത്തിലെ കലാകാരനെ പരുവപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. നടനും ഡബ്ബിങ്‌ ആര്‍ട്ടിസ്‌റ്റുമായിരുന്ന ഹരിപ്പാട്‌ സോമന്റെ അമ്മയായിരുന്നു എഴുത്തുപള്ളിക്കൂടത്തിലെ ഗുരു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപികയായി എത്തിയ കാഥികയും സംഗീതജ്‌ഞയുമായിരുന്ന പട്ടം പി.കെ.സരസ്വതിയമ്മ, കലാപാരമ്പര്യമില്ലാത്ത അമ്മയുടെ കുടുംബത്തില്‍ സംഗീതത്തെ ഇഷ്‌ടപ്പെട്ടിരുന്ന കുഞ്ഞമ്മമാരുടെ ശിക്ഷണം, ഒപ്പം ക്ഷേത്രത്തില്‍ നിന്ന്‌ ഉള്‍പ്പെടെ അലയടിച്ചുയര്‍ന്ന പാട്ടുകളും. ഇവയൊക്കെയാണ്‌ ചെറുപ്പത്തില്‍ സജിത്തിന്റെ കൂട്ടിനുണ്ടായിരുന്നത്‌.
കുട്ടിയായിരുന്നപ്പോഴെ ഹൃദിസ്‌ഥമായ വരികള്‍ പിന്നീട്‌ മൂളിനടന്നപ്പോള്‍ അത്‌ സംഗീതത്തെ ഹൃദയത്തില്‍ പ്രതിഷ്‌ഠിക്കാന്‍ സഹായിച്ചു. പട്ടം പി.കെ. സരസ്വതിയുടെ സംഗീത ട്രൂപ്പിനൊപ്പമാണ്‌ ആദ്യം പാടിയത്‌. പഠിച്ച സ്‌കൂളുകളിലും നാട്ടിലെ വിവിധ പരിപാടികളിലും പാട്ടു പാടി സജിത്ത്‌ നിറഞ്ഞുനിന്നു. മാവേലിക്കര ബിഷപ്പ്‌മൂര്‍ കോളജില്‍ ബിരുദ പഠനത്തിനെത്തിയപ്പോള്‍ കോളജിലെ നൂറുപേര്‍ അടങ്ങുന്ന ഗായകസംഘമായ ശതസംഗീതികയില്‍ അംഗമായി. പിന്നീടാണ്‌ സംഗീത സംവിധാനത്തിലേക്ക്‌ എത്തിയത്‌.
മനസിലേക്ക്‌ എപ്പഴോ കടന്നുവന്ന സാരമതിയാണ്‌ പ്രിയരാഗം. സാരമതിയിലാണ്‌ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്‌. ഇരുപതാമത്‌ മേളരാഗമായ നടഭൈരവിയുടെ ജന്യരാഗമാണ്‌ സാരമതിയെന്നോ അതിന്റെ സ്വരസ്‌ഥാനങ്ങള്‍ ഷഡ്‌ജം, ചതുശ്രുതി, ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധദൈവതം, കൈശികി നിഷാഭം എന്നിവയാണെന്നോ മനസിലാക്കുന്നതിന്‌ മുമ്പാണ്‌ ഈ രാഗത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്‌. സമ്പൂര്‍ണ ഔഡവ രാഗമായ ഇതിന്റെ അവരോഹണത്തില്‍ പഞ്ചമം, ഋഷഭം എന്നിവ വര്‍ജ്യമാണ്‌. ത്യാഗരാജ ഭാഗവതര്‍ പ്രചാരത്തില്‍ കൊണ്ടുവന്നതാണ്‌ ഈ രാഗം. സംഗീത സംവിധാനം പൂര്‍ത്തിയായ ശേഷം പാട്ടു കേള്‍ക്കുന്നവര്‍ പറയുമ്പോഴാണ്‌ രാഗം ഇന്നതാണെന്നും ഇതിന്റെ പ്രത്യേകതകള്‍ എന്താണെന്നും സജിത്ത്‌ മനസിലാക്കുന്നത്‌. അതുകൊണ്ടുതന്നെ ഈശ്വരാനുഗ്രഹമാണ്‌ തന്റെ ഈണങ്ങളെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.
ശാസ്‌ത്രീയ സംഗീതം പഠിക്കണമെന്ന ആഗ്രഹം സജിത്തിന്റെ മനസില്‍ ഇന്നും അവശേഷിക്കുകയാണ്‌. തബലയില്‍ സജിത്ത്‌ സൃഷ്‌ടിക്കുന്ന മനോഹര നാദപ്രപഞ്ചം ഡസ്‌ക്കില്‍ സ്വയം താളമടിച്ചു പഠിച്ചതാണ്‌. സംഗീതത്തിലെ ആദ്യ ഗുരു റേഡിയോ ആണെന്ന്‌ പറയേണ്ടി വരും. കാരണം റേഡിയോയിലൂടെ ഗാനങ്ങള്‍ കേട്ടാണ്‌ സജിത്ത്‌ സംഗീതം ആദ്യം വശമാക്കിയത്‌. പലപ്പോഴും സംഗീതം പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. എന്നാല്‍, റെക്കോഡിങ്‌ സ്‌റ്റുഡിയോയില്‍ നില്‍ക്കുന്ന സജിത്തിനെ ശ്രദ്ധിച്ചാല്‍ സംഗീതം പഠിച്ചിട്ടില്ലായെന്ന്‌ ആരും പറയില്ല. കീബോര്‍ഡ്‌, വയലിന്‍ തുടങ്ങിയവ വായിക്കുന്നവര്‍ക്ക്‌ കീബോര്‍ഡ്‌ വായിച്ചോ പാടിയോ ഈണം പറഞ്ഞു കൊടുക്കും. മേളക്കാര്‍ക്ക്‌ തബലയിലോ അവിടെയുള്ള ഡസ്‌ക്കിനു പുറത്തോ നട വായിച്ചു നല്‍കും.
പ്രഗത്ഭരും പ്രശസ്‌തരുമായ കലാകാരന്മാര്‍ ഇദ്ദേഹത്തെ പലപ്പോഴും അതിശയത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. ആഭോഗി, ഷണ്‍മുഖപ്രിയ, സാരമതി, ചക്രവാകം, ധര്‍മപതി, മോഹനം, ഹംസധ്വനി, ഹിന്ദോളം, ചാരുകേശി, സിന്ധുഭൈരവി തുടങ്ങി നിരവധി രാഗങ്ങളില്‍ സജിത്ത്‌ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. ക്ഷേത്രങ്ങളിലും മത്സരവേദികളിലും ഉള്‍പ്പെടെ വിധികര്‍ത്താവായും പങ്കെടുത്തിട്ടുണ്ട്‌. ആദ്യ റെക്കോഡിങിന്‌ അവസരം നല്‍കിയ ഫാ. ഷാജി തുമ്പേച്ചിറയില്‍ നിരവധി ക്രിസ്‌തീയ ഗാന മത്സരവേദികളില്‍ സജിത്തിനെ വിധികര്‍ത്താവാക്കി. വയലിന്‍ പഠിക്കാനായി ഹരിപ്പാട്‌ വിനോദ്‌കുമാറിന്റെ അടുത്ത്‌ ചെന്നപ്പോള്‍ സംഗീത സംവിധാന മികവ്‌ തിരിച്ചറിഞ്ഞ്‌ സജിത്ത്‌ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക്‌ മത്സരവേദികളില്‍ പാടാനായി തെരഞ്ഞെടുത്തു.
പ്രശസ്‌ത ഗായിക സുജാതയുടെ ഉള്‍പ്പെടെ പ്രോത്സാഹനമാണ്‌ സജിത്തിന്റെ സംഗീത സപര്യയ്‌ക്ക് പ്രധാനമായത്‌. ദേവദേവം എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ കേട്ട്‌ സംഗീത സംവിധായകനായ ദര്‍ശന്‍രാമന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. എ.ആര്‍. റഹ്‌മാന്റെ ഓര്‍ക്കസ്‌ട്ര ടീമിനോടൊപ്പവും സംഗീതോപകരണങ്ങള്‍ വായിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ എസ്‌. രമേശന്‍നായരുടെ രചനയ്‌ക്കാണ്‌ ഈണം നല്‍കിയത്‌. 'മധുമുരളിക' എന്ന ആല്‍ബത്തിനായുള്ള ഇതിലെ ഒരു ഗാനം സുജാതാ മോഹനാണ്‌ പാടിയത്‌.
സ്വാതന്ത്ര്യദിനത്തില്‍ ആകാശവാണിയ്‌ക്കു വേണ്ടി ഹിന്ദി ദേശഭക്‌തിഗാനത്തിനും സംഗീതം നല്‍കി. കലോത്സവത്തിനായി വിവിധ സ്‌കൂളുകള്‍ക്ക്‌ സംഗീത സംവിധാനം നിര്‍വഹിച്ചു. തൃശൂര്‍ വടക്കാഞ്ചേരി ട്രൈബല്‍ ഹൈസ്‌കൂള്‍, മറ്റത്തൂര്‍ ശ്രീകൃഷ്‌ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയക്കായും ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഇടക്കാലത്ത്‌ ജോലി ചെയ്‌ത മാവേലിക്കര ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂളിനു വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചു. കൊച്ചിയില്‍ ദക്ഷിണാമൂര്‍ത്തിക്കൊപ്പം റെക്കോഡിങ്ങില്‍ പങ്കെടുത്തത്‌ അവിസ്‌മരണീയ നിമിഷമായി കരുതുന്ന സജിത്ത്‌ ഗായിക സുജാതയ്‌ക്കും ഭര്‍ത്താവ്‌ ഡോ.മോഹനും ദക്ഷിണ നല്‍കാന്‍ കഴിഞ്ഞതും അസുലഭ മുഹൂര്‍ത്തമായി കരുതുന്നു.
ഇതേ സുജാത താന്‍ ചിട്ടപ്പെടുത്തിയ പാട്ട്‌ പാടിയപ്പോള്‍ അത്‌ ജീവിതത്തിലെ ഉജ്‌ജ്വല മുഹൂര്‍ത്തവുമായി. ഈ ഗാനം ഉള്‍പ്പെടുന്ന ആല്‍ബം പ്രകാശനം ചെയ്‌തത്‌ ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ. യേശുദാസാണ്‌. സര്‍ക്കാര്‍ ഓഫീസുകളിലെ തിരക്കുകള്‍ക്കിടയിലും സജിത്ത്‌ പ്രിയരാഗമായ സാരമതിയുടെ ഒപ്പം ശാസ്‌ത്രീയ സംഗീതത്തിന്റെയും കുളിര്‍മഴ നനയുകയാണ്‌. ഒരുപക്ഷേ, സാരമതിയിലൂടെ ത്യാഗരാജ ഭാഗവതരുടെ അനുഗ്രഹവും ഇദ്ദേഹത്തില്‍ നിറയുന്നുണ്ടാവാം.

അനില്‍ ചെട്ടികുളങ്ങര

Ads by Google
Sunday 14 May 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW